Saturday, January 25, 2020

കറുത്ത രാവിന്റെ മാറിടത്തില്‍ ഉണര്‍ന്നിരിക്കണം. ചവിട്ടി നൃത്തമാടണം.

കറുത്ത രാവിന്റെ
മാറിടത്തില്‍
ഉണര്‍ന്നിരിക്കണം.
ചവിട്ടി നൃത്തമാടണം.
പാല്‍ ചുരത്തണം. 
ആഴ്ന്നിറങ്ങിയ
ഘോരനിശബ്ദത
രക്തമായ് ഓടിനടക്കുന്നത്
തൊട്ടറിയണം.
ആ രക്തത്തെ നീ
നിന്റെ ശബ്ദമാക്കണം. 
പര്‍വ്വതവും
താഴ്‌വാരവും
ചുംബനങ്ങളിലേര്‍പ്പെടുന്നത്
ആ കറുത്ത രക്തം കുടിച്ചാണ്.
നീയും
അത് കുടിച്ചു
ദാഹശമനം നടത്തണം. 
ആകാശവും
കടലും
തങ്ങൾക്ക് തോന്നുന്നതെല്ലാം
ചിത്രമാക്കി വരക്കുന്നതും
ഛായമെടുക്കുന്നതും
ആഴമുള്ള
ശബ്ദം കൈമുതലായ
ധൃതിപിടിച്ചോഴുകുന്ന
ആ രക്തത്തില്‍ നിന്നാണ്.
ആ രക്തം ചാലിച്ച് തന്നെ നീയും
നിന്റെ ഹൃദയാന്തരാളങ്ങളില്‍
തെളിവിന്റെയും നിറവിന്റെയും
ചിത്രങ്ങൾ വരച്ചിടണം. 
ദിക്കുകള്‍ ഇല്ലാതാകുന്നതും,
ദിക്കുകള്‍ക്കൊക്കെയും
ഒരേ ദിശ കൈവരുന്നതും
ഈ നിശബ്ദരക്തത്തിന്റെ
വകതിരിവ് തെറ്റിയ
ഓട്ടത്തിലാണ്.
കണ്ണുകള്‍ നഷ്ടമാകുന്ന
ബോധത്തിന്റെ നെട്ടോട്ടത്തില്‍. 
കാതുകള്‍ നഷ്ടമായി
കേള്‍ക്കാത്തത് കേള്‍ക്കുന്ന
വകതിരിവില്ലായ്മയില്‍. 
ശബ്ദങ്ങളൊക്കെയും
ശബ്ദമല്ലാതായി
ഭീകരശബ്ദമാവുന്ന
നിശബ്ദതയില്‍. 
അപ്പോൾ മാത്രം
കേള്‍ക്കുന്ന,
കേള്‍ക്കാനാവുന്ന
ചില ശബ്ദങ്ങളുണ്ട്.
ഉറുമ്പരിക്കുന്നതിന്റെയും
അഗ്നിപര്‍വ്വതസ്ഫോടനത്തിന്റെയും
പൂവിടരുന്നതിന്റെയും
കാത് പൊട്ടിക്കുന്ന ശബ്ദം. 
ആ ശബ്ദങ്ങള്‍ക്ക്
വല്ലാത്തൊരു
മാസ്മരികതയുമുണ്ട്.
അത്
കേള്‍ക്കാന്‍ സാധിക്കുകയാണ്
പ്രധാനം. 
അത്‌ കേള്‍ക്കാന്‍
ഇരുട്ടില്‍,
പാതിരാവില്‍
പുഴക്കരയില്‍
പോയിരുന്നാല്‍ മതി.
നിനക്കത്‌ കേള്‍ക്കാനാവും...
അതല്ലേല്‍
മലമുകളില്‍,
അതുമല്ലേല്‍
വിജനമായ പെരുവഴിയില്‍
പാതിരാവിൽ
നീ ഉറങ്ങാതെ
കിടക്കണം.
കേള്‍ക്കാത്തതൊക്കെയും
നീ കേള്‍ക്കും.
അറിയാത്തതൊക്കെയും
നീ അറിയും.
അറിവും കേള്‍വിയും
നീ തന്നെയാവും.
നീ നീയല്ലാതെയും ആവും.
രാത്രിയും പകലുമാവും.
ദാഹവും പാനവുമാവും.
സൂചിയും നൂലും ശീലയുമാവും.
എന്തൊക്കെയോ
അല്ലെന്നും ആണെന്നുമാവും...

No comments: