അതേ...
അതാണ്, അവിടെയാണ്
ശരിയായ തിരിച്ചറിവും മോക്ഷവും.
ഒന്നുമില്ല,
ഒരു കുന്തവുമില്ല ജീവിതത്തിൽ,
അല്ലെങ്കിൽ ജീവിതം കൊണ്ട്
എന്നറിയുന്നതാണ്
യഥാർത്ഥ തിരിച്ചറിവും മോക്ഷവും.
*****
അങ്ങനെ ഒരര്‍ത്ഥവും ഇല്ലാത്ത ജീവിതത്തിന്
അര്‍ത്ഥം കൊടുക്കാനുള്ള ശ്രമം ജീവിതം.
എന്തിനെന്നില്ലാത്തതിനെ
എന്തിനോ എന്നാക്കുന്ന ശ്രമം ജീവിതം.
******
ജനിച്ചത് കൊണ്ടായവരും ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നവരുമേയുള്ളൂ.
അല്ലാതെ ഇങ്ങനെതന്നെയാവണമെന്ന് വിചാരിച്ച് ജനിച്ചവരും ജീവിക്കണം എന്ന് കരുതി ജനിച്ചവരും ഇല്ല.
*********
നമ്മൾ ഉണ്ടാക്കി ഉപയോഗിക്കുന്ന കറൻസി.
നമ്മുടെ മാത്രം ആവശ്യം. കറൻസിയുടെ ആവശ്യമല്ല. നമ്മൾ നമുക്ക് വേണ്ടി ഉണ്ടാക്കുന്നത്.
നമ്മൾ നിശ്ചയിച്ച വിലയും അർത്ഥവും ആ കറൻസിക്കറിയില്ല.
നമുക്ക് മാത്രമേ അറിയൂ.
നമ്മൾ നിശ്ചയിച്ച അതിൻ്റെ വിലയും അർത്ഥവും അറിയാതെ തന്നെ കറൻസി അതിൻ്റെ വിലയും അർത്ഥവും നൽകിക്കൊണ്ടിരിക്കുന്നു.
സ്വന്തമായ ബാധ്യതയും ഉത്തരവാദിത്തവും ഇല്ലാതെ.
സ്വന്തമായ ബാധ്യതയും ഉത്തരവാദിത്തവും ആണെന്ന് കരുതാതെ.
കറൻസി എന്തെങ്കിലും ബോധപൂർവ്വം ഉദ്ദേശിച്ച് ചെയ്യുന്നത് പോലെ ചെയ്യാതെ.
നിർവ്വികാരമായി, നിഷ്ക്രിയമായി, നിസ്സംഗമായി നിന്നുകൊണ്ട് തന്നെ, നിന്നുകൊടുത്തുകൊണ്ട് തന്നെ എല്ലാം സംഭവിക്കുന്നു.
ഒരിക്കലും കറൻസിയുടെ ബാധ്യതയും ഉത്തരവാദിത്തവും നിർവ്വഹിക്കാത്ത അവസ്ഥ സംജാതമാകാതെ.
അങ്ങനെയൊരു ബാധ്യതയും ഉത്തരവാദിത്തവും നിർവ്വഹിക്കാത്തതിൻ്റെയോ നിർവ്വഹിക്കുന്നതിൻ്റെയോ പേരിൽ രക്ഷയോ ശിക്ഷയോ നേരിടേണ്ടിവരാതെ.
എല്ലാം ദൈവം സൃഷ്ടിച്ചതാണെന്നും ജീവിതത്തിന് എന്തോ അർത്ഥവും ലക്ഷ്യവും ആ ദൈവം നൽകിയെന്നും കാണുന്നുവെന്നും തന്നെ വെക്കുക.
പക്ഷേ, ജനിച്ചു ജീവിക്കുന്ന ആർക്കും അങ്ങനെയൊരർത്ഥവും ലക്ഷ്യവും മനസ്സിലാവുന്നില്ലെങ്കിലോ, ബോധ്യപ്പെടുന്നില്ലെങ്കിലോ?
മനസ്സിലാവാത്ത, ബോധ്യപ്പെടാത്ത അർത്ഥവും ലക്ഷ്യവും ആർക്കെങ്കിലും ബാധ്യതയും ഉത്തരവാദിത്തവും ആവുമോ?
ഇല്ല.
ജീവിക്കുന്നവർ അറിഞ്ഞാലും ഇല്ലെങ്കിലും ആ അർത്ഥവും ലക്ഷ്യവും നടക്കില്ലേ?
നടക്കും.
പിന്നെന്ത് കുന്തത്തിനാണ് അർത്ഥവും ലക്ഷ്യവും നടപ്പാക്കിക്കിട്ടാൻ എന്ന പേരിൽ ഈ മതങ്ങളും ദൈവികകല്പനകളും?
സൃഷ്ടിയുടെ ആവശ്യമല്ല സൃഷ്ടി സൃഷ്ടിയാവുക എന്നത്, സൃഷ്ടി സൃഷ്ടിക്കപ്പെടുക എന്നത്.
സൃഷ്ടിച്ചവർക്ക് മാത്രമാണ് എല്ലാ ബാധ്യതയും ഉത്തരവാദിത്തവും ബാധകം.
സൃഷ്ടിച്ചവർ അവർക്ക് മാത്രം ബാധകമായ ബാധ്യതയും ഉത്തരവാദിത്തവും അങ്ങ് നടപ്പിലാക്കിയാൽ മാത്രം മതി.
സൃഷ്ടിക്ക് ഒന്നും ബാധകമല്ല.
സൃഷ്ടിക്ക് ഒരു ബാധ്യതയും ഉത്തരവാദിത്തവും ബാധകമല്ല.
സൃഷ്ടി പലപ്പോഴും ഒന്നും അറിയില്ല.
സൃഷ്ടി ഒന്നും അറിയേണ്ടതില്ല.
No comments:
Post a Comment