Saturday, January 25, 2020

1. പൗരത്വ ഭേദഗതി നിയമം.

1. പൗരത്വ ഭേദഗതി നിയമം.
ഒരു രാജ്യത്തെ രണ്ട് വ്യത്യസ്ത സമൂഹം എങ്ങിനെ ഒരേ നാട്ടില്‍ ഒരുമിച്ച് സ്നേഹിച്ച് ജീവിക്കണം?
ഒരു കഥ പറയാം.
ഒരു നാട്ടിലേക്ക് (നാടോടികളാണെന്ന് തോന്നിപ്പിക്കുന്ന) ഒരു കൂട്ടം ആത്മീയപുരുഷന്മാർ വന്നു.
നാട്ടുകാർ വളരെ സന്തോഷത്തോടെ അവരെ വരവേറ്റു.
നനവും തെളിച്ചവുമുള്ള ഒരു കൂട്ടം.
ആത്മീയതയുടെ ഉള്ളറകളെ നോക്കിലും വാക്കിലും മുഖത്തും നിറച്ച് നടക്കുന്നവര്‍.
സങ്കീര്‍ണതകള്‍ക്ക് ലാവണ്യത്തിന്റെ സ്പര്‍ശത്തോടെയുള്ള ലളിതമായ പരിഹാരം നല്‍കുന്നവർ.
ജനങ്ങൾ അതിരറ്റ്‌ സന്തോഷിച്ചു, സല്‍ക്കാരങ്ങൾ ഒരുക്കി അവർ അവരെ സ്വീകരിച്ചു. 
വിവരം നാട്ടിലെ രാജാവും അറിഞ്ഞു. രാജാവിനും സന്തോഷം തന്നെ. അധികാരത്തിന്റെ അസ്വസ്ഥതകള്‍ക്കിടയില്‍ സ്വസ്ഥതയുടെയും നൈര്‍മല്യത്തിന്റെയും തെളിനീര്‍ സ്പര്‍ശം. രാജാവ് അങ്ങനെ തന്നെ കണ്ടു, ഉള്ളില്‍ ചിന്തിച്ചു.
എന്നാലും രാജാവ് മറ്റൊന്ന് കൂടി വ്യാസനപ്പെട്ടുകൊണ്ട്‌ ചിന്തിച്ചു.
ഈ നാട് ഇവിടെയുള്ള നിവാസികളെ കൊണ്ട്‌ തന്നെ അങ്ങേയറ്റം നിറഞ്ഞിരിക്കുകയാണ്.
ഇനി ഈ നാട്ടില്‍ വേറൊരു വിഭാഗത്തെ, അവർ ആരായിരുന്നാലും എത്ര നല്ലവര്‍ ആയിരുന്നാലും സ്വീകരിച്ചിരുത്താന്‍ സ്ഥലവും വിഭവവും ഇവിടെ ഇല്ല.
എന്ത്‌ ചെയ്യണം?
രാജാവിന് ഒരു പിടുത്തവും കിട്ടിയില്ല. 
എന്നിരുന്നാലും അങ്ങനെയൊന്നും തുറന്ന് പുറത്ത് പറയാതെ, പുതുതായി വന്ന ഈ ആത്മീയ പുരുഷന്മാരെ രാജാവ് തന്റെ കൊട്ടാരത്തിലേക്ക് അതിഥികളായി ക്ഷണിച്ചു. വിനയപൂര്‍വ്വം നേരിട്ട് അവരുടെ സമക്ഷത്തില്‍ ചെന്ന് തന്നെ.
അവർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊട്ടാരത്തിലെത്തി.
കൊട്ടാരത്തില്‍ എത്തിയതും രാജാവ് അവരില്‍ ഓരോരുവനെയും ഗ്ലാസ്സ് നിറയെ പാല്‍ നല്‍കി സ്വീകരിച്ചു.
ജനങ്ങൾ രാജാവിന്റെ മര്യാദയും വിനയവും ആതിഥേയമര്യാദയും കണ്ട് തങ്ങളുടെ രാജാവിനെ ഓര്‍ത്ത് കൂടുതൽ കൂടുതൽ അഭിമാനം കൊണ്ടു. 
പാല്‍ നിറച്ച ഗ്ലാസ്സുകള്‍ സ്വീകരിച്ച ഈ വന്ന അതിഥികളില്‍ ഓരോരുവനും രാജാവിനോട് ചെറിയ ഒരു സ്പൂണും കുറച്ചു പഞ്ചസാരയും ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് കൗതുകമേറി. 
രാജാവ് അവര്‍ക്ക്, അവർ ആവശ്യപ്പെട്ടത് പോലെ തന്നെ, ഓരോ സ്പൂണും പഞ്ചസാരയും നല്‍കി.
അതിഥികള്‍ ആ ഗ്ലാസില്‍ മെല്ലെ മെല്ലെ ആ പഞ്ചസാര ഇട്ട് ഇളക്കി. ഒരു തള്ളിയും പുറത്താകാതെ. പിന്നീട് അവർ ആ ഗ്ലാസ്സും പാലും രാജാവിനു തന്നെ തിരിച്ചു കൊടുത്തു.
അല്‍ഭുതത്തോടെ ജനങ്ങൾ സ്തബ്ദരായി നിന്നു. ഇതെന്ത് കഥയെന്ന് മനസ്സിലാവാതെ.
പക്ഷേ, ഇങ്ങനെ സംഭവിച്ചതും അങ്ങേയറ്റം സന്തോഷത്തോടെ രാജാവ് ഉടനെ വിളിച്ചു പറഞ്ഞു.
"ഇവർ ഈ നാടിന്റെ മുതൽകൂട്ട്.
ഇവർ നമ്മുടെ പരിച.
അതിനാല്‍ ഇവിടെ ഇപ്പോൾ ഞാന്‍ വിളംബരം ചെയ്യുന്നു. ഈ നാട്ടില്‍ എപ്പോഴും എവിടെയും ഇവർ സ്ഥിരമായി നില്‍ക്കും. ഇവര്‍ക്ക്‌ വേണ്ടത് എന്തെന്ന് വെച്ചാല്‍ ഒരുക്കിക്കൊള്ളുക."
"അറിയുക, നാട്ടാരെ, ഇവിടെ ഇവർ നിൽക്കുമ്പോഴും, ഇവര്‍ക്ക്‌ പ്രത്യേകിച്ച് നിൽക്കാൻ സ്ഥലം വേണ്ട, നമുക്കിടയില്‍ നമ്മളായി തന്നെ അവർ നില്‍ക്കും. നമ്മുടെ തെളിച്ചവും വെളിച്ചവുമായ്. 
"ഇവർ, ഈ പാലിന് പഞ്ചസാര എങ്ങിനെ മധുരം നല്കുന്നുവോ അതുപോലെ നമ്മളില്‍ അവർ മധുരം കൂട്ടും."
ഒന്നും മനസിലാകാത്ത ജനം സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.
"രാജാവേ, അങ്ങയുടെ തീരുമാനം വിവേകം മാത്രമേയാകൂ. അതിനാല്‍ നമുക്കും വളരെ സന്തോഷം. ഇവർ നമ്മുടെ തലയിലെ കിരീടം പോലെ തന്നെയാണ്. ഭാരമല്ല. പകരം, അലങ്കാരവും പ്രൗഢിയുമാണ്.
"എന്നിരുന്നാലും, രാജാവേ, അങ്ങ് നമുക്ക് വിശദീകരിച്ചു തരണം: അങ്ങവര്‍ക്ക് നല്‍കിയ പാല്‍ പഞ്ചസാരയിട്ട് അങ്ങയ്ക്ക് തന്നെ അവർ തിരിച്ചു തന്നതിന്റെ അര്‍ത്ഥം. അത് മാത്രം നമുക്ക് മനസ്സിലായില്ല."
"കൂട്ടരെ, ഗ്ലാസ്സ് നിറച്ച് പാല്‍ നല്‍കി അവരെ ഇവിടെ സ്വീകരിച്ചപ്പോൾ ഞാൻ അവര്‍ക്ക് വേറെ ഒരു സൂചനയും അര്‍ഥവും കൂടി അതിൽ നല്‍കിയിരുന്നു.
"ഈ ഗ്ലാസ് ഏത് പോലെ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നുവോ അത്പോലെ ഈ നാടും ജനങ്ങളെ കൊണ്ട്‌ നിറഞ്ഞ് തുളുമ്പി നില്‍ക്കുകയാണെന്ന് .
"ഒരു തുള്ളി പോലും കൂടുതൽ ഉള്‍കൊള്ളാന്‍ സാധിക്കാതെ ഈ നാടെന്ന് .
"അതിനാല്‍ നമ്മുടെ ഈ ആതിഥ്യവും സല്‍ക്കാരവും സ്വീകരിച്ചു ഉടനെ ഈ നാട്ടില്‍നിന്നും മടങ്ങണമെന്ന്. 
"പക്ഷേ, കൂട്ടരേ, ഈയുള്ളവനും അമ്പരന്ന് പോയി. അവർ നമ്മുടെ കണ്ണ് തുറപ്പിക്കുന്ന, തലച്ചോറിനെ പിടിച്ചുകുലുക്കുന്ന, ഈയുള്ളവന്‍ നല്‍കിയ സൂചനയേക്കാള്‍ മനോഹരമായ മറുപടി നല്‍കിയിരിക്കുന്നു.
"കൂട്ടരെ, പഞ്ചസാരക്ക് പാലില്‍ നിൽക്കാൻ വേറെ തന്നെ സ്ഥലം വേണ്ട. അത് പാലിനിടയില്‍ പാല്‍ തന്നെയായി നില്‍ക്കും. പാല്‍ പോലും കാണാത്ത, ഉപയോഗിക്കാത്ത സ്ഥലം അത് കണ്ടെത്തും. അല്പവും ഉപദ്രവിക്കാതെ. പകരം പാല്‍ പോലും അറിയാതെ, പാലിന് മധുരം നല്‍കിക്കൊണ്ട്."
ഇത്‌ കേട്ടതും ജനങ്ങൾ ഒന്നായ് ഒരുമിച്ചു വിളിച്ചു പറഞ്ഞു.
"അതേ രാജാവേ,
"ഇവർ നമുക്ക് ഭാരമല്ല. ഭാരം കുറയ്ക്കുന്നവരാണ്.
" ഇവർ നമുക്ക് ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നവരല്ല, അലങ്കാരമാകുന്നവരാണ്.
"ഇവർ ശാപമല്ല ; അനുഗ്രഹം തന്നെ ആകുന്നവരാണ്‌.
"ഇവർ നമ്മുടെ വഴി മുടക്കുന്ന അവരല്ല; പകരം നമുക്ക് വഴി ഉണ്ടാക്കിത്തരുന്നവരാണ്. 
" രാജാവേ, ഇവരെ നമ്മൾ നമ്മുടെ നെഞ്ചിലേറ്റുന്നു. മധുരമായ്. കണ്ണിന് കാഴ്ചയായ്. കാണാത്തത് കാണാന്‍ തുറന്നിട്ട ജനാലകളായ്. തലച്ചോറിന് വിവേകമായ്" 
രാജാവ് ഒന്നും തിരിച്ചുപറഞ്ഞില്ല.
കൈവിരലുകള്‍ കൊണ്ട്‌ കണ്ണില്‍ പൊടിഞ്ഞ സന്തോഷാശ്രുക്കളെ ഒന്ന് തടവിയതല്ലാതെ.
(തുടരും........)

No comments: