Saturday, January 25, 2020

ഒരു ഡോക്റ്റര്‍ സുഹൃത്ത് ചോദിച്ചു. പിശാച്, അഥവാ ശൈത്താന്‍ ഉണ്ടോ?

ഒരു ഡോക്റ്റര്‍ സുഹൃത്ത് ചോദിച്ചു.
പിശാച്, അഥവാ ശൈത്താന്‍ ഉണ്ടോ?
മറുപടി:
ദൈവത്തിന് വിപരീതം എന്ന നിലക്കുള്ള പിശാച് ഇല്ല.
ദൈവത്തിനു വിപരീതം എന്ന നിലയ്ക്കുള്ള തിന്മയില്ല.
ഒന്ന് മാത്രമാണെങ്കിൽ ആ ഒന്നിന് വിപരീതം ഇല്ല.
ആ ഒന്നിനെ നിങ്ങൾ എന്ത് പേരിട്ട് വിളിച്ചാലും. ദൈവമെന്നും പിശാചെന്നും പദാര്‍ത്ഥമെന്നും ബോധമെന്നും ഊര്‍ജമെന്നും ആത്മാവെന്നും ഒക്കെ. 
ആ നിലക്ക് ആത്യന്തികതയില്‍ തിന്മയും പിശാചും ഇല്ല.
ഇനി അഥവാ ഉണ്ടെങ്കിൽ, തിന്മയും പിശാചും മാത്രം ഉണ്ടെന്ന് കരുതണം. 
ആത്യന്തികതയില്‍ നന്മയും ദൈവവും എന്ന് തോന്നാനും ഇല്ല.
കാരണം ആത്യന്തികതയില്‍ ഒന്ന് മാത്രമാകയാല്‍ ഒന്നെന്നും തോന്നാനില്ല, കരുതാനില്ല.
******
ചോദ്യം:
അപ്പോൾ നിത്യജീവിതത്തില്‍ കാണുന്ന വേണ്ടാത്ത കാര്യങ്ങൾ?
മറുപടി:
സ്ഥാനത്തും സമയത്തും ആവശ്യമായും സംഭവിക്കുന്നത് നന്മ, ദൈവികം.
അസ്ഥാനത്തും അസമയത്തും അനാവശ്യമായും സംഭവിക്കുന്നത് തിന്മ, പിശാച്, പൈശാചികം. 
ആവശ്യം നന്മ, ദൈവികം.
അനാവശ്യം തിന്മ, പിശാച്, പൈശാചികം.
ഒരു വിധത്തില്‍ പറഞ്ഞാൽ, താങ്കള്‍ ചോദിച്ച സ്ഥിതിക്ക് പറഞ്ഞാൽ, ശൈത്താന്‍ ധാരാളം ഉണ്ട്. ദൈവത്തെ പോലെ. വേണ്ടാത്തത് മുഴുവന്‍ പിശാച്, പൈശാചികം. വേണ്ടത് മുഴുവന്‍ ദൈവം, ദൈവികം 
അങ്ങനെ വരുമ്പോള്‍ പിശാച് മാത്രമേ ഉള്ളൂവെന്ന് തോന്നിപ്പോകും, ചിലപ്പോൾ. ദൈവം മാത്രമേ ഉള്ളൂവെന്ന് തോന്നിപ്പോകുന്നത് പോലെ. 
സന്ദര്‍ഭവും സ്ഥാനവും തെറ്റി വരുന്ന ഭക്ഷണവും മരുന്നും വാക്കും നോക്കും എല്ലാം ശൈത്താനാണ്, പിശാചാണ്. 
ഇപ്പോൾ നന്മ എന്ന് കണക്കാക്കുന്നത് പോലും സന്ദര്‍ഭവും സ്ഥാനവും തെറ്റി അനാവശ്യമായി വന്നാല്‍ തിന്മയാകും.
'എടാ' എന്ന, "കള്ളന്‍" എന്ന വിളി പോലും സ്വരവും സമയവും സ്ഥാനവും പോലെയിരിക്കും.
സന്ദര്‍ഭത്തിലും സ്ഥാനത്തും വരുന്ന ഭക്ഷണവും മരുന്നും വാക്കും നോക്കും എല്ലാം നല്ലത്, ദൈവികം.
എന്തും എങ്ങിനെയും ചെയ്യിപ്പിക്കുന്ന പറയിപ്പിക്കുന്ന നിരാശയില്‍ വരെ പിശാചുണ്ട്.
എന്തും എങ്ങിനെയും പറയിപ്പിക്കുന്ന സന്തോഷത്തിലും ദൈവമോ പിശാചോ ഉണ്ട്. 
ദൈവം തന്നെ പിശാചാവുന്നു.
പിശാച് തന്നെ ദൈവമാകുന്നു.
ഒന്ന്‌ തന്നെ എല്ലാമാവുന്നു.
എല്ലാം തന്നെ ഒന്നാവുന്നു. 
*****
ചോദ്യം:
അപ്പോൾ ഇവിടെ സംഭവിക്കുന്നത് മുഴുവൻ?
മറുപടി:
എല്ലാവരിലൂടെയും എല്ലായ്പ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നത്, പ്രവര്‍ത്തിക്കുന്നത് ദൈവം.
ഓരോരുവനും അവന്റെ പ്രതലത്തില്‍ നിന്നും പശ്ചാത്തലത്തില്‍ നിന്നും അവയെ നന്മയായോ തിന്മയായോ കാണുന്നു എന്ന് മാത്രം. 
എല്ലാവരുടേയും തോന്നലുകളും പ്രവൃത്തികളും ഒക്കെയായി ദൈവം പ്രവര്‍ത്തിക്കുന്നു.
എല്ലാവരിലും നടക്കുന്നത് ദിവ്യവെളിപാട് തന്നെ. സ്ഥാനത്തിനും സമയത്തിനും വേണ്ടി. നന്മയായും തിന്മയായും. 
ദൈവം ഉണ്ടെങ്കിൽ, ദൈവം ചെയ്യുന്നതും ഉദ്ദേശിക്കുന്നതും മാത്രമേ സംഭവിക്കുന്നുള്ളൂ. 
ദൈവത്തെ ദയവു ചെയത് ഏതെങ്കിലും പ്രത്യേക കാലത്തിലും വ്യക്തിയിലും ഭാഷയിലും പുസ്തകത്തിലും ചുരുക്കാതെയിരിക്കുക.
അത് തന്നെയാണ്, അങ്ങനെ ചുരുക്കുന്നത് തന്നെയാണ്, ചില പ്രത്യേക മതങ്ങൾ ചെയ്യുന്ന തെറ്റും.
ആ തെറ്റ് വെച്ച് തന്നെയാണ് മതങ്ങളും മതങ്ങളുടെ ദൈവവും പേടിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതും.
അറിയുക.
നാം ആപേക്ഷികമായി മനസിലാക്കുന്ന നന്മയും തിന്മയും ദൈവത്തില്‍ നിന്നുള്ളത്.
അങ്ങനെയൊരു നന്മയും തിന്മയും, അങ്ങനെയൊരു നന്മ തിന്മ സങ്കല്‍പവും, ആത്യന്തികതയില്‍ ഇല്ല.

No comments: