Saturday, January 25, 2020

പുനര്‍ജന്മം.

പുനര്‍ജന്മം.
Fbയിലെ ഒരു പെണ്‍ സുഹ്രുത്ത്, ആയിഷ പറഞ്ഞു :
"മരണം സത്യമായത് കൊണ്ട്‌ മരണാനന്തരവും അതിലെ രക്ഷയും ശിക്ഷയും സത്യം." 
അതിനുള്ള പ്രതികരണം കീഴെ:
"സമ്മതിച്ചു.
അപ്പോൾ, ജനനം സത്യമായത്കൊണ്ട്‌ ജനിക്കുന്നതിന്‌ മുമ്പേ ആയിഷ ഉണ്ടായിരുന്നുവെന്നും സത്യമാകുമോ, ഉറപ്പാകുമോ?
'ആയിഷ' എന്ന, ആയിഷയില്‍ ഇപ്പോൾ ഉള്ള, 'ഞാന്‍' ബോധവുമായി ആയിഷ ജനിച്ചു എന്നും ഉറപ്പാകുമോ?
ആയിഷയെന്ന, ആയിഷായിലെ 'ഞാന്‍' എന്ന ബോധം സ്ഥിരമായി ഒരു മാറ്റവും ഇല്ലാതെ നിലനിന്നു , നിലനില്‍ക്കുന്നു എന്നും ഉറപ്പാകുമോ?
ജനിച്ചപ്പോൾ ഉള്ള അതേ 'ഞാന്‍ ബോധം' തന്നെയാണ് അവസാനം വരെ ആയിഷ സൂക്ഷിക്കുന്നത് എന്നും ഉറപ്പാകുമോ?
അപ്പോൾ ഏത് 'ഞാന്‍' ആയിരിക്കും അയിഷാ പുനര്‍ജനിക്കുക?
ഒബാമ നാം ഇന്നറിയുന്ന ഒബാമയായി ജനിച്ചില്ല. മരിക്കുമ്പോള്‍ നാം അറിയുന്ന ഒബാമയായി മരിക്കുന്നു. 
ശിശുവായ, 'ഞാന്‍ ബോധം' കാര്യമായില്ലാത്ത അതേ ആയിഷയോ, അതല്ല യുവതിയോ വൃദ്ധയോ ആയ 'ഞാന്‍ ബോധം' കാര്യമായുള്ള ആയിഷയോ പുനര്‍ജനിക്കുക?
ഒന്നും മനസ്സിലാകുന്നില്ലല്ലോ ആയിഷ?
അതല്ലേല്‍ ആരോ എന്തോ പറഞ്ഞത്‌ അപ്പടി, തത്തമ്മേ പൂച്ച പൂച്ച പോലെ, ഒന്നും തിരിയാതെ നമ്മളും പറയുന്നതാണോ?
******
ഈയുള്ളവന്‍ പറഞ്ഞത് ആയിഷക്ക് മനസ്സിലായിട്ടില്ല.
പറയുന്നത് ഇത് മാത്രം. 
'ഞാൻ' എന്നത് സ്ഥിരമായി ഉള്ളതല്ല.
'ഞാൻ' എന്നത്‌ ഇല്ല.
'ഞാന്‍' എന്നതുമായി നാം ആരും ജനിച്ചിട്ടില്ല, ജനിക്കുന്നില്ല.
'ഞാന്‍' എന്നതും പേറി ആരും മരിക്കുന്നുമില്ല.
'ഞാന്‍' എന്നതിനെ ആരും മരണാനന്തരത്തിലേക്ക് എടുത്തു കൊണ്ടുപോകുന്നില്ല.
'ഞാന്‍' എന്നത്‌ മരണാനന്തരത്തിലേക്ക് തുടരുന്നില്ല. 
ജീവിക്കുമ്പോള്‍ ഉള്ള വെറും തലച്ചോറുണ്ടാക്കുന്ന ജീവബോധം മാത്രമാണ് 'ഞാന്‍' ബോധം.
പിന്നെങ്ങിനെയാണ് ആയിഷ പുനര്‍ജന്മം?
******
ലോകം കുറെയുണ്ട്.
ശരിയാണ്‌.
ആ ലോകങ്ങള്‍ എല്ലാം പരലോകങ്ങളും ആണ്.
പരലോകങ്ങൾ എന്നാല്‍ വേറെ ലോകങ്ങള്‍ എന്ന് മാത്രം അര്‍ത്ഥം.
ഇല്ലാത്തത് പരലോകം അല്ല. 
പകരം, ഇല്ലാത്തത് 'ഞാന്‍' ആണ്.
ഇല്ലാതെ ഉണ്ടായ 'ഞാന്‍' ആണ് ഇല്ലാതാവുന്നത്.
തുടരുന്ന, തുടര്‍ച്ചയുള്ള 'ഞാന്‍' ഇല്ല.
'ഞാന്‍' അല്ലാത്ത, ഞാന്‍ ഇല്ലാത്ത ജീവിതം ബാക്കിയാവുന്നു. പറയപ്പെട്ട പരലോകത്തില്‍. 
'ഞാന്‍' അല്ലാതാവുന്ന ജീവിതം ബാക്കിയാവുന്നു.
ദൈവം, അഥവാ ഉള്ളതെന്തോ അത്, ബാക്കിയാവുന്നു.
ദൈവം മാത്രം ബാക്കിയാവുന്നു.
ദൈവം മാത്രമായ ജീവിതം ബാക്കിയാവുന്നു.
അത്ര തന്നെ.
******
ആയിഷ പറയും പോലെ പൂര്‍ണതയുള്ള വേറെ ആളെയാണ് സ്വര്‍ഗത്തില്‍ ജനിപ്പിക്കുന്നതെങ്കിൽ അത് വേറെ ആളല്ലേ ആയിഷ?
അത് ഈ ആയിഷയും ഈ ആയിഷയിലെ 'ഞാന്‍ ബോധവും' ആവില്ലല്ലോ? 
ഒരേ 'ഞാന്‍' ആവില്ലല്ലോ?
******
ഇനി തര്‍ക്കത്തിന് വേണ്ടി ആയിഷ പറഞ്ഞത് പോലെ സ്വര്‍ഗത്തില്‍ അങ്ങനെയെന്ന് വെക്കാം, സമ്മതിക്കാം.
പൂര്‍ണതയുള്ള ആളെ അവിടെ പുനര്‍ജനിപ്പിക്കുന്നുവെന്ന്.
അപ്പോൾ നരകത്തില്‍ പുനര്‍ജനിപ്പിക്കുന്നതോ, ആയിഷ?
അതും വേറെ ആളാണോ? പൂര്‍ണതയുള്ളത്? 
വിശ്വാസം എന്ന നിലക്ക് ആയിഷ എന്തോ കൊണ്ട്‌നടക്കുന്നത് തത്തമ്മേ പൂച്ച പൂച്ച പോലെ പറഞ്ഞതാണ് പ്രശ്നമായത്.
അതിവിടെ പുരോഹിതന്മാരും മറ്റും രായ്ക്കുരാമാനം പറയുന്നതുമാണ്.
പേടിപ്പിക്കാനും പ്രലോഭിപ്പിക്കാനും.
ആയിഷ സ്വയം ബോധ്യപ്പെടാതെ, വായിൽ കൊള്ളാത്ത കാര്യം യാന്ത്രികമായി പറഞ്ഞു പോയി.
അത് പുലിവാലും ആയി. 
അത്ര തന്നെ.
******
പക്ഷേ ആയിഷയില്‍ നിന്നും അതല്ല പ്രതീക്ഷിച്ചത്.
ഒറിജിനൽ ആയത് പ്രതീക്ഷിച്ചു. 
വാക്കുകള്‍ ഒപ്പിച്ചുവെച്ചാല്‍ കിട്ടുന്നതല്ല നാം പറയേണ്ടത്, എഴുതേണ്ടത്.
വിശ്വാസം കടമെടുത്ത് പറയുന്നതുമല്ല നാം പറയേണ്ടത്, എഴുതേണ്ടത്.
ബോധ്യതയും തെളിച്ചവും ഉറപ്പും ഉള്ള കാര്യങ്ങളാണ് നാം പറയേണ്ടത്.
വ്യത്യസ്തമായത്.
നമുക്ക് സ്വന്തമായി പറയാനുള്ളത്
******
ദൈവമല്ലേ ആയിഷ പൂര്‍ണതയില്ലാത്തവനെ, അങ്ങനെ പൂര്‍ണതയില്ലാതെ സൃഷ്ടിച്ചത്?
എങ്കിൽ ആ ദൈവം തന്നെ ആ പൂര്‍ണതയില്ലാത്തവനെ ശിക്ഷിക്കുന്നതിന്റെ അര്‍ത്ഥമെന്ത്?
മനസിലാവുന്നില്ലല്ലോ?
പൂര്‍ണമായതിനെയാണ് സ്വര്‍ഗത്തില്‍ സൃഷ്ടിക്കുന്നതെങ്കിൽ പ്രത്യേകിച്ചും.....

No comments: