Saturday, January 25, 2020

ഒന്നും ഇല്ലാത്തപ്പോൾ ഒന്നുമല്ലാത്തത് എല്ലാമാവും. അതാണ്, അങ്ങനെയാണ് സ്വപ്നം.

ഒന്നും ഇല്ലാത്തപ്പോൾ ഒന്നുമല്ലാത്തത് എല്ലാമാവും.
അതാണ്, അങ്ങനെയാണ് സ്വപ്നം.
അതാണ്, അങ്ങനെയാണ് വാർത്തകളും.
ഒന്നുമില്ലാതിരുന്നപ്പോൾ ഒന്നുമല്ലാത്തത് എല്ലാമായത് തന്നെയാണ് പ്രാപഞ്ചികത, ജീവിതം. 
ചോദ്യം:
നിശ്ശബ്ദമായതിന് കാതോർക്കുന്നതു പോലെയാണോ?
ഉത്തരം:
നല്ല ചോദ്യം
ഇതൊരു വളരേ രസകരമായ കാര്യമാണ്.
നിശബ്ദതയെന്ന് നാം ആദ്യം കണക്കാക്കും. നമ്മുടെ ശബ്ദമയമായ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍.
അങ്ങനെ നാം നിശബ്ദത യെന്ന് കരുതിയ അവസ്ഥയിലേക്ക് കയറും.
കുറച്ച് കഴിയുമ്പോള്‍ മനസിലാവും ആ നിശബ്ദതയിലും ശബ്ദം ഉണ്ടെന്ന്.
സിനിമ തിയേറ്ററില്‍ കയറുമ്പോള്‍ സംഭവിക്കുന്നതും ഇത് തന്നെ.
മൊത്തം ഇരുട്ട്.
തപ്പിത്തടഞ്ഞ് വീഴുമാറ്.
കയറി കുറച്ച് കഴിയുമ്പോള്‍ ആ ഇരുട്ട് വെളിച്ചമായി മാറും.
എന്നിട്ട് തപ്പിത്തടയുന്ന മറ്റുള്ളവരെ നോക്കി നാം ചിരിക്കും. 
ഇത്‌ പോലെ തന്നെ സ്വപ്നം.
ഉണര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ മുഴുവന്‍ പണിയെടുക്കുന്നു. 
ഉണര്‍ന്നിരിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക് അവയുടേതായ ബിംബങ്ങള്‍ തനിയേ ഉണ്ട്.
ഉറങ്ങുമ്പോള്‍ ഇന്ദ്രിയങ്ങള്‍ ഒരു പണിയും എടുക്കാതെ. അപ്പോൾ അവക്ക് അവയുടെതായ ബിംബങ്ങള്‍ ഇല്ലാതെ പോകുന്നു.
അപ്പോൾ മനസ്സിലെ, തലച്ചോറിലെ, ഒന്നുമല്ലെന്ന് നമുക്ക് തോന്നുന്ന വിചാരങ്ങള്‍ സ്വയം എല്ലാമായി മാറുന്നു.
സ്വയം അവ ബിംബങ്ങള്‍ ആവുന്നു.
അങ്ങനെ കാഴ്ചയും കേള്‍വിയും ആയ സ്വപ്നങ്ങൾ ആവുന്നു.
ശരിക്കും അവ കാഴ്ചയാവുന്നു, കേള്‍വിയാവുന്നു .
അനക്കവും ഇളക്കവും നിറവും ഉള്ള കാഴ്ചയായ കേള്‍വിയായ സ്വപ്നം.
അത്‌ കൊണ്ടാണ്‌ പറഞ്ഞത് ഒന്നും ഇല്ലാതിരിക്കുമ്പോള്‍ ഒന്നുമല്ലാത്തത് എല്ലാമാവും എന്ന്.
അങ്ങനെ തന്നെയാണ് വാര്‍ത്തകളും.
ഒന്നുമില്ലെങ്കില്‍, വലിയ വാർത്തകൾ ഇല്ലെങ്കില്‍, ഒന്നുമല്ലാത്ത കാര്യം വലിയ വാർത്തയാവും.
സൂക്ഷ്മം സ്ഥൂലമായി മാറുന്നതിനും, സ്ഥൂലം സൂക്ഷ്മമായി മാറി മാറി വരുന്നതിനും പിന്നിലെ കളിയും ഇത് തന്നെ.
ആരുമില്ലെങ്കില്‍, യോഗ്യരില്ലെങ്കില്‍ ആരെങ്കിലുമൊക്കെ നേതാക്കന്മാര്‍ ആവുന്നതിന്റെ പിന്നിലെ ന്യായവും ഇത് തന്നെ.
നമ്മുടെ നാട്ടിലെ ഇരുട്ടിനനുസരിച്ച വെളിച്ചമായ ഒരു നേതൃത്വം.
ഇരുട്ട് തന്നെ വെളിച്ചമായി മാറുന്ന വെളിച്ചം.
അതുപോലുള്ള നേതൃത്വം.
ഒന്നുമില്ലാതിരുന്നപ്പോൾ ഒന്നുമല്ലാത്തത് എല്ലാമായത് തന്നെയാണ് പ്രാപഞ്ചികത, ജീവിതം.

No comments: