അഗ്നിപഥ : പൊതുമുതൽ നശിപ്പിക്കാമോ?
പാടില്ല.
പക്ഷേ, ആര് ആരോട് പറയാൻ?
പ്രത്യേകിച്ചും വിളതിന്നുന്ന വേലികൾ തന്നെ ഭരിക്കുന്ന നാട്ടിൽ.
വിളതിന്നുന്ന വേലികളാണ് നാട് ഭരിക്കേണ്ടതെന്ന് നാട്ടുകാർ തീരുമാനിക്കുന്ന, അങ്ങനെ നാട്ടുകാരെക്കൊണ്ട് തീരുമാനിപ്പിക്കുന്ന നാട്ടിൽ.
കലാപവും ലഹളയും വിഭജനവും ഒന്നുമല്ല, പകരം ജനാധിപത്യം തന്നെയാണ് രാജ്യദ്രോഹം എന്ന് വരുന്ന നാട്ടിൽ.
*******
അഗ്നിപഥ : പൊതുമുതൽ നശിപ്പിക്കാമോ?
പ്രതിപക്ഷത്താണെങ്കിൽ, ഭരണത്തിലല്ലെങ്കിൽ തങ്ങളും എന്ത് പറയുമെന്ന്, എന്ത് ചെയ്യുമെന്ന് കൂടി ഓരോ പാർട്ടിയും നേതാക്കളും ചിന്തിച്ചാൽ നന്ന്.
പള്ളിയും അമ്പലവും പറഞ്ഞ് നമ്മൾ ഇക്കാലമത്രയും ചെയ്തത് എന്തെന്ന് കൂടി പാർട്ടികൾ ചിന്തിച്ചാൽ നന്ന്.
ഇവിടെ എല്ലാവരും ഇത് തന്നെ ചെയ്യുന്നു.
ഭരണപക്ഷ പാർട്ടി ഇതിൽ ഏറ്റവും മുൻപന്തിയിലാണ് താനും.
അധികാരം പിടിക്കേണ്ട വഴിയിൽ എത്ര കലാപങ്ങൾ വേണമെങ്കിലും അഴിച്ചുവിടുന്ന കാര്യത്തിൽ ആരും ഒരു രാഷ്ട്രീയപാർട്ടിയും പിറകിലല്ല.
****
അടിസ്ഥാന പ്രശ്നം നമ്മുടെ നാടിൻ്റെയും നാട്ടുകാരുടെയും നേതാക്കളുടെയും തരംതാഴ്ന്ന രാഷ്ടീയസംസ്കാരത്തിൻ്റെതാണ്, പൊതുബോധത്തിൻ്റെതാണ്, പൗരബോധത്തിൻ്റെതാണ്.
ആ തരംതാണ മൂന്നാംകിട രാഷ്ടീയസംസ്കാരവും പൊതുബോധവും പൗരബോധവും വെച്ചും മുതലെടുത്തുമാണ് ഇവിടെ രാഷ്ടീയപാർട്ടികൾ വളരുന്നതും നേതാക്കൾ നേതാക്കളാവുന്നതും അധികാരം നേടുന്നതും നിലനിർത്തുന്നതും.
ഇതുകൊണ്ട് തന്നെയാണ് ഇവിടെ പള്ളിയും അമ്പലവും വളരേ എളുപ്പം തകർക്കുന്നതും ആൾക്കൂട്ടകൊലകൾ നടത്തുന്നതും....
ഇതുകൊണ്ട് തന്നെയാണ് എന്ത് ചെറിയ വിഷയവും പറഞ്ഞ് വിഷം കുത്താൻ സാധിക്കുന്നതും കലാപങ്ങൾ അഴിച്ചുവിടാൻ കഴിയുന്നതും.
ഇവിടെ കാള പ്രസവിച്ചു എന്ന വാർത്ത പോലും വേണ്ട, അതിന് വേണ്ട കയറും വേണ്ട. എങ്ങിനെയും ഇവിടെ കലാപങ്ങൾ ആയിരക്കണക്കിന് ഉണ്ടാവും.
No comments:
Post a Comment