Saturday, January 25, 2020

എന്താണ്‌ ഖിലാഫത്ത്? ആരാണ്‌ ഖലീഫ? നന്മ തിന്മ എന്നതുണ്ടോ?

എന്താണ്‌ ഖിലാഫത്ത്?
ആരാണ്‌ ഖലീഫ?
നന്മ തിന്മ എന്നതുണ്ടോ? 
ഇസ്ലാമിക രാഷ്ട്രവാദം പറയുന്നതിനിടയില്‍ ഇസ്ലാമിസ്റ്റ്‌കള്‍ അറിയാതെ പോകുന്ന ചില പിന്നാമ്പുറ വസ്തുതകള്‍:
ചോദ്യം :
ഖുര്‍ആനികമായി തന്നെ എന്താണ്‌ ഖിലാഫത്ത്? ആരാണ് ഖലീഫ? 
ഉത്തരം:
ഖിലാഫത്ത് എന്നാല്‍ പ്രാതിനിധ്യം, അഥവാ representation or ambassadorship. 
ഖലീഫ എന്നാല്‍ പ്രതിനിധി, അഥവാ, representative or ambassador.
ചോദ്യം :
എന്താണ്‌ പ്രാതിനിധ്യം എന്ന ഖിലാഫത്ത് കൊണ്ട്‌ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്?
ഉത്തരം:
ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി മനുഷ്യനാവുക.
അതാണ് പ്രാതിനിധ്യം അഥവാ ഖിലാഫത്ത്.
അഥവാ മനുഷ്യന്‍ ചെയ്യുന്നത് എന്തും ദൈവം ചെയ്യുന്നത്‌ പോലെ എന്നര്‍ത്ഥം. 
ചോദ്യം:
ഖിലാഫത്ത് എന്നാല്‍ രാഷ്ട്രീയമായ അധികാരം കയ്യാളുക എന്ന അര്‍ത്ഥമുണ്ടോ?
ഉത്തരം:
ഇല്ല.
മനുഷ്യന്‍ മനുഷ്യനായാൽ മാത്രം, മനുഷ്യന്‍ വെറുതെ ജീവിച്ചാല്‍ തന്നെ സംഭവിക്കുന്നതാണ് പ്രാതിനിധ്യം, അഥവാ ഖിലാഫത്ത്.
അങ്ങനെയല്ലെങ്കിൽ, മനുഷ്യനെ പ്രതിനിധിയായി സൃഷ്ടിച്ച ദൈവം പരാജയപ്പെട്ടനാകും.
ദൈവത്തിന്റെ ഉദ്ദേശം നടക്കാതെ പോകുന്നു എന്ന് വരും.
കാരണം, ദൈവം പ്രാതിനിധ്യം എന്ന ഉദ്ദേശം മനുഷ്യവിത്തിലും സൃഷ്ടിപ്പിലും നിക്ഷേപിച്ചതാണ്. ഇസ്ലാമികമായി മാത്രം, ഖുര്‍ആനികമായ് തന്നെ പറഞ്ഞാൽ. 
ചോദ്യം:
അതെങ്ങിനെ മനസിലാക്കാം, ഖുര്‍ആനികമായ് മേല്‍പറഞ്ഞത് പോലെയാണെന്ന്? 
ഉത്തരം :
ഖുര്‍ആനാണ്‌ നിങ്ങള്‍ക്ക് അടിസ്ഥാനമെങ്കിൽ, ഖുര്‍ആന്‍ സൂക്തത്തിലൂടെ തന്നെ അത് മനസിലാക്കാം.
മനുഷ്യസൃഷ്ടി (മുസ്ലിംകളുടെ സൃഷ്ടി എന്നല്ല, അല്ലെങ്കിൽ ഏതെങ്കിലും അധികാരികളുടെ സൃഷ്ടി മാത്രമല്ല) നടത്തിയപ്പോൾ, അങ്ങനെയൊരു സൃഷ്ടി എന്തിനാണ് എന്ന് കൂടി ഖുര്‍ആന്‍ വ്യക്തമായും പറയുന്നു.
"നാം മാലാഖമാരോട് പറഞ്ഞ സന്ദര്‍ഭം. ഭൂമിയില്‍ നാം ഒരു പ്രതിനിധിയെ (ഖലീഫയെ) ഉണ്ടാക്കാൻ പോകുന്നു." (സൂറ: അല്‍ ബഖറ).
മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധി ആവാന്‍ മാത്രം സൃഷ്ടിക്കപ്പെട്ടവന്‍ എന്നർത്ഥം.
ചോദ്യം:
മനുഷ്യന്‍ എന്നാല്‍?
എല്ലാ കാലത്തും എവിടെയും ഉണ്ടായിരുന്ന, ഉള്ള, ഉണ്ടാവാന്‍ പോകുന്ന മുഴുവന്‍ മനുഷ്യരും. 
പ്രതിനിധി അല്ലാതെ മറ്റൊന്നും ആവാന്‍ മനുഷ്യന് സാധിക്കില്ല എന്നർത്ഥം. 
പ്രാതിനിധ്യത്തിന് വേണ്ടത് മനുഷ്യനില്‍ നിക്ഷിപ്തമാണ് എന്നര്‍ത്ഥം. 
മനുഷ്യരില്‍ ആരെങ്കിലും മാത്രമല്ല പ്രതിനിധി. മനുഷ്യന്‍മാര്‍ മൊത്തം പ്രതിനിധികള്‍ ആണ്‌ എന്നര്‍ത്ഥം.
പ്രാതിനിധ്യം എവിടെയെങ്കിലും എപ്പോഴെങ്കിലും ചില മനുഷ്യരില്‍ മാത്രം സംഭവിക്കുന്നതല്ല.
എപ്പോഴും എവിടെയും ഒരു തടസ്സവും ഇല്ലാതെ അനുസ്യൂതമായി നടക്കുന്നതാണ് പ്രാതിനിധ്യം. 
മനുഷ്യാവസ്ഥ തന്നെ സ്വാഭാവികമായും പ്രകൃതിപരമായും പ്രാതിനിധ്യമായി ഭവിക്കും എന്നർത്ഥം. അത് പുരാതന മനുഷ്യനായാലും ആധുനിക മനുഷ്യനായാലും. 
ചോദ്യം:
എങ്കിൽ ഒന്ന് കൂടി വ്യക്തമാക്കുക. എന്താണ്‌ പ്രതിനിധി, അഥവാ ഖലീഫ എന്നാല്‍ അര്‍ത്ഥം?
ഉത്തരം:
ദൈവത്തിന്റെ സര്‍വ്വ സ്വഭാവത്തെയും അധികാരത്തെയും ഭൂമിയില്‍ അധികാരിയായി മനുഷ്യന്‍ പ്രതിനിധീകരിക്കും, പ്രതിനിധീകരിച്ച് പോകും. അത് മനുഷ്യനിലെ വിത്ത് ഗുണം. അവന്റെ വളര്‍ച്ചയും തളര്‍ച്ചയും അതിന്‌ വിഘാതം സൃഷ്ടിക്കില്ല. 
സോദ്ദേശം ഒന്നും ചെയ്യാതെ തന്നെ മനുഷ്യനാവുന്നതും മനുഷ്യനിലൂടെ സംഭവിക്കുന്നതുമാണ് പ്രാതിനിധ്യം എന്നർത്ഥം. 
മനുഷ്യന്റെ മുകളില്‍ മനുഷ്യന്‍ അധികാരം ചെലുത്തുന്നതിന് പറയുന്ന പേരല്ല പ്രാതിനിധ്യം, അഥവാ ഖിലാഫത്ത് എന്നർത്ഥം. 
ഭൂമിയില്‍ ആകെമൊത്തം തന്നെ മനുഷ്യന്‍ ദൈവത്തിന്റെ ambassador അല്ലെങ്കിൽ representative ആവുക എന്ന് മാത്രം അര്‍ത്ഥം. ഏതെങ്കിലും പ്രദേശത്തും ഏതെങ്കിലും ചില സമയത്തും മാത്രമെന്ന് അര്‍ത്ഥമില്ലാതെ. മറ്റൊരു നിര്‍വാഹവും തെരഞ്ഞെടുപ്പും അക്കാര്യത്തില്‍ മനുഷ്യനില്ലാതെ. 
ചോദ്യം:
മനുഷ്യന് മൊത്തമാണോ, അതല്ലേല്‍ മനുഷ്യരില്‍ ചിലര്‍ക്ക് മാത്രമാണോ പ്രാതിനിധ്യം?
ഉത്തരം:
മനുഷ്യന് മൊത്തം.
മോഡി ആയാലും trump ആയാലും ദൈവത്തിന്റെ പ്രതിനിധി മാത്രം.
അവര്‍ക്ക് പോലും ആ പ്രാതിനിധ്യം എന്ന യോഗ്യതയില്‍ നിന്നും, സത്താപരമായ ഗുണവിശേഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറുക അസാധ്യം.
കാരണം മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് തന്നെ പ്രതിനിധി ആയും, പ്രതിനിധി ആവാനും മാത്രം.
ഏതെങ്കിലും കാലത്തെ മനുഷ്യന്‍ മാത്രമല്ല പ്രതിനിധി. എല്ലാ കാലത്തെയും എവിടെയും ഉള്ള മനുഷ്യന്‍മാര്‍ മുഴുവന്‍ പ്രതിനിധി.
മനുഷ്യന്‍ എന്ത് ചെയ്താലും, വെറുതെ ജീവിക്കുക മാത്രം ചെയ്താലും, പ്രതിനിധി മാത്രം, പ്രതിനിധി ചെയ്യുന്ന ധര്‍മ്മവും കര്‍മ്മവും ചെയ്യുക മാത്രം.
അവനറിയാതെയും ഉദ്ദേശിക്കാതെയും ആ നിലക്ക് അവനില്‍ നിന്ന് പ്രതിനിധി ചെയ്യേണ്ട ധര്‍മ്മവും കര്‍മ്മവും മാത്രം സംഭവിക്കും.
ചോദ്യം:
അപ്പോൾ പ്രതിനിധി ആവാന്‍ വേണ്ട മാര്‍ഗനിർദ്ദേശങ്ങൾ വേണ്ടതല്ലേ?
അതേ. ആ മാര്‍ഗനിർദ്ദേശങ്ങൾ മനുഷ്യനില്‍ വളര്‍ന്ന് വരും സന്ദര്‍ഭവും സാഹചര്യവും പോലെ.
അത് കൊണ്ടാണ്‌ അതേ മനുഷ്യനില്‍ ദൈവം ആദിയില്‍ തന്നെ അറിവ് നിക്ഷേപിച്ചു എന്നും വന്നത്. (ആദാമി നെ നാം എല്ലാം പഠിപ്പിച്ചു : ഖുര്‍ആന്‍)
ശേഷം മനുഷ്യനിലൂടെ ക്രമേണ വളര്‍ന്ന് തളിരിട്ട് പൂത്ത് കായ്ച്ചുണ്ടാകാവുന്ന എല്ലാ മാര്‍ഗനിർദ്ദേശങ്ങളുടെയും അറിവിന്റെയും വികാസത്തിനു വേണ്ട വിത്ത്ഗുണമായ അറിവ്.
മനുഷ്യാവസ്ഥയില്‍ അന്തര്‍ലീനമായതാണ് ഈ അറിവും അതിന്റെ ഏത് കാലത്തെയും ആവശ്യമായി രൂപപ്പെടുന്ന സ്വാഭാവികമായ വികാസവും വളർച്ചയും. 
ചോദ്യം:
മനുഷ്യനെ ഭരിക്കുന്ന ചിലര്‍ക്ക് മാത്രമാണോ പ്രാതിനിധ്യം, ഖിലാഫത്ത് എന്ന സങ്കല്‍പവും നിര്‍വ്വചനവും ബാധകം?
അല്ല.
മനുഷ്യനെ ഭരിക്കുന്നതുമായി ഖിലാഫത്തിന് ബന്ധമില്ല.
ഖലീഫ എന്ന മനുഷ്യന്‍ മനുഷ്യരായ മറ്റു ഖലീഫകളെ ഭരിക്കുന്നതിന്റെ പേരല്ല ഖിലാഫത്ത്. 
എല്ലാവരുടേയും മനുഷ്യാവസ്ഥയില്‍ അന്തര്‍ലീനമായതാണ് പ്രാതിനിധ്യം, അഥവാ ഖിലാഫത്ത്. 
ചോദ്യം :
മനുഷ്യനെ ഭരിക്കുന്ന ചിലര്‍ മാത്രമാണോ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികള്‍, അഥവാ ഖലീഫമാര്‍?
ഉത്തരം:
അല്ല.
എല്ലാ മനുഷ്യരും തന്നെ, വിശ്വാസ വ്യത്യാസമില്ലാതെ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികളാണ്.
വിശ്വാസം ഖലീഫ ആകുന്നതിനു അടിസ്ഥാനമല്ല. 
ചോദ്യം :
വിശ്വാസികളായ മുസ്ലിംകള്‍ എന്ന് വിളിക്കപ്പെടുന്നവർക്ക് മാത്രമാണോ ഖിലാഫത്ത് എന്ന പ്രാതിനിധ്യം?
ഉത്തരം:
അല്ല.
മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ പറഞ്ഞതാണ് പ്രതിനിധി എന്നത്‌.
മുസ്ലിം അമുസ്ലിം എന്ന സങ്കല്‍പം പിന്നീട് വന്നത്‌.
അതല്ലേലും മുസ്ലിം എന്നാലും പ്രകൃതിപരമായി വഴങ്ങി നില്‍ക്കുന്നവന്‍, ആ നിലക്ക് സ്വാഭാവികമായി മാത്രം ജീവിക്കുന്നവന്‍ എന്ന അര്‍ത്ഥം മാത്രം.
ഇസ്ലാം എന്നാലും ദീന്‍ എന്നാലും പ്രകൃതിപരതയോടും സ്വാഭാവികതയോടും ഉള്ള നിര്‍ബന്ധിതമോ ഐഛികമോ ആയ വഴക്കം എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ.
അല്ലാതെ ആരോ, ഏതോ ഭാഷയില്‍, ഏതോ കാലത്ത് മാത്രം പറഞ്ഞതിനോടുള്ള കൃത്രിമമായ വഴക്കം എന്ന് അതിനര്‍ത്ഥമില്ല. 
ചോദ്യം:
മുസ്ലിംകള്‍ മാത്രമാണോ ഖലീഫമാര്‍? 
അല്ല.
മനുഷ്യര്‍ മുഴുവനും തന്നെ ഖലീഫമാര്‍.
മോഡിയും trump ഉം ഖലീഫമാര്‍ തന്നെ. നീയും ഞാനും ഖലീഫമാര്‍ തന്നെ. 
മനുഷ്യന് ഖലീഫയല്ലാതെ (ദൈവത്തിന്റെ പ്രതിനിധി അല്ലാതെ) ആവാന്‍ പറ്റില്ല.
ഏത് മനുഷ്യന്‍ എന്ത് ചെയ്താലും ഖലീഫ ചെയ്യുന്നതും ചെയ്യേണ്ടതും മാത്രമേ ആകൂ.
ആപേക്ഷിക മാനത്തില്‍ നിന്നും നോക്കിക്കാണുമ്പോൾ ഇത് മുഴുവനും ആ അര്‍ത്ഥത്തില്‍ മനസിലാവില്ലെങ്കിലും. 
ചോദ്യം:
ഇസ്ലാമികമായി ഭൂമിയെ രാജ്യങ്ങളായ് ഭരിക്കുന്നവരുടെ യോഗ്യതയും പേരും മാത്രമാണോ ഖലീഫ എന്നത്‌?
ഉത്തരം :
അല്ല.
മനുഷ്യനെ പ്രതിനിധിയായി സൃഷ്ടിക്കുമ്പോൾ രാജ്യം എന്ന സങ്കല്‍പം തന്നെ ഇല്ല.
പറഞ്ഞത് 'ഭൂമിയില്‍ പ്രതിനിധി' എന്ന് മാത്രമാണ്. 
അങ്ങനെ രാജ്യം ഭരിക്കുന്നവനെന്ന് സൃഷ്ടിയുടെ തുടക്കം മുതൽ പറഞ്ഞതല്ല. 
മനുഷ്യത്വത്തിന്റെയും മനുഷ്യാവസ്ഥയുടെയും പേരും യോഗ്യതയുമാണ് പ്രാതിനിധ്യം എന്ന ഖിലാഫത്തും, ഖലീഫ എന്ന പേരും വിശേഷണവും.
ചോദ്യം:
മുസ്ലിംകളുടെ ആ നിലക്കുള്ള ഖുര്‍ആനിന്റെ അടിസ്ഥാനത്തിലുള്ള രാജ്യഭരണത്തിന്റെ പേരാണോ ഖിലാഫത്ത്, ഖലീഫ ?
അല്ല.
ഖുര്‍ആന്‍ സൃഷ്ടിയുടെ തുടക്കം മുതൽ ഇല്ല, ഉണ്ടായിരുന്നില്ല. 
മനുഷ്യരുടെ ജീവിതസ്വഭാവത്തിന്റെ പേരാണ് പ്രാതിനിധ്യം, അഥവാ ഖിലാഫത്ത്.
മനുഷ്യനായ് ജീവിക്കുന്ന മനുഷ്യന്റെ പേരാണ് ഖലീഫ. 
അവരുടെ ജീവിതസ്വഭാവത്തില്‍ വരുന്ന പ്രകൃതിയുടെ മേലുള്ള അധികാരത്തിന്റെ പേരാണ് പ്രാതിനിധ്യം എന്ന ഖിലാഫത്ത്.
എന്ന് വെച്ചാല്‍, മനുഷ്യന്റെ അടിസ്ഥാന വികാരവും സ്വഭാവവും അധികാരത്തിന്റെത് മാത്രമായിരിക്കും എന്നർത്ഥം. 
അതുമല്ലെങ്കിൽ മൊത്തം മനുഷ്യര്‍ തന്നെ മറ്റൊരു തെരഞ്ഞെടുപ്പും സ്വാതന്ത്ര്യവും ഇല്ലാതെ, അവന്‍ പോലും അറിയാതെ, തീരുമാനിക്കാതെ, ആവുന്നതാണ്‌ പ്രതിനിധി, അഥവാ ഖലീഫ. ഭൂമിയുടെ അധികാരി. 
അങ്ങനെ നിര്‍ബന്ധിതമായി സംഭവിക്കുന്നതാണ് പ്രാതിനിധ്യം, അഥവാ ഖിലാഫത്ത്.
ചോദ്യം:
അതുകൊണ്ട്‌? 
ഇസ്ലാമിക ഭരണം വേണമെന്ന് ശഠിക്കുന്ന ഇസ്ലാമിസ്റ്റ്‌കള്‍ ഇത് വെച്ച് ശരിക്കും ആലോചിക്കണം. 
പ്രത്യേകിച്ചും, അവർ ഇസ്ലാമിക ഭരണവും ഇസ്ലാമിക രാജ്യവും ലക്ഷ്യമിട്ട്, മനുഷ്യനില്‍ മേല്‍ പറഞ്ഞ സ്വഭാവത്തില്‍ കാലോചിതമായി വിത്തുഗുണത്തിന്റെ വികാസം പോലെ വളര്‍ന്നുവന്ന മറ്റുള്ള എല്ലാ സംവിധാനങ്ങളെയും (അതിന്‌ വേണ്ടി) നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുമ്പോൾ.
അങ്ങനെ മനുഷ്യന്റെ സ്വാഭാവികതക്ക് വിരുദ്ധമായി ഏകസത്യാവാദം എന്ന അസഹിഷ്ണുതയുടെയും തീവ്രതയുടെയും തീച്ചൂളയില്‍ വിശ്വാസി സമൂഹത്തെ സങ്കുചിത മതരാഷ്ട്രീയത്തിന് വേണ്ടി മതത്തിന്റെ പേരില്‍ വറുത്തെടുക്കുമ്പോള്‍.
ഏകസത്യാവാദത്തിന്റെ അടിസ്ഥാനത്തില്‍, ഏകസത്യം മാത്രം ബാധകമാക്കി ലോകം ഭരിക്കണമെന്നും അതാണ് ഖിലാഫത്ത് എന്നും വാദിച്ച് ആഹ്വാനം നടത്തുമ്പോള്‍.
തദടിസ്ഥാനത്തില്‍ തീവ്രഇസ്ലാമിക രാഷ്ട്രവാദം ഉന്നയിക്കുമ്പോള്‍.
****
ഒന്ന്‌ കൂടി വ്യക്തമാക്കുന്നു.
എന്താണ്‌ ഖിലാഫത്ത്? ആരാണ് ഖലീഫ?
ഉത്തരം ഖുര്‍ആന്‍ പറയുന്നു.
"നാം മാലാഖമാരോട് പറഞ്ഞ സന്ദര്‍ഭം. ഭൂമിയില്‍ നാം ഒരു പ്രതിനിധിയെ (ഖലീഫയെ) ഉണ്ടാക്കാൻ പോകുന്നു." (സൂറ : അല്‍ബഖറ).
മനുഷ്യന്‍, പച്ചമനുഷ്യന്‍ തന്നെ, ഒരു തെരഞ്ഞെടുപ്പും ഇല്ലാതെ, സത്താപരമായ ഗുണം കൊണ്ട്‌ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി.
മനുഷ്യനെയും, മനുഷ്യന്റെ ആദിമ വിത്ത് മാത്രമായ ആദിമ പിതാവിനെയും മാതാവിനെയും (ആദം-ഹവ്വമാരെ) സൃഷ്ടിക്കുന്നതിന്റെ കാര്യവും അതിലെ ഉദ്ദേശവുമാണ് മേല്‍പറഞ്ഞ സൂക്തം. അതിന്റെ തുടര്‍ച്ച മാത്രമാണ് പിന്നീട്. 
അതനുസരിച്ച് ആരാണ് പ്രതിനിധി?
മനുഷ്യനാണ്‌ പ്രതിനിധി.
വെറും മനുഷ്യന്‍.
ആദിവാസിയും കാട്ടുവാസിയും ആധുനികനുമായ മനുഷ്യന്‍. 
മനുഷ്യരിലെ ഏതെങ്കിലും കാലത്തെ പ്രത്യേക മതവിശ്വാസി മാത്രമല്ല പ്രതിനിധി.
മനുഷ്യനെ ഈ നിലക്ക് സൃഷ്ടിച്ചപ്പോൾ മതം എന്നത് തന്നെ ചിത്രത്തിൽ ഇല്ല. 
ഭൂമിയില്‍ വെറും മനുഷ്യനായാല്‍ തന്നെ പ്രതിനിധി, അഥവാ ഖലീഫയാവും.
മനുഷ്യര്‍ മുഴുവന്‍, മനുഷ്യകുലം തന്നെ ദൈവത്തിന്റെ പ്രാതിനിധ്യം ഉള്ള പ്രതിനിധികള്‍. ഒരു തെരഞ്ഞെടുപ്പ് അക്കാര്യത്തില്‍ സാദ്ധ്യമല്ലാതെ. 
മനുഷ്യരില്‍ ഒരാൾക്ക് പോലും ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധി ആയല്ലാതെ, അഥവാ ഖലീഫ ആയല്ലാതെ, ഒരു നിമിഷം പോലും ആവാന്‍ കഴിയില്ല.
വിശ്വാസവും രാഷ്ട്രീയവും പ്രാതിനിധ്യം എന്ന ഖിലാഫത്തിന് മാനദണ്ഡം അല്ല.
വിശ്വാസം എതായാലും, മനുഷ്യന്‍ അറിയാതെയും നടക്കുന്ന വിത്ത് ഗുണമായ കാര്യമാണ് പ്രാതിനിധ്യം എന്ന ഖിലാഫത്ത്.
പ്രാതിനിധ്യം മനുഷ്യന്‍ മനുഷ്യനായി സൃഷ്ടിക്കപ്പെട്ടതിന്റെ തന്നെ ന്യായവും ആധാരവും ആണ്. 
സൃഷ്ടിപരമായ മനുഷ്യവിത്തിലെ സത്താപരമായ ഗുണമാണ് പ്രാതിനിധ്യം, അഥവാ ഖിലാഫത്ത്.
ദൈവം അവന്റെ ഉദ്ദേശത്തില്‍ പരാജയപ്പെടുകയില്ല, എന്നതിനാല്‍ ഒരു മനുഷ്യനും അവന്റെ പ്രാതിനിധ്യത്തില്‍ പരാജയപ്പെടാന്‍ സാധിക്കില്ല. 
മനുഷ്യന്‍ മനുഷ്യന്‍ മാത്രമായാല്‍ തന്നെ പ്രതിനിധി (ഖലീഫ) ആയി എന്നർത്ഥം.
മനുഷ്യനെ മനുഷ്യന്‍ ഭരിക്കുന്ന കാര്യത്തില്‍ അല്ല പ്രാതിനിധ്യം അഥവാ ഖിലാഫത്ത് എന്നര്‍ത്ഥം.
മനുഷ്യനെ ഭരിക്കാനല്ല മനുഷ്യനെ ഖലീഫ ആക്കിയത്, പകരം ഭൂമിയില്‍ മൊത്തമായാണ് എന്നർത്ഥം.
ഭൂമിയില്‍ അവന്‍ ജീവിക്കുമ്പോള്‍, അവന്‍ അറിയാതെ പോലും അവനില്‍ വന്ന് പെടുന്ന സ്വഭാവമാണ് പ്രതിനിധി എന്നതും പ്രാതിനിധ്യം എന്നതും.
ആര് ഭരിച്ചാലും ഭരിച്ചില്ലെങ്കിലും പ്രതിനിധി തന്നെ, ഖലീഫ തന്നെ മനുഷ്യന്‍.
***** ****** ****** ******
ചോദ്യം:
പക്ഷെ ഖലീഫയായ മനുഷ്യന് വല്ല യോഗ്യതയും പിന്നീട് ഉണ്ടായോ?
അതേ, ഉണ്ടായി.
അറിവ് മാത്രമായ യോഗ്യത. 
മനുഷ്യനെ ഖലീഫ എന്ന ദൈവത്തിന്റെ പ്രതിനിധി ആയി സൃഷ്ടിച്ചതിന്‌ ശേഷം ദൈവത്തിന്റെ ഭാഗത്ത് നിന്ന് നേരിട്ട് നടന്ന ഒരേയൊരു സംഗതിയെ നോക്കാം.
ഖുര്‍ആനികമായ് തന്നെ ഖലീഫക്ക് നല്‍കിയ യോഗ്യത വിശ്വാസത്തിന്റെതും ആരാധനയുടെതും അല്ല.
വിശ്വാസവും ആരാധനയും ഖിലാഫത്തിന് അടിസ്ഥാനമാക്കിയില്ല, പഠിപ്പിച്ചില്ല. 
മനുഷ്യനെന്ന പ്രതിനിധി മാലാഖമാരുടെ മുകളില്‍ സ്ഥാനം നേടിയത് ആരാധന കൊണ്ടും വിശ്വാസം കൊണ്ടുമല്ല. മതം കൊണ്ടല്ല. 
പകരം വിവരത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്.
ചോദ്യം:
മനുഷ്യനെ പ്രതിനിധിയായി സൃഷ്ടിച്ച ദൈവം ആദ്യം ചെയതത് എന്താണ്‌?
ഖുര്‍ആനികമായ് തന്നെ പറഞ്ഞാൽ, മനുഷ്യന് അറിവ് നല്‍കുക എന്നതാണ് ആദ്യം ചെയതത്.
ആരാധനയും വിശ്വാസവും ശീലിപ്പിച്ച് അതിനെ ഉപബോധമനസ്സിൽ കയറ്റി വെക്കുക എന്നതല്ല ദൈവം ആദ്യം ചെയതത്.
പിന്നീട് മനുഷ്യന്‍ ഏത് കാലത്തും എവിടെയും വികസിപ്പിച്ചെടുക്കുന്ന എല്ലാതരം അറിവിനും പുരോഗതിക്കും വേണ്ട വിത്തായ അറിവ്. 
എറിയാല്‍ മനുഷ്യരില്‍ തന്നെ കൂടുതൽ അറിവുള്ളവന്‍ മനുഷ്യനെ ഭരിക്കുക എന്ന് സൂചിപ്പിക്കുന്ന രൂപത്തില്‍ അറിവ് നല്‍കി. അത് യൂറോപ്പും അമേരിക്കയും ആണെങ്കിൽ അവർ.
മനുഷ്യനെ മനുഷ്യന്‍ ഭരിക്കുക ഖിലാഫത്തില്‍ ഉദ്ദേശമല്ലെങ്കിലും. 
ഖലീഫയാവാന്‍ യോഗ്യത നല്‍കിയത് അറിവ് കൊണ്ട്‌ മാത്രം.
ആ അറിവാണ് മനുഷ്യനെ മാലാഖമാര്‍ക്ക് മുകളില്‍ പ്രതിഷ്ഠിച്ച്. ആരാധനയും വിശ്വാസവും അല്ല. 
ആ അറിവാണ് മാലാഖമാര്‍ മനുഷ്യന്റെ മുന്‍പില്‍ സാഷ്ടാംഗം നമിക്കാന്‍ ഇടവരുത്തിയത്. ആരാധനയും വിശ്വാസവും അല്ല. 
അറിവിന്റെ മുന്നില്‍, അറിവുള്ള മനുഷ്യന്റെ മുന്‍പില്‍, മാലാഖമാരോട് സാഷ്ടാംഗം നമിക്കാന്‍ ദൈവം ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസിയായ മനുഷ്യന്റെ മുന്‍പില്‍ അല്ല. 
എങ്കിൽ മനസിലാക്കേണ്ടത്, മനുഷ്യന്‍ പരസ്പരവും അറിവിന്റെ മുന്‍പില്‍ സാഷ്ടാംഗം നമിച്ചു കീഴ്പ്പെടണം എന്ന് തന്നെയാണ്.
അറിവ് എന്നാല്‍ മതപരമായ അറിവ് എന്ന് എവിടെയും പറഞ്ഞതും ഇല്ല. 
കൂടുതല്‍ അറിവുള്ളവന്‍ ദൈവത്തിന്റെ കൂടുതൽ യോഗ്യനായ പ്രതിനിധി.
അത് അമേരിക്കക്കാരന്‍ ആയാലും യൂറോപ്പ്യന്‍ ആയാലും. 
അറിവുള്ളവന്റെ മുന്‍പില്‍ സാഷ്ടാംഗം നമിക്കണം എന്നർത്ഥം.
അങ്ങനെ വരുത്തുന്ന വിധം മാലാഖമാര്‍ സാഷ്ടാംഗം നമിച്ചു.
അങ്ങനെ അറിവുള്ളവന്റെ മുന്‍പില്‍ സാഷ്ടാംഗം നമിക്കുന്നത് വിശ്വാസത്തിന് എതിരല്ല എന്നര്‍ത്ഥം.
അങ്ങനെ അറിവുള്ളവന്റെ മുന്‍പില്‍ സാഷ്ടാംഗം നമിക്കുന്നതിൽ ബഹുദൈവത്തമില്ല (shirk ഇല്ല) എന്നർത്ഥം.
ദൈവത്തെ അംഗീകരിക്കുന്നതിനും അനുസരിക്കുന്നതിനും ആരാധിക്കുന്നതിനും തുല്യമാണ് അറിവുള്ളവന്റെ മുന്‍പില്‍ സാഷ്ടാംഗം നമിക്കല്‍ എന്നർത്ഥം.
അറിവുള്ളവന് കീഴ്പ്പെടല്‍ തന്നെയാണ്, അറിവുള്ളവനെ അനുസരിക്കല്‍ തന്നെയാണ് ദൈവത്തിന് കീഴ്പ്പെടലും അനുസരിക്കലും എന്നർത്ഥം. 
അറിവുള്ളവന് കീഴ്പെട്ട് ജീവിക്കുകയാണ് ദൈവത്തിന് കീഴ്പ്പെടുകയെന്നാല്‍ അര്‍ത്ഥമെന്ന് സൂചിപ്പിക്കുന്ന കോലത്തില്‍ ഖുര്‍ആന്‍ കാര്യങ്ങൾ വ്യക്തമാക്കി. മാലാഖമാരെക്കൊണ്ട് സാഷ്ടാംഗം നമിപ്പിച്ചു കൊണ്ട്‌. 
മനുഷ്യന്‍ തന്നെ അധികാരമുള്ള പ്രതിനിധി.
ആ മനുഷ്യരില്‍ കൂടുതല്‍ അറിവുള്ളവര്‍ കൂടുതൽ നല്ല പ്രതിനിധി. അവർ ഭരിക്കണം. അമേരിക്കക്കാരനായാലും ഐന്‍സ്റ്റീന്‍ ആയാലും മോഡി ആയാലും അറിവ് കരുത്താണെങ്കിൽ, വിശ്വാസവ്യത്യാസം പറഞ്ഞ്‌ ധിക്കരിക്കരുത്.
പ്രാതിനിധ്യത്തിനും അധികാരത്തിനും വിശ്വാസം അടിസ്ഥാനമല്ല.
അങ്ങനെ വിശ്വാസം പറഞ്ഞ്‌, മറ്റെന്തെങ്കിലും മേല്‍ക്കോയ്മ പറഞ്ഞ്‌, അറിവിനെയും അതിന്റെ അധികാരത്തെയും ധിക്കരിച്ചാല്‍, ആ ധിക്കരിക്കുന്നവന്‍ പിശാച് എന്നും ഖുര്‍ആന്‍ വ്യക്തമാക്കി. 
ഖുര്‍ആനികമായി അറിവിനെയും അറിവിന്റെ മേല്‍ക്കോയ്മയെയും നിഷേധിച്ചവനും നിഷേധിക്കുന്നവനും, ധിക്കരിച്ചവനും ധിക്കരിക്കുന്നവനും പിശാച്.
ആ നിലക്ക് അറിവുള്ള മനുഷ്യന്റെ മേല്‍ക്കോയ്മ നിഷേധിച്ച മാലാഖ പോലും പിശാച്.
ആരാധന കൊണ്ടും വിശ്വാസം കൊണ്ടും അല്പം പോലും വഴിതെറ്റിയിട്ടില്ലാത്ത മാലാഖമാര്‍, അറിവ് നിഷേധിച്ച് അസൂയ കൈമുതലാക്കി അറിവുള്ളവനെ ധിക്കരിച്ച്ത് കൊണ്ട്‌ മാത്രം പിശാചുക്കള്‍ ആയി. അറിവിനെ നിഷേധിച്ചത് കൊണ്ട്‌ മാത്രം.
അറിവിന് മുന്‍പില്‍ സാഷ്ടാംഗം നമിക്കാതെ, മറ്റ് മേല്‍ക്കോയ്മ നടിച്ച് ധിക്കരിച്ചത് കൊണ്ട്‌ മാത്രം മാലാഖമാര്‍ പോലും പിശാചുക്കള്‍ ആയി. 
അറിവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നവന്‍ പിശാച്.
അറിവിന് വഴിപ്പെടാത്തവന്‍ പിശാച്.
അറിവില്‍ വളരാത്തവന്‍ പിശാച്. അറിവില്ലായ്മ യെ അറിവാക്കുന്നവന്‍ പിശാച്. 
എന്ത് കേമത്തം പറഞ്ഞു കൊണ്ടായാലും.
അത്‌ അറബികള്‍ ആയാലും മുസ്ലിംകള്‍ ആയാലും പിശാചുക്കള്‍ മാത്രം.
ഒരുവേള വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവുമായി ഇതിനെ തട്ടിച്ച് നോക്കിയാല്‍ വര്‍ത്തമാനകാല മുസ്ലിംകള്‍ പിശാചുക്കള്‍ ആണെന്ന് മാത്രം വരും. 
******
ഇനി പറയാം.
ഇസ്ലാമികമായി തന്നെ എന്താണ്‌ നന്മ-തിന്മ?
മനുഷ്യന്‍ ജീവിക്കുന്ന ലോകത്തെ നന്മ തിന്മ എന്താണ്‌?
മനുഷ്യന്‍ കാലാകാലങ്ങളില്‍ ജീവിത സൗകര്യത്തിന് വേണ്ടി നിശ്ചയിച്ചത് മുഴുവന്‍ നന്മ തിന്മ.
ആപേക്ഷികതയില്‍ നന്മ-തിന്മയുണ്ട്.
"പ്രഭാതത്തിന്റെ നാഥനോട് നീ ശരണം തേടുക. അവന്‍ സൃഷ്ടിച്ചതിന്റെ തിന്മയില്‍ നിന്ന്." (ഖുര്‍ആന്‍) 
അവന്‍ സൃഷ്ടിച്ചതിൽ തന്നെ കുടിയിരിക്കുന്നു നന്മയും തിന്മയും.
എല്ലാറ്റിന്റെയും സാധ്യതയില്‍ തിന്മയും നന്മ പോലെ തന്നെ കുടിയിരിക്കുന്നു എന്നര്‍ത്ഥം.
അടിസ്ഥാന സ്വഭാവം ആപേക്ഷികമായി നന്മയാണ് എന്ന് ഏതെങ്കിലും സ്ഥലത്തിലും കാലത്തിലും നിന്ന് പറഞ്ഞാൽ പോലും അതിൽ അത് പോലെ തന്നെ തിന്മയും കുടികൊള്ളുന്നു .
സമയവും സന്ദര്‍ഭവും മാറുമ്പോള്‍ ഒന്ന് തന്നെ നന്മയും തിന്മയും ആയി ഭവിക്കുന്ന കോലത്തില്‍. നന്മ തന്നെ തിന്മയായി ഭവിക്കുന്ന കോലത്തില്‍. ദൈവം സൃഷ്ടിച്ചതിൽ നിന്ന് തന്നെ നന്മയും തിന്മയും വരും എന്നര്‍ത്ഥം.
എന്ന് വെച്ചാല്‍ നന്മയുടെയും തിന്മയുടെയും ആധാരവും ഉറവിടവും ദൈവവും ദൈവം സൃഷ്ടിച്ചതും മാത്രം എന്നർത്ഥം. 
ആത്യന്തികതയില്‍, വിപരീതമില്ലാത്ത ദൈവത്തില്‍, നന്മ-തിന്മയില്ല.
അഥവാ ആത്യന്തികതയില്‍ നന്മയും തിന്മയും ഉണ്ടെങ്കില്‍, ആ നന്മയും തിന്മയും ദൈവത്തില്‍ നിന്ന് തന്നെ എന്നർത്ഥം. നന്മക്കും തിന്മക്കും ഉടമസ്ഥത ദൈവത്തിന് മാത്രം എന്നര്‍ത്ഥം. 
ആപേക്ഷികമായ ലോകത്തെ നന്മയും തിന്മയും ദൈവം തന്നെ, ദൈവികമായത് തന്നെ, ദൈവത്തില്‍ നിന്ന് തന്നെ എന്നർത്ഥം.
നാം എങ്ങിനെ കാണുന്നുവോ അങ്ങനെയാണ് നന്മയും തിന്മയും.
അങ്ങനെയാണ് ഒരേ കാര്യം വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍ നന്മയും തിന്മയും ആയി ഭവിക്കുന്നത്.
അങ്ങനെയാണ് നന്മ തന്നെ തിന്മയായും തിന്മ തന്നെ നന്മയായും ഭവിക്കുന്നത്. 
ഇത്‌ വെറും വെറുതെ പറയുന്നതല്ല.
വിശ്വാസകാര്യങ്ങൾ ഇസ്ലാമില്‍ ആറെണ്ണം. (വിശ്വാസ കാര്യങ്ങൾ നൂറും ആയിരവും എന്നും വേണമെങ്കിൽ എണ്ണം പറയാം.) അതിൽ ആറാമത്തെ വിശ്വാസകാര്യം വിധിയില്‍ ഉള്ള വിശ്വാസം.
എന്താണ്‌ വിധിയില്‍ ഉള്ള വിശ്വാസം? 
"അല്‍ ഖദറു ഖൈറുഹു വ ശര്‍റുഹു മിനല്ലാഹി തആലാ." 
"വിധി. അതിലെ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നുളളതാണ്."
അപ്പോൾ നന്മയും തിന്മയും വേറെ ആരില്‍ നിന്നുമല്ല.
അങ്ങനെ വേറെ ആരും ദൈവത്തിന് വിപരീതമായി ഇല്ല.
വേറെ ആരുടെ ചെയ്തിയും കാരണവുമായല്ല നന്മ തിന്മ.
പകരം എല്ലാവരുടെ എല്ലാ ചെയ്തിയും, നന്മയും തിന്മയും, ദൈവത്തില്‍ നിന്ന്, ദൈവ വിധി പ്രകാരം. 
എന്ന് വെച്ചാല്‍ നന്മ തിന്മ ഇല്ലാത്ത ദൈവം നന്മ തിന്മക്ക് ആധാരം, ഉറവിടം.
ആത്യന്തികത ആപേക്ഷികതക്ക് ആധാരം, ഉറവിടം.
പ്രത്യേക രുചിയും മണവും നിറവും പ്രത്യക്ഷത്തില്‍ ഇല്ലാത്ത മണ്ണും വായുവും വെള്ളവും എല്ലാ രുചികള്‍ക്കും നിറങ്ങൾക്കും പഴങ്ങള്‍ക്കും പൂവുകള്‍ക്കും ആധാരമാവുന്നത് പോലെ.
എന്ത്‌ ദുരന്തവും സംഭവിച്ചാല്‍ മുസ്ലിംകള്‍ പറയുന്നത് മേല്‍ പറഞ്ഞതിനെ സാധൂകരിക്കുന്നത്.
"ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍."
"നിശ്ചയമായും നാം ദൈവത്തില്‍ നിന്ന്. നിശ്ചയമായും നാം ദൈവത്തിലേക്ക് തന്നെ മടങ്ങുന്നു."
എല്ലാം ദൈവത്തില്‍ നിന്ന്, എല്ലാം ദൈവത്തിലേക്ക് എന്ന് ദുരന്തസമയത്ത് പോലും പറഞ്ഞുറപ്പിക്കുന്ന ഒരു രീതി.
ഒന്നിനെയും ദൈവത്തില്‍ നിന്ന് മാറ്റിക്കാണാത്ത രീതി. നന്മയായാലും തിന്മയായാലും. രണ്ടില്ലാത്ത ഒന്ന് മാത്രം എന്നുറപ്പിക്കുന്ന രീതി.
അത്‌ തന്നെയാണ്‌ മുസ്ലിംകള്‍ പൊതുവെ എന്ത് അത്ഭുതകരമായതും കണ്ടാല്‍ പറയുന്ന "മാഷാ അല്ലാഹു കാന്‍ വമാലം യഷാ ലം യകുന്‍" എന്ന വാചകത്തിന്റെ അര്‍ത്ഥവും ഉദ്ദേശവും.
ദൈവം ഉദ്ദേശിച്ചത്‌ ഉണ്ടായി, അവന്‍ ഉദ്ദേശിക്കാത്തത് ഉണ്ടായില്ല. "
എല്ലാം ദൈവവും ദൈവത്തില്‍ നിന്നും ദൈവത്തിലേക്കും മാത്രം എന്ന് സാരം. രണ്ടില്ല എന്ന് സാരം. രണ്ടെന്ന് തോന്നുന്നതൊക്കെ ദൈവത്തില്‍ ഒന്നായി നില്‍ക്കുന്നു എന്നര്‍ത്ഥം.

No comments: