Thursday, November 9, 2023

കാശ്മീരിൻ്റെ പ്രശ്നം പറയുക മണിപ്പൂരിൽ പ്രശ്നം ഉണ്ടാകുമ്പോഴല്ലല്ലോ?

കാശ്മീരിൻ്റെ പ്രശ്നം കാശ്മീരിൽ പ്രശ്നമുണ്ടായ സമയത്താണല്ലോ പറയുക. 

ഇപ്പോൾ മണിപ്പൂരിൽ പ്രശ്നം ഉണ്ടാകുമ്പോഴല്ലല്ലോ? 

കാശ്മീരിൽ പ്രശ്നമുണ്ടായപ്പോൾ നമ്മൾ എന്ത് പറഞ്ഞു എന്നത് ആർക്കും അറിയുകയും ഇല്ല.

അല്ലാതെ മണിപ്പൂരിൽ പ്രശനം ഉണ്ടാകുമ്പോൾ ബാലൻസ് ചെയ്യാൻ അല്ലല്ലോ കാശ്മീർ പ്രശ്നം പറയേണ്ടത്?

മണിപ്പൂർ പ്രശ്നത്തിന് പരിഹാരം കാണാതിരിക്കാൻ എങ്ങനെ കാശ്മീർ ഉപകരിക്കും?

ഇപ്പോൾ നാട് ഭരിക്കുന്ന പാർട്ടിയുടെ പ്രശ്നം അതാണ്. 

ഒന്നും പരിഹരിക്കാൻ അറിയില്ല. 

ഒരു പ്രശ്നത്തെ മറ്റൊരു പ്രശ്നം കൊണ്ട് ഗുണിക്കുക. 

പഴയതിനെ കുറ്റം പറയുകയും, 

പഴയത് വെച്ച് പുതിയതിനെ സമീകരിക്കുകയും, 

പഴയതിൽ പുതിയ പ്രശ്നങ്ങൾക്കുള്ള, അത് പരിഹരിക്കാതിരിക്കാനുള്ള ന്യായം കാണുകയും മാത്രം. 

മോശം ആശാരി ഉപകരണത്തെ കുറ്റപ്പെടുത്തി ആശ്വാസം നേടുന്നത് പോലെ ഇപ്പോൾ നാട് ഭരിക്കുന്ന പാർട്ടി. 

അങ്ങനെ പഴയത് പറയാനും പഴയതിൽ കുറ്റം പറയാനുമാണെങ്കിൽ, അങ്ങനെ പുതിയ കാലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാനുമാണെങ്കിൽ പിന്നെന്തിനാണ് പുതിയ കാലത്ത് അധികാരം മോഹിച്ച് വരുന്നത്? 

പുതിയ കാലത്ത് പുതിയ രീതിയിൽ പുതിയത് ചെയ്യാനാണ് അധികാരം കൊതിക്കേണ്ടതും നേടേണ്ടതും.

അല്ലെങ്കിൽ പഴയ ആൾക്കാർ തന്നെ അധികാരത്തിൽ തുടർന്നാൽ മതിയായിരുന്നല്ലോ?

നാടിൻ്റെ ഭരണാധികാരിക്ക് മണിപ്പൂർ കാര്യത്തിൽ ഒന്നും പറയാനില്ല എന്നതും, അവിടെ ഒന്ന് സന്ദർശിക്കാൻ പോലും സമയമില്ല എന്നതും ആരെയും അൽഭുതപ്പെടുത്തുന്നില്ല. 

അതും പാർട്ടിക്ക് വേണ്ടി നാൽക്കവലകൾ തോറും നൂറ് കണക്കിന് ഇലക്ഷൻ പ്രചാരണത്തിന് പോകാൻ സമയമുള്ള ഭരണാധികാരിക്ക്. 

മണിപ്പൂരിൽ കാലാകാലമായി ഉള്ളതാവാം ആ പ്രശ്നം എന്നത് വീണ്ടും പാർട്ടിക്ക് ന്യായം 

ശരിയാണ്.

