Saturday, January 25, 2020

ജനാധിപത്യം. സിംഹങ്ങൾക്കെതിരെ സിംഹത്തിന് മിണ്ടാന്‍ വയ്യ.

ജനാധിപത്യം.
സിംഹങ്ങൾക്കെതിരെ
സിംഹത്തിന് മിണ്ടാന്‍ വയ്യ.
സിംഹങ്ങളുടെ രോഷം
ആളിക്കത്തും.
എളുപ്പം,
ആടിനെ കൈകാര്യം ചെയ്യുക. 
അതിനാല്‍,
സിംഹങ്ങൾക്ക് വേണ്ടി
സിംഹം വിധിയുണ്ടാക്കും.
നീതി നടപ്പാക്കും.
ആടത് കേട്ടു കൊള്‍ക.
നാട്ടുകാരത് വിജയമായ്
ആഘോഷിച്ചു കൊള്‍ക. 
അല്ലേലും,
ആട് നാടിന് ഭീഷണി.
ആടാണ്‌ പ്രശ്നക്കാരന്‍.
ആടിനോട്
അസൂയതോന്നുന്നത് പുണ്യം.
ആടിനെയും,
ആടിനെ വെച്ച് നാട്ടാരെയും
ഭയപ്പെടുത്തുന്നത് ശരി.
അതാവണം
അധികാരം.
അതിനുവേണ്ടിയാവണം
അധികാരം. 
ആട് ഈ നാട്ടുകാരനെയല്ല.
ആട് കാട്ടുവാസി.
നാടില്ലാത്തവന്‍.
നാട് കടത്തപ്പെടേണ്ടവന്‍. 
നാട്ടുകാർ
അത് വിശ്വസിക്കണം,
വിശ്വസിക്കും.
നിസ്സഹായതയില്‍
ആടതരനുസരിക്കണം.
അനുസരിക്കും.
വെറും കുറ്റവാളിയെ പോലെ.
വെറും കുറ്റവാളി തന്നെയായ്.
ആട് ഇല്ലാതായാല്‍
നാടിന് പരിഹാരമായി. 
ജനാധിപത്യമെന്ന് പേര്‌.
നമുക്ക് അഭിമാനിക്കാം.

No comments: