Monday, September 30, 2019

മോക്ഷം തലച്ചോറില്‍നിന്ന്. അറിവ് മോക്ഷത്തെ സഹായിക്കാനല്ല; ജീവിതത്തെ സഹായിക്കാന്‍.

മോക്ഷം തലച്ചോറില്‍നിന്ന്
അറിവ് മോക്ഷത്തെ സഹായിക്കാനല്ല
ജീവിതത്തെ സഹായിക്കാന്‍
അറിവ് ഏറെക്കുറെ ജീവിതത്തിനായ് 
മനുഷ്യന്‍  ഉണ്ടാക്കിയത്.

********

വെറുതെയെന്നത്‌  ബാക്കിയാവും
ജീവിതം എന്തെല്ലാം ലക്ഷ്യമുള്ളതെന്ന് 
ദൈവം വെച്ചാലും
ദൈവം സൃഷ്ടിച്ചതും
ദൈവം തന്നെയും 
വെറുംവെറുതെയാവും.

*******

സ്ത്രീക്ക് സമൂഹവും ദൈവവും അവളിൽ
എവിടെയും പോകാതെ പുണ്യവതിയാവാം
പുരുഷന് സമൂഹവും ദൈവവും പുറത്ത്
ചിന്തിക്കണം, അധ്വാനിക്കണം, ഭയക്കണം.

********

വൃഥാവ്യയം, ആഡംബരം
നിര്‍വചനം തെറ്റും.
രണ്ടിലച്ചെടിക്ക് ഒരിലയും പ്രധാനം
വൻവൃക്ഷത്തിന് 
നൂറായിരം ഇലകൾ 
ഒരുമിച്ച് പൊഴിക്കുക നിർബന്ധം.

*******

എല്ലാ നാശത്തിനിടയിലും 
വളരുന്ന ചിലരുണ്ട്
എല്ലാ വളർച്ചക്കിടയിലും 
നശിക്കുന്ന ചിലരുണ്ട്
നാശത്തില്‍ വളർച്ചയും 
വളർച്ചയില്‍ നാശവുമുണ്ട്.

******

കടലിന്റെ ചിത്രം വരക്കാം
കടൽവെള്ളം കപ്പില്‍ എടുക്കാം
പക്ഷേ നിന്റെ കപ്പിലും ചിത്രത്തിലും 
ഉള്ളത് മാത്രമാണ് കടൽ 
എന്ന് പറയരുത്.

********

കാരണം ഉള്ളത് വെറുപ്പ്, ഇഷ്ടം.
കാരണമില്ലാതെ, വിപരീതമില്ലാതെ, സ്നേഹം.
സ്നേഹിക്കുന്നത് അവനവനെ മാത്രം.
ബാക്കിയെല്ലാം ഇഷ്ടം, വെറുപ്പ്

*******

ബോധോദയം 
ഏതോ കാലത്തുള്ള 
ആരുടെയെങ്കിലും മാത്രം 
സാധ്യതയല്ല
എല്ലാ കാലത്തുമുള്ള 
എല്ലാവരുടേയും 
സാധ്യതയാണ്.

**********

രണ്ടാളും ജയിക്കണമെന്ന് വാശിയായാല്‍ 
രണ്ടാളും തോല്‍ക്കുന്ന കളി
അത് ദാമ്പത്യം
അവിടെ സമനിലയില്ല
രണ്ടാളും തോറ്റാലെ 
രണ്ടാളും ജയിക്കൂ.

********

ഒറ്റക്കെടുത്താൽ അക്ഷരവും 
കുത്തും കോമയും അർത്ഥമില്ലാത്തത്.
മുഴുവന്റെയും ഭാഗമായാൽ അവക്കർത്ഥം.
മുഴുവനേയുള്ളൂ. അതിനു വേണ്ടഞാനും”.

*********

സ്ത്രീ ശ്രമിക്കാതെ നേടും
പുരുഷൻ ശ്രമിച്ചു നഷ്ടപ്പെടും.
അതിനാൽ പുരുഷനു കവിയും ചിന്തകനും 

അധികാരിയും പ്രവാചകനും ആവേണ്ടിവരും.

സൗഹൃദം. ഭൂമിയായ നിന്റെ ആകാശം. സുഹ്രുത്ത്. ആകാശത്തില്‍ വെയിലേറ്റ് ഭൂമിയിൽ തണലേകുന്ന മേഘപാളി.

എല്ലാ സൗഹൃദങ്ങള്‍ക്കും സമര്‍പ്പണം.
(മരണവും വേദനയും
വിരഹവും ഒന്നുമല്ല
കരയിക്കേണ്ടത്.
ചിലര്‍
സൗഹൃദങ്ങൾക്ക് വേണ്ടി
നടത്തുന്ന അലച്ചില്‍
കാണുമ്പോഴാണ്
കണ്ണ് കലങ്ങി
കരയേണ്ടത്.
ആ ചിലര്‍
നിരുപാധികം വെച്ച് നീട്ടുന്ന
സൗഹൃദത്തിന്റെ
ആഴവും പരപ്പും
കണ്ട് ഞെട്ടിയാണ്
കരയേണ്ടത്.
അവർ
മരുഭൂമിയില്‍
പൊരിവെയിലില്‍
ജീവന്റെ നനവ്
സൂക്ഷിക്കുന്ന
cactus ചെടിൾ.
അതിജീവനം
എങ്ങിനെയും
സാധ്യമാക്കുന്ന
മണ്ണിലൊളിഞ്ഞ
വിത്തുകൾ.) 
*****
സൗഹൃദം.
ഭൂമിയായ നിന്റെ
ആകാശം.
നിന്റെ ശാഖകള്‍
നീട്ടിപ്പരത്തേണ്ടയിടം. 
നിന്നെ നീയാക്കി
വലുതാക്കുന്ന
നിന്റെ ആകാശം.
നീയെന്ന
ചെറുയാഥാര്‍ത്ഥ്യത്തിന്റെ
വലിയ സാധ്യത.
****
സുഹ്രുത്ത്.
ആകാശത്തില്‍
വെയിലേറ്റ്
ഭൂമിയിൽ
തണലേകുന്ന
മേഘപാളി.
പ്രതീക്ഷയായി.... 
കനത്ത്
കനമില്ലാതെ,
കറുത്ത്
കറുക്കാതെ,
വെളുത്ത്
വെളുക്കാതെ,
കറുപ്പും വെളുപ്പും
ഒന്ന്,
ഒന്നിന് വേണ്ടി,
ഒന്നാവാനെന്ന്
മഴയായറിയിച്ച്,
ഉയരത്തില്‍
താഴ്ചയെ
കാണിച്ച്, 
ഉയരുന്നത്
താഴ്ന്നു വരാൻ
മാത്രമെന്നറിയിക്കുന്ന
ഇരുട്ടിലെ വെളിച്ചം.
വിജനതയിലെ
കാൽപെരുമാറ്റം. 
കൗമാരം ഉരുവിടുന്ന
അനിശ്ചിതത്വത്തില്‍
ധൈര്യമായ്
കടന്ന് വരുന്നത്.
എല്ലാ ദിശകളിലേക്കും
വാതിലുകളുള്ള
സുരക്ഷിത താവളമൊരുക്കാന്‍
കടന്ന് വരുന്നത്.
****
സൗഹൃദം.
വെയിലില്‍
കൊരുത്ത്
മഴയായ്
പൊടിയുന്ന
നനവും കുളിരും. 
നിന്റെ തന്നെ
വിചാരങ്ങളും
വികാരങ്ങളും
വിയര്‍പ്പുകണങ്ങളും
നീരാവിയായ്
പൊങ്ങിയൊരുങ്ങുന്ന
മേഘപാളികള്‍.
സുഹ്രുത്ത്.
****
എന്ത്‌ സൗഹൃദമെന്നും
ചോദ്യമാവും. 
പക്ഷേ, ചിലർ
സൗഹൃദത്തെ
കൊതിക്കുന്നത്
കാണുമ്പോള്‍,
നമ്മളും
കൊതിച്ച് പോകും.
കൊതി കണ്ട്
കൊതിയെ
കൊതിച്ചു പോകും.
ദാഹം പൂണ്ടുപോകും. 
****
ഓര്‍മളെ
സുഹൃത്തുക്കളെന്ന്
പേരിട്ട് വിളിക്കുക. 
ആ വിളിക്ക്
ഉത്തരം നൽകുക.
പതിറ്റാണ്ടുകള്‍ കഴിഞ്ഞും,
ഉറക്കമിളച്ച് ദൂരംതാണ്ടി
കാറ്റ്‌ പോലെ വന്ന്മടങ്ങുക. 
പറയാതെ
ചില കാര്യങ്ങൾ
പറഞ്ഞുവെക്കുക. 
കൊത്താതെ
ചില വെളിച്ചങ്ങൾ
കൊത്തിവെക്കുക.
ചില സാക്ഷ്യങ്ങൾ
തന്നേച്ച് പോവുക.
അങ്ങനെയും
ചിലര്‍...
****
ആ ചിലര്‍,
അവർ പറയും പോലെ,
വെറും പച്ചയായ മനുഷ്യര്‍.
മുന്‍പിലില്ലാതെ
പോകുന്നവർ.
പ്രസക്തരാവാനില്ലാതെ
നിശബ്ദരായിപ്പോകുന്നവർ. 
പിന്നില്‍നിന്ന്,
സൗഹൃദത്തെ മുഴുവന്‍
മുന്നില്‍ നിര്‍ത്തി,
കാത്തുരക്ഷിക്കുന്നവർ 
പച്ചയിലെ
നനവുള്ളര്‍. 
അവകാശവാദമൊന്നുമില്ലാതെ
ഉണങ്ങാതെപോയവര്‍. 
*****
ദൂരം കടന്ന്
ഉറക്കം കളഞ്ഞ്
ഇങ്ങിനെയിവിടെ
വന്ന്കണ്ട്, ആ ചിലര്‍
പറയാതെ പറഞ്ഞ
ചിലത്
വലിയ പാഠങ്ങൾ. 
****
ജീവിതം പോലെ തന്നെ
സൗഹൃദം.
ആകസ്മികമായ്.
കുഞ്ഞായ് തന്നെ
ജനിക്കും.
ഒരു പിടുത്തവും
പരിചയവും
ഇല്ലാതെ. 
വളര്‍ന്ന്
ജീവിക്കുമെന്ന്
ഒരു
നിര്‍ബന്ധവുമില്ലാതെ.
ആണും
പെണ്ണുമായ്. 
പേരെന്തുമായ്.
അനിശ്ചിതത്വത്തിന്റെ
അരക്ഷിതാവസ്ഥയില്‍. 
******
ഭക്ഷണം ഏറെ.
പക്ഷേ,
വിശക്കാത്തവനെന്ത്
ഭക്ഷണം?
ജീവിതം
അധ്വാനമായുണ്ടാവുന്ന
ഭക്ഷണമപ്പോൾ
വേണ്ടാത്തത്. 
വിശക്കുമ്പോള്‍
സ്വപ്നമായ് കണ്ടത്
മുഴുവന്‍
അസ്ഥാനത്ത്. 
അയാളെ പോലെ
ചിലർക്ക് വിശക്കുന്നത്
ഭക്ഷണത്തിനല്ല;
സൗഹൃദങ്ങൾക്ക്
വേണ്ടി മാത്രം. 
ആ വിശപ്പ്, വല്ലാതെ
കഠിനതരവുമായിരിക്കും. 
അതിനാൽ,
സൗഹൃദങ്ങളില്‍,
അവർ എല്ലാം തിന്നും.
മുള്ളുള്ളതും
കയ്പുള്ളതും
എരിവുള്ളതും
മധുരമുള്ളതും
കെട്ടതും
പഴുത്തതും
മൂത്തതും
മൂക്കാത്തതും
എല്ലാം.
എല്ലാവരേയും
എല്ലാറ്റിനെയും
ഒരുപോലെ കണ്ട്. 
അവർക്ക്
പല്ല് പൊട്ടില്ല.
വായ പഴുക്കില്ല.
തൊണ്ട ഞെരിയില്ല.
വയറിളകില്ല.
****
ആ ചിലര്‍
നീട്ടുന്ന സൗഹൃദം
കണ്ണും മൂക്കുമില്ലാതെ
വളരുന്ന വടവൃക്ഷം.
ഏത്
ഉറുമ്പിനും ചിതലിനും
പാമ്പിനും തേളിനും,
കുരുവികള്‍ക്കും
പക്ഷികള്‍ക്കും
ഇത്തിള്‍കണ്ണികള്‍ക്കും
സൗഹൃദം പറഞ്ഞ്‌
അതിലേക്ക് കയറാം. 
****
സൗഹൃദത്തില്‍
വിശപ്പുള്ളവർ
ഏതറ്റം വരെയും
പോകും.
വേര് കീഴെയും
കൊമ്പ്‌ മുകളിലോട്ടും
പോകുന്നത് പോലെ.
സൗഹൃദം
അത്‌ വളരാൻ വേണ്ട
വെള്ളവും വെളിച്ചവും
സ്വയം തേടും, കണ്ടെത്തും. 
****
ചില സൗഹൃദങ്ങൾക്ക്.... 
വിശക്കുന്നത്
ഭക്ഷണത്തിന്
വേണ്ടിയാവില്ല.
ദാഹിക്കുന്നത്
വെള്ളത്തിന്
വേണ്ടിയും
ആയിരിക്കില്ല.
പകരം
പരസ്പ്പരം
ഭക്ഷിക്കാനും
കുടിക്കാനും
മാത്രമായിരിക്കും.
സൗഹൃദം
സൗഹൃദത്തെ തന്നെ
ഭക്ഷിക്കുക,
കുടിക്കുക.
****
എന്തിനു വേണ്ടി
വിശക്കുന്നുവോ,
അതിന്‌ വേണ്ടി
യാത്ര ചെയ്യുക.
അതാണ്
സൗഹൃദത്തിന്റെ
അസ്ഥിവാരം. 
****
അങ്ങിനെയുള്ള ചിലരുടെ
സൗഹൃദത്തിന്റെ വലുപ്പം
അളക്കാനുമാവില്ല. 
കാരണം,
അവർ
സൗഹൃദം കൊണ്ട്‌
ആകെമൊത്തം
മൂടിപ്പുതച്ച്
നിങ്ങളെ
അന്ധരാക്കും.
ശ്വാസംമുട്ടിക്കും.
സുഹൃത്തുക്കളെയവർ
അവരുടെ ഏകപക്ഷീയ
നിശബ്ദ സൗഹൃദം കൊണ്ട്‌
ലഹരിപിടിച്ചവരാക്കും. 
****
സൗഹൃദം
'അങ്ങോട്ടും ഇങ്ങോട്ടുമുള്ള
പാലം'
എന്നതും അവർ
തിരുത്തിക്കുറിക്കും.
അത്‌
നിന്നില്‍ നിന്നും
നിന്റെ സുഹൃത്തിലേക്ക്
മാത്രമുള്ള പാലവും
ആകാമെന്ന്.
തിരിച്ച് നിന്നിലേക്ക്
ആ പാലം
വന്നെത്തണമെന്ന്
നിര്‍ബന്ധമില്ലാതെ.
നിന്നെ
അറിഞ്ഞില്ലെങ്കിലും
നീ അറിയുന്നതാണ്
സൗഹൃദമെന്നും
അവർ തിരുത്തി
വായിച്ചു തരും.
****
സൗഹൃദമെന്ന
കൊമ്പില്‍നിന്ന്
അതേ കൊമ്പ്‌ തന്നെ
മുറിക്കുന്ന
സൗഹൃദവുമുണ്ട്.
അവരെയും ആ ചിലര്‍
താലോലിച്ച് വളര്‍ത്തും.
വകഭേദമില്ലാതെ.
*****
സൗഹൃദം
പുഴയൊഴുകും പോലെ.
എന്തിനെന്ന
സ്വാര്‍ത്ഥത തീണ്ടാതെ.
ഒഴുക്ക് തന്നെയല്ലാത്ത
ചോദ്യമുണരാതെ. 
ആര്‍ക്കും,
മുഖം നോക്കാതെ,
നല്കുക.
നല്‍കുന്നതില്‍ മാത്രം
നിര്‍വൃതി ;
കിട്ടുന്നതിലല്ല. 
ആരെയെങ്കിലും
നനക്കുക,
ഉടുപ്പിക്കുക.
തന്നെ
വൃത്തികെടുത്തുന്നവനും
തന്നില്‍
മുങ്ങിനിവരാം.
വൃത്തിവരുത്താം.
*****
സൗഹൃദം
ജീവിതം പോലെ.
എന്ത് കിട്ടി
എന്നിടത്തല്ല;
എന്തെടുത്തു
എന്നിടത്താണ്.
എങ്ങിനെയെടുത്തു
എന്നിടത്താണ്.
കിട്ടുന്നത്‌
എന്തുമാവാം. 
ചളിയും മണ്ണുമാവാം.
പക്ഷേ
എടുക്കുന്നത്
പൂവും പഴവുമാവാം. 
കിട്ടുന്നത്‌
പൂവും പഴവുമാവാം. 
പക്ഷേ,
ചതച്ചരച്ച് അതിനെ
ചളിയും മണ്ണുമാക്കി
എടുക്കാം.
***
എല്ലാവർക്കും
അവനവന്‍ പ്രധാനം.
അകപ്പെട്ട
ജീവിതത്തിന്റെ
മാനം
പറയുന്നതാണത്. 
മറ്റുള്ളവര്‍
ജീവിച്ചിരുന്നില്ലേലും
പ്രശ്നമല്ല.
ജീവിതത്തിന്
അളവുകോല്‍
താന്‍ മാത്രം. 
പക്ഷേ, സൗഹൃദം
ആ മാനത്തെ
കീറിമുറിച്ച് പൊളിക്കുന്ന
കത്തിയാണ്.
സൗഹൃദത്തില്‍
കാര്യം മറിച്ചാണ്.
തേനീച്ചയുടെ,
ജീവിതം തന്നെയായ,
സിദ്ധാന്തം
പ്രയോഗമാക്കലാണത്.
താന്‍
ജീവിച്ചിരുന്നില്ലേലും;
മറ്റുള്ളവർ ജീവിക്കണം,
അവർ ജീവിച്ചിരിക്കണം
എന്ന് വരിക.
അതാണ്,
അതിലാണ്
സൗഹൃദം.
ഉരുകിത്തീരുന്ന
മെഴുകുതിരിയായ്
ആ സൗഹൃദത്തെ
കണ്ടിട്ടില്ലേല്‍,
അത്‌
കാണാത്തവന്റെ മാത്രം
തെറ്റ്.
****
മാനത്തിനുള്ളില്‍
നിര്‍വ്വചിക്കപ്പെട്ട്
തടവിലാക്കപ്പെടുമ്പോള്‍
നീ നീയാവുന്നു.
മാനത്തെയും
നിര്‍വ്വചനത്തെയും
പൊളിച്ച്
പുറത്ത് വരുമ്പോള്‍,
നീ ഒരു
സുഹൃത്താവുന്നു.
****
സൗഹൃദം
ജനാല തുറന്നിടലാണ്.
പുതിയത്
കടന്ന്‌വരികയും
പഴയത്
കടത്തിവിടലും
വിട്ടുപോവലും. 
താനല്ലാത്തതിനെ
കാണുന്ന,
കാണിക്കുന്ന
വെളിച്ചമാവുകയാണ്
സൗഹൃദം. 
വാങ്ങാനും
കൊടുക്കാനും
കൈ
തുറന്നുപിടിക്കല്‍. 
അടഞ്ഞ മുറിയില്‍
കണ്ണാടിക്ക് മുന്‍പിലിരുന്ന്
തന്നെ മാത്രം
കാണുകയല്ലത്.
*****
പറയാനാവുന്നതും,
ആരോടും
പറയാനാവാത്തതും
പറയാവുന്നിടം.
സൗഹൃദം.
ഏവരും
അകപ്പെട്ട
മാനത്തിന്റെ
ഗതികേടില്‍ നിന്ന്
ശാന്തി തേടി,
പുറത്ത് പോക്കാണ്,
ശ്രമമാണ്
സൗഹൃദം.
*****
സൗഹൃദം
വിത്തിടുന്നത്
പരസ്പരമുള്ള
അപരിചിതത്വത്തില്‍.
അപരിചിതത്ത്വം
ഉണ്ടാക്കുന്ന
കൗതുകത്തില്‍,
അധൈര്യത്തില്‍.
സൗഹൃദം
വിത്തിന് വേണ്ടി
വിണ്ട്‌ കീറുന്ന
മണ്ണ് പോലെ.
വേരിന് കയറാൻ
തന്റെ നെഞ്ചകം
പിളര്‍ന്ന്‌ കൊടുക്കും
മണ്ണ്. 
മുളച്ച് മരമായി
വളര്‍ന്നാലും
തൊട്ടിലിലെന്ന പോലെ
ഭാരം പേറിയും വഹിക്കും
മണ്ണ്.
വേരാഴുന്ന
ഇടങ്ങളിലെ
ഇരുട്ടിനെ
കൊമ്പ്‌ കോരുന്ന
വെളിച്ചം കൊണ്ട്‌
ഊട്ടിയുറക്കും
മണ്ണ്.
സൗഹൃദം
വേരിറക്കുന്നത്
ഓര്‍മകളില്‍.
മണ്ണില്‍. 
അറിഞ്ഞെന്ന് കരുതി
വേരാഴ്ത്തി
ധൈര്യം നേടാന്‍. 
****
മരുഭൂമിയിലൊരു
മരുപ്പച്ചയുണ്ട്.
അതാണ്
അങ്ങനെയാണ്
ചില സൗഹൃദങ്ങൾ. 
അന്വേഷിച്ചു തന്നെ
കണ്ടെത്തണം.
****
ആ മരുപ്പച്ചയില്‍
സുഹൃത്തുക്കൾ
തിരിച്ചറിയണം 
സൗഹൃദത്തില്‍,
സുഹൃത്തുക്കൾ,
പരസ്പരം
അങ്ങോട്ടുമിങ്ങോട്ടും
ഗുരു ശിഷ്യന്‍മാര്‍.
ഗുരുശിഷ്യന്‍മാരവര്‍ക്ക്
പരസ്പരം
ആവാന്‍ പറ്റാത്തത്
ഒന്നുമില്ല.
ഭാര്യയും ഭർത്താവും
അമ്മയും അച്ഛനും
ചേട്ടനും പെങ്ങളും
ഗുരുവും ശിഷ്യനും
ഒക്കെയാവും
അവർ പരസ്പരം.
(കുട്ടിക്കാലം, സ്കൂൾ, കോളേജ്, ലോ കോളേജ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി, കുവൈത്ത്, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള മുഴുവന്‍ സൗഹൃദങ്ങള്‍ക്ക്)

സ്ത്രീപക്ഷവാദികള്‍ അവരുടെ തന്നെ ശത്രുക്കളാകുമ്പോള്‍. വേലി വിളയുടെ ശത്രു.

സ്ത്രീപക്ഷവാദികള്‍ അവരുടെ തന്നെ ശത്രുക്കളാകുമ്പോള്‍. വേലി വിളയുടെ ശത്രു.
(സംവാദം പൂര്‍ണ്ണരൂപം. ചോദ്യോത്തരം) .
****
തുടക്കക്കുറിപ്പ്.
സ്ത്രീ ശ്രമിക്കാതെ നേടും; പുരുഷൻ ശ്രമിച്ചു നഷ്ടപ്പെടും. അതിനാൽ പുരുഷന് കവിയും സന്യാസിയും ചിന്തകനും അധികാരിയും പ്രവാചകനും ഒക്കെ ആവേണ്ടിവരും.
*****
ചോദ്യം (from Saniya Nishan) : ഈ പറയുന്നവരിൽ ഒന്നും സ്ത്രീകളെ കണ്ടിട്ടില്ലേ?
ഉത്തരം:
കണ്ടു.
പക്ഷേ വളരേ വിരളമായി.
ഒരപവാദം പോലെ.
അപവാദമായത് മറ്റൊന്നും കൊണ്ടല്ല.
സ്ത്രീക്ക് അവളെ ബാഹ്യമായി പ്രതിബിംബിച്ചു വ്യക്തിത്വരൂപീകരണം നടത്തി തിരിച്ചറിയേണ്ടി വരുന്നില്ല എന്നതിനാല്‍. ശാരീരിക സൗന്ദര്യത്തിന്റെ കാര്യത്തില്‍ലൊഴികെ. അതാണെങ്കിൽ സ്വന്തം വൈകൃതത്തെ കുറിച്ച ബോധ്യത്തില്‍നിന്നുണ്ടാവുന്ന അപകര്‍ഷതാബോധം കാരണം. 
പുരുഷനെ അപേക്ഷിച്ച് സ്ത്രീ കൂടുതൽ വ്യക്തതയുള്ള സ്വസ്ഥതയും പൂര്‍ണതാബോധവും അനുഭവിക്കുന്നു എന്നതിനാല്‍. അവള്‍ക്ക് മുഖ്യം ശാരീരിക സുരക്ഷിതത്വം. അത് കിട്ടുകയാണെങ്കിൽ പിന്നെ ഏറെ പ്രശ്നമില്ല എന്നതിനാല്‍.
അവിടെയാണ് പുരുഷന്റെ ബാധ്യതയും ഭാരവുമായി, സംരക്ഷണച്ചുമതലയായി മേൽപറഞ്ഞതിനൊക്കെ പുറമെ, സ്ത്രീ ആകുന്നതും, വന്ന് തുടങ്ങുന്നതും. 
പുരുഷൻ കവിയും ചിന്തകനും അധികാരിയും പ്രവാചകനും ആവുന്നതല്ല; പ്രശ്നവശാലും സാഹചര്യവശാലും ആവേണ്ടി വരുന്നതാണ്. വിചാരിക്കും പോലെ ജീവിക്കാനാവാത്തത് കൊണ്ട്‌. ജീവിതം നിഷേധിക്കപ്പെടുന്നത് കൊണ്ട്‌. സ്വാഭാവികത നഷ്ടപ്പെടുന്നത് കൊണ്ട്‌.
സ്വാഭാവികതയും ജീവിതവും നഷ്ടപ്പെടുന്നിടത്തും, സ്വാഭാവികതയും ജീവിതവും തിരിച്ചുപിടിക്കാനുമാണ് മനുഷ്യന് അടിസ്ഥാനപരമായി (അതിൽ ഏറെയും പുരുഷന്) ചിന്തിക്കേണ്ടിയും അദ്ധ്വാനിക്കേണ്ടിയും അന്വേഷിക്കേണ്ടിയും സന്യസിക്കേണ്ടിയും പ്രവാചകനും അധികാരിയും എഴുത്തുകാരനും ഒക്കെ ആവേണ്ടിയും വരുന്നത്. അസ്വാഭാവികതയുണ്ടാക്കുന്ന അസ്വാതന്ത്ര്യത്തില്‍ നിന്നും ഏതോ നിലക്കുള്ള സ്വാതന്ത്ര്യം തേടിക്കൊണ്ട്. തലച്ചോറിന്റെ മാനത്തില്‍നിന്നും തടസ്സത്തില്‍നിന്നും പൂര്‍ണ ഉത്തരം കിട്ടി മോക്ഷം നേടാൻ. 
ഒരാൾ സ്വാഭാവിക വളര്‍ച്ചയുടെ ഭാഗമായി എന്തെങ്കിലും ആകുന്നതും, നിസ്സഹായത തൊട്ടറിഞ്ഞ്, ജീവിതം തന്നെ നിഷേധിക്കപ്പെടുന്നത് കൊണ്ട്‌ ഉരുകി എന്തെങ്കിലും ആവേണ്ടി വരുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. 
തലച്ചോറിനും അപ്പുറത്തെ ശൂന്യതയെന്ന ആത്യന്തികഭാവവും സാധ്യതയും എല്ലാവർക്കും ഒരുപോലെ. എങ്കിലും ആ ഭാവത്തെ തലച്ചോറിനും അപ്പുറത്ത് സങ്കല്പിച്ചു സ്ത്രീയെക്കാള്‍ പുരുഷൻ കൂടുതല്‍ പ്രതിബിംബിച്ചു കാണാന്‍ ഇടവരുന്നു. അല്ലെങ്കിൽ സ്ത്രീയെക്കാള്‍ ആ ശൂന്യതബോധവുമായി പൊരുത്തപ്പെട്ടു പോകാൻ പുരുഷന് സാധിക്കുന്നില്ല.
ആയിരിക്കുന്ന അവസ്ഥയില്‍ ആയിരിക്കാന്‍ സ്ത്രീക്ക് കൂടുതല്‍ സാധിക്കുന്നു. ശൂന്യതയിലും അര്‍ത്ഥരാഹിത്യത്തിലും നിറഞ്ഞ്തുള്ളി നൃത്തമാടാന്‍ സ്ത്രീക്കാവുന്നു. ഭൗതികാര്‍ത്ഥത്തിലല്ല. ചിന്താപരമായ, ആത്മീയമെന്ന് പൊതുജനം വിളിക്കുന്ന, അര്‍ത്ഥത്തില്‍. ഒരുപക്ഷേ, ഏറെ ചിന്തിക്കാതെ തന്നെ ഇരിക്കുന്നു സ്ത്രീ. കൂടുതൽ പൊരുത്തപ്പെട്ട് സംഘർഷമില്ലാതെ ധ്യാനത്തിലെന്ന പോലെ.
അതിനാലും പുരുഷന് ഇങ്ങനെ പലതും ആവേണ്ട, അന്വേഷിക്കേണ്ട, സ്വയം സമര്‍ഥിച്ച് തെളിയിക്കേണ്ട വിധിയും യോഗവും.
സ്ത്രീ ശാരീരിക സുരക്ഷിതത്വം മാത്രം തേടുന്നു. സ്ത്രീക്ക് മുഖ്യവും അത് മാത്രം. എങ്ങിനെയും ആ സുരക്ഷിതത്വം നേടുന്നു, ഉറപ്പ് വരുത്തുന്നു സ്ത്രീ. അതിലാണ് അവളുടെ ഏറിയ ശ്രദ്ധയും ജാഗ്രതയും.
അതിനാല്‍ തന്നെ, ഏറിയപങ്കും പുരുഷനെ അപേക്ഷിച്ച് അവള്‍ക്ക് ജീവിതം നിഷേധിക്കപ്പെടുന്നില്ല. അവൾ തന്നെ സ്വയം ജീവിതമാവുകയും ജീവിതത്തിലാവുകയും ചെയ്യുന്നു. 
പദാര്‍ത്ഥജീവിതം കൊരുക്കുന്നതും രൂപപ്പെടുന്നതും വളരുന്നതും തളിര്‍ക്കുന്നതും അവളിലൂടെ എന്നതിനാല്‍ പ്രത്യേകിച്ചും. 
ആ നിലക്ക്, സ്ത്രീ ഭൂമി പോലെതന്നെ യാഥാര്‍ത്ഥമായത്. ഇളക്കം തീരെ ഇല്ലാത്തത്. നിശ്ചലസ്ഥായി. സ്വസ്ഥത പൂകി. ശാരീരിക സൗന്ദര്യവര്‍ദ്ധനവിന്റെ കാര്യത്തിലല്ലാതെ (അത് തന്നെയും സ്വന്തം നഗ്നതയിലെ വൃത്തികേടും വൈകൃതവും സ്വയം ബോധ്യമുള്ളതിനാൽ).
മറ്റൊരു നിലക്കും സ്ത്രീ സാങ്കല്‍പികതക്ക് നിന്നു കൊടുക്കില്ല. അവള്‍ക്ക് ജീവിതത്തില്‍ പദാര്‍ത്ഥപരമായ മൂര്‍ത്തതയും ഉറപ്പും തന്നെയുണ്ട്, ആ മൂര്‍ത്തത തന്നെ വേണം അവള്‍ക്ക് ജീവിതത്തില്‍ കൊണ്ട്‌ നടക്കാനും. കാരണം മൂര്‍ത്തമായ നിലക്ക് തന്നെ ഗർഭം ധരിക്കേണ്ടതും പ്രസവിക്കേണ്ടതും കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കേണ്ടതും ഉണ്ട് അവള്‍ക്ക്. അതവള്‍ക്ക് വെറും സുന്ദര സങ്കല്‍പം മാത്രമല്ല. പ്രയോഗവും വാസ്തവവുമാണ്. അതിന്‌ വേണ്ടി പുരുഷന്റെ സാങ്കല്‍പികതക്ക് വരെ തടസ്സം നിന്ന് കൊണ്ട്‌ അവളത് സാധിക്കും. അതിനാണ്, അവളെ അതിന്‌ സഹായിക്കാൻ വ്യവസ്ഥിതിയും സമൂഹവും. അവ നിശ്ചയിച്ച വിവാഹവും. അവളെ കുറിച്ച് പുരുഷൻ കഥയും കവിതയും എഴുതി ഏറെ സാങ്കല്‍പികന്‍ ആവുമ്പോഴും, അവൾ പദാര്‍ഥപരമായ മൂര്‍ത്തതയും സുരക്ഷിതത്വവും സംരക്ഷണവും മാത്രം അന്വേഷിക്കുന്നു, ഉറപ്പിക്കുന്നു. 
മറിച്ച്, ജനിതകമായും ചരിത്രപരമായും പുരുഷൻ അകപ്പെട്ട മാനവും അതിലെ ദുരന്തവും പുരുഷനെ പദാര്‍ത്ഥത്തിനപ്പുറമുള്ള ജീവിതത്തിന്റെ പൊതുവേയുള്ള ശൂന്യതയെ തുറിച്ച് നോക്കുമാറ് അസ്വസ്ഥനാക്കുന്നു.
അവന്‍ ആകാശം പോലെ വ്യക്തതയില്ലാതെ. അമൂര്‍ത്തനായി. സങ്കല്പം പോലെ ആടിയുലഞ്ഞ്. അലഞ്ഞ്, വലഞ്ഞ്. സ്വയവും അല്ലാതെയും നിര്‍വ്വചിക്കാനാവാതെ. മാറി മറിഞ്ഞ്. 
അതിനാല്‍ അന്വേഷിച്ചലഞ്ഞ് നടുക്കുന്നു അവന്‍. പിടിച്ചുനിൽക്കാൻ, മൂര്‍ത്തത കൈവരുത്താന്‍ ബാഹ്യമായതില്‍ നിഴലിട്ട്, പ്രതിബിംബിച്ച് കൊത്തിപ്പിടിച്ച് വ്യക്തിത്വരൂപീകരണത്തിന് ശ്രമിക്കുന്നു അവന്‍. ബാഹ്യമായി സമര്‍ഥിക്കേണ്ടിയും തെളിയിക്കേണ്ടിയും വരുന്ന, കവിയും ചിന്തകനും സന്യാസിയും
അധികാരിയും പ്രവാചകനും ഒക്കെ ആവേണ്ടി വരുന്നു അവന്. എത്രത്തോളമെന്നാല്‍ ഒരു പിതാവ് എന്ന നിലയില്‍ വരെ സമര്‍ഥിക്കേണ്ടിയും സമര്‍ഥിക്കപ്പെടേണ്ടിയും വരുന്നു. 
സ്ത്രീ ഉള്ളില്‍ പൂര്‍ണത അനുഭവിക്കുന്നു. സാധാരണ ഗതിയില്‍ ബോറടി എന്ന വിഷയം അവൾക്കില്ല, അഥവാ ഇക്കാലമത്രയും അങ്ങനെ ഇല്ലായിരുന്നു. ആയിരിക്കുന്ന അവസ്ഥയില്‍ ആയിരിക്കുന്ന സ്വാഭാവികത പുരുഷന്റെയത്ര കൈമോശം വരാതെ. 
ജീവിതത്തിന്റെ, ഉണ്ടെങ്കിൽ ഉള്ള, പൂര്‍ണത സ്ത്രീയിലാണ്, അവളിലാണ്. പൂര്‍ണത എപ്പോഴും അന്വേഷിക്കപ്പെടുന്നത് മാത്രമെങ്കിലും.
സ്ത്രീക്ക് സമൂഹവും ദൈവവും അവളിൽ. എവിടെയും പോകാതെ പുണ്യവതിയാവാം. പുരുഷന് സമൂഹവും ദൈവവും പുറത്ത്. ചിന്തിക്കണം, അധ്വാനിക്കണം, ഭയക്കണം
ജീവിതത്തിന്റെ തൊട്ടറിയുന്ന പദാര്‍ത്ഥപരതയും അവള്‍ക്കുണ്ട്, അവൾ സുരക്ഷിതയാണെങ്കിൽ. അഥവാ, അവൾ സുരക്ഷിതയാവും വരെ. 
അത്കൊണ്ട് തന്നെ, അല്ലെങ്കിൽ വെറുതെ അലഞ്ഞ് നടക്കുന്ന, പുരുഷനെ വരെ ഒരളവോളം പദാര്‍ത്ഥപരനാക്കാന്‍ കഴിയുന്നത്ര മൂര്‍ത്തത സ്ത്രീയില്‍ ഉണ്ട്.
അതിനാല്‍ തന്നെ അവള്‍ക്ക് അന്വേഷിക്കേണ്ടി വന്നില്ല, വരുന്നില്ല. ദേവാലയങ്ങളിലേക്ക് പോകേണ്ടി വന്നില്ല, വരുന്നില്ല. തപസ്സ് ചെയ്യേണ്ടി വന്നില്ല, വരുന്നില്ല. സന്യസിക്കേണ്ടിയും വന്നില്ല, വരുന്നില്ല.
എല്ലാം അവൾ ഉള്ളയിടത്തായി. അവളത് അസ്വാഭാവികതക്കടിപ്പെട്ട് അറിയാതെ പോയാലൊഴികെ. സംഗതിവശാല്‍ അക്കരപ്പച്ചയില്‍ കുടുങ്ങിയാല്‍ ഒഴികെ.
വർത്തമാനകാലത്തെ സ്ത്രീപക്ഷവാദമെന്ന് തോന്നിപ്പിച്ച, സ്ത്രീക്ക് ഉള്ളത് മുഴുവന്‍ നഷ്ടപ്പെടുത്തുന്ന, ചില സ്ത്രീകളെ പോലെ ആയാലൊഴികെ.
പുരുഷനെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന് എങ്ങിനെയോ തെറ്റായിക്കരുതി, അങ്ങനെ പ്രതിരോധിക്കുന്ന വഴിയില്‍ ഉള്ളതും നഷ്ടപ്പെട്ട് പുരുഷനെക്കാള്‍ വഷളായിപ്പോകുന്ന ചില സ്ത്രീകളെ പോലെ ആയാലൊഴികെ.
തെറി പറയുന്നവനെ പ്രതിരോധിക്കാന്‍ അതിലും വലിയ തെറി പറഞ്ഞവനെ പോലെ ആയ സ്ത്രീകളെ പോലെ ആയാലൊഴികെ. 
അപൂര്‍ണതയും ശൂന്യതയും അര്‍ത്ഥരാഹിത്യവും ഉള്ളിലും പുറത്തും നിഴലിട്ട് കാണുന്ന പുരുഷൻ ബാഹ്യമായി ശ്രമിച്ച്, സമര്‍ഥിച്ച്, പ്രതിബിംബിച്ച് നഷ്ടപ്പെടുന്നു, ക്ഷീണിക്കുന്നു. അത് തന്നെയാണ് അവന്റെ ചിന്തയും കവിതയും അധികാരവും സന്യാസവും അലച്ചിലും പ്രവാചകത്വവും ഒക്കെയായി മാറുന്നത്‌.
ഒരുപക്ഷേ സ്ത്രീ പുരുഷനെ സംബന്ധിച്ച് ഇങ്ങനെ മനസ്സിലാക്കിയില്ലെങ്കിലും, മനസ്സിലാക്കുന്നില്ലെങ്കിലും.
പുരുഷന് കിരീടമാണെന്ന് സ്ത്രീ കരുതുന്നത്‌, പുരുഷൻ സ്വയം കുരിശായാണ് അനുഭവിക്കുന്നത് എന്ന് സ്ത്രീ അറിയില്ല, അറിയുന്നില്ല. 
പുരുഷൻ ഭൗതികമായും ആത്മീയമായും എന്തോ പ്രത്യേകിച്ച് നേടുന്നു, ഉടമപ്പെടുത്തുന്നു, ആസ്വദിക്കുന്നു എന്ന് തെറ്റിദ്ധരിച്ച്, അവൾ പുരുഷനെ പോലെയാവാന്‍ ശ്രമിച്ച്, പുരുഷനെ പോലെയായി സ്വയം നഷ്ടപ്പെടുന്നതും ക്ഷീണിക്കുന്നതും ഇന്നിന്റെ പുതിയ പ്രത്യേകത.
ആ നിലക്ക് സ്ത്രീ പുറത്ത് ജോലിക്ക് വേണ്ടി പോകുന്നതും കവിയും ചിന്തകയും സന്യാസിയും പ്രവാചകയും ഒക്കെ ആവേണ്ടി വരുന്നത് വാര്‍ത്തമാനകാല ദുരന്തം.
അത്‌ പുരുഷൻ കണ്ട, പേറിയ ദുരന്തത്തിലേക്കുള്ള സ്ത്രീയുടെ നടന്ന് കയറ്റം. 
അവള്‍ക്ക് സ്വാഭാവിക ജീവിതത്തെ നിഷേധിക്കുന്ന ദുരന്തം. സ്വാഭാവിക ജീവിതം നിഷേധിക്കപ്പെടുന്നത് കൊണ്ടുള്ള ദുരന്തം. 
അല്ലെങ്കിലും സൗജന്യമായി അവള്‍ക്ക് കിട്ടുന്ന ആലസ്യത്തെ വിലകൊടുത്തു വാങ്ങേണ്ടി വരുന്ന ദുരന്തം. 
അറിയുക. പുരുഷൻ സ്വന്തമായി കൊണ്ട് നടക്കുന്നത് അവനെ ഉള്ള് പൊള്ളയാക്കുന്ന വെറും അപൂര്‍ണതാബോധവും ശൂന്യതയും അര്‍ത്ഥരാഹിത്യവും മാത്രം. ജീവിതത്തിന്റെ, ഞാന്‍ എന്ന ബോധം സൂക്ഷിക്കുന്ന സൃഷ്ടിക്കുന്ന അപൂര്‍ണതയും ശൂന്യതയും അര്‍ത്ഥരാഹിത്യവും. അത് മറച്ച് പിടിക്കുന്ന അധികാരവും കവിതയും ചിന്തയും സന്യാസവും ഒക്കെയായ മറയും. 
പുരുഷനെ പോലെ ആവാന്‍ ശ്രമിച്ച് അവനെ അനുകരിക്കുന്ന സ്ത്രീയുടെത്
മരീചികക്ക് പിന്നാലെ പോയി ക്ഷീണിക്കുന്ന അവസ്ഥാദുരന്തം. 
സ്വന്തം തട്ടകം നഷ്ടപ്പെടുന്ന, നഷ്ടപ്പെടുത്തുന്ന അവസ്ഥാദുരന്തം.
പിടിച്ചതും കളഞ്ഞ്, പറക്കുന്നതിന്റെ പിന്നാലെ പോകുന്ന ദുരന്തം.
കക്ഷത്തിലെത് വിട്ട് ഉത്തരത്തില്‍ എന്തോ ഉണ്ടെന്ന് കരുതി ഇല്ലാത്തതിന് പിന്നാലെ പോകുന്ന ദുരന്തം. ഉത്തരത്തില്‍ നിറശൂന്യത മാത്രം. 
*****
ചോദ്യം:
ജോലിക്ക് പോകുന്ന സ്ത്രീകളെ കാണുമ്പോൾ പുരുഷന്മാരുടെ ഉള്ളിൽ ഉണ്ടാകുന്ന, മേൽക്കോയ്മ നഷ്ടപ്പെടുമോ എന്ന ഉത്കണ്ഠയിൽ നിന്നുടലെടുക്കുന്ന, കുറേ രോദനങ്ങൾ അല്ലേ ഇവയൊക്കെ? 
ഉത്തരം:
നല്ല മറുപടി.
നല്ല ചോദ്യം. 
താങ്കളുടെ പ്രതികരണത്തിലെ രോഷവും ശരിയും മനസ്സിലാക്കുന്നു.
താങ്കള്‍ ഏതോ നിലക്ക് അകപ്പെട്ട മാനവും അവസ്ഥയും താങ്കളെക്കൊണ്ട് അത് പറയിക്കുന്നു, ചോദിപ്പിക്കുന്നു.
തെറ്റില്ല.
നല്ലത്‌. 
ജോലിക്ക് ആര് പോകേണ്ടി വന്നാലും ഗതികേട് തന്നെയാണ്.
ജോലി എന്നാല്‍ വേല. ജോളി അല്ല.
ജോലി ബാധ്യതയും ഉത്തരവാദിത്തവും ആണ്.
ഉത്തരവാദിത്തമെന്നാല്‍ ഉത്തരം പറയേണ്ടി വരുന്ന (ഉത്തരം വാദിക്കേണ്ടി വരുന്ന) അവസ്ഥ.
ആ നിലക്ക് ചോദ്യം ചെയ്യപ്പെടുന്ന, അത്തരം ചോദ്യങ്ങളോട് respond ചെയ്യേണ്ടി വരുന്ന അവസ്ഥ എല്ലാ ജോലിയിലും ഉണ്ട്. Responsibility. ഭർത്താവിന് പകരം അതിന്റെ നൂറിരട്ടി ചോദ്യം ചെയ്യുന്ന ബോസ് മേലെ ഉണ്ടാവും. 
ജോളി അതല്ല. ജോളിയില്‍ അതൊന്നുമില്ല. ചോദ്യവും ഉത്തരവും ഇല്ല. 
ആരും ജോലിക്ക് ഇഷ്ടപ്രകാരം പോകുന്നതല്ല. പോകേണ്ടി വരുന്നതാണ്. ഇഷ്ട്ടപ്പെട്ടു പോകുന്നത് ജോലിയല്ല; ജോലിയാണ്. ഇഷ്ടപ്പെടാതെ നിര്‍ബന്ധിതമായി ചെയ്യുന്നതാണ് ജോലി.
അഭിനയിച്ച് ചെയ്യുന്നതാണ്, ചെയ്യേണ്ടി വരുന്നതാണ് ജോലി. ജോലി ശമ്പളത്തിന് വേണ്ടി ചെയ്യുന്ന, ചെയ്യേണ്ടി വരുന്ന അഭിനയവും വിധേയത്വവും മാത്രം.
അതിജീവനവും ഉപജീവനവും ആവശ്യമാകയാല്‍ നിര്‍ബന്ധിതരായി പോകേണ്ടി വരുന്നതാണ് ജോലി. പുരുഷന്മാർ പോലും കഴിയുമെങ്കില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. 
ജോലി കിരീടമാണ് എന്ന് തോന്നും. ഒറ്റക്കാഴ്ചയില്‍, തുടക്കത്തില്‍. വീട്ടിലെ പത്ത് മിനുട്ട് പ്രശ്നം തീരാന്‍ 10 മണിക്കൂര്‍ വയ്യാവേലികള്‍ തലയില്‍ എടുത്ത് വെക്കുകയാണ് ജോലി. സ്ത്രീയെ സംബന്ധിച്ചേടത്തോളം പ്രത്യേകിച്ചും.
ഒഴിവാക്കാൻ പറ്റുമെങ്കില്‍, പുരുഷനെ സംബന്ധിച്ചേടത്തോളം പോലും, പുറത്ത് പോയി ജോലി ചെയ്യുക എന്നത് സുഖകരമായ ഒരേര്‍പ്പാടല്ല. കിരീടം എന്ന് തോന്നിയ എല്ലാ ജോലിയും, സര്‍ഗാത്മക ജോളി അല്ലാത്തിടത്തോളം, ഫലത്തില്‍ കുരിശ് തന്നെ ആവും, കുരിശ് തന്നെ ആയി മാറും.
സ്വാഭാവികതയില്‍ ജോലി ഇല്ല. സ്വാഭാവികതയില്‍ ഉള്ളത് ആലസ്യം മാത്രം. ആലസ്യത്തിന്റെ നൃത്തം, സംഗീതം. ശ്രമിക്കാതെ നേടുന്ന ആലസ്യം. 
ജോലിയെന്നത് അസ്വാഭാവികത സൃഷ്ടിക്കുന്നത്.
പക്ഷെ, ജോലിയെന്നാല്‍ എന്തെന്ന് താങ്കള്‍ ഉദ്ദേശിക്കുന്നതിലും പ്രശ്നം ഉണ്ടാവും.
ഒന്നും ചെയ്യാതെ ജനങ്ങളുടെ നികുതി എളുപ്പത്തിൽ ശമ്പളമായി കൈക്കലാക്കുന്ന ഓഫീസ്/സര്‍ക്കാര്‍/അര്‍ധ സർക്കാർ/കോര്‍പ്പറേറ്റ് ജോലി മാത്രം ആവുമോ അത്?
കണ്ടംകൊത്തലും മീന്‍പിടുത്തവും തെങ്ങ്കയറ്റവും മീന്‍വില്‍ക്കലും നാടൻപണികളും കച്ചവടവും ഒക്കെ അതിൽ താങ്കള്‍ ഉദ്ദേശിച്ചുവോ എന്നും അറിയില്ല.
ആ നിലക്ക് വീട്ട് ജോലിയും ജോലി തന്നെ.
ശമ്പളം കിട്ടുന്നത് മാത്രമേ ജോലിയാവു എന്ന നിര്‍വ്വചനം താങ്കള്‍ക്കില്ലെങ്കില്‍. ശമ്പളം കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്നതാണ് ജോലി എന്ന നിര്‍വ്വചനവുമില്ലെങ്കില്‍. 
ബാഹ്യമായി, ബാഹ്യമായതില്‍ നിഴലിട്ട്, തന്റെ വ്യക്തിത്വം രൂപപ്പെടുത്തിക്കാണുന്നത് ഒരു കെണി ആയിട്ടില്ലെങ്കിൽ, ആരും, ഒരു പുരുഷനും, ജോലിക്ക് പോകില്ല, പോകാൻ ആഗ്രഹിക്കുന്നില്ല, ആഗ്രഹിക്കില്ല.
എന്നിരിക്കെ പെണ്ണും ആ കെണിയില്‍ പെട്ട്പോയി ആഗ്രഹിക്കുന്ന അവസ്ഥ ഒരു ദുരന്തമാണ്. ജീവിതം അതിന്‌ മാത്രം ഇല്ലെന്നതിനാല്‍ പ്രത്യേകിച്ചും. എന്ന് പറയാൻ മാത്രമേ ഈയുള്ളവന്‍ ഉദ്ദേശിച്ചുള്ളൂ.
ജോലി എന്നതിനെ എന്തോ ഒരു വലിയ സംഗതി ആയി താങ്കള്‍ എടുത്തത് പോലെയുണ്ട്.
ജോലി അടിമത്തമാണ്. സ്വാഭാവികമായും ചെയ്യുന്നതല്ല ജോലി. സ്വാഭാവികമായും ചെയ്യുന്നതിനെ ജോലി എന്ന് വിളിക്കില്ല. ജീവിതം എന്ന് മാത്രമല്ലാതെ.
ആരും ജീവിക്കാനല്ലാതെ ജോലി ചെയ്യാൻ വേണ്ടി ജനിച്ചിട്ടില്ല. ഒരു നിശ്ചിതസമയം അടിമയായി, വിധേയത്വത്തോടെ അഭിനയിച്ചു, വാക്കും പ്രതീക്ഷയും കൊടുത്ത് എന്തെങ്കിലും ചെയത് യാചിക്കുന്നതാണ് ജോലി. ശമ്പളം വാങ്ങുന്നതിനെയാണ് താങ്കള്‍ പറയുന്ന ജോലി എന്ന് സാമാന്യേന ഈയുള്ളവന്‍ മനസ്സിലാക്കുന്നത്‌. വീട്ടിലായിരിക്കുമ്പോള്‍ ഒരു സ്ത്രീക്കും പുരുഷനും അത്രയൊന്നും വേണ്ടാത്ത, ചെയ്യേണ്ടി വരാത്ത അടിമത്തവും വിധേയത്വവും അഭിനയവും ജോലിയില്‍ വേണം. 
ആലസ്യമാണ് ആത്യന്തികമായി നിലനില്‍ക്കുന്നത്‌. ജോലിയില്ല. വീട്ടില്‍ സാധ്യമാകുന്നത് ആ ആലസ്യമാണ്. സുഖമുള്ള, ആനന്ദം തന്നെയായി മാറുന്ന ആലസ്യം. ആയിരിക്കുന്ന അവസ്ഥയില്‍ ആയിരിക്കാനാവുന്ന പൊരുത്തത്തിന്റെ ആലസ്യം. ശ്രമിക്കാതെ നേടുന്ന ധ്യാനം തന്നെയായ ആലസ്യം. 
ആലസ്യത്തിലാണ് സര്‍ഗാത്മകത നൃത്തം ചെയ്യുന്നതും അതിന്റെ എല്ലാ ചിറകുകളും മുഴുവനായും വിടര്‍ത്തുന്നതും. എല്ലാ വാതിലുകളും എല്ലാ ദിശയിലേക്കും തുറന്നിടുന്നത്. 
അലസനാവാന്‍ സ്വതന്ത്രനാവണം. ഏറെക്കുറെ നിരാശശ്രയനുമാവണം. ധൈര്യവും വേണം. സ്ത്രീയിലത് ഏറെയുണ്ട്, ഉണ്ടായിരുന്നു. 
നിരാശശ്രയനും സ്വതന്ത്രനും മാത്രമേ ധൈര്യമുണ്ടാവൂ. അലസനാവാനുള്ള, അലസനാവാന്‍ സാധിക്കുന്ന ധൈര്യം.
അത് ഒരു വലിയ അളവോളം സ്ത്രീകള്‍ക്കുണ്ട്, ഉണ്ടായിരുന്നു. നിസ്സംഗമായി നിഷ്ക്രിയമായിരിക്കാനുള്ള, അങ്ങനെ നേടാനുള്ള കഴിവ്. ശ്രമിച്ചു ക്ഷീണിക്കുന്നതിനെക്കാള്‍ ശ്രമിക്കാതെ നേടുന്ന കഴിവ്. ജീവിക്കാനും ജീവിതത്തെ ഗാലറിയില്‍ ഇരുന്ന് വീക്ഷിക്കാനുമുള്ള കഴിവ്. അമ്മൂമ്മയെയും മുത്തശ്ശിയും കാണുമ്പോള്‍, അവരെ കുറിച്ച് ഒന്ന് പിറകോട്ട് നോക്കി ചിന്തക്കുമ്പോള്‍ അത് മനസ്സിലാവും. ജീവിതം തന്നെ തപസും ധ്യാനവും ആക്കിയവർ. കളിച്ച് കൊണ്ടിരിക്കെ സ്വന്തം കളിയെ കാഴ്ചയായി കാണാന്‍ സാവകാശം കിട്ടിയവർ. 
അങ്ങനെ അലസനാവാന്‍, നിസ്സംഗനായി ജീവിക്കാൻ, ഒരാൾക്ക് താനുമായി പൊരുത്തമുള്ള, സ്വയം പൊരുത്തപ്പെടുന്ന, മടുപ്പില്ലാത്ത പൂര്‍ണതാബോധവും വേണം.
ഇതൊക്കെയും ഒരു സ്ത്രീക്ക് ഉള്ളതും ഉണ്ടായിരുന്നതും, വീട്ടിനുള്ളില്‍ സൗജന്യമായി കിട്ടിയതും കിട്ടുന്നതുമാണ്. അപവാദം മാറ്റി നിര്‍ത്തിയാല്‍. 
മുഴുവന്‍ അറിയുമ്പോള്‍ ഇതറിയും. അല്‍പത്തില്‍ നിന്ന് ആപേക്ഷികമായിക്കണ്ട് മുന്‍വിധി ഉണ്ടാക്കിയതിന്റെ മാത്രം പ്രശ്നമാണ്‌ താങ്കളുടെത്. ജീവിതത്തെ ജീവിതം മാത്രമായി കാണാതെ. 
അല്ലാതെ താങ്കള്‍ ഉദ്ദേശിച്ചത് പോലെ ജോലി ചെയ്യുന്ന സ്ത്രീകളെ കാണുമ്പോള്‍ ദഹനക്കേട്. സഹതാപം മാത്രമല്ലാതെ. അത് ജോലി ചെയ്യുന്ന പുരുഷൻമാരോട് തന്നെയാണെങ്കിലും. 
ഈയുള്ളവന്‍ ജോലി വേണ്ടെന്ന്, ആ നിലക്ക്, സ്വയം വെച്ച ആളുമാണ്. മറ്റൊന്ന് കൊണ്ടുമല്ല. ജോലി ചെയ്യേണ്ടിവരുന്നുണ്ടെങ്കിൽ മാത്രം ചെയ്യേണ്ടതാണ് എന്നതിനാല്‍. ഇവിടെ വീട്ടില്‍ ഭാര്യയും ഭർത്താവും ജോലി ചെയ്യാതെ ജീവിതം ആസ്വദിക്കുന്നവരാണ്. കഴിഞ്ഞ ഏഴ് വര്‍ഷമെങ്കിലും. 33 മുതൽ 45 വരെ മാത്രം നിര്‍ബന്ധിതമായി ജോലി ചെയ്യുന്നതായി അഭിനയിച്ചതിന് ശേഷം. ഇവിടെ ആരും പരസ്പരം ഒരു നിലക്കും പീഡിപ്പിക്കാതെ, പീഡിപ്പിക്കപ്പെടാതെ. ഒന്ന് വന്ന് കണ്ട്, ചോദിച്ചു നോക്കൂ. പുരുഷൻ ഇവിടെ ആർക്കെങ്കിലും കൂച്ചുവിലങ്ങുകള്‍ തീര്‍ക്കുന്നുണ്ടോ എന്ന്. 
താങ്കള്‍ ഇനി കരുതിയേക്കാവുന്ന പോലെ സമ്പന്നന്‍ ആയത് കൊണ്ടോ, കുറെ അനന്തരസ്വത്ത് സൗജന്യമായ് കിട്ടിയത് കൊണ്ടോ, ആരുടെയെങ്കിലും സൗജന്യം അനുഭവിക്കുന്നത് കൊണ്ടോ അല്ല ഇവിടെ ഭാര്യയും ഭർത്താവും അലസമായി കഴിയുന്നത്‌. കെട്ടടങ്ങിയത് കൊണ്ട്‌ മാത്രം. ഒന്നും ആളിക്കത്തുന്നില്ല എന്നതിനാല്‍ മാത്രം. എന്ന് വെച്ചാല്‍ നിര്‍വാണ. 
ആത്യന്തികമായി ജീവിതം ജീവിതം മാത്രം. ശ്വസിച്ച്, കുടിച്ച്, തിന്ന്, ഉറങ്ങി വീക്ഷിച്ച് ജീവിക്കുന്ന ജീവിതം എന്ന് വ്യക്തമായും അറിയുന്നതിനാലുള്ള നിര്‍വാണ. ജീവിതം ജീവിക്കാൻ തന്നെയും പോര എന്ന് വരുന്നതിനാല്‍. 
'ഞാന്‍' ഇല്ല, ഞാന്‍ ബോധം സ്ഥിരമല്ല, 'ഞാന്‍ ബോധം' സ്ഥിരമല്ലാത്ത ജീവിതം മാത്രമേ ഉള്ളൂ എന്നറിയുന്ന നിര്‍വാണ സംജാതമായതിനാല്‍. 'ഞാന്‍' ഉണ്ടെന്ന് വിചാരിച്ചു മസിലു പിടിക്കാന്‍ മാത്രം ഇല്ലാത്ത ജീവിതം ഇത് എന്നറിയുന്നതിനാല്‍.
ഏറിയാല്‍ വെറും ശാരീരിക അതിജീവനത്തിന് വേണ്ടി ചെയ്യേണ്ടിവരുന്നത്‌, ചെയ്യേണ്ടിവരുന്നത്ര മാത്രമല്ലാതെ ഒന്നും ചെയ്യാനില്ല എന്നറിയുന്നതിന്നാല്‍. 
ചോദ്യം:
സ്ത്രീ-പുരുഷ സമത്വം എന്ന ആശയത്തെ മനസ്കൊണ്ട് അംഗീകരിക്കാൻ കഴിയാതെ പിച്ചും പേയും പറയുന്നതാണോ? 
ഉത്തരം:
ശരിയാണ്‌. Pakshe, സമത്വം എന്നൊക്കെ പറഞ്ഞ്‌ വരാൻ എന്താണുള്ളത് എന്ന് മനസ്സിലാവും. താങ്കളുടെ, നിലവില്‍ അകപ്പെട്ട, അവസ്ഥയില്‍ നിന്ന് അങ്ങനെയൊക്കെ തോന്നുന്നതാവാം. ഉറുമ്പിന് മനസ്സിലാവുന്നത് ഉറുമ്പിന് മനസിലാവും. ആനക്ക് മനസ്സിലാവുന്നത് ആനക്കും. അതിൽ ഏതെങ്കിലും ഒന്ന് മാത്രമേ ഉള്ളൂ, അത്‌ മാത്രമേ ശരിയുള്ളൂ എന്ന് മാത്രം ധരിക്കരുത്. 
അറിയുക. സമത്വം എന്നത് താല്‍ക്കാലിക സ്വഭാവത്തില്‍ തോന്നുന്നത്. അതുല്യമായ രണ്ടെണ്ണം തുല്യമല്ല, സമമല്ല. രണ്ടും ഒരുപോലെ അതുല്യം വ്യത്യസ്തം എന്ന നിലക്കുള്ള സമത്വം മാത്രം. മാങ്ങയെ മാങ്ങയായും ചക്കയെ ചക്കയായും കാണുന്ന, രണ്ടും ഒരുപോലെയെന്ന് കാണാത്ത സമത്വം. സ്വാഭാവികതയില്‍ ഒരുപോലെയാവുന്ന സമത്വമില്ല. ഒരേ മരത്തിലെ എല്ലാ ഇലകളും വേറെ വേറെ. വ്യത്യസ്തം. ഓരോന്നിനെയും അതായിത്തന്നെ കാണുക. 
സമത്വം എന്നത്കൊണ്ട്‌ താങ്കള്‍ വിചാരിച്ചത് പോലെ സ്ത്രീക്ക് സ്ത്രീജന്യമായി പ്രകൃതിപരമായി കിട്ടിയ പ്രയാസങ്ങളും പണികളും ഒഴിവാക്കാനോ പുരുഷന് കൈമാറാനോ പറ്റില്ല എന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നല്ലത്. അത് ആര്‍ത്തവമായാലും പ്രസവമായാലും മുലയൂട്ടലായാലും വീടുമായി അവൾ അവളെ തന്നെ ബന്ധപ്പെടുത്തി തിരിച്ചറിയുന്നതായാലും ശരി. എന്നിരിക്കെ പുരുഷനെ സമൂഹവും വ്യവസ്ഥിതിയും ഏല്പിച്ച ബാധ്യതയും ഭാരവും കൂടി കളിപ്പാട്ടം ആണെന്ന് കരുതി കുട്ടികളെയോ കോമാളിയെയോ പോലെ ഉള്ളും പൊള്ളും മനസ്സിലാവാതെ എന്തോ ധരിച്ച് ചാടി എഴുന്നേറ്റ് ഏറ്റെടുത്താല്‍ അവൾ കുടുങ്ങും എന്ന് മാത്രം.
അത്‌, സ്ത്രീക്ക് ഒരു പകരം നല്‍കല്‍, അല്ലെങ്കിൽ പരിഹാരമോ നഷ്ടപരിഹാരമോ നല്‍കല്‍ എന്ന നിലയില്‍, പുരുഷന്റെ മേല്‍ സ്ത്രീയെ സംരക്ഷിക്കുക എന്ന ഒരു ബാധ്യതയും ഉത്തരവാദിത്തവുമായി സമൂഹവും വ്യവസ്ഥിതിയും കാലേക്കൂട്ടി കയറ്റിവെച്ചത് എന്ന് മനസിലാക്കണം. അത് അലങ്കാരമല്ല. മുള്‍ക്കിരീടമാണ്. ഗർഭംധരിപ്പിച്ചു, പിന്നെ അവിടെനിന്നും രക്ഷപ്പെട്ടു പുരുഷൻ തന്റെ പ്രകൃതിപരമായ വിത്ത് വിതരണ പരിപാടിയും ദൗത്യവും അനുസ്യൂതമായി തുടരാതിരിക്കാനുള്ള മുള്‍ക്കിരീടം. 
പ്രകൃതിവിരുദ്ധമായ വിവാഹം എന്ന, പുരുഷൻ സാധാരണ നിലയില്‍ സ്വയം വേണമെന്ന് വെക്കാത്ത, സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടി മാത്രം വ്യവസ്ഥിതിയും സമൂഹവും നിശ്ചയിച്ച പ്രക്രിയയിലൂടെ, നടപടിക്രമത്തിലൂടെ അത് സ്ത്രീയെ അവനെ ഏല്പിച്ച് നടത്തുന്നു . 
അതിനാല്‍ തന്നെ സ്ത്രീയുടെ സമത്വചിന്ത, പുരുഷന്‍, അവന്റെ ആകയാലുള്ള ബാധ്യതയില്‍ നിന്നും ഒന്ന് കൂടി, ഒളിച്ചോടി രക്ഷപ്പെടാനും അലസനാവാനും ആവരുത്, അതിനെ സഹായിക്കാനാവരുത്. സമത്വം എന്ന ഒരു ചെറിയ താല്‍ക്കാലിക ഇര കണ്ട് വലിയ ചൂണ്ടയില്‍ കുടുങ്ങലും ആവരുത്.
അറിയണം, പുരുഷനെ സംബന്ധിച്ചേടത്തോളം അവന്റെ ലൈംഗീകത താങ്കള്‍ ഉദ്ദേശിക്കുന്നത് പോലെയൊന്നും ഇല്ല. പുരുഷൻ തന്നെ അതിൽ കുടുങ്ങിയതാണ്. അത് വളരെ ഉപരിതലത്തില്‍ മാത്രം. തീരേ ആഴമില്ലാത്തത്. പുരുഷലൈംഗീകതയും, അവന് സ്ത്രീയിലുള്ള താല്‍പര്യവും വളരെ നൈല്‍മിഷികം മാത്രം. പുതുക്കം തേടി തീര്‍ക്കാനുള്ളത്രയേ ഉള്ളൂ. ഒന്നോ രണ്ടോ പ്രാവശ്യം അനുഭവിച്ച് ഒഴിവാക്കാൻ മാത്രമുള്ളത്ര.
ശേഷം വ്യത്യസ്തമായത് അന്വേഷിക്കുക പുരുഷന്റെ പ്രകൃതിപരമായ, ജീവിതം ഏല്പിച്ച ദൗത്യം, രീതി. വിത്ത് വിതരണ ദൗത്യം നിര്‍വഹിക്കാനുള്ള കെണിയില്‍ അകപ്പെട്ട് കൊണ്ട്‌. അവളെ ജീവിതകാലം മുഴുവന്‍ പേറി നടക്കാൻ മാത്രമുള്ളതല്ല പുരുഷവികാരവും ലൈംഗീകതയും അതിന്റെ ഉപരിതലപരതയും.. 
പക്ഷേ, തന്റേത് ഇത്രക്ക് മാത്രമേ ഉള്ളൂ എന്നറിയുമ്പോഴേക്കും പുരുഷനും സ്ത്രീയും വ്യവസ്ഥിതി നിശ്ചയിച്ച വിവാഹത്തില്‍ ഊരാന്‍ കഴിയാത്ത വിധം കുടുങ്ങിയിട്ടുണ്ടാവും എന്നത് കൊണ്ട്‌ മാത്രം തുടരുന്നതാണ് ഒട്ടുമിക്ക വിവാഹബന്ധങ്ങളും. പിന്നെ, സമൂഹത്തില്‍ എല്ലാവരും ഇങ്ങനെ വാല് മുറിഞ്ഞ് തന്നെയാണല്ലോ എന്നതിനാലും ഒത്ത് പോകുന്നത്. പ്രത്യേകിച്ചും വിവാഹത്തിന്‌ മുമ്പ് ലൈംഗീകതയെ നിഷിദ്ധമാക്കുന്ന, അങ്ങനെ ലൈംഗീകതക്ക് വിവാഹം നിര്‍ബന്ധമാക്കുന്ന നമ്മുടെ ഈ സമൂഹത്തില്‍, വ്യവസ്ഥിതിയില്‍.
ഒരര്‍ത്ഥവും ഇല്ലാതെ പരസ്പരം കുടുങ്ങിയിരിക്കുന്നു എന്നറിയുന്നിടത്താണ്‌ പരസ്പരമുള്ള മടുപ്പും മുഷിച്ചിലും കലഹവും ശണ്ടയും തുടങ്ങുന്നത്‌. ആ മടുപ്പില്‍ നിന്നും മുഷിച്ചിലില്‍ നിന്നും ആണ് പരസ്പരം പീഢനസ്വാഭാവം ആരെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ കാണിക്കുന്നത്. ആരിലെങ്കിലും അത്തരം പീഢനസ്വാഭാവം കടന്ന് വരുന്നുണ്ടെങ്കിൽ കടന്ന് വരുന്നത്. നിസ്സഹായതയില്‍ നിന്ന്. 
ആ നിസ്സഹായത തന്നെയാണ് പുരുഷനിൽ മദ്യപാനവും അമിതഭക്തിയും വീട്ടില്‍ നിന്ന് എങ്ങിനെയെങ്കിലും പുറത്ത്പോയി സമയം ചിലവഴിക്കുന്ന സ്വഭാവവും (സമൂഹ്യ രാഷ്ട്രീയ മത പ്രവര്‍ത്തനം എന്നൊക്കെ എന്ത് പേരിട്ട് വിളിച്ചു കൊണ്ടാണെങ്കിലും) ഒക്കെ കടന്നുവരുത്തുന്നത്. ഒളിച്ചോടി രക്ഷപ്പെടാന്‍. 
അല്ലാതെ, താങ്കള്‍ കരുതുന്നത് പോലെ, സ്ത്രീകള്‍ക്കെതിരെ പുരുഷൻമാര്‍ ഒന്നടങ്കം കാലകാലമായി കൂടിയാലോചനയും ഗൂഢാലോചനയും നടത്തി ഉണ്ടാക്കിയ സ്ത്രീവിരുദ്ധ നിലപാടുകള്‍ അല്ല ഒന്നും. അതിന് മാത്രം ശത്രുത സ്ത്രീ പുരുഷന്മാർക്കിടയില്‍ ഇല്ല. സ്ത്രീപുരുഷ ശത്രുതല്ല ജീവിതത്തേയും ചരിത്രത്തെയും ഇത്രത്തോളം രൂപപ്പെടുത്തിയത്. ഏറിയാല്‍ പരസ്പരമുള്ള സ്വാഭാവികമായ മടുപ്പ് മാത്രമല്ലാതെ. അതും എന്നെന്നേക്കുമായി പേറിനടക്കേണ്ട വിവാഹജീവിതം എന്നതുണ്ടെങ്കിൽ മാത്രം. 
ജീവിതം എന്തൊക്കെയോ കൊണ്ട്‌ ജീവിതത്തിന്‌ വേണ്ടി അങ്ങനെയങ്ങ് സംഭവിപ്പിച്ചതല്ലാതെ. അതിൽ പുരുഷനും അങ്ങനെയങ്ങ് ആയിപ്പോയി എന്നല്ലാതെ. പുരുഷൻ തന്നെയും അവന്‍ പോലും അറിയാത്ത, ആഗ്രഹിക്കാത്ത, തെരഞ്ഞെടുക്കാത്ത അവസ്ഥയിലും മാനത്തിലും കുടുങ്ങിപ്പോയത് മാത്രമാണ്.
എല്ലാറ്റിനും അടിസ്ഥാനം ജീവിതം. എല്ലാറ്റിനും അടിസ്ഥാനം അവനവനോട് മാത്രമുള്ള സ്നേഹം. സ്നേഹമെന്നാല്‍ അവനവനോട് മാത്രമുള്ളത്. അത് താങ്കളുടെ കാര്യത്തിലായാലും പുരുഷന്റെ കാര്യത്തിലായാലും. 
അവനവനോട് മാത്രമുള്ള സ്നേഹത്തില്‍ നിന്നും ഉടലെടുക്കുന്ന ഇഷ്ടവും വെറുപ്പും മാത്രമേ ജീവിതത്തിലും പ്രകൃതിയിലും സ്ഥായിയായുള്ളൂ. അവനവനോട് മാത്രമുള്ള സ്നേഹത്തിന്റെ യാഥാര്‍ത്ഥ ഭാഗമാണ് അലസനാവാനുള്ള തോന്നൽ, വ്യഗ്രത. സ്വാഭാവികന്‍ ആവാനുള്ള ത്വര. 
ചോദ്യം:
സ്ത്രീകളും വ്യക്തികൾ ആണ്. പുരുഷന്മാരെ പോലെ തന്നെ....?
ഉത്തരം:
ജീവിതം ജീവിതത്തിനും അതിന്റെ തുടര്‍ച്ചക്കും വേണ്ടി ഉണ്ടാക്കിയ വ്യക്തിത്വം എല്ലാവരിലുമുണ്ട്. ജീവിതം ജീവിതത്തിന്‌ വേണ്ടി ഉണ്ടാക്കുന്ന സ്വാര്‍ത്ഥത കൂടിയാണ്‌ ഈ വ്യക്തിത്വം എന്നത്‌. ഓരോരുത്തനെക്കൊണ്ടും അവന് വേണ്ടി എന്ന് കരുതിപ്പിച്ച് എല്ലാവർക്കും വേണ്ടി എല്ലാം ചെയ്യിപ്പിക്കുന്ന സ്വാര്‍ത്ഥത എന്ന വ്യക്തിത്വം, വ്യക്തിത്വം എന്ന സ്വാര്‍ത്ഥത. അത് മാത്രമേ, അത്രമാത്രമേ ഉള്ളൂ. 
പക്ഷേ, ഒന്നറിയണം.
പുരുഷൻമാരെ പോലെ അല്ല സ്ത്രീ ആവേണ്ടത്. സ്ത്രീ തന്നെയാണ് സ്ത്രീ ആവേണ്ടത്. പുരുഷൻമാരെക്കാള്‍ സ്ത്രീ ആണ്, ആവണം.
ജീവിത പുസ്തകത്തിൽ സ്ത്രീയാണ് യാഥാര്‍ത്ഥമായത്. പുരുഷൻ വെറും അനുമാനം. സങ്കല്പം. പിതാവ് എന്ന നിലയില്‍ വരെ. സങ്കല്‍പവും അനുമാനവുമായ പുരുഷനെ അത്കൊണ്ട്‌ തന്നെ പിടിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ട്. സ്ത്രീക്കും. വ്യവസ്ഥിതിയും സമൂഹവും, ഗ്യാരന്റിയും കാവലായും ഇല്ലെങ്കില്‍, നില്‍ക്കില്ലെങ്കില്‍. 
പുരുഷനെ ആ നിലക്ക് കെട്ടിയിടാനും പിടിച്ചു നിറുത്താനും ഉദ്ദേശിച്ചുള്ളതാണ് വിവാഹം. അവന്‍ ഒളിച്ചോടി രക്ഷപ്പെടാതിരിക്കാന്‍. ഗർഭം ധരിച്ച് പ്രസവിക്കുന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും ഭാരവും ബാധ്യതയും അവനെ ഏല്പിക്കാന്‍. പെണ്ണ് കെട്ടല്ല; പെണ്ണ് പുരുഷനെ കെട്ടി ഇടുന്നതാണ് വിവാഹം.
*****
ചോദ്യം:
കൂച്ചുവിലങ്ങിടുന്നത് സ്ത്രീകൾക്കാണ്. എന്തിനും ഏതിനും അനുവാദം ചോദിക്കണം. സ്വന്തമായി ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഉണ്ടാകാൻ പാടില്ല. അദൃശ്യമായ ചങ്ങലകൾ കൊണ്ട് സ്ത്രീകളെ ബന്ധിച്ചിരിക്കുകയാണ് പുരുഷ മേൽക്കോയ്മയുള്ള ഈ സമൂഹം ....... ?
ഉത്തരം:
ആര് പറഞ്ഞു?
അനുവാദം പരസ്പരം രണ്ട് പേരും വ്യത്യസ്തമായ നിലക്ക് ചോദിക്കുന്നുണ്ട്, വാങ്ങുന്നുണ്ട്. പേടിയും അടിമത്തവും കൊണ്ടല്ല. പകരം, പരസ്പരം ഇഷ്ടപ്പെടുന്നത് കൊണ്ട്‌. അനുവാദം വാങ്ങുന്നതും കൊടുക്കുന്നതും പരസ്പരമുള്ള ശ്രദ്ധയുടെയും ഇഷ്ടത്തിന്റെയും (നമ്മൾ പൊതുവേ സ്നേഹം എന്ന് വിളിക്കുന്ന) മാത്രം കാര്യമാണ്.
കൂടുതൽ ഇഷ്ടമുള്ളിടത്ത് (അഥവാ സ്നേഹം) കൂടുതൽ ശ്രദ്ധയും പരിഗണനയും ഉണ്ടാവും. ശ്രദ്ധയെയും പരിഗണനയെയും വെറുപ്പായും നിയന്ത്രണവും കൂച്ചുവിലങ്ങുമായും ധരിച്ചാല്‍ രക്ഷയില്ല. അവിടെ പിന്നെ രക്ഷ ശിക്ഷയാവും. മരുന്നിനെ വിഷയമായും ചികില്‍സയെ പീഢനമായും വീടിനെയും ആശുപത്രിയെയും തടവറയായും കാണുന്നത് പോലെയാവും. എല്ലാറ്റിലും ഒരുതരം ഗൂഢാലോചന സിദ്ധാന്തം കാണുന്ന മനോരോഗം വെച്ച് കൊണ്ട്‌. 
പരസ്പരമുള്ള ശ്രദ്ധ പരസ്പരമുള്ള നിയന്ത്രണമാകും. ഇഷ്ടം (അഥവാ സ്നേഹം) ശ്രദ്ധയും പരിഗണനയും നിയന്ത്രണവും ആകും. സ്ത്രീകളുടെ കാര്യത്തിൽ മാത്രമല്ല. ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടുതൽ കൊടുക്കുന്നത് ഏറ്റവും വിലപ്പെട്ടതിന്. ഒരുപക്ഷേ കുട്ടികള്‍ക്ക്. പട്ടത്തിന് നൂലും അത് പിടിക്കുന്ന കൈകളും പോലെയാണത്. പട്ടത്തിന് അതിന്റെ താല്‍ക്കാലിക വികാരവും മാനവും അവസ്ഥയും വെച്ച്, ഒന്ന് കൂടി സ്വതന്ത്രമായി പറക്കാനാവും എന്ന് ധരിച്ച്, ആ നൂലും കൈകളും വേണ്ടെന്ന് തോന്നിയേക്കാം. പക്ഷെ, പട്ടത്തെ ആകാശത്തില്‍ എത്തിച്ചതും എത്തിക്കുന്ന തും ആ നൂലും കൈകളും. 
അതിനാല്‍ തന്നെ, താങ്കള്‍ ആരോപിച്ചത് പോലെ, അങ്ങനെ വെറുതെയൊന്നും ആരും ആരെയും ബന്ധിക്കുന്നില്ല. പരസ്പരം ശ്രദ്ധിക്കുകയും പരിഗണിക്കുകയും മാത്രമല്ലാതെ. അകപ്പെട്ട അവസ്ഥയില്‍ കുടുങ്ങിയ ചിലര്‍ക്ക് അവരുടെ പ്രത്യേകമായ രസതന്ത്രവും മനോനിലയും കൊണ്ട്‌ മറിച്ച് തോന്നുന്നത് മാത്രമാണ്. അപവാദങ്ങളെ എടുത്ത് സാമാന്യവല്‍ക്കരിച്ചു പറയുന്നത് കൊണ്ട്‌ മാത്രം. അപവാദം എന്നത് ഏതവസ്ഥയിലും തിരിച്ചും മറിച്ചും ഉണ്ടെന്ന് മനസിലാക്കാതെ.
ജോലിക്ക് പോകാത്ത, അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്ത, എത്ര ഭാര്യമാരുണ്ട് സ്വര്‍ഗത്തിലെന്ന പോലെ സ്വാതന്ത്ര്യം അനുഭവിച്ച് അര്‍മാദിച്ച് ജീവിതം ആഘോഷിക്കുന്നവർ?
ജീവിതം ഓരോരുവനും സ്വയം എങ്ങിനെ എടുക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ്. സ്വര്‍ഗത്തിലും കൊട്ടാരത്തിലും ഇരുന്ന് നരകം അനുഭവിക്കുന്നവർ ഏറെയുണ്ട്. അവര്‍ക്കും അവരുടേതായ കുറ്റപ്പെടുത്താനുള്ള ന്യായങ്ങളും ഭാഷ്യങ്ങളും ഉണ്ട്. അവരുടെ തത്വശാസ്ത്രമായിട്ട് 
ഓരോ തത്വശാസ്ത്രവും ഓരോരുത്തരും അകപ്പെട്ട ഗതികേടിന്റെ വിശദീകരണവും ന്യായീകരണവും പുകമറയും കൂടിയാണ്‌. 
സ്വാതന്ത്ര്യം ആരും കൊടുക്കുന്നതല്ല. സ്വയം എടുക്കുന്നതാണ്, അനുഭവിക്കുന്നതാണ്. അസ്വാതന്ത്ര്യവും അപ്പടി. അവനവന്‍ അകപ്പെട്ടുണ്ടായ അധൈര്യം അപരന്റെ കുറ്റമായി കാണരുത്, ചിത്രീകരിക്കരുത്. 
പുരുഷന്മാർ കൂടിയാലോചനയും ഗൂഢാലോചനയും നടത്തിയിട്ടില്ല. സ്ത്രീക്ക് കൂച്ചുവിലങ്ങിടാന്‍. പുരുഷൻ ആ നിലക്ക് സ്ത്രീയുടെ ശത്രുവും അല്ല. ആരും ആരുടെയും ശത്രുവല്ല. സ്ത്രീക്ക് സ്ത്രീപ്രകൃതം നല്‍കിയ ഗുണം പോലെ തന്നെ കുറ്റവും ആരുടെയും അടിച്ചേല്പിക്കല്‍ അല്ല. 
എല്ലാവരും ആത്യന്തികമായയി അവനവനെ മാത്രം സ്നേഹിക്കുന്നു. അതിന്റെ ഭാഗമായ വെറുപ്പും ഇഷ്ടവും മാത്രം കൊണ്ട്‌നടക്കുന്നു. അവനവന്റെ മനശാസ്ത്രത്തിനും രസതന്ത്രത്തിനും അനുസരിച്ച്. സ്വാഭാവികമായും. അത്ര മാത്രം.
എങ്ങിനെയൊക്കെയോ ഉണ്ടായ ചില മതവിശ്വാസങ്ങളും ആചാരങ്ങളും എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് ഒഴികെ. അതും സ്വാഭാവികമായി.
സ്വാഭാവികതയും പ്രകൃതിപരതയും തങ്ങൾക്ക് അനുകൂലമായത് മാത്രം തരുന്നത്‌ എന്ന് കരുതരുത്. അസ്വാഭാവികം എന്ന് തോന്നുന്ന രോഗവും അപകടവും ശണ്ടയും കലഹവും മരണവും വെറുപ്പും അക്രമവും എല്ലാം സ്വാഭാവികതയിലും പ്രകൃതിപരതയിലും ഉള്ളതാണ്, സ്വാഭാവികമായും സംഭവിക്കുന്നതാണ്. ജീവിതത്തെ നശിപ്പിക്കുന്നതും വളര്‍ത്തുന്നതും സ്വാഭാവികത തന്നെ. കാറ്റും കൊടുങ്കാറ്റും ഭൂകമ്പവും അഗ്നിപര്‍വ്വതം സ്ഫോടനവും സുനാമിയും ഒരുപോലെ പൂവ് വിടരുന്നതും ആര്‍ത്തവം സംഭവിക്കുന്നതും കുയില്‍ പാടുന്നതും പോലെ സ്വാഭാവികത മാത്രം. പ്രകൃതിപരം മാത്രം. 
അങ്ങനെയുള്ള മതങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ ഇതൊക്കെ താങ്കള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. സ്വാഭാവികതക്കിടയിലെ കല്ല്കടി പോലെ. ഒരുപക്ഷെ അതിലധികവും ശരിയാണ്‌.
നിലവിലെ വ്യവസ്ഥിതിയും മതവും പുരുഷൻ നിശ്ചയിച്ചത് തന്നെയാവാം. ഏതോ അര്‍ത്ഥത്തില്‍,യാദൃശ്ചികമായി, സ്വാഭാവികമായി. കൂടിയാലോചനയും ഗൂഢാലോചനയും കൂടാതെ. എങ്ങനെയൊക്കെയോ. കാലാകാലങ്ങളായി, ആവശ്യം പോലെ.
ആര്‍ത്തവവും ശാരീരിക അശക്തിയും സ്ത്രീയില്‍ സ്വാഭാവികമായി ഉണ്ടാക്കിയ അപകര്‍ഷതാബോധവും അതിന്‌ കാരണമായിരിക്കാം. അത് ഈ കാലത്ത് നിന്നും പുറകോട്ട് പോയി, ഒരു പാഡും ബ്ലേഡും ഇല്ലാത്ത കാലത്തില്‍ ചെന്ന് മനസ്സിലാക്കേണ്ടതും ഉണ്ട്. ആത്യന്തികമായി ജീവിതം ജീവിതത്തിന്‌ വേണ്ടി സംഭവിപ്പിച്ചതാണ് എല്ലാം. സ്വാഭാവികമായി. അതാത് കാലത്തെയും സ്ഥലത്തെയും പരിധിയും പരിമിതിയും വെച്ച്.
ജീവിതത്തിന്‌ ജീവിതം എന്നത് മാത്രമേ ഉള്ളൂ. ജീവിതത്തിനും അതിന്റെ തുടര്‍ച്ചക്കും വേണ്ട സ്ത്രീ പുരുഷന്മാർ മാത്രം.
ജീവിതത്തിന്‌ വേണ്ടി ജീവിതം നടത്തിയ, നടത്തുന്ന അധിനിവേശം എല്ലായിടത്തും എല്ലാ കാലത്തും എല്ലാ മേഖലകളിലും ഉണ്ട്, ഉണ്ടായിട്ടുണ്ട്. അതിൽ സ്ത്രീപുരുഷന്മാരും പെടും. അതാത് സമയത്തെ ആവശ്യം പോലെ. ഇന്ന്‌ നോക്കുമ്പോള്‍ അതിലെ യുക്തിയും ന്യായവും മനസ്സിലാവില്ല. ജീവിതത്തിലും പ്രകൃതിയിലും സ്വാഭാവികതയിലും ആവശ്യമാണ് നന്മ. അനാവശ്യമാണ് തിന്മ.
അങ്ങനെ ആവശ്യവും അനാവശ്യവും അടിസ്ഥാനവും മാനദണ്ഡവുമാക്കി മാറിക്കൊണ്ടിരുന്നതാണ് എല്ലാം. ആ മാറ്റം തീര്‍ത്ത ഒഴുക്ക് മാത്രമായി ജീവിതം. സ്വാഭാവികമായ ഒഴുക്ക്. മുന്നിൽ നിന്ന് പിറകോട്ട് നോക്കിയാല്‍ അതപ്പടി മനസ്സില്ലാവണം എന്നില്ല. 
നേരത്തേ പറഞ്ഞത് പോലെ അതൊരു ഗൂഢാലോചനയോ കൂടിയാലോചനയോ കാലേക്കൂട്ടി ശത്രുത അജണ്ടയായി വെച്ച് നടത്തിയതോ അല്ല. പുരുഷൻ ഗൂഢാലോചനയും കൂടിയാലോചനയും നടത്തി നിശ്ചയിച്ചതും ഉണ്ടാക്കിയതും അല്ല സ്ത്രീയിലെ ആര്‍ത്തവവും ഗർഭധാരണവും മുലയൂട്ടലും അവയുണ്ടാക്കുന്ന പരിമിതികളും. അതിന്‌ വേണ്ടി കൊടുക്കുന്ന ബോണസാണ് അവള്‍ക്ക് കൊടുക്കുന്ന അവളുടെ അവകാശമായ പരിരക്ഷയും സംരക്ഷണവും. ഏത് വിധേനയും അത് വേണ്ടെന്ന് വെക്കുന്നത് അവള്‍ക്ക് മാത്രം നഷ്ടം. 
സ്ത്രീക്ക് സ്ത്രീയെ കുറിച്ച്, അവളിലെ വൈകൃതത്തെ കുറിച്ച്, ഉള്ളാലെ അഭിപ്രായമില്ല, ആത്മവിശ്വാസമില്ല. എന്നതിനാല്‍ കൂടി എങ്ങിനെയൊക്കെയോ സ്വാഭാവികമായി ഉണ്ടായതാണ് അവ.
താന്‍ കുടുങ്ങിപ്പോയി, ചതിക്കപ്പെട്ടു എന്ന വിവാഹിതനായ ഓരോ പുരുഷന്റെയും തോന്നലില്‍ നിന്ന് കൂടി രൂപപ്പെടുന്നതാണ് വിവാഹശേഷമുള്ള ഓരോ പുരുഷന്റെയും പെരുമാറ്റം. ഇത് സ്ത്രീയും അവരുടേതായ കോലത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. സുരക്ഷിതത്വവും മാന്യതയും പ്രധാനമാകുന്നത് കൊണ്ട്‌ ഒത്ത് പോകുന്നതാണ്. അവനെ വരിഞ്ഞ്മുറുക്കി സ്ത്രീയെ അവന്റെ മേല്‍ ബാധ്യതയായി ഏല്പിച്ച സമൂഹത്തേയും വ്യവസ്ഥിതിയെയും ഇക്കാര്യത്തില്‍ അവന്‍ പേടിക്കുന്നില്ലെങ്കില്‍, പുരുഷൻ എന്നെ വിട്ട് പോകും. 
പക്ഷെ, അതിനെ ശരി വെക്കാനും ന്യായീകരിക്കാനും ഈയുള്ളവന്‍ ഉദ്ദേശിച്ചില്ല.
എന്തെല്ലാമായാലും പുരുഷൻ വെറും പരാജയവും നിറശൂന്യനും ആണെന്ന് പറയാൻ മാത്രമാണ് ഈയുള്ളവന്‍ ഉദ്ദേശിച്ചത്‌. സ്ത്രീ വിചാരിക്കുന്നത് പോലെ ശക്തനല്ല പുരുഷൻ. കല്ല് പോലെ കാണപ്പെടും പുരുഷൻ. പക്ഷേ, ഏത് വെള്ളത്തിലും അലിഞ്ഞ് പൊട്ടി ഇല്ലാതാവുന്ന കല്ല്. 
ആ ശൂന്യതയും നിരര്‍ത്ഥകതാബോധവും സ്ത്രീ അനുഭവിക്കുന്നതിനെക്കാള്‍ എത്രയോ പതിന്മടങ്ങ് ആണ് പുരുഷനില്‍. അതവന്‍ അനുഭവിക്കുന്നതിന്റേതാണ്, അത് മറക്കാനും അതിൽനിന്ന് ഒളിച്ചോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റേതുമാണ് അവന്റെ ഇത്തരം മേല്‍ക്കോയ്മ ശക്തിപ്രകടനങ്ങള്‍ എന്നാണ് ഈയുള്ളവന്‍ പറഞ്ഞത്. അറിയാമല്ലോ, അശക്തനാണ് കോപിക്കുക. അവനാണ് അക്രമം കാണിക്കേണ്ടി വരിക. 
മദ്യപാനമായാലും ഭക്തി ആയാലും കവിതയും അധികാരവും ചിന്തയും സന്യാസവും പ്രവാചകത്തവും സ്ത്രീയുടെ മേലുള്ള പരാക്രമവും ആയാലും, ഒക്കെ പുരുഷന്റെ അശക്തിയും ശൂന്യതയും വെളിവാക്കുന്നത് മാത്രം.
ഉള്ള് പൊള്ളയായ ബാന്‍ഡ് വലിയ ശബ്ദം ഉണ്ടാക്കുന്നത് പോലെയാണ് പുരുഷന്റെ അവസ്ഥ. നിസ്സഹായതയും ശൂന്യതയും അതിന്റെ മടുപ്പും ആണ്‌ പുരുഷനിൽ നിറയെ.
ഒരു സംശയവും വേണ്ട. നിന്നിടത്ത് നില്‍ക്കാന്‍ കഴിയാത്തത്ര നിസ്സഹായതയും ശൂന്യതയും അതിന്റെ മടുപ്പും പുരുഷനെ വരിഞ്ഞ് മുറുക്കുന്ന. അവന്‍ അവനെ തന്നെ വെറുത്തു പോകുന്നത്ര. അങ്ങനെ ബോറടി എന്ന് ഓമനപ്പേരിട്ട്, രക്ഷപ്പെടാന്‍ എന്തൊക്കെയോ ചെയത് പോകുന്നവന്‍ പുരുഷൻ.
*****
ചോദ്യം: പുരുഷനെ കുറിച്ച് ആധികാരികമായി പറയാൻ ഞാൻ ഇല്ല. 
ഉത്തരം: നന്ദി.
നല്ലോരു ആരോഗ്യകരമായ യുക്തിഭദ്രമായ ചർച്ച നടത്തിയതിന്.
കൃത്യവും ശരിയുമായ ന്യായവാദങ്ങൾ പറഞ്ഞതിന്‌, ചോദ്യങ്ങള്‍ ഉന്നയിച്ചതിന്. 
വൈയക്തികത ചർച്ചയിൽ ഒരു നിലക്കും വരുത്താത്തതിന്.
ഈയുള്ളവന്‍ ഒരു പുരുഷപക്ഷവാദി അല്ല.
മുഴുവനും കണ്ട് ചിലത് പറയുന്നു എന്ന് മാത്രം. ആപേക്ഷികതക്കപ്പുറത്ത് നിന്ന്. 
സിംഹത്തെ പേടിക്കണം. ശരിയാണ്‌. 
പക്ഷേ പുലിയുടെ കൈയിൽ ചെന്ന് പെട്ട് പോകാൻ ആവരുത്.
ഇല്ലത്ത് നിന്ന് വിട്ട് അമ്മാത്ത് എത്താന്‍ ആവാത്ത ദുരന്തവും ദുരിതവും സ്ത്രീക്ക് സംഭവിക്കരുത്.
അത്ര മാത്രം.
*****
പിന്‍കുറിപ്പ്. 
ഈയുള്ളവന്‍ കാണുന്ന ദാമ്പത്യത്തില്‍ എവിടെയും സ്ത്രീ പീഢനം കാണുന്നേ ഇല്ല.
ഒരുപക്ഷേ പുരുഷനാണ് പീഢനം കൂടുതലായും അനുഭവിക്കുന്നത്. ആത്മാഭിമാനം വല്ലാതെ സൂക്ഷിക്കുന്ന പുരുഷൻ അത് പുറത്ത്‌ പറയില്ല, പറയുന്നില്ല എന്ന് മാത്രം..
എന്തും ചെയ്യുന്ന പുരുഷന് ആത്മാഭിമാനം വലുത്. ഇതറിയുന്ന സ്ത്രീ അതിൽ തൊട്ട് തന്നെ പേടിപ്പിച്ച് കാര്യം പുരുഷനെ കൊണ്ട്‌ നേടുന്നു.
ഒന്ന് തെറ്റിയാല്‍ എല്ലാം തെറ്റി എന്ന് പറയുന്ന എല്ലാം തെറ്റിയത് പോലെ പെരുമാറുന്ന സ്ത്രീ ആ തെറ്റിയ അവസ്ഥയില്‍ ഏതറ്റം വരെയും പറഞ്ഞും പെരുമാറിയും പോകും. അവിടെ അവള്‍ക്ക് ആത്മാഭിമാനം പ്രശ്നമല്ല. സമൂഹത്തെ ഭയന്ന് ആത്മാഭിമാനം സൂക്ഷിക്കാന്‍ മിക്ക പുരുഷൻമാരും രാജിയാവും. 
പലപ്പോഴും വിവാഹം പുരുഷന് ഉണ്ടാക്കുന്ന മടുപ്പും കെണിച്ചലും വെച്ച് പുരുഷൻ തനിയേ ക്രൂരനായിപ്പോകുന്നുണ്ട്.
അല്ലെങ്കിൽ സ്ത്രീയെ നേരിടാന്‍ അവന്‍ മദ്യം എങ്കിലും സേവിച്ച് ധൈര്യം നേടാൻ നിര്‍ബന്ധിതനാകുന്നു.
സ്ത്രീ പീഢനം അല്പവും നടക്കാത്ത ഒരു വിവാഹരീതി ഇങ്ങ് ഇവിടെ നമ്മുടെ നാട്ടില്‍ ഉണ്ട്.
സ്ത്രീ അവളുടെ വീട്ടില്‍ തന്നെ താമസിക്കുന്ന, വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാത്ത രീതി.
മാഹി തലശ്ശേരി ഭാഗത്തുള്ള രീതി.
ഇവിടെ സ്ത്രീയും പുരുഷനും പീഢനം സഹിക്കുന്നില്ല.
ഇവിടെ രണ്ട് പേര്‍ക്കും ജീവിതം ആഘോഷമാണ്.
ഭർത്താവ് (അല്ലെങ്കിൽ ഭർത്താവും ഭാര്യയും) സ്വന്തമായി വീട് വെക്കാത്ത കാലത്തോളം ഭാര്യ അവളുടെ വീട്ടില്‍ തന്നെ. ഭർത്താവ് അങ്ങോട്ട് ചെല്ലുന്നു.
സ്ത്രീ ഒരിക്കലും ഒരു സുപ്രഭാതത്തില്‍ അവള്‍ക്കു പരിചയമോ കൂട്ടുകാരോ ഇല്ലാത്ത ഇടത്തേക്ക് പറിച്ചു നട പെടുന്നില്ല. അവിടെ വെച്ച് കണ്ടതിനു നും കാണാത്തതിനും പീഡിപ്പിക്കപ്പെടുന്നില്ല. ആരുടെയും ആട്ടും തുപ്പും സഹിക്കേണ്ടി വരുന്നില്ല.
(Saniya Nishan ന്റെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയുടെ പൂര്‍ണ്ണരൂപം.)