Wednesday, November 8, 2023

അസ്വാതന്ത്യത്തിൽ സുരക്ഷിതത്വമുണ്ട്. തടവുപുള്ളികളാണ് ഏറ്റവും സുരക്ഷിതർ.

സ്വാതന്ത്ര്യമെന്ന് കരുതി നീങ്ങുന്നത്  അസ്വാതന്ത്ര്യത്തിലേക്ക്. 

സ്വാതന്ത്ര്യമെന്നത് അരക്ഷിതത്വം ചോദിച്ചുവാങ്ങലാണ്. 

വെറുതേയല്ല ആളുകൾ അസ്വാതന്ത്യത്തിൽ ഒതുങ്ങിക്കൂടുന്നത്. 

വെറുതേയല്ല ആളുകൾ അസ്വാതന്ത്യത്തെ 

ചോദ്യം ചെയ്യാത്തത്, ഭയക്കാത്തത്. 

അസ്വാതന്ത്യത്തിൽ സുരക്ഷിതത്വമുണ്ട്. 

തടവുപുള്ളികളാണ് ഏറ്റവും സുരക്ഷിതർ. 

സുരക്ഷിതത്വത്തിൽ അസ്വാതന്ത്യവുമുണ്ട്. 

സ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും ദൂരേനിന്ന് കാണുമ്പോൾ മാത്രം വെട്ടിത്തിളങ്ങുന്നത്. 

ആകർഷിക്കും. 

പക്ഷേ അടുത്തുചെന്നാൽ  ചുട്ടുപൊള്ളുന്നത്. 

ഉത്തരവാദിത്തങ്ങളുടെയും ബാധ്യതകളുടെയും ചുട്ടുപൊള്ളൽ വേറെ. 

ഉള്ളിൽ പെട്ടാൽ മഴപ്പാറ്റ കണക്കേ കരിഞ്ഞുപോകും.

*******

ആർക്കും അതങ്ങനെ തോന്നുന്നില്ല എന്ന് മാത്രം...

ഓരോരുത്തനും അങ്ങനെ തോന്നാത്തത്  അവർ ജനിച്ചു ജീവിച്ചു വളർന്ന സാഹചര്യവും, ഇതുവരെ കിട്ടിയ പാഠവും, അവരുടെ  തന്നെ മനസ്സിലാക്കലും അവർ പലപ്പോഴായി പലവിധേന സ്വാധീനിക്കപ്പെട്ടതും ഒക്കെയായി ബന്ധപ്പെട്ടത്. 

എല്ലാറ്റിനുമുപരി ഉപബോധമനസ്സ് എന്ന നായയുടെ വാൽ. 

ആ വാൽ കുട്ടിക്കാലത്തിൽ തന്നെ രൂപപ്പെടുന്നു. 

ആ വാൽ വളഞ്ഞാണെങ്കിൽ പിന്നെ നിവർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. 

എത്ര നിവർത്തിയാലും ആ വാൽ പിന്നേയും വളയും. 

മതവും വിശ്വാസവും അതുണ്ടാക്കുന്ന പേടിയും വെറുപ്പും ഒക്കെ കയറിക്കിടക്കുന്നത് ആ വാലിലാണ് 

ഉപബോധമനസ്സിൽ നിന്നും രക്ഷപ്പെടാൻ മാത്രമുള്ള അഗ്നിപർവ്വത സ്ഫോടനാനുഭവത്തിലൂടെ ആരും കടന്നുപോകുന്നില്ല. 

അതാരുടെയും കുറ്റമല്ല. 

ആ വാലിനെ കുറിച്ച് ആരും ഒന്നും അറിയുന്നുമില്ല, ചിന്തിക്കുന്നുമില്ല. പകരം, അതൊരു അനുഗ്രഹമായി കൊണ്ടുനടക്കാൻ തന്നെ എല്ലാവരും കൊതിക്കുന്നു. 

ഓരോരുത്തൻ്റെയും വിശ്വാസം, യാഥാസ്ഥിതികത അങ്ങനെ ഓരോരുത്തനെയും കൊണ്ട്  കൊതിപ്പിക്കുന്നു. 

അഥവാ അത്തരം കൊതി യാഥാസ്ഥിതികത്വം ഉണ്ടാക്കുകയും ചെയ്യുന്നു. 

ഒരളവോളം തീവ്രതയും അസഹിഷ്ണുതയും വരെ അതുണ്ടാക്കുന്നു.

No comments: