ഒരു മരണവാര്‍ത്തയും
യാഥാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നില്ല.
മറ്റൊന്നും കൊണ്ടല്ല.
ഒരു ജനനവാര്‍ത്തയും
ഇതുവരെയും യാഥാര്‍ത്ഥത്തില്‍
ഞെട്ടിച്ചിട്ടില്ല എന്നതിനാല്‍ കൂടി.
മണ്ണും മരവും
അറിയിച്ചു തന്നിട്ടില്ല
മരിച്ച ഓരോരുവനും
വാശിപിടിച്ചു ജീവിച്ചത്
എന്തിനെന്ന്
എന്നതിനാല്‍ കൂടി.
മരം മണ്ണാവുന്നതോ,
അതല്ല മണ്ണ് മരമാവുന്നതോ
ഏതാണ്
യാഥാര്‍ത്ഥത്തില്‍ മരണമെന്ന്,
ഏതാണ്
യാഥാര്‍ത്ഥത്തില്‍ ജനനമെന്ന്.
ഇത്തരം ഉത്തരം കിട്ടാത്ത
ചോദ്യങ്ങളാണ്
മരണത്തേക്കാള്‍
ഞെട്ടലുളവാക്കുന്നത്.
മരണവാർത്ത കേട്ട്
ഞെട്ടാതിരക്കാനും ന്യായം
ജീവിതം ഉത്തരം കിട്ടാത്ത
ചോദ്യമാവുന്നതാണ്.
വാശിപിടിച്ചു ജീവിക്കാന്‍ മാത്രം
ജീവിതത്തിലെന്തുണ്ടെന്ന
ഉത്തരം കിട്ടാത്ത ചോദ്യം.
ഒന്നുമല്ലാതെ വന്ന്
ഒന്നുമല്ലാതായി തീരുന്ന
ജീവിതം.
മരണവും ജനനവും
ആ നിലക്ക് ഒന്നിനുമല്ലാത്ത
രണ്ട് വഴികളാവുന്ന ജീവിതം.
എന്നിട്ടും, ആകയാല്‍
ഞെട്ടിപ്പോകുന്നത്
മരിച്ച ശരീരം
എന്തെല്ലാം പ്രണയകാവ്യങ്ങള്‍
ജീവിച്ച് തീര്‍ത്തു
എന്നോര്‍ക്കുമ്പോള്‍.
എന്നിട്ടും, ആകയാല്‍
ഞെട്ടിപ്പോകുന്നത്
മരിച്ച ശരീരം
എന്തെല്ലാം വികാരവിക്ഷോഭങ്ങൾ
കാണിച്ചു ജീവിച്ചു
എന്ന് കാണുമ്പോള്‍.
No comments:
Post a Comment