Saturday, January 25, 2020

മനുഷ്യന്റെ മാത്രം ഗതികേട്. അവന് ഭൂമിയിൽ ഒരിടവും ഇല്ലാതെ പോകുന്നു.

മനുഷ്യന്റെ മാത്രം ഗതികേട്.
അവന് ഭൂമിയിൽ ഒരിടവും ഇല്ലാതെ പോകുന്നു.
വെറുതെയെങ്കിലും, ജീവിക്കാൻ ഒരിടം ഉണ്ടാവാന്‍ മനുഷ്യന് ആരുടെയൊക്കെയോ മുന്‍പില്‍ തെളിയിക്കേണ്ടി വരുന്നു.
*****
നിങ്ങള്‍ക്ക് ദൈവത്തെ വിശ്വസിക്കുകയോ നിഷേധിക്കുകയോ ചെയ്യാം.
സ്വാതന്ത്ര്യമുണ്ട്.
ദൈവം വിശാലനാണ്.
ദൈവം എന്നാല്‍ വിശാലത എന്ന അര്‍ത്ഥമേ വേണ്ടതുള്ളൂ.
******
പക്ഷേ, രാജ്യം അങ്ങനെയല്ല.
രാജ്യമെന്നാല്‍ വിശാലത എന്നര്‍ത്ഥമില്ല.
ഒരുപക്ഷെ സങ്കുചിതത്ത്വം എന്ന് മാത്രം എന്നർത്ഥം വരും.
രാജ്യക്കാരല്ലാത്ത എല്ലാവരേയും വെറുക്കുന്ന സങ്കുചിതത്ത്വം.
ഭരണാധികാരികളും അല്ലാത്തവരും വിചാരിച്ചാൽ രാജ്യത്തിലുള്ളവരെയും തമ്മിലടിപ്പിക്കുന്ന സങ്കുചിതത്ത്വം. 
അങ്ങനെ, ഒരുപക്ഷേ, രാജ്യം നിങ്ങളെ നിഷേധിക്കും.
എന്നാലും നിങ്ങൾ രാജ്യത്തെ നിഷേധിക്കരുത്.
ദൈവത്തിന് വേണ്ടി രാജ്യത്തെ നിഷേധിക്കുരുത്.
മതത്തിന് വേണ്ടി രാജ്യത്തെ നിഷേധിക്കരുത്. 
മതത്തിന്റെ പേരില്‍ രാജ്യം നിഷേധിക്കരുത്. 
രാജ്യത്തെ സ്വയവും മറ്റാര്‍ക്കും നിഷേധിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല.
കാരണം ഒരിക്കല്‍ നിഷേധിച്ചാല്‍, പിന്നെ തിരിച്ചെടുക്കാന്‍ രാജ്യത്തിന് ദൈവത്തെ പോലെയുള്ള വിശാലതയില്ല. 
ജനിച്ചാല്‍ തീര്‍ന്നു, മഹാഭൂരിപക്ഷത്തിന്റെ കാര്യത്തിലും രാജ്യത്തിന്റെ കാര്യത്തിലുള്ള ആ സ്വാതന്ത്ര്യം.
******
ദൈവം അതിരുകള്‍ ഇല്ലാത്തത്.
രാജ്യം അതിരുകള്‍ ഉള്ളത്.
രാജ്യം നിങ്ങളെ ചൂഴ്ന്ന് നില്‍ക്കുന്നത്.
രാജ്യത്തിന് ആവശ്യങ്ങളുണ്ട്.
ചൂഴ്ന്ന് നിന്നാലും ഇല്ലേലും,
ദൈവത്തിന് ആവശ്യങ്ങളില്ല.
ദൈവം നിങ്ങളെയും നിങ്ങളുടെ പരിമിതികളെയും നിസ്സഹായതയെയും ഉണ്ടാക്കിയവന്‍, അതറിയുന്നവന്‍. 
രാജ്യത്തിന് നിങ്ങളെയും നിങ്ങളുടെ പരിമിതികളെയും നിസ്സഹായതയെയും മനസിലാവില്ല.
രാജ്യത്തിന് അങ്ങനെയൊരു മനസ്സില്ല. മാനസികതലവും ഇല്ല.
കാരണം രാജ്യത്തെ ഉണ്ടാക്കിയത് അതിര്‍ത്തികള്‍ മാത്രം.
രാജ്യത്തിന് തലച്ചോറ്‌ ഇല്ലാത്ത അതിര്‍ത്തികള്‍ മാത്രമേ ഉള്ളൂ 
അപ്പപ്പോൾ ഭരിക്കുന്ന ഭരണാധികാരികളുടെതാണ് രാജ്യത്തിന്റെ മനസ്സ്, തലച്ചോറ്‌.
അത്‌ നിങ്ങൾ സഹിക്കേണ്ടി വരും. രാജ്യമെന്ന പേരില്‍ 
*****
ദൈവം നിന്നെ ഉണ്ടാക്കിയത്.
രാജ്യം നീയുണ്ടാക്കിയത്. 
ദൈവം ആത്യന്തികതയിലെ അമൂര്‍ത്തത, ലയനം, ഇല്ലായ്മ.
രാജ്യം ആപേക്ഷികതയിലെ മൂര്‍ത്തത, മുറിവ്, വേര്‍തിരിവ് .
ദൈവം നിന്റെ ആകാശവും ഭൂമിയും.
പരിമിതികള്‍ക്കപ്പുറത്തേക്കുള്ള നിന്റെ സാധ്യത.
രാജ്യം നിനക്ക് ആകാശവും ഭൂമിയും നഷ്ടപ്പെടുത്തി ഒരുതുണ്ട് മാത്രം എല്ലാമെന്ന് വരുത്തുന്നത്. ബാക്കിയെല്ലാം നിഷേധിക്കുന്നത്. 
രാജ്യം നിന്റെ പരിമിതികളുടെ മാത്രം സാധ്യത.
മനുഷ്യന്റെ മാത്രം ഗതികേട്.
അവന് ഭൂമിയിൽ ഒരിടവും ഇല്ലാതെ പോകുന്നു.
വെറുതെയെങ്കിലും, ജീവിക്കാൻ ഒരിടം ഉണ്ടാവാന്‍ മനുഷ്യന് ആരുടെയൊക്കെയോ മുന്‍പില്‍ തെളിയിക്കേണ്ടി വരുന്നു.

No comments: