Saturday, January 25, 2020

1. പൗരത്വ രജിസ്റ്റര്‍ അഥവാ NRC. 2. പൗരത്വ ഭേദഗതി നിയമം.

A. പൗരത്വ രജിസ്റ്റര്‍ അഥവാ NRC
ഇവിടെ ഇപ്പോൾ ഈ വിഷയത്തില്‍ തീയെക്കാള്‍ പുക.
എന്ന് വെച്ചാല്‍ അവ്യക്തത.
ഊഹങ്ങൾ ആണ് ഇപ്പോൾ നാട് ഭരിക്കുന്നത്. നാട്ടാരെ ഭരിക്കുന്നത്...
ആ സമയത്ത്‌ തീ അണക്കുക പ്രയാസം. കാഴ്ച പോകും, ശ്വാസംമുട്ടും. പുക മാത്രമാകും കാഴ്ച.
അതിനാല്‍ വസ്തുതയും വാസ്തവവും തെളിച്ച് പറയണം....
ആ നിലക്ക് ചില ചോദ്യങ്ങളും ഉത്തരങ്ങളും. 
1. ഒരു രാജ്യത്തിന് സ്വന്തമായ പൗരത്വ രജിസ്റ്റര്‍ വേണ്ടെ?
വേണം.
നിര്‍ബന്ധമായും വേണം.
അങ്ങനെയൊന്ന് എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്, ഉണ്ടാവണം. 
2. പിന്നെന്താണ് NRCയുമായി ബന്ധപ്പെട്ട പ്രശ്നം, പേടി?
വല്ല നിലക്കും പൗരത്വത്തിന് അടിസ്ഥാനം മതമാവുമോ എന്നത് മാത്രം.
പൗരത്വ രജിസ്റ്ററിന് പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ ആകെമൊത്തം ബാധകം ആവുമോ എന്ന്? 
3. അപ്പോൾ എന്തെങ്കിലും പ്രതിഷേധം ഉണ്ടാവുന്നുണ്ടെങ്കിൽ ഉണ്ടാവുന്നതും ഉണ്ടാവേണ്ടതും? 
മതം ഈ രാജ്യത്തെ പൗരത്വത്തിന് അടിസ്ഥാനം ആവരുതെന്ന് നിര്‍ബന്ധം വെച്ച് മാത്രം. 
4. അങ്ങനെ NRCയില്‍ ഇന്ത്യൻ പൗരത്വത്തിന് മതം അടിസ്ഥാനമാവുന്നില്ലെങ്കില്‍?
ഒരു പ്രശ്‌നവും ഇല്ല.
ഒരു പ്രശ്‌നവും ഉണ്ടാക്കരുത്.
അങ്ങനെയുള്ള പൗരത്വ രജിസ്റ്റര്‍ വേണ്ടത് തന്നെ. എന്നായാലും.
B. പൗരത്വ ഭേദഗതി നിയമം. 
1. പൗരത്വ ഭേദഗതി നിയമം തെറ്റാണോ? 
അല്ല.
ഭേദഗതി എന്ന നിലക്ക് ഒന്നും തെറ്റല്ല. 
പ്രത്യേകിച്ചും ഭരണഘടനക്ക് വിരുദ്ധമല്ലെങ്കിൽ ഒരിക്കലും തെറ്റല്ല.
തെറ്റോ ശരിയോ എന്നറിയാനുള്ള ഏക ഉരക്കല്ലും അളവ്കോലും ഭരണഘടന മാത്രം. 
2. പൗരത്വ ഭേദഗതി നിയമത്തിലൂടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം കൊടുക്കുന്നതിൽ തെറ്റുണ്ടോ?
ഇല്ല.
ന്യായമായതാണ്. 
3. പിന്നെ എന്താണ് തെറ്റ്, പ്രശ്നം?
പൗരത്വം കൊടുക്കുന്നതിന് മാനദണ്ഡം വെറും മതം ആകുന്നുണ്ടെങ്കില്‍, അത് മാത്രം തെറ്റ് .
4. വിദേശത്ത് നിന്ന് വരുന്നവര്‍ക്കല്ലേ മതം മാനദണ്ഡമാക്കുന്നത്? അതിലെന്ത് തെറ്റ്? 
ശരിയാവാം.
വിദേശികള്‍ക്ക് മാത്രം ബാധകം ആയത് സ്വദേശികള്‍ക്ക് കൂടി ബാധകമല്ലെങ്കിൽ ഒരു തെറ്റുമില്ല.
ഉപയോഗിക്കുന്ന കത്തിക്ക് രണ്ടറ്റത്തും മൂര്‍ച്ചയുണ്ടാവുമ്പോള്‍ അത് പിടിക്കുന്നവന്റെ കൈ കൂടി മുറിക്കും. 
5. അപ്പോൾ അതാണോ പ്രശ്നം?
പ്രശ്നം ലളിതമാണ്.
വിദേശികള്‍ക്ക് വേണ്ടിയല്ലല്ലോ ഒരു രാജ്യവും നിയമം ഉണ്ടാക്കുക?
സ്വദേശികള്‍ക്ക് വേണ്ടിയാണല്ലോ , സ്വദേശികളെ സംരക്ഷിക്കാൻ വേണ്ടിയാണല്ലോ ഓരോ രാജ്യവും നിയമം ഉണ്ടാക്കുക?
6. അതേ. പക്ഷേ, അത്‌ കൊണ്ട്‌?
വിദേശികള്‍ക്ക് വേണ്ടി എന്ന് പറഞ്ഞ്‌ ഉണ്ടാക്കിയ മതം എന്ന മാനദണ്ഡം ഫലത്തില്‍ കാലാകാലമായി ജീവിക്കുന്ന സ്വദേശികളായ ഇന്ത്യക്കാര്‍ക്കും ബാധകമാവുമല്ലോ എന്ന പേടി കൊണ്ട്‌ മാത്രമാണ്‌ പ്രശ്നം. 
7. അതെങ്ങിനെ?
ഒന്നാമത്, NRC തയ്യാറാക്കുമ്പോള്‍, ഈ പൗരത്വ ഭേദഗതി നിയമം വെച്ച് ഓരോ ഇന്ത്യക്കാരനും വിദേശത്ത് നിന്ന് വന്നവരല്ല എന്ന് ആദ്യം തെളിയിക്കേണ്ടി വരിക. അത് ഓരോ ഇന്ത്യക്കാരന്റെയും വലിയ ബാധ്യതയാവുക. 
രണ്ടാമത്, ഓരോ ഇന്ത്യക്കാരനും വിദേശത്ത് നിന്ന് വന്ന ഒരു പ്രത്യേക മതക്കാരനല്ലെന്ന് തെളിയിക്കേണ്ടി വരിക. ആ പ്രത്യേക മതക്കാരന് അതൊരു ഭാരിച്ച ബാധ്യതയാവുക. 
അങ്ങനെ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖകളും മാനദണ്ഡങ്ങളും എല്ലാവർക്കും ഒന്ന് തന്നെ അല്ലെങ്കിൽ പ്രത്യേകിച്ചും. മാതാടിസ്ഥാനത്തില്‍ വേറെ വേറെ എന്നാവുകയാണെങ്കിൽ മാത്രം . 
8. എന്ന് വെച്ചാല്‍?
എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നത് പോലെയാവും ചിലപ്പോൾ ഈ ഭേദഗതി മൂലമുള്ള കാര്യങ്ങൾ.
9. വ്യക്തമാക്കിയാല്‍?
കുറച്ച് വിദേശികളെ ഇന്ത്യക്കാരാക്കണം. നല്ലത്‌. 
പിന്നെ കുറച്ച് വിദേശികളെ ഇന്ത്യക്കാരല്ലെന്ന് വരുത്തണം. നല്ലത്‌. 
പക്ഷേ, അതിന്‌ വേണ്ടി മൊത്തം ഇന്ത്യക്കാരും സംശയത്തിന്റെ നിഴലില്‍ വീഴണം. അതിനെല്ലാം മതം മാനദണ്ഡമാവണം. എന്നിടത്ത്, ഉണ്ടെങ്കിൽ ചെറിയ പിഴവ്.
10. എന്ത്‌ കൊണ്ട്‌ മതം മാനദണ്ഡം ആകുന്നത് തെറ്റ്?
ഒന്നാമത്, ആദ്യമായി രാജ്യത്തെ പൗരന്മാരെ തെരഞ്ഞെടുക്കാന്‍ മതം മാനദണ്ഡം ആകുന്നു എന്നത് തന്നെ തെറ്റ്. 
രണ്ടാമത്, ഫലത്തില്‍ ഇങ്ങനെയൊരു ഭേദഗതി വരുത്തുന്നത് ഭരണഘടനക്കാണ്‌ എന്നതിനാല്‍ തെറ്റ്. 
മൂന്നാമത്, ഭാവിയില്‍ ഇങ്ങനെ പലതും മതാടിസ്ഥാനത്തില്‍ ആകുന്നതിനു ഇത് ഒരു തുടക്കമാവും എന്നതിനാല്‍ തെറ്റ്. 
നാലാമത്, ക്രമേണ മതാടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടനാപരമാകും എന്നതിനാല്‍ തെറ്റ്.
അഞ്ചാമത്, അങ്ങനെ ക്രമേണ നമ്മുടെ ഭരണഘടനയുടെ തന്നെ അടിസ്ഥാനവും സ്വഭാവവും മതമാകും എന്നതിനാല്‍, എന്ന് പേടിക്കുന്നതിനാല്‍ തെറ്റ്.
*****
അറിയുക.
രണ്ടാലൊരു ചേരിയില്‍ നില്‍ക്കുകയും അപ്പുറത്തും ഇപ്പുറത്തും തീ കൊളുത്തുകയും എളുപ്പം.
മധ്യത്തില്‍ സമതുലിതനായി നിന്ന് തീ അണക്കുക ചൂട് കൊള്ളേണ്ട പ്രയാസമുള്ള പണി.

No comments: