Saturday, June 11, 2022

തെറ്റിനെ കുറിച്ച് വേവലാതിപ്പെടേണ്ട. അത് ശരി കൂടിയാണ്‌.

 തെറ്റിനെ കുറിച്ച് വേവലാതിപ്പെടേണ്ട. അത് ശരി കൂടിയാണ്‌. 


നമ്മുടേതായ ശരി ഉണ്ടാക്കുകയാണ് വേണ്ടത്.


നമ്മൾ നമ്മളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന കോലത്തില്‍ (അഹങ്കാരത്തെയല്ല) നമ്മളെ തന്നെ സംശയിരിക്കരുത്. അതും മറ്റുള്ളവരെ അനാവശ്യമായും അസ്ഥാനത്തും പേടിച്ച് കൊണ്ട്‌. 


ഇനിയുമിനിയും സ്വന്തത്തെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായല്ലാതെ. 


ഇനിയുമിനിയും എഴുതിയെഴുതി, പറഞ്ഞു പറഞ്ഞ്‌ അത് തിളങ്ങിത്തിളങ്ങി വരാനല്ലാതെ. തുടങ്ങുമ്പോള്‍ പറഞ്ഞത് തന്നെ ആരും തുടർച്ചയിലും ഒടുങ്ങുമ്പോഴും പറയില്ല, പറയേണ്ടതില്ല. 


എഴുതിക്കൊണ്ടേയിരിക്കുമ്പോള്‍, പറഞ്ഞു കൊണ്ടേയിരിക്കുമ്പോള്‍ പഴയ ചെറിയ നാമ്പുകള്‍ പോയി പുതിയ പുതിയ നാമ്പുകള്‍ വലുതും ചെറുതുമായി വീണ്ടും വീണ്ടും വരും. 


അങ്ങനെ തന്നെയാണ് രണ്ടിലച്ചെടി വന്‍വൃക്ഷമായി മാറുന്നതും വളരുന്നതും. 


അങ്ങനെ തന്നെയാണ് എല്ലാം എല്ലാമായത്. ഈ ലോകം ലോകമായത്. 


അങ്ങനെയാണ് അണു തന്നെ വികസിച്ച് പ്രപഞ്ചമായത്. 


ആരും ജനിച്ച ഉടനെ തന്നെ എഴുന്നേറ്റ് ഓടിയില്ല. ഉസൈന്‍ ബോള്‍ട്ടായില്ല. 


ചെറിയ കാലടികള്‍ തന്നെയാണ് പിന്നീട് വലുതായി മാറിയത്. ദൂരങ്ങള്‍ പിന്നിട്ടത്. വേഗത്തില്‍ പിന്നിട്ടത്. 


അല്ലാതെ, പുറംലോകത്തെ ആരെയൊക്കെയോ കണ്ട് പേടിച്ച് വേവലാതിപ്പെട്ടാല്‍ ഓരോ ജനിക്കുന്ന കുഞ്ഞും ഗര്‍ഭപാത്രത്തിലേക്ക് തന്നെ പേടിച്ച് തിരിച്ചുപോകേണ്ടി വരും. 


അങ്ങനെ വേവലാതിപ്പെട്ടാല്‍ ഒരാൾക്കും അയാൾ നിന്നിടത്ത് നിന്ന് പോലും നീങ്ങാന്‍ കഴിയില്ല. 


അങ്ങനെ വേവലാതിപ്പെട്ടാല്‍ ആര്‍ക്കും ഒന്നും എഴുതാനും പറയാനും ചെയ്യാനും സാധിക്കില്ല. പുതിയത് ഉണ്ടാവില്ല. വ്യത്യസ്തതകള്‍ ഇല്ലാതെ പോവും.


അങ്ങനെ വേവലാതിപ്പെട്ടാല്‍ ആരോ പറഞ്ഞതും ചെയ്തതും തന്നെ എല്ലാവരും യാന്ത്രികമായി അനുകരിച്ച് ജീവിക്കേണ്ടി വരും. 


എല്ലാവരും വ്യത്യസ്തരാണ്. എല്ലാവർക്കും അവരവരുടെ ജീവിതവും അവരവരുടെ കാലും കൈയും കണ്ണും മൂക്കും നാക്കും ആണ്. അത് വെച്ച് തന്നെ എല്ലാ ഓരോരുത്തനും നടക്കണം, അറിയണം, പറയണം. 


എല്ലാവർക്കും ഒരുപോലെ ജീവിക്കാനുള്ള ആകാശവും ഭൂമിയുമാണ്. 


ഉറുമ്പിനും ആനക്കും ഒരുപോലെ അവരുടെ തന്നെ കാഴ്ചയും അനുഭവവും വെച്ച് ജീവിക്കാം. 


എല്ലാവരും അവരുടേത് മാത്രം അനുഭവിച്ചും കണ്ടും പറഞ്ഞും. 


എല്ലാം ഒരുപോലെ ശരിയായി. 


ആരും ജീവിക്കുന്നത് ആരെയും വഞ്ചിക്കുന്നതും ആരോടും കളവ് പറയുന്നതും ആരെയും പരിഹസിക്കുന്നതും അല്ലല്ലോ? 


പിന്നെന്ത് തെറ്റാണ്‌ സംഭവിക്കാനുള്ളത്?


നമുക്ക് തോന്നുന്ന ശരി നമ്മുടെ തന്നെ ശരിയാണ്‌. നമ്മുടെ നാക്കിലെ രുചി. നമ്മുടെ ജീവിത പശ്ചാത്തലത്തില്‍ നിന്ന്. 


അത് പറയുന്നതിൽ ആരെയും പേടിക്കേണ്ടതില്ല.

No comments: