Sunday, December 1, 2019

ഞാന്‍ ജീവിച്ചിരിക്കണമെന്ന് നിനക്ക് നിര്‍ബന്ധമുണ്ടോ?

അപകടപ്പെട്ട് കിടപ്പിലായ
ഗുരുവിനെ കാണാന്‍ ചെന്നു.
ഒന്നും ചോദിച്ചില്ല.
ഒരു വിശേഷവും ആരാഞ്ഞില്ല.
എല്ലാം ഗുരുവിന്റെ മുഖത്ത് വ്യക്തം.
നല്ല വേദനയുണ്ടെന്നും വ്യക്തം.
അല്ലേലും ഇക്കാലമത്രയും
ഗുരു ഒന്നും നാക്ക് കൊണ്ട്‌
ഉരുവിട്ട് പഠിപ്പിച്ചിട്ടുണ്ടായിരുന്നില്ല.
എല്ലാ പാഠങ്ങളും
കണ്ണാടിയെക്കാള്‍ തെളിച്ചമുള്ള
മുഖത്ത് നിന്നായിരുന്നു.
പെട്ടെന്നായിരുന്നു
പക്ഷേ ഗുരുവിന്റെ ചോദ്യം. 
"ഞാന്‍ ജീവിച്ചിരിക്കണമെന്ന്
നിനക്ക് നിര്‍ബന്ധമുണ്ടോ?" 
എന്ത്‌ നിര്‍ബന്ധം?
ഗുരുക്കന്മാരെല്ലേ
ഭൂമി നിറച്ചും.
ജീവിതം നിറച്ചും.
പിന്നെന്തിന്‌? 
എങ്കിലും
എന്തുത്തരം പറയണമെന്ന്
വിചാരിച്ച് സന്ദേഹപ്പെട്ട്
അന്തംവിട്ട് നില്‍ക്കുമ്പോള്‍,
ഗുരു തന്നെ പുലമ്പി 
"എന്തായാലും,
ഈയുള്ളവന് സംശയമേതുമില്ല.
ജീവിച്ചിരിക്കണമെന്ന്
ഈയുള്ളവന് ഒരു നിര്‍ബന്ധവുമില്ല." 
എന്ത്‌ പറയാന്‍?
വെറുതെ മിഴിച്ചിരുന്നു.
"മരണത്തെ പേടിയുണ്ടോ?"
വീണ്ടുമൊരു ചോദ്യം.
ഗുരുമുഖത്ത് നിന്നുതന്നെ. 
എന്തുത്തരം പറയണമെന്നറിയാതെ
വീണ്ടും അന്തംവിട്ടിരുന്നു. 
അപ്പോഴേക്കും,
വന്നു ഒരുത്തരം.
ഗുരുമുഖത്ത് നിന്ന് തന്നെ.
"മരണത്തെ
അല്പവും പേടിയില്ല.
"അല്ലേലും, എന്തിന്‌
മരണത്തെ പേടിക്കണം?
ഈയുള്ളവന്‍ എന്നത്
ജീവിതം തോന്നിപ്പിച്ച
വെറും നുണയെങ്കിൽ.
മിഴിച്ച് വെറുതെ പുഞ്ചിരിച്ചിരുന്നു.
"പുഞ്ചിരിക്കേണ്ട.
കാര്യം മനസ്സിലായില്ലേ?
എങ്കിൽ, തീര്‍ത്തേക്കുക.
ഈയുള്ളവന്റെ കാര്യം
തീര്‍ത്തേക്കുക.
അറിയാമല്ലോ,
"നുണ
അപകടപ്പെടാനുള്ളതാണ്.
"നുണ
ഏത് സമയവും
രോഗഗ്രസ്ഥമാകാനും ഉള്ളതാണ്. 
"അപകടപ്പെട്ട,
രോഗഗ്രസ്ഥമായ
നുണ
വേദനാജനകം കൂടിയാണ്‌."
മുഖമുയര്‍ത്താതെ
ഗുരു തെളിച്ചു പറഞ്ഞു. 
എന്ത്‌ ചെയ്യണമെന്നറിറിഞ്ഞില്ല.
ഗുരുവിന് വ്യക്തത നല്‍കിയ
മൂര്‍ച്ചയുണ്ട്, ധൈര്യമുണ്ട്. 
പക്ഷേ ഗുരുവിന്റെ
മൂര്‍ച്ചയും ധൈര്യവും
എന്റെ പേടിയായി. 
ഒന്നും ചെയ്യാതെ,
കാര്യം തീര്‍ക്കാതെ
ഗുരുവെ അവിടം തന്നെ
ആ അപകടാവസ്ഥയില്‍ തന്നെ
ഉപേക്ഷിച്ച് ഈയുള്ളവന്‍
ഓടി രക്ഷപ്പെട്ടു.
തീര്‍ത്തുകളയാനുള്ള
ധൈര്യമൊന്നും
ഈയുള്ളവനില്ല.
അല്ലേലും പൂച്ചക്കുള്ള ധൈര്യം
വെറും ശിഷ്യനായ ഈയുള്ളവന്
ഒരിക്കലും ഉണ്ടായിട്ടില്ല.
ഇക്കാലമത്രയും
ശിഷ്യനായ് വേഷമിട്ട്
നടന്നെങ്കിലും.

No comments: