Saturday, January 25, 2020

പൗരത്വഭേദഗതി നിയമം. വിശ്വാസം കൊണ്ടായാലും പ്രതികാരം കൊണ്ടായാലും......

പൗരത്വഭേദഗതി നിയമം.
വിശ്വാസം കൊണ്ടായാലും പ്രതികാരം കൊണ്ടായാലും......
വെറുപ്പിന്റെ അഗ്നിയും ചൂടും നമ്മളിലെ സ്നേഹത്തിന്റെ തെളിനീരിനെ വറ്റിച്ച് കളയും.
******
പണ്ടൊരു രാജാവിന്റെ കാലിന് നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ മുള്ള് തറച്ചു.
വേദനകൊണ്ട്‌ ക്ഷുഭിതനായ രാജാവ് ഉടനെ ബന്ധപ്പെട്ട മന്ത്രിയെ വിളിച്ചു വരുത്തി.
ഉടനെ ഒരു തിട്ടൂരവും നല്‍കി.
"രണ്ട് ദിവസത്തിനുള്ളില്‍ നാട്ടില്‍ മുഴുവന്‍ കാർപെറ്റ് വിരിക്കണം.
അല്ലെങ്കിൽ മന്ത്രി വധിക്കപ്പെടും."
മന്ത്രി അസ്വസ്ഥനായി.
എന്ത് ചെയ്യണം എന്നറിയാതായി.
കാടും മലയും കൃഷിഭൂമിയും നിറഞ്ഞ നാട് മുഴുവന്‍ എങ്ങിനെ കാര്‍പെറ്റ് വിരിക്കും?
കൃഷി നശിക്കില്ലേ?
പോരാത്തതിന് മഴപെയ്താല്‍ എന്ത് ചെയ്യും?
ഭൂമിയിലേക്ക് വെള്ളം ഇറങ്ങില്ല.
കിണറുകള്‍ വറ്റും.
അങ്ങനെയങ്ങനെ ഒരു കുറെ പ്രശ്നങ്ങൾ.
പക്ഷേ. കല്പന രാജാവിന്റെതാണ്.
നടപ്പാക്കിയിട്ടില്ലെങ്കില്‍ പ്രശ്നമാണ്‌. തന്റെ ജീവനും പോകും.
നടപ്പാക്കാന്‍ ഒന്ന്കൊണ്ടും ഒരുനിലക്കും സാധിക്കുകയും ഇല്ല.
എല്ലാറ്റിനുമുപരി, വമ്പിച്ച ചിലവ് വരും.
രാജാവ് നല്‍കിയ സമയമാണെങ്കിലോ, വളരെ ചെറുതും
ഈ ചെറിയ സമയത്തിനുള്ളില്‍ ഈയൊരു കാര്യം ചെയ്യാൻ ഒരുനിലക്കും പറ്റില്ല.
മന്ത്രി ആലോചിച്ചു കൊണ്ടേയിരുന്നു.
പേടിച്ചു വികാരാധീനനാകുന്നതിനു പകരം മന്ത്രി വിചാരവും വികാരവും കൈമുതലാക്കി ചിന്തിച്ചു.
തന്റെ ജീവൻ അപകടത്തിലായാലും പ്രശ്നമില്ല, ശരി പറയണം, ശരി നടക്കണം. യുക്തി നടക്കണം. നാട് നശിച്ചുകൂട. 
സംഗതി രാജാവിനെ ബോധ്യപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.
പക്ഷേ എങ്ങിനെ ബോധ്യപ്പെടുത്തും?
അത്‌ മാത്രമായിരുന്നു മന്ത്രിയുടെ മുന്നിലെ വലിയ പ്രശ്നം.
എന്തായാലും, പിറ്റേ ദിവസം പുലര്‍ച്ചെ തന്നെ മന്ത്രി രാജാവിന്റെ സമക്ഷത്തില്‍ എത്തി.
അപ്പോഴും രാജാവ് ക്ഷുഭിതനായി തന്നെ കാണപ്പെട്ടു. പക്ഷേ, മന്ത്രി പേടിച്ചില്ല, വിവേകം കൈവിട്ടില്ല.
മന്ത്രി ധൈര്യം കൈവിടാതെ മെല്ലെ രാജാവിനെ ബോധിപ്പിച്ചു.
"രാജാവ് തിരുമനസ്സേ. അങ്ങയുടെ വേദന ഈയുള്ളവന്റെത് കൂടിയാണ്‌. ഈ നാടിന്റെ മൊത്തം വേദനയാണ്.
"അങ്ങയ്ക്ക് മുള്ള് തറച്ചു.
"ഇനി അങ്ങയ്ക്ക് മുള്ള് തറക്കരുത്.
"അതിനുള്ള പരിഹാരമായി അങ്ങ് നാട്ടില്‍ മുഴുവന്‍ കാർപെറ്റ് വിരിക്കാന്‍ ഈയുള്ളവനോട് ഉത്തരവാകുകയും ചെയതു.
"ശരിയാണ്‌.
"അങ്ങയുടെ ഏത് ഉത്തരവും ഈയുള്ളവന്‍ പാലിക്കും. അങ്ങനെ പാലിക്കാന്‍ ഈയുള്ളവന്‍ ബാധ്യസ്ഥന്‍ തന്നെയാണ്. 
"പക്ഷേ രാജാവ് തിരുമനസ്സേ, അങ്ങ് ഒന്ന് ചിന്തിച്ചു നോക്കുക.
"നാട്ടില്‍ മുഴുവന്‍ കാർപെറ്റ് വിരിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ്‌, ചിലവ് കുറഞ്ഞതും, സമയം വേണ്ടാത്തതും പ്രായോഗികവും ആണ്‌ അങ്ങ് ഒരു ചെരുപ്പ് വാങ്ങിയിടുന്നത്?"
"ഓഹോ, അത് ശരിയാണല്ലോ?
"യഥാര്‍ത്ഥത്തില്‍ ഞാന്‍ ചെരുപ്പ് ധരിക്കാത്തതായിരുന്നു എന്റെ കാലില്‍ മുള്ള് തറക്കാന്‍ കാരണം."
"അതേ, രാജാവ് തിരുമനസ്സേ, അങ്ങ് കാലില്‍ ചെരുപ്പ് ധരിച്ചാല്‍ മാത്രം മതിയായിരുന്നു. 
"നാട്ടില്‍ മലയും കാടും നശിപ്പിക്കേണ്ടതില്ല. കൃഷി നശിക്കില്ല, കിണറുകള്‍ വറ്റില്ല.
"രാജ്യം ഭീമമായ ചിലവില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും."
"ശരിയാണല്ലോ മന്ത്രി?
"നാട്ടില്‍ മുഴുവന്‍ എന്തിന്‌ കാർപെറ്റിടണം."
******
വിവരക്കേടും വിവരമില്ലായ്മയും വെറുപ്പിനെ കൂട്ടാക്കും. ധൃതിയെ ആഭരണമാക്കും. എന്തും ചെയ്യിപ്പിക്കും. എന്ത് വിഡ്ഢിത്തവും വലിയ കാര്യമാണെന്ന് തോന്നിപ്പിക്കും.
അവന്‍ എലിയെ പേടിച്ച് ഇല്ലം ചുടും. ഉറുമ്പിനെ കൊല്ലാന്‍ AK47 എടുക്കുകയും ചെയ്യും. 
*****
ഇത്‌ തന്നെയേ, ഇത്ര തന്നെയേ പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തിലും പറയാനുള്ളൂ.
അന്യരാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെട്ട കുറച്ച് മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയില്‍ അഭയം നല്‍കണം.
ശരിയാണ്‌.
ഒരളവോളം നല്ല മാനുഷികമായ പരിഗണനയാണ്.
പക്ഷേ അതിന്‌ വേണ്ടി സ്വന്തം നാട്ടുകാരെ മുഴുവന്‍ പീഡിപ്പിക്കേണ്ടതുണ്ടോ? അവരെ സംശയിക്കുകയും ഭയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും വേണ്ടതുണ്ടോ?
നന്മയെക്കാള്‍ തിന്മ കൂടുതൽ ആവുന്നതിനെയല്ല നിയമമാക്കുക.
തിന്മയെക്കാള്‍ നന്മ കൂടുതലുള്ളതിനെയും, ഒരു പക്ഷെ വെറും ഒരപവാദം പോലെ മാത്രമല്ലാതെ തിന്മ ഇല്ലാതെയും ആണ്‌ നിയമം ഉണ്ടാക്കുക.
ഭൂരിപക്ഷം കിട്ടുന്നു എന്ന ഒരൊറ്റ കാരണം മാത്രമാവരുത് നിയമം ഉണ്ടാക്കുന്നതിന്റെ ഏക മാനദണ്ഡം. 
അങ്ങനെ കുറച്ച് പേര്‍ക്ക് അഭയവും പൗരത്വംവും നൽകാൻ, അവരില്‍ നിന്ന് കുറച്ച് മുസ്ലിം അഭയാര്‍ത്ഥികകളെ ഒഴിവാക്കാന്‍, ഇന്ത്യയില്‍ നിലവില്‍ ജീവിക്കുന്നവർ മുഴുവന്‍ പൗരത്വം തെളിയിക്കണം, പ്രത്യേകിച്ചും അവരില്‍ മുസ്ലിംകള്‍ മുഴുവന്‍ കുറെ പ്രത്യേക നിബന്ധനകളോടെ മാത്രം തെളിയിക്കണം എന്ന് പറയുന്നത് നേരത്തേ ഉദ്ദരിച്ച രാജാവ് നാട്ടില്‍ മുഴുവന്‍ കാര്‍പെറ്റ് വിരിക്കണം എന്ന് പറഞ്ഞതിന്‌ തുല്യമാണ്. 
പ്രത്യേകിച്ചും ഇന്ത്യയിലെ മൊത്തം മുസ്ലിംകളെ അതിന്‌ വേണ്ടി സംശയത്തിന്റെയും പേടിയുടെയും നിഴലില്‍ നിര്‍ത്തുമ്പോള്‍.
അവരുടെ കൈപിടിയില്‍ ഒതുങ്ങാത്ത വലിയ യുക്തിസഹമല്ലാത്ത നിബന്ധനകള്‍ പൗരത്വം തെളിയിക്കാന്‍ വെക്കുമ്പോള്‍.
*****
തുഗ്ലക്കിനെ കുറിച്ച് കേട്ടിട്ടുണ്ട്.
പക്ഷെ, രാജ്യത്തെ വിലക്ക് കൊടുത്ത് അധികാരത്തിലിരിക്കുന്ന തുഗ്ലക്ക്മാരെ ഭരണത്തില്‍ നേരിട്ട് കണ്ടിട്ടില്ല.
നോട്ട് നിരോധനം ഒരു കണക്ക്കൂട്ടലില്‍ സംഭവിച്ച അബദ്ധമായിരിക്കുമെന്ന് ധരിച്ച് സമാധാനിച്ചു.
അങ്ങനെ അതിന്റെ ദുരിതങ്ങള്‍ മുഴുവന്‍ പേറി ജീവിക്കുമ്പോഴാണ്‌ അതിനെക്കാള്‍ ഭീകരമായ മറ്റൊരബദ്ധം പരിഷ്കാരമാക്കി കൊണ്ടുവരുന്നത്.
മതാടിസ്ഥാനത്തില്‍, ഒരേ രാജ്യത്തെ വ്യത്യസ്ത മതക്കാര്‍ക്ക് വ്യത്യസ്തമായ നിബന്ധനകള്‍ വെച്ച് പൗരത്വം നിശ്ചയിക്കുന്ന ഭേദഗതി നിയമം.
അയല്‍വാസികള്‍ മുഴുവന്‍ മോശക്കാരാണെന്ന് സ്വയം വിധിയെഴുതി, അതിനാല്‍ താനും മോശമാകണം എന്ന് തീരുമാനിക്കുന്ന ഒരു പാമരനായ വീട്ടുകാരനെ പോലെയാവുന്നു നമ്മുടെ ഭരണാധികാരികള്‍. 
അങ്ങനെ തനിക്കുള്ള, അതുവരെ താൻ ഉണ്ടെന്ന് കരുതി അഭിമാനംകൊണ്ട, വീമ്പ് പറഞ്ഞ, നന്മകളെയൊക്കെയും വെറുത്ത്, ശപിച്ച് അവയെല്ലാം കളയുന്നവനെ പോലെ.
വെള്ളം സൂക്ഷിക്കാന്‍ കുളത്തിന് ചുറ്റും തീയിട്ട് ശത്രുവിനെ അകറ്റി, തിരിച്ചു വരുമ്പോഴേക്കും അതേ തീയിന്റെ ചൂടേറ്റ് വെള്ളം വറ്റിച്ചവനെ പോലെ.
മുന്‍പ് ചെയത് പോയ നന്മയിലും സഹിഷ്ണുതയിലും അങ്ങേയറ്റം ദുഃഖിച്ച്, ഖേദിച്ച് സ്വയം മോശമാകാൻ തീരുമാനിച്ച് തെമ്മാടിയാകുന്നവനെ പോലെ.
ഇപ്പോൾ ഈ വീട്ടുകാരന് 'വസുധൈവകുടുംബകം' എന്നതും 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നതും വെറുപ്പിന് പകരമായി വെറുപ്പ് സ്വന്തമാക്കാന്‍ വേണ്ടി വിറ്റ സാധനം മാത്രം. അവന്ന് ഇനിയവയൊക്കെ ഭാരതീയമല്ല; വെറും വിദേശീയമായ സങ്കല്പങ്ങള്‍ മാത്രം.
****
ശരിയാണ്‌. പൂര്‍ണമായും. 
ഇസ്ലാമിക രാജ്യങ്ങളില്‍ മറ്റ് മതവിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടും.
ഒരു സംശയവും ഇല്ല.
ഒന്ന് മാത്രം ശരി, ബാക്കിയെല്ലാം തെറ്റ്, നരകത്തിലേക്ക് എന്ന് കരുതുന്ന വിശ്വാസമാണ് ഇസ്ലാം എന്നതിനാല്‍ അതങ്ങനെ സംഭവിക്കുന്നു 
പക്ഷേ അതല്ല ഭാരതീയന്റെ സത്യസങ്കല്‍പം, ദൈവസങ്കല്‍പം, ജീവിതസങ്കല്‍പം.
തിന്മയെ നന്മ കൊണ്ട്‌ നേരിടണം.
ഇരുട്ടിനെ ഇരുട്ട്കൊണ്ടല്ല നേരിടേണ്ടത്. വെളിച്ചം കൊണ്ട്‌ നേരിടണം 
തീയിനെ വെള്ളം കൊണ്ട്‌ നേരിട്ട് തീ അണക്കണം.
തീയിനെ തീ കൊണ്ട്‌ നേരിട്ട് തീകൂട്ടി നാടിനെ ചുട്ടെരിക്കുകയല്ല വേണ്ടത്.
അതിൽ ധര്‍മ്മം ഇല്ല.
ധര്‍മ്മയുദ്ധം അങ്ങനെയല്ല.
രണ്ട് കൂട്ടരും നശിക്കുന്നതിനെയല്ല ധര്‍മ്മയുദ്ധം എന്ന് പറയുക. 
പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് എങ്ങനെയെങ്കിലും എവിടെയെങ്കിലും നീതി കിട്ടണം, അഭയം കിട്ടണം, നല്‍കണം.
പൂര്‍ണമായും യോജിക്കുന്നു.
അവർ എല്ലാവരും പീഡിപ്പിക്കപ്പെട്ട് തന്നെയാണ് വന്നതെങ്കില്‍.
അവരില്‍ പലരും ജോലിയും സുഖവും മാത്രം തേടി വന്നവരല്ലെങ്കില്‍.
കാരണം, ഇന്ന്‌ ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും കേരളത്തിലേക്കും ഒരുകുറേ പേർ വരുന്നുണ്ട്.
അവിടെ മതപരമായ പീഢനം ഉള്ളത് കൊണ്ടല്ല ; പകരം ജോലിയും സുഖവും തേടി മാത്രം. അതേ ന്യായം വെച്ച് കാണാം ഇന്ത്യയിലേക്ക് വന്നവരില്‍ പലരേയും. 
സ്വന്തം പൗരന്മാരെ നിശ്ചയിക്കുന്ന നിയമം എല്ലാ രാജ്യത്തും ഉണ്ട്, ഉണ്ടാവും.
സ്വന്തം നാട്ടുകാരെ തിരിച്ചറിയാന്‍ Civil ID എല്ലായിടത്തും ഉണ്ട്. 
അതാത് നാട്ടിലെ പൗരന്മാരെ നിശ്ചയിക്കുക എന്നത്‌ ഏറ്റവും അത്യാവശ്യം, തെറ്റായ സംഗതി അല്ല. അതിലെ ഉദ്ദേശം പക്ഷേ അത് മാത്രമായിരിക്കണം. 
അറബ് നാടുകളിലും ഈയുള്ളവന്‍ കണ്ടിട്ടുണ്ട്.
പൗരത്വം കിട്ടാത്ത ഒരു വലിയ അറബ് വംശജരായ വിഭാഗത്തെ. സ്വദേശികള്‍ എന്ന് അവർ സ്വയം വാദിക്കുന്ന വിഭാഗത്തെ. വളരെ സാധാരണം.
പക്ഷേ തീർത്തും നിരാശപൂണ്ട ആ തിരസ്കൃത വിഭാഗമാണ്‌, അത്തരം നാടുകളിലെ വലിയ സാമൂഹ്യവിരുദ്ധ ശക്തി. മറ്റൊന്നും കൊണ്ടല്ല. നിരാശ പിശാചിനെ സൃഷ്ടിക്കും എന്ന ഒരൊറ്റക്കാരണത്താല്‍. 
പക്ഷേ അവിടെയൊന്നും മതം മാത്രം മാനദണ്ഡമല്ല. എന്നിട്ടും അങ്ങനെ സംഭവിച്ചു, സംഭവിക്കുന്നു. 
എന്ത്‌ കൊണ്ട്‌ പൗരന്‍ അല്ല? ഉത്തരം ഒന്ന് മാത്രം. 'കാരണം, അവന്‍ പൗരന്‍ അല്ല' എന്നത്‌ മാത്രം. ആരായാലും. ഏത് മതക്കാരനായാലും അത് മാത്രം, ആ ഒന്ന് മാത്രം. എല്ലാവർക്കും ഒരേ മാനദണ്ഡം, ഒരേ നിബന്ധന. 
കുവൈത്തില്‍ മുസ്ലിംകളെ മാത്രമാണ് പൗരത്വം കൊടുക്കാതെ വെച്ചിരിക്കുന്നത്. കുവൈത്ത് ഒരു മുസ്ലിം, ഇസ്ലാമിക രാജ്യമായിട്ടും. 
ഇന്ത്യയില്‍ ഇപ്പോൾ പാസായ ഈ നിയമം അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നടപ്പാക്കണം.
ഒരളവോളം.
ആളെ തിരിച്ചറിയാൻ.
എല്ലാവർക്കും ഒരേ മാനദണ്ഡവും നിബന്ധനകളും വെച്ച് കൊണ്ട്‌. 
പക്ഷേ, നടപ്പാക്കുമ്പോള്‍, ചിലത് മനസിലാക്കണം.
ചില നിരപരാധികളായവർ, പാവങ്ങളായവർ, മുസ്ലിം ആയത് കൊണ്ടോ മുസ്ലിംനാമധാരി ആയത് കൊണ്ടോ മാത്രം നീതിനിഷേധത്തിന്റെ ദുരന്തങ്ങള്‍ക്ക് വിധേയമാകരുത്.
ഇപ്പോഴത്തെ നിയമം അങ്ങനെ നടപ്പാക്കിയാല്‍ അതുണ്ടാവുമെന്ന് മനസിലാക്കണം. 
അതിനാല്‍ തന്നെ ഇന്ത്യയില്‍ ഒട്ടാകെ ഇത് നടപ്പാക്കുമ്പോള്‍ എന്ത് സംഭവിക്കും? 
അതിർത്തി സംസ്ഥാനങ്ങള്‍ അല്ലാത്ത മറ്റ് സംസ്ഥാനങ്ങളില്‍ രേഖയില്ലാത്ത മുസ്ലിമും രേഖയില്ലാത്ത മുസ്ലീം അല്ലാത്തവരും വന്നാല്‍ ഒരേ നിലപാട് എടുക്കണം. മുസ്ലിമല്ലാത്തവന് പ്രശ്‌നമില്ല, മുസ്ലിമായവന് പ്രശ്നം എന്ന് വരരുത്. 
പ്രത്യേകിച്ചും എല്ലാവർക്കും അറിയുന്നത് പോലെ എല്ലാവരും ഒരുകുറെ കാലം മുന്‍പുള്ള രേഖയും മറ്റും സൂക്ഷിക്കുന്നവർ ആവില്ല. ഏത് മതക്കാരന്‍ ആയാലും. പ്രത്യേകിച്ചും പാവങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവരും ആണെങ്കിൽ.
അറിയാമല്ലോ, മുസ്ലിം ആകുന്നതും അമുസ്ലിം ആകുന്നതും ഒക്കെ വിശ്വാസം കൊണ്ടോ തെരഞ്ഞെടുത്ത് കൊണ്ടോ അല്ല.
പകരം, വെറും ജന്മം കൊണ്ടും പേര്‌ കൊണ്ടും സാമൂഹ്യമായും മാത്രം. 
അപ്പോൾ അങ്ങനെ ആയിപ്പോയതിന്റെ പേരില്‍ രണ്ട് നീതി, രണ്ട് തരം പൗരന്മാര്‍ എന്ന അവസ്ഥയും കൃത്യമായ വിഭജനവും പൗരന്മാര്‍ക്കിടയില്‍ നടക്കാൻ പാടില്ല. 
ഈയൊരു സംഗതിയെ എങ്ങിനെ നേരിടും, പരിഹരിക്കും?
ഇന്ത്യയില്‍ ഒട്ടാകെ എല്ലാവർക്കും ഒരേ അളവ്കോല്‍ വെക്കാതെ.

No comments: