നല്ല സ്വപ്നം.
കലയും കവിതയും സാഹിത്യവും പറയുന്ന സ്വപ്നം.
പക്ഷെ ആ പല നല്ല സ്വപ്നങ്ങളും സ്വപ്നങ്ങൾ മാത്രമാവാന്‍ കൊള്ളാം.
ഒന്നറിയണം.
സ്വപ്നങ്ങൾ ഏറെ ഉണ്ടാക്കുന്ന, കൊണ്ടുനടക്കുന്ന കവികളും കലാകാരന്‍മാരും സാഹിത്യകാരന്‍മാരും ബുദ്ധിജീവികളും ഒരിക്കലും ഒരുമിച്ച് കുറേ കാലം ഒരിടത്ത് നില്‍ക്കില്ല.
അവർ സ്വയം ഒരു സങ്കല്പത്തിനും നിന്ന്കൊടുക്കാതെ അലയുന്നവർ.
അവർ സങ്കല്പിക്കാന്‍ മാത്രം അറിയുന്നവർ.
സങ്കല്‍പത്തില്‍ വിശാലതയും സഹിഷ്ണുതയും സ്നേഹവും പറയുന്നവർ, യാഥാര്‍ത്ഥ പ്രായോഗികതയില്‍ അസഹിഷ്ണുതയും സങ്കുചിതത്വവും വെറുപ്പും കൊണ്ടുനടക്കുന്നവർ.
അവരുടെ സങ്കല്പങ്ങള്‍ പലതും അവർ സ്വയം കെണിഞ്ഞത് കാരണം ഉണ്ടാവുന്ന, ഉണ്ടാക്കുന്ന പുകമറ, ഒളിച്ചോട്ടം, സാമാന്യവല്‍ക്കരണം.
അവരുടെ രീതി, സ്വന്തം കഴിവുകേടിനെയും നിസ്സഹായതയെയും ലോകത്തിന്റെ മുഴുവന്‍ കഴിവുകേടും നിസ്സഹായതയുമായി അവതരിപ്പിക്കുന്നത്.
അവർ സങ്കല്പിച്ചത് പോലുള്ള ലോകത്ത് പോലും അവര്‍ക്ക് ഒത്തുപോകാൻ കഴിയില്ല.
എവിടെയും ഒത്തുപോകാൻ കഴിയില്ല എന്നത് അവരുടെ പ്രകൃതം.
എവിടേയും അഭിപ്രായവ്യത്യാസം കാണും, കണ്ടുപോകും എന്നത് അവരുടെ സ്വഭാവം.
സജാതീയ ധ്രുവങ്ങൾ പരസ്പരം വികര്‍ഷിച്ചു പിരിഞ്ഞ് പോകുന്നത് കൊണ്ട് മാത്രമല്ല അവർ പരസ്പരം ഒത്തുപോകാത്തത്.
നിന്നിടത്ത് നിൽക്കാൻ കഴിയാത്തത്ര അന്വേഷണ കൗതുകം കൊണ്ടും, ആത്മസംഘർഷം കൊണ്ടും അസ്വസ്ഥരാണവർ എന്നതിനാല്‍ കൂടിയാണത്.
ഒപ്പം അവർ പരസ്പരം തന്നെയും എങ്ങിനെയും പൊരുത്തക്കേട് കാണും എന്നതിനാലും.
അക്കാര്യത്തില്‍ പരസ്പരം ഏറ്റവും സഹിഷ്ണുത കുറഞ്ഞവരായും നിങ്ങള്‍ക്കവരെ കാണാം.
ഏറെക്കുറെ അവരാരും പരസ്പരം പോലും അംഗീകരിക്കില്ല.
അതാണ് കാലാകാരന്‍മാരുടെയും കവികളുടെയും സാഹിത്യകാരന്‍മാരുടെയും ബുദ്ധിജീവികളുടെയും അവർ പോലും വേണ്ടത്ര മനസ്സിലാക്കാത്ത, മനസ്സിലാക്കാതെ പോകുന്ന പ്രകൃതം, സ്വഭാവം, രീതി. പരസ്പര ധിക്കാരത്തിന്റെ, പോരടിച്ചുപോകുന്ന വഴി.
എവിടെയും പോരെന്ന് തോന്നുന്ന, എല്ലാറ്റിലും തകരാറുകള്‍ കാണുന്ന വഴി, അവരുടെ വഴി.
ഏത് വഴിയും വിട്ട്പോകുന്ന വഴിപോക്കന്റെ രീതി പോലെയും തോന്നിപ്പോകുന്ന വഴി, വഴിവിട്ട വഴി അവരുടെ വഴി.
നൂലുകളെ പോലെ ഒരിടത്ത് തന്നെ ഉറച്ച് നില്‍ക്കില്ല അവർ. പകരം എവിടെയും സ്വസ്ഥമായി സ്വയം ഉറച്ച് നില്‍ക്കാത്ത തുന്നല്‍സൂചിയുടെ വഴിയും രീതിയും സ്വഭാവവും
പുതിയ വഴികള്‍ ഉണ്ടാക്കി ആ വഴികളെ നൂലുകള്‍ക്ക് സ്വസ്ഥമായി നില്‍ക്കാനുള്ള വാസസ്ഥലമായി വിട്ട്കൊടുത്ത് എല്ലാ വഴികളും വിട്ട്പോകുന്ന, സ്വയം വാസസ്ഥലം ഇല്ലാതാക്കുന്ന സൂചിയുടെ രീതി അവരുടെ രീതി.
എല്ലാറ്റിലൂടെയും കടന്ന് പോയി, എന്നാല്‍ ഒന്നിന്റെയും ഉത്തരവാദിത്വവും ബാധ്യതയും ഏറ്റെടുക്കാതെ, എവിടെയുമല്ലാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന സൂചികളുടെ രീതി.
എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞ് നിന്ന് സ്വയം അപരിചിതത്വം പുല്‍കി പുതുമയും വ്യത്യസ്തതയും അന്വേഷിച്ച് പോകുന്ന സൂചിയുടെ രീതി.
അതിന് വേണ്ടി വീണ്ടും വീണ്ടും പരസ്പരം ധിക്കരിച്ച്, പൊരുത്തക്കേട് പറഞ്ഞ് ഒറ്റപ്പെട്ട് പോകും അവർ.
സുരക്ഷിതത്വം നേടാൻ എവിടെയും നിന്ന് അഭിനയിച്ച് റാന്‍ മൂളാതെ ദാരിദ്ര്യം സ്വയം ചോദിച്ചുവാങ്ങും ഇവർ.
അവരറിയാതെയും അവർ അരക്ഷിതത്വം അവരുടെ കളിസ്ഥലമാക്കും.
No comments:
Post a Comment