Friday, January 24, 2020

അണ്ണാനെ പിടിച്ചുകൊല്ലുന്ന പൂച്ച

ക്രൂരതയെന്നും മൃഗീയമെന്നും പാപമെന്നും പുണ്യമെന്നും നല്ലതെന്നും ചീത്തയെന്നും നീ വിശേഷിപ്പിക്കുന്ന എല്ലാ കാര്യങ്ങളും വെറും ജൈവികം.
നന്മ തിന്മകള്‍ ഒന്നാവുന്ന ജൈവികം.
ജനനവും മരണവും ഒന്ന്, ഒരു പോലെ എന്നാവുന്ന ജൈവികം.
ജനനവും മരണവും പരസ്പരം മെത്തയും കൃഷിയിടവും ആകുന്ന ജൈവികം.
പൂച്ചക്ക് അത്രയേ ഉള്ളൂ. 
മൃഗീയമെന്നും പൈശാചികമെന്നും ഒക്കെ നാം പറയുന്നത് നമ്മുടെ ചെറിയ ലോകത്തെ ചെറിയ മാനവും മാനദണ്ഡവും ഉപയോഗിച്ചുള്ളത്.
നമ്മെ സമാധാനിപ്പിക്കാനും തൃപ്തിപ്പെടുത്താനുമുള്ള നമ്മുടെ വർത്തമാനം.
യാഥാര്‍ത്ഥത്തില്‍ നമ്മുടെ കൃത്രിമ സാമൂഹ്യ സാഹചര്യം വെച്ചുള്ള നമ്മുടെ വർത്തമാനം.
പ്രാപഞ്ചിക സാഹചര്യവും അതിലെ ആത്യന്തികമായ മാനവും മാനദണ്ഡവും വെച്ച് പറഞ്ഞാൽ മൃഗീയമെന്നും പൈശാചികമെന്നും ഇല്ല.
നന്മയും തിന്മയും ദൈവികമായത്. ദൈവത്തില്‍ നിന്നുള്ളത്.
പൂച്ച അവിടെയാണുള്ളത്.
അത് കൊണ്ട്‌ തന്നെ, പൂച്ച ജീവിതത്തിന്റെ തുടര്‍ച്ചയില്‍ ചെയ്യേണ്ടത്, ജീവിതത്തിന്റെ ഭാഗമായി നിന്ന് കൊണ്ട്‌ ചെയ്യുന്നു. മരണത്തിന്റെ കൂടി ഭാഗമായ്. 
മരണവും ജീവിതം തന്നെ എന്ന പ്രാപഞ്ചിക ബോധത്തിന്റെ ഭാഗമായി നിന്ന് കൊണ്ട്‌.
സംഘര്‍ഷവും കുറ്റബോധവും വഹിക്കാനില്ലാതെ.
രണ്ട് തോന്നാനില്ലാതെ.
അതിനാല്‍...
തിന്നാന്‍ പോലുമല്ലാതെ അണ്ണാനെ പിടിച്ചുകൊല്ലുന്ന പൂച്ചക്ക് സംഘർഷവും കുറ്റബോധവുമില്ല.
നാം കളിപ്പാട്ടങ്ങളെ പിടിക്കുമ്പോഴുള്ളത്ര പോലും....

No comments: