Saturday, January 4, 2020

ഇസ്ലാം എന്നാല്‍ സമര്‍പ്പണം. ദീന്‍ എന്നാല്‍ വഴക്കം

വൈതരണിക്ക് ഒരു വിശദീകരണം ('ഇസ്ലാം' എന്നാല്‍ സമര്‍പ്പണം. 'ദീന്‍' എന്നാല്‍ വഴക്കം) .
വൈതരണി പറയുന്നൂ:
"പ്രപഞ്ചമെന്ന ഈ വളരുന്ന, ചുരുങ്ങുന്ന ഉടലിന്റെ നിലനിൽപ്പിന്റെ നിയമമാണ് പ്രകൃതി നിയമം.
ആ നിയമമാണ് ഈശ്വരൻ. 
ആ നിയമം അനുസരിക്കലാണെന്റയും നിന്റെയും കടമ.
ആ നിയമത്തോടു മാത്രമാണ് നമുക്കു കടമ."
വൈതരണിക്ക് ഒരു വിശദീകരണം.
സ്വയം ഇഷ്ടപ്പെട്ടായാലും നിര്‍ബന്ധിതമായിട്ടായലും ദൈവത്തിന് വഴങ്ങി മാത്രം എല്ലാം.
നിന്റെ ഇഷ്ടവും അനിഷ്ടവും ശക്തിയും നിസ്സഹായതയും, ഉണ്ടെങ്കിൽ ഉള്ള ദൈവത്തിന്റെ വേണ്ടുക.
ബോധം ചെലുത്തിയായാലും, ബോധം ചെലുത്താതെ ആയാലും ഒരേ വഴക്കം, സമര്‍പ്പണം.
ധിക്കരിച്ചുവെന്ന് തോന്നിയാണെങ്കിലും അനുസരിച്ചുവെന്ന് തോന്നിയാണെങ്കിലും ഒരേ വഴക്കം, ഒരേ സമര്‍പ്പണം. 
ആ ദൈവത്തെ നീ എന്ത് പേരിട്ട് വിളിച്ചാലും ഇല്ലേലും.
പദാര്‍ത്ഥമെന്ന് വിളിച്ചാലും ദൈവമെന്ന് വിളിച്ചാലും..... 
ബോധമെന്ന് വിളിച്ചാലും ഊര്‍ജമെന്ന് വിളിച്ചാലും സംഗതി ഒന്ന്. 
Totalityയെ അറിഞ്ഞ്, totalityയിൽ മുങ്ങി ഇത് പറയുമ്പോള്‍ പ്രത്യേകിച്ചും ചില അര്‍ത്ഥതലങ്ങള്‍ ഉണ്ട്.
എല്ലാറ്റിന്റെയും എല്ലാവരുടേയും എല്ലാ ശ്രമങ്ങളും ഓടുന്ന വണ്ടിക്കുള്ളില്‍ കിടന്ന് ഓടും പോലെ മാത്രം.
വണ്ടിയുടെ ഗതിയേയോ ദിശയേയോ അല്പവും ആ ഓട്ടം മാറ്റാതെ.
ഓരോരുത്തനും അവന്‍ എന്തോ ചെയ്യുന്നുവെന്ന തോന്നല്‍ ഉണ്ടാവുന്നു എന്ന പ്രത്യേകത മാത്രമല്ലാതെ.
ഓരോരുത്തനും അങ്ങനെ ചെയ്യുന്നതും ആ നിലക്ക് totalityക്ക് വേണ്ടിയുള്ളത് മാത്രമായി ആ വഴിയില്‍ ഭവിക്കുകയും ചെയ്യും.
അങ്ങനെ വണ്ടിയില്‍ ഉള്ളവര്‍ക്ക് അവരുടെ ആ ഓട്ടവും പ്രയത്നവും പരസ്പരം ഉപകാരമാവും വണ്ണം. മാവിന്റെ മാങ്ങയായും തേനീച്ചയുടെ തേനായും കര്‍ഷകന്റെ കൃഷിഉത്പന്നമായും പശുവിന്റെ പാലായും, അങ്ങനെയങ്ങനെ.
ഏതെങ്കിലും ചിലത് മാത്രമല്ല, പകരം എല്ലാം, എപ്പോഴും അനുസ്യൂതമായും ഇടതടവവില്ലാതെയും, ദൈവികം എന്ന് പറയാൻ സാധിക്കുന്നതാണത്. 
എല്ലാവരും എന്തും പറയുന്നതും ചെയ്യുന്നതും, അത് മൂലവും അല്ലാതെയും എവിടെയെല്ലാം എന്തെല്ലാം സംഭവിച്ചാലും, ദൈവികമായത് മാത്രമെന്ന്. വഴങ്ങി മാത്രമെന്ന്, സമർപ്പിതമായ് മാത്രമെന്ന്. 
ആപേക്ഷികതയില്‍ നിന്ന് നമുക്ക് അതങ്ങനെ തന്നെ മനസിലാക്കാന്‍ കഴിഞ്ഞാലും ഇല്ലേലും.
കിണറില്‍ നിന്ന് താനിരിക്കുന്ന കിണര്‍ വലിയ ലോകത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞാലും ഇല്ലേലും. 
'ഓരോന്നും നമ്മുടെ മാത്രം ചെയ്തി, അതിൽ തെറ്റും ശരിയും ഉണ്ട്, തെറ്റ് തിരുത്തപ്പെടേണ്ടത്' എന്നും മറ്റും നമുക്ക് ആപേക്ഷികമായി ആപേക്ഷികമായ നമ്മുടെ ആവശ്യനിര്‍വ്വഹണത്തിന് വേണ്ടി തോന്നിപ്പോകുമെങ്കിലും. 
പക്ഷേ, അങ്ങനെ ബാഹ്യമായ അര്‍ത്ഥത്തില്‍ തെറ്റെന്നും ശരിയെന്നും നാം മാത്രം പറഞ്ഞാലും പറയുമ്പോഴും ഒരു ചെറിയ അപകടം ഉണ്ട്.
എല്ലാം ദൈവത്തിനുള്ള സമര്‍പ്പണമല്ലെന്ന് വരും.
എല്ലാം ദൈവത്തിന് വഴങ്ങിയും ദൈവത്തിന്റെ ഇച്ഛയിലും അല്ലെന്ന് വരും.
എല്ലാറ്റിലും എവിടെയും ദൈവം ഇല്ലെന്നും വരും...
ദൈവം പലപ്പോഴും പരാജയപ്പെട്ടു കൊണ്ട്‌ എന്ന് വരും. 
അറിയുക. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം "കീഴടങ്ങുക" "സമര്‍പ്പണം" എന്നൊക്കെയാണ്‌.
സര്‍വ്വലോക രക്ഷിതാവിന് സമര്‍പ്പിതം, കീഴടങ്ങിയത് എല്ലാം എന്നർത്ഥം. പ്രത്യേകിച്ച് ഒരു ബോധവും ശ്രമവും പ്രയത്നവും ചെലുത്താനില്ലാതെ. 
ആ നിലക്ക് വൈതരണി പറഞ്ഞത് പോലുള്ള ഒരു സങ്കല്പം ആകാന്‍ മാത്രമേ ഇസ്ലാമും തരമുള്ളൂ.
'ദീന്‍' എന്ന (മതം എന്ന് സാധാരണ ഗതിയില്‍ അര്‍ത്ഥം വെക്കുന്ന) വാക്കിന്റെ അര്‍ത്ഥവും "വഴക്കം", "കീഴടക്കം" എന്നത്‌ മാത്രമാണ്‌. 
ഒരു ഖുര്‍ആന്‍ വാക്യം ശ്രദ്ധിക്കുക.
"ലഹു അസ്ലമ മന്‍ ഫിസ്സമാവാത്തി വല്‍ അര്‍ദി തൗഅന്‍ ഔ കര്‍ഹാ".
അര്‍ത്ഥം.
"അവന് (അല്ലേല്‍ 'അതിന്‌') കീഴ്പ്പെട്ടിരിക്കുന്നു ആകാശഭൂമികളില്‍ ഉള്ളത് മുഴുവന്‍. ഐഛീകമായോ നിര്‍ബന്ധിതമായോ?"
ബോധപൂര്‍വ്വം സമര്‍പ്പിക്കണമെന്നല്ല പറഞ്ഞത്.
എങ്ങിനെ ആയിരുന്നാലും സംഗതികള്‍ സമർപ്പിതമാണ് എന്നാണ് പറഞ്ഞത്. മറ്റൊരു നിര്‍വാഹവും തെരഞ്ഞെടുപ്പും അക്കാര്യത്തില്‍ ഇല്ലാതെ, സാധിക്കാതെ. 
യാഥാര്‍ത്ഥത്തില്‍ ഇതിൽ നിന്ന് മനസിലാക്കേണ്ടത് totalityയില്‍ നിന്ന് നോക്കിയാല്‍ എല്ലാം ദൈവികം എന്ന് മാത്രമാണ്. എല്ലാം സമർപ്പിതം മാത്രമെന്ന്. 
Totalityയില്‍ എല്ലാം ഏതര്‍ത്ഥത്തിലായാലും ദൈവത്തിന് വഴങ്ങി മാത്രമാണ് എന്ന്. നാം കണക്കാക്കുന്ന നമ്മുടെ രോഗവും ആരോഗ്യവും നന്മയും തിന്മയും വരെ. 
ബോധപൂര്‍വ്വമായ ശ്രമം ഉണ്ടെങ്കിലും ഇല്ലെങ്കിലും, ദൈവത്തിനുള്ള കീഴടക്കത്തില്‍ നിന്നും സമര്‍പ്പണത്തില്‍ നിന്നും ആര്‍ക്കും അണുവിട മാറി നിൽക്കാൻ കഴിയില്ല എന്നര്‍ത്ഥം.
നടന്നതും നടക്കുന്നതും നടക്കാൻ പോകുന്നതും ദൈവികമായ ഇച്ഛ മാത്രം. 
എല്ലാവരും എല്ലാം ചെയ്യുന്നത്‌, എവിടെയായാലും ഏല്ലാം സംഭവിക്കുന്നത്, വെറും ദൈവികമായ ഇച്ഛ മാത്രമാണ് എന്നര്‍ത്ഥം. 
നന്മയായാലും തിന്മയായാലും. ആര്‍ക്കും ഒരു തീരുമാനവും ഇല്ലാതെ.
അഥവാ ആര്‍ക്കെങ്കിലും അവരുടേതെന്നും നമുക്ക് നമ്മുടെതെന്നും തോന്നുന്ന തീരുമാനം പോലും ദൈവികമായതാണ് എന്നര്‍ത്ഥം.
"മാഷാ അല്ലാഹു കാന്‍ വമാലം യഷാ ലം യകുന്‍" എന്ന് പൊതുവേ മുസ്ലിംകള്‍ "മാഷാഅല്ലാ" എന്ന് ചുരുക്കിപ്പറയുന്ന വാചകത്തിന്റെ അര്‍ത്ഥവും അത് മാത്രം.
"ദൈവം ഉദ്ദേശിച്ചത്‌ മാത്രം നടന്നു. ദൈവം ഉദ്ദേശിക്കാത്തതൊന്നും നടന്നില്ല" എന്ന്. 
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്നതിന്റെ അര്‍ത്ഥവും അത് തന്നെ
"നിശ്ചയമായും നാം ദൈവത്തില്‍ നിന്ന്, നാം എല്ലാവരും അവനിലേക്ക് തന്നെ മടങ്ങുന്നു". 
അങ്ങനെയാണ് ഇസ്ലാം എന്ന വാക്കിന് "സമര്‍പ്പണം" എന്ന അര്‍ത്ഥം വരുന്നത്. ഇസ്ലാം എന്ന സമര്‍പ്പണം എന്ന വാക്ക് ന്യായീകരിക്കപ്പെടുന്നതും.
പക്ഷേ, വിരോധാഭാസം വേറൊന്നാണ്. 
ഇതേ സംഗതിവെച്ച് തന്നെയാണ് totalityയില്‍ കാര്യം മനസിലാക്കാത്ത, totalityയില്‍ മുങ്ങിനിവരാതെ, ഇസ്ലാമിസ്റ്റ്‌കള്‍ വേറെ തന്നെ ഒരു ഇസ്ലാമികഭരണം അഥവാ ദൈവികഭരണം എന്ന ആശയം ശക്തമായി മുന്നോട്ട് വെക്കുന്നത്.
സമര്‍പ്പണം കൃത്രിമമായി വീണ്ടും നടത്തേണ്ടതുണ്ട് എന്ന് ധരിച്ചു കൊണ്ട്‌. 
ആ നിലക്ക് ഒരൊറ്റ പ്രശ്നം മാത്രം.
അങ്ങനെയുള്ള ആ ഇസ്ലാമിക ദൈവികഭരണം അവരെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ അനുസരിച്ച് മാത്രം. മുഹമ്മദിനെ മാതൃകയാക്കി മാത്രം.
ബാക്കി ഒന്നും, മുഹമ്മദിനും ഖുര്‍ആനിനും ശേഷം, ദൈവികമല്ലാത്തത് പോലെ.
ദൈവവും ദൈവിക ഇച്ഛയും ദൈവത്തിനുള്ള സമര്‍പ്പണവും എവിടെയോ കുടുങ്ങി ഒതുങ്ങിപ്പോയത് പോലെ. 
എല്ലായിടത്തും എല്ലാറ്റിലും ദൈവികസന്ദേശവും ഇടപെടലും ഉണ്ടെന്ന് മനസിലാക്കാന്‍ കഴിയാത്തവര്‍ക്ക് ദൈവിക സന്ദേശവും ആശയവും ഖുര്‍ആന്‍ മാത്രം. മുഹമ്മദ് പറഞ്ഞത് മാത്രം. അവര്‍ക്ക് സമര്‍പ്പണം അവർ ബോധപൂര്‍വ്വം നടത്തിയില്ലെങ്കില്‍ നടക്കാത്തതാണ്. 
അതിനാല്‍ അവർക്ക് ഖുര്‍ആനും മുഹമ്മദും അവസാനത്തേത്. ദൈവത്തിനും ദൈവികസന്ദേശത്തിനും ഇടപെടലിനും full stop വീഴ്ത്തുന്നത്. 
അത്‌ വെച്ച് മാത്രമുള്ള സമര്‍പ്പണം അവരെ സംബന്ധിച്ചേടത്തോളം ദൈവത്തിന്. അത് വെച്ചല്ലെങ്കിൽ സമര്‍പ്പണം നടക്കാത്തത് പോലെ. അതല്ലേല്‍ ദൈവം പരാജയപ്പെടുന്നത് പോലെ. 
പക്ഷേ അവരും ഉപയോഗിക്കുന്നത് വൈതരണി ഉപയോഗിച്ച, നാം ഇപ്പോൾ ഉപയോഗിക്കുന്ന അതേ വാക്ക് 'കടപ്പാടും' 'സമര്‍പ്പണവും' ദൈവത്തിന് മാത്രം എന്നത്‌.
ദൈവത്തെ അവർ ചില കാലത്തിലും സമയത്തിലും വ്യക്തിയിലും ഗ്രന്ഥത്തിലും ചുരുക്കി നിർത്തിക്കൊണ്ട് എന്ന ഈയൊരു വ്യത്യാസം അവര്‍ക്ക് പിടികിട്ടാതെ.


No comments: