വല്ലാത്ത അടുപ്പവും പരിചയവും പുച്ഛവും അവജ്ഞയും അറപ്പും ഉണ്ടാക്കും ...
അത് ലൈംഗീകതയിലായാലും നിത്യജീവിതത്തിലായാലും പരസ്പരമുള്ള ബന്ധങ്ങളിലായാലും.
മഹാത്മാഗാന്ധി ആയാലും, ശ്രീബുദ്ധനും യേശുവും മുഹമ്മദും ആയാലും, ദിവസവും വീട്ടിലുണ്ടായാല്‍, അല്ലേല്‍ ദിവസവും സ്ഥാനത്തും അസ്ഥാനത്തും, സമയത്തും അസമയത്തും വീട്ടില്‍ വന്നാല്‍ ഒരു വിലയും തോന്നില്ല. ഒരു വിലയും കല്പിച്ചു കൊടുക്കാന്‍ തോന്നില്ല.
അതുപോലെ, ലൈംഗികമായി അവജ്ഞ തോന്നാന്‍ ആ നിലക്ക് അമ്മയും പെങ്ങളും തന്നെ ആവണമെന്നില്ല.
ആരായാലും, ഭാര്യ തന്നെ ആയാലും, പരിചയവും അടുപ്പവും കൊണ്ട് അവജ്ഞ തോന്നും... മടുപ്പ് രൂപപ്പെടും.
പ്രണയം വിവാഹമായി തീരുന്നതിലെ പരാജയം അതാണ്. പ്രണയത്തിലെ സൗന്ദര്യം വിവാഹത്തോടെ നഷ്ടപ്പെടുന്നത് അങ്ങനെയാണ്.
അറിയാത്തപ്പോൾ മാത്രമേ, കുറച്ചെങ്കിലും അകലം പാലിച്ചു നിന്നാല്‍ മാത്രമേ, പുതുമ തോന്നൂ, താല്‍പര്യമുണ്ടാവൂ.
അറിയാത്തതിൽ മാത്രമേ, അകന്ന് നില്‍ക്കുന്നതിൽ മാത്രമേ, ജിജ്ഞാസയും (ഒരളവോളം പേടിയും) കൗതുകവും താല്പര്യവും തോന്നൂ.
അതിനാല്‍ അപരിചിതന് എല്ലാം പുതിയത്, എല്ലാറ്റിലും, എല്ലാവരിലും പുതിയത്.
അതാണ് ആണ്‍പൂച്ചകള്‍ മനസിലാക്കിത്തരുന്നത്. എന്തെല്ലാം സുഖസൗകര്യങ്ങള്‍ ഉണ്ടേലും, അവയെല്ലാം ഇട്ടെറിഞ്ഞ്, പഴയതിന്റെ തടകെട്ടലില്‍ നിന്നും കുതറിമാറി, പുതിയ സ്ഥലം തേടിപ്പോകുന്ന ആണ്‍പൂച്ചകള്‍.
'അറിയാത്ത ഇടങ്ങളില്‍ ചെന്ന് പുതുമ തേടി, വിത്ത് വിതരണം ചെയ്യണം. ജനിച്ചു വീണിടത്ത് നിലകൊള്ളരുത്. പരിചയത്തിന്റെ മടുപ്പിക്കുന്ന അടയിരിപ്പിന് പേര് ജീവിതം എന്നാവരുത്. അപരിചിതത്വത്തിന്റെ പുതുമയിലാണ് ജീവിതത്തിന്റെ വിത്ത് പാകേണ്ടത്. ജീവിതം പെരുകുന്നതിന്റെയും വൈവിധ്യവും പുതുമയും കണ്ടെത്തുന്നതിന്റെയും രീതി അതാണ്, അതിലാണ്.' നാട് തെണ്ടി വരുന്ന ആണ്‍പൂച്ചകള്‍ പറയാതെ പറഞ്ഞുതരുന്ന കാര്യങ്ങൾ അങ്ങനെയാണ്.
പുതിയതും പുതുമയും വൈവിധ്യവും നിലനിര്‍ത്താന്‍ അപരിചിതനാവുക നിര്‍ബന്ധം. ആണ്‍പൂച്ചകള്‍ കാണിച്ചു തരുന്ന രീതി അതാണ്. പേടിക്ക് പകരം ജാഗ്രതയെ ആയുധമാക്കിക്കൊണ്ട്. അപരിചിതമായിടത്ത് അപരിചിതനായി കടന്ന് ചെന്നുകൊണ്ട് . അരക്ഷിതനായി നടന്ന് പോയിക്കൊണ്ട്.
അപരിചിതനാവാന്‍ ഒരു വഴിപോക്കനാവുക നിര്‍ബന്ധം. താന്‍ ഇല്ലാത്ത വഴി മാത്രം ബാക്കിയാക്കുന്ന വഴിപോക്കന്‍. മനസ്സ് കൊണ്ടെങ്കിലും വഴിപോക്കനാവണം. അടുത്തിരിക്കെ അകന്ന് കൊണ്ട്. അകന്നിരിക്കെ അടുത്ത് കൊണ്ട്. കലത്തിന് ചൂട് വേണം. പക്ഷേ, കൈ പൊള്ളാതെ. കൈക്ക് പൊള്ളലേല്‍ക്കാതെ.
അടുപ്പവും പരിചയവും ഇല്ലെങ്കില്‍ എല്ലാം പുതിയത്. പൊള്ളലേല്‍ക്കാതെ ചൂടറിഞ്ഞ്. എല്ലാറ്റിലും എല്ലാവരിലും പുതിയത്. ഓരോ നിമിഷവും പുതിയത് ഓരോ ചുവട്വെപ്പും പുതിയതിലേക്ക്.
സാഹചര്യവശാല്‍ പരസ്പരം ഒരു നിലക്കും അറിയാത്തവരെങ്കിൽ എന്ത് അമ്മ, എന്ത് പെങ്ങള്‍? എല്ലാവരും വെറും ആണും പെണ്ണും മാത്രം. ജീവിക്കുന്ന പച്ചയായ മനുഷ്യര്‍.
അടുപ്പവും പരിചയവും, പിന്നെ വ്യക്തിപരമായ തന്നെക്കുറിച്ച അറിവും, ഇല്ലാതായപ്പോള്‍ മാത്രമേ, അങ്ങിനെയുള്ളിടത്ത് മാത്രമേ, നാം ഇപ്പോൾ വല്ലാതെ വീമ്പു പറഞ്ഞ് തലയിലേറ്റി കൊണ്ടുനടക്കുന്ന പ്രവാചകന്മാരും ഗുരുക്കന്മാരും ബുദ്ധന്‍മാരും വിജയിച്ചിട്ടുള്ളൂ. അങ്ങിനെയപ്പോൾ മാത്രമേ അവർ നല്‍കിയ / നല്‍കുന്ന പാഠം വിജയിച്ചിട്ടുള്ളൂ. സാധാരണഗതിയില്‍ അകലം വേണം പാഠം കേള്‍ക്കാനും കല്‍പിക്കാനും.
അതല്ലെങ്കില്‍, അവരൊക്കെയും ഇന്ന് നമ്മൾ മനസ്സിലാക്കുന്നത് പോലെ വിജയിച്ചത് അവരെ നേരിട്ടറിയാത്തവര്‍ക്ക് മുന്നില്‍ മാത്രം. അത്തരം അകന്ന നാടുകളില്‍ പോയി ചേക്കേറിയപ്പോൾ മാത്രം. അകന്നവർ കേട്ടപ്പോൾ മാത്രം. കാലം കടന്ന്, അവർ വെറും കഥയും സങ്കല്‍പവുമായി തീര്‍ന്നപ്പോള്‍ മാത്രം. ദൂരെയുള്ള ചന്ദ്രൻ സുന്ദരമായി കാണപ്പെടുന്നത് പോലെ മാത്രം അവരും കാണപ്പെട്ടപ്പോൾ മാത്രം.
അവരെ പ്രതി ആ നിലക്ക് ഒരു ബുദ്ധിമുട്ടും പ്രയാസവും കൊണ്ടുനടക്കുന്നവര്‍ക്കുണ്ടാവില്ല എന്ന് ഉറപ്പ് വന്നപ്പോൾ.
ഒരു നിലക്കും പ്രതികരിക്കാന്‍ സാധ്യതയില്ലാത്ത അവസ്ഥയില്‍ എത്തിയ അവരെ തങ്ങൾ ഉദ്ദേശിക്കുന്നത് പോലെ തങ്ങളുടെ ചർച്ചക്കും കച്ചവടത്തിനും പാകപ്പെടുത്തിയെടുക്കാം എന്ന് വന്നപ്പോൾ.
അങ്ങനെ അവർ തടവിലായി മതവും വഴിയുമായി തീര്‍ന്നപ്പോള്‍.
അവരിലെയും അവർ ജീവിച്ച് പ്രതികരിച്ച സാഹചര്യത്തിലെയും പരിസരത്തിലെയും അടിസ്ഥാന യാഥാര്‍ത്ഥ്യവുമായി ഒരു പുലബന്ധവും ഇല്ലാതെ.
അവരുടെ മുഖത്തെ ചുളുവോ ശരീരത്തിലെ ദുര്‍ഗന്ധമോ അറിയാത്തത്ര ദൂരത്താണ് അവരെന്ന് വന്നപ്പോള്‍.
മുഖത്തെ ചുളുവോ ശരീരത്തിലെ ദുര്‍ഗന്ധമോ ഇല്ലാത്തവരാണ് അവരെന്ന് വരുന്നത് പോലെ. അങ്ങനെ പര്‍വ്വതീകരിച്ചു പറയുന്നത്ര.
അകലം സൂക്ഷിക്കാതെ ബഹുമാനം സൂക്ഷിക്കുകയും കല്പന നടപ്പാവുകയും നടപ്പാക്കുകയും പ്രയാസം.
സൗന്ദര്യം കാണാന്‍ പോലും അകലം പാലിക്കണം. അന്യനെ പോലെ അപരിചിതനെ പോലെ നോക്കണം.
അടുത്തിരുന്നതിന്റെയും അടുത്തിരുന്നപ്പോഴുള്ളതിന്റെയും സൗന്ദര്യമറിയാനും ഇടക്കെങ്കിലും ഒന്നകന്നിരിക്കണം. അകലെ നിന്നും മാറിയിരുന്നു നോക്കണം.
അല്ലെങ്കിലും അറിവുകേടും അകലവും നല്‍കുന്ന സ്വപ്നത്തിലും സങ്കല്‍പ്പത്തിലും തന്നെയാണ് ആളുകള്‍ക്ക് ഏറെ താല്‍പര്യം, ആലസ്യം. സുഖം, സുരക്ഷ.
കണ്ടറിയാതെ കേട്ടറിഞ്ഞ് മാത്രം, നേരില്‍ തൊട്ടറിയാതെ, ചൂടും ചൂരും അനുഭവിക്കേണ്ടി വരാതെ, ജീവിക്കാനാവുന്ന ആലസ്യത്തിന്റെയും സുരക്ഷയുടെയും സുഖം അതാണ്.
No comments:
Post a Comment