പക്ഷേ അത് ഇത്ര വലുതാക്കി വളർത്തിയതാര്?

ഇന്ത്യയിൽ ആകമാനം ഉള്ള, ഉണ്ടെന്ന് ആൻ പാർട്ടി തന്നെ പറയുന്ന, ഹിന്ദു മുസ്ലിം പ്രശ്നം പോലെ മണിപ്പൂരിലെയും. 

ഹിന്ദു മുസ്ലീം എന്നതിന് പകരം ഹിന്ദു ക്രിസ്ത്യൻ. Meitiയും കുക്കികളും തമ്മിൽ. 

ആ ഉള്ളതിനെ ഭൂരിപക്ഷ വർഗീയതയെ വളർത്തിക്കൊണ്ട് ആളിക്കത്തിവെച്ച പാർട്ടി ഏത്? 

ഇന്ത്യയിലാകമാനം ഏത് പാർട്ടിയാണോ ആ പാർട്ടി തന്നെ.

അങ്ങനെ ആസൂത്രണം ചെയ്ത് വളർത്തിയത് കൊണ്ടുണ്ടായ പ്രശ്നമാണ് മണിപ്പൂരിൽ. 

ഇന്ത്യയിൽ മൊത്തം ശ്രമിക്കുന്നതിൻ്റെ, നടപ്പാക്കേണ്ടതിൻ്റെ ചെറിയ പതിപ്പ്. 

അതുകൊണ്ടാവാം ഭരണാധികാരിക്ക് ഒന്ന് പോകാനും മിണ്ടാനും പോലും തോന്നാത്തത്.  

യഥാർഥത്തിൽ ആഗ്രഹിച്ചതും പദ്ധതിയിട്ടതും നടക്കുകയാണല്ലോ എന്നതിനാലാണോ? 

രോഗി ഇച്ചിക്കുന്നതും വൈദ്യൻ കല്പിക്കുന്നതും ഒന്ന് എന്നതിനാലാണോ?

ഉളളിൽ ആനന്ദലബ്ദിക്ക് വേറെന്ത് വേണം?

*******

ഇവിടെ വിഷയം വേറെയാണ്.

രാജ്യം ഭരിക്കുന്ന പാർട്ടിയും ഭരണാധികാരിയും വെറുപ്പും വിദ്വേഷവും പരത്തുന്നു.

ഭരണാധികാരിക്ക്  മണിപ്പൂർ വിഷയത്തിൽ ഒന്നും പറയാനില്ല.

അങ്ങനെയൊരു ഭരണാധികാരി ഉണ്ടാവുമോ?

സ്വന്തം രാജ്യത്തെ ഏത്  സംസ്ഥാനവും ആ രാജ്യം തന്നെയല്ലേ?

ഭരണാധികാരിയും രാജ്യം ഭരിക്കുന്നവരും വേണ്ടത് ചെയ്യാത്തതും പറയാത്തതും പോലെയാണോ കണ്ട ചാത്തനും ഉസ്മാനും സക്കറിയയും മാതുവും സംസാരിക്കാത്തതും ചെയ്യാത്തതും?

രാജ്യതാല്പര്യമല്ലേ വലുത്?

അതല്ലേൽ പാർട്ടിതാല്പര്യമാണോ വലുത്?

രാജ്യതാൽപര്യം എന്നൊക്കെ പറയുന്നത് വെറും വെറുതെ പാർട്ടി താൽപര്യം സംരക്ഷിക്കാനും വളർത്താനും മാത്രമാണോ?

പാർട്ടിക്ക് വേണ്ടി രാജ്യത്തെ അമ്മയെന്ന് വെറും വെറുതെ വിളിച്ച്, അമ്മയുടെ മാറുമുറിച്ച് കിട്ടുന്ന ഇറച്ചി വിൽക്കാൻ തന്നെയാണോ ഉദ്ദേശം?

ഒന്ന് മനസ്സാക്ഷിയുടെ മുൻപിൽ ഉത്തരം പറയും വിധം ആത്മപരിശോധന നടത്തിയാൽ നല്ലതാണ്.

No comments: