ഹൈദരാബാദ് പീഢനത്തിലെ പ്രതികൾ.
വെടിയുണ്ട തുളച്ചുകയറി മരിച്ച അവരാണ് ശവംതീനികള്‍ എന്ന് ആര് പറഞ്ഞു?
പോലീസ് പറഞ്ഞ തെളിവിനപ്പുറം.
വെടിവെച്ചവരും അതിന്റെ പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന യാഥാര്‍ത്ഥ പ്രതികളും ആണെങ്കിലോ ശവംതീനികള്‍?
ആരോരും ചോദിക്കാനും പറയാനും ഇല്ലാത്തവരെ പ്രതികൾ എന്ന് പറയുക, വിചാരണയൊന്നും കൂടാതെ കൊന്നേക്കുക. ഇങ്ങനെയും ആവുമോ?
പലപ്പോഴും പ്രതി ഉന്നതന്‍ എന്നത് കുറ്റകൃത്യങ്ങള്‍ക്ക് സംരക്ഷണവും സാധൂകരണവും നല്‍കുന്നു.
അല്ലെങ്കിൽ ഉമ്മന്‍ ചാണ്ടിമാര്‍ വിലസുമോ? കുഞ്ഞാലിക്കുട്ടിമാര്‍ വിലസുമോ?
കിളിരൂര്‍, സൂര്യനെല്ലി മറന്ന് പോകുമോ?
ഉന്നവോയിലെ പ്രതി വിലസുമോ?
വാളയാര്‍ ഇത്ര ലളിതമാകുമോ?
ഇപ്പോൾ ഹൈദരാബാദില്‍ നടന്നതും ഉന്നതന്‍മാരെ സംരക്ഷിക്കാനല്ലെന്ന് ആര് കണ്ടു, ആരറിഞ്ഞു, ആര് പറഞ്ഞു?
നാം വല്ലാതെ കെണിയില്‍ വീഴുന്നവരും ആയിപ്പോകരുത്.
വിചാരത്തെ വികാരത്തിന് വില്‍പന നടത്തുന്നവരും ആയിപ്പോകരുത്.
എങ്കിൽ നാളെ ഇത് മറ്റ് എന്തിന്റെ പേരിലെങ്കിലും നിങ്ങളാരും ആവും.
വെള്ളരിക്കപ്പട്ടണം തന്നെയായ്.
ഇനിയങ്ങോട്ട് എന്തും നീതിയായ്.
മിന്നുന്നത് മുഴുവന്‍ പൊന്നായ്.
അത്രയ്ക്ക് മടുത്ത് തുടങ്ങുന്നു ജനങ്ങൾക്ക് താമസിച്ച് നിഷേധിക്കപ്പെടുന്ന നീതി എന്നതിനാല്‍.
*****
നാല് പേരും കൊല്ലപ്പെടുകയോ?
ഇതെന്ത് കഥ?
പോലീസ് തന്നെ വിധി പറഞ്ഞ്, പോലീസ് തന്നെ വിധി നടപ്പാക്കുകയോ?
ജനാധിപത്യത്തില്‍ എല്ലാം ഒരേയൊരു കോഴിയമ്മ തന്നെ ചെയ്യും എന്നായോ?
അത്രക്കുണ്ടോ ജനാധിപത്യത്തില്‍ പൊലീസിന്റെ അധികാരം?
അതും കസ്റ്റഡിയില്‍ കയ്യാമം വെച്ച് പോകേണ്ട, പോകുന്ന നിരായുധരായ പ്രതികൾ മുഴുവന്‍ ഒന്നൊഴിയാതെ സായുധരായ പൊലീസിനാല്‍ encounter ല്‍ കൊല്ലപ്പെടുകയോ...??
Encounter ല്‍ കൊല്ലാനാണെങ്കിൽ പിന്നെ അവരെ കസ്റ്റഡിയില്‍ എടുത്തത് എന്തിന്?
നമ്മൾ എവിടെയാണ്?
നമ്മൾ യാഥാര്‍ത്ഥ കുറ്റവാളികളെ വളരെ വിലകുറച്ച് കാണുന്നു. അവരുടെ മിടുക്കും വഴിയും തന്ത്രവും. അത് എല്ലായിടത്തും പതിയിരിക്കുന്നുവെന്നതും. രക്ഷകരെന്ന് വേഷമിടുന്നവരില്‍ വരെ. നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെത് പോലെ.
കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്ന് ആര് പറഞ്ഞു?
തെളിയിക്കപ്പെടാത്ത കാലത്തോളം നിരപരാധികളായി കണക്കാക്കണം എന്ന് നമ്മുടെ നാട്ടിലെ നിയമം.
അത് നമ്മള്‍ക്കറിയില്ലേ?
അതല്ല, ഇവരുടെ കാര്യത്തില്‍ ആ നിയമവും നീതിയും ബാധകമല്ലെന്നാണോ? പോലീസ് മാത്രം തീരുമാനിച്ചാല്‍ മതിയെന്നാണോ? അതൊക്കെ ഇവിടുത്തെ വലിയ ആളുകള്‍ക്ക് മാത്രമേ ലഭ്യമാവേണ്ടതുള്ളൂ എന്നാണോ? പോലീസ് ഗാലറിക്ക് വേണ്ടി ഇങ്ങനെ കളിക്കണം എന്നാണോ?
ഉന്നതരാണ് പ്രതികളെങ്കിൽ, കോടതിയില്‍ തെളിയിക്കുന്നത് വരെ നിരപരാധിയെന്നും, മറിച്ചാണെങ്കിൽ, പ്രതികള്‍ പാവങ്ങളാണെങ്കിൽ, കോടതിയില്‍ തെളിയിക്കേണ്ടതില്ല, പകരം അവര്‍ തുടക്കം മുതലേ കുറ്റവാളികളെന്നും, അവരെ കാണുന്നിടത്ത് വെച്ച് നേരെ വെടിവെച്ച് കൊന്നേക്കുക എന്നും നാം പറയാൻ ശ്രമിക്കുന്നു.
ആ നിലയിലാണ്, തെളിയിക്കപ്പെടാത്ത കാലത്തോളം നിരപരാധികളായി കണക്കാക്കണം എന്നതിനാലാണ്, ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളും കുറ്റവാളികളും ഇവിടെ രക്ഷപ്പെട്ടതും രക്ഷപ്പെടുന്നതും എന്ന് നമുക്ക്റിയില്ലേ? .
ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഒക്കെ.
ഒന്നും എവിടെയും തെളിയില്ല എന്ന് അവര്‍ക്കുറപ്പുള്ളതിനാല്‍.
അതിനുള്ള മിടുക്ക് അവര്‍ക്കുണ്ട് എന്ന് അവര്‍ക്കുറപ്പുള്ളതിനാല്‍.
ആ നിലക്കാണോ, കോടതിയുടെ മുന്‍പില്‍ ആര്‍ക്കും എങ്ങിനെയും രക്ഷപ്പെടാന്‍ പറ്റും എന്ന് തോന്നിയതിനാലാണോ, അത്തരം നിസ്സഹായ ചിന്തയില്‍ നിന്നാണോ, ജനങ്ങൾ ഈ കൊല നടപ്പാക്കിയ പൊലീസുകാരെ വല്ലാതെ പ്രശംസിക്കുന്നത്?
നമ്മുടെ കോടതികൾ ശരിക്കും പരാജയമാണെന്നാണോ ഇത് തരുന്ന സൂചന?
ജനങ്ങൾക്ക് കോടതിയുടെ നീതിയിലും താമസിപ്പിച്ച് നീതി നിഷേധിക്കുന്ന നീതിസമ്പ്രദായത്തിലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങുന്നതിന്റെ സൂചനയും കൂടിയാണോ ഇത്തരം encounter കൊലപാതകങ്ങളെ വല്ലാതെ പിന്തുണക്കുന്നതും താലോലിക്കുന്നതും?
നീതി ഇങ്ങനെയെങ്കിലും നടപ്പാക്കുന്നു എന്നതിൽ ജനങ്ങൾ അപകടകരമായ ഒരുതരം ആത്മരതിയും സുഖവും അനുഭവിക്കുന്നത് പോലെയുണ്ടോ? അത്രയ്ക്കുണ്ട് അവരുടെ ഇക്കാര്യത്തിലെ പിന്തുണയും ആനന്ദവും.
നീതി നടപ്പാക്കാന്‍ ഇനിയങ്ങോട്ട് സിനിമയിലെ നായകന്മാരെ പോലെ പോലീസ് തന്നെ വേണം, അവർ നേരിട്ട് തന്നെ ഉടനെ കൊല്ലണം എന്നാണോ ഇതൊക്കെയും അര്‍ത്ഥമാക്കുന്നത്?
നമ്മൾ എത്രവേഗം സ്വാധീനിക്കപ്പെടുന്നു.
നമ്മൾ എത്രവേഗം മറക്കുന്നു?
നമ്മൾ എത്രവേഗം കെണിയില്‍ വീഴുന്നു?
******
പ്രതികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം.
പക്ഷേ അവര്‍ക്ക് പറയാനുള്ളത് എത്ര വിഡ്ഡിത്തമാണെങ്കിലും കേട്ടതിന് ശേഷം.
അതെന്തേ വാളയാര്‍ കേസില്‍ ആരും ഈ വികാരം തുള്ളിച്ചു കാണിക്കാതെ ഇരുന്നത്?
അവിടെ പ്രതികളെ രക്ഷിച്ചവര്‍ക്കെതിരെ ആരും ഒന്നും ചെയ്യാതിരുന്നത്?
ഇവിടെ പ്രതികളെ പിടികൂടിയല്ലോ?
തെളിവുകൾ നാം കരുതുന്നത് പോലെ ശരിയാണെങ്കില്‍ കോടതി ശിക്ഷിക്കുകയും ചെയ്യും.
തെളിവുകൾ നാം കരുതുന്നത് പോലെ ശരിയാണെങ്കില്‍ കോടതി ശിക്ഷിക്കുകയും ചെയ്യും.
ഇവിടെ ഒരു നിയമസംവിധാനം ഉണ്ട്.
ആ സംവിധാനം വെച്ച് പൊലീസിന് ഇങ്ങനെ കൊല്ലാന്‍ അധികാരമില്ല.
അതവർ ചെയതത് പിന്നിലെ വേറെ ആരെയെങ്കിലും സംരക്ഷിക്കാനാണെങ്കിലോ, അങ്ങനെ ആയാലോ?
എങ്കിൽ നമ്മളെല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികള്‍ ആക്കപ്പെടുകയല്ലേ സംഭവിക്കുക?
ചട്ടുകങ്ങൾ മാത്രമായവർ ഒന്നും പുറത്ത് പറയാതിരിക്കാന്‍ അവരെയങ്ങ് ഉന്മൂലനം ചെയ്തേക്കുക എന്നത് മാത്രമായിരിക്കില്ലേ എങ്കിൽ സംഭവിച്ചത്?
പ്രതിയും വാദിയും ഒരുപോലെ അങ്ങ് ഇല്ലാതാവുക.
സംഗതി കുശാല്‍.
അത്രയേ ഉള്ളൂ.
അത്രയേ ഉള്ളൂ.
No comments:
Post a Comment