Tuesday, November 7, 2023

ചിലർ തർക്കിക്കാൻ വേണ്ടി മാത്രം തർക്കിക്കുന്നത് പോലെ.

ചിലർ തർക്കിക്കാൻ വേണ്ടി മാത്രം തർക്കിക്കുന്നത് പോലെ. 

ഒരു കുഞ്ഞുമനസ്സും പേറി വിജയിക്കാനും തോൽപിക്കാനും സ്വയം വിജയിച്ചെന്ന് കരുതാനും എന്ന പോലെ. 

അവർക്ക് പ്രധാനം തെറി പറഞ്ഞു കൊണ്ടായാലും വിജയിക്കുക, തോൽപ്പിക്കുക.

ഒരു കുറേ ചോദ്യങ്ങൾ എറിഞ്ഞു കൊണ്ട് അവർ വിജയിച്ചു എന്ന് വരുത്തും. തോൽപിച്ചു എന്നവർ സ്വയം കരുതും.

ഒരു കുറേ ചോദ്യങ്ങൾ വെറും വെറുതെ എറിയുക ആരുടെ ലക്ഷണം ആണെന്ന് അവർക്കറിയില്ല. 

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക എളുപ്പമല്ല. വിവേക് കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നവനുമല്ല. 

ഉത്തരം ഏറെക്കുറെ അവനവൻ തന്നെ കണ്ടെത്തേണ്ടതാണ്. ചോദ്യം വിത്താണെങ്കിൽ ഉത്തരം അത് സ്വയം മുളച്ച് സസ്യവും മരവും ആവും പോലെ. മുട്ട കുഞ്ഞാവും പോലെ. അതിന് അയാൾ സ്വയം തന്നെ അടങ്ങിയിരുന്ന് അടയിരിക്കണം. ധ്യാനം എന്ന് പേര് വിളിച്ചുകൊണ്ടായാലും അല്ലെങ്കിലും.

അവർ സ്വന്തം മാനസികാവസ്ഥ ഒന്ന് നിരീക്ഷിച്ചാൽ നന്നാവും. എങ്കിൽ അവർക്ക് വളരാം. അല്ലെങ്കിൽ കിണറ്റിലെ തവളയെ പോലെ ആവാം. 

ഭരണത്തോടും അധികാരത്തോടും ചേർന്ന് നിൽക്കുന്നത് കൊണ്ട് കിട്ടുന്ന അഹങ്കാരം അവരുടെ നിജസ്ഥിതി അവർക്ക് മനസ്സിലാക്കിത്തരില്ല. 

അവർ വഞ്ചിതരായി അങ്ങനെ മുന്നോട്ടുപോകും. 

ഭരണത്തോടും അധികാരത്തോടും ചേർന്ന് നിൽക്കുക എളുപ്പം. 

അധികാരത്തെയും ഭരണത്തെയും ചോദ്യം ചെയ്യുകയാണ് പ്രയാസം. 

രാജ്യസ്നേഹം അതാണ്. 

രാജാവ് നഗ്നനാണ് എന്ന് പറയാൻ മടിക്കുന്നവരാണ് മഹാഭൂരിപക്ഷവും എക്കാലവും എന്നോർത്താൽ നന്ന്.

കോടതിയിൽ തെളിയുക. 

അതും നമ്മുടെ ഇന്ത്യയിൽ. 

അതും ഇത്തരം രാഷ്ട്രീയവും വർഗീയതയും നിറഞ്ഞ കാര്യങ്ങളിൽ. 

രാജ്യം വിചാരിച്ചാൽ ആരെയും ശിക്ഷിക്കാൻ സാധിക്കുന്ന കോടതികൾ മാത്രമേ ഇവിടെ ഉള്ളൂ. 

ഒന്നോ രണ്ടോ നല്ല വിധികർത്താക്കൾ അങ്ങിങ്ങ് ഉണ്ടാവുന്നത് കൊണ്ട് മാത്രം കോടതി വ്യവസ്ഥ ശരിയാവില്ല, നന്നാവില്ല. അവരെത്തന്നെയും ഭരണകൂടം ആവും വിധം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും. ഞെരുക്കും. 

തങ്ങൾക്കെതിരെ വരുന്ന വിധികർത്താക്കൾ കൃത്യമായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന നാടാണ് ഇന്ത്യ. 

ഭരിക്കുന്ന പാർട്ടിക്കെതിരെയും നേതാവിനെതിരെയും വിധി വരാൻ മാത്രം പക്വതയും വളർച്ചയും എത്തിയ നാടല്ല ഇന്ത്യ.

തെളിവ് സഹിതം ചൂണ്ടിപ്പറയാൻ പറഞാൽ ആർക്കാണ് സാധിക്കുക? 

ഏത് ഭരണാധികാരിയാണ് അയാൾ തന്നെ ഭരിക്കുന്ന സമയത്ത്  ആ നാട്ടിൽ ശിക്ഷിക്കപ്പെടുക? 

പിന്നെ അന്ധരും വിവരംകെട്ടവരുമായ വികാരം മാത്രം കയ്യിലുള്ള, തെരുവിൽ കണക്ക് പറയുന്ന അണികൾ ഉളള നേതാവിനെയും പാർട്ടിയെയും തൊട്ടുകളിക്കാനും ആർക്കും പേടിയാവും. 

മറ്റേത് പാർട്ടിക്കും വിധികർത്താവിനും വരെ. 

മറ്റേത് പാർട്ടിയും അധികാരത്തിൽ വന്നാൽ പോലും. 

രാവ് പകലാണെന്ന് പറഞാൽ വിശ്വസിക്കുന്ന നാട്ടുകാരുള്ള നാടാണ് ഇതെന്ന് ഓർക്കണം. 

കേരളത്തിൽ നിന്ന് അത് മനസ്സിലാവുക സാധ്യമല്ല. അങ്ങ് ഉത്തരേന്ത്യയിൽ ഒന്ന് പോയിനോക്കൂ.  ശരിക്കും പോയി നോക്കൂ.

പട്ടാപ്പകൽ നേരിട്ട് കണ്ടത് പോലും നിങ്ങൾക്ക് കോടതിയുടെ മുൻപിൽ തെളിയിക്കാൻ സാധിക്കില്ല. നിഷ്പക്ഷമായ കോടതി ആയാൽ പോലും. 

എങ്കിൽ പക്ഷപാതികളും ഭീരുക്കളും സ്ഥാനമോഹികളും ആകുന്ന വിധികർത്താക്കളുടെ കാര്യം പറയേണമോ? 

പാവങ്ങളുടെ രക്തം കുടിക്കുന്ന വ്യവസ്ഥിതി മാത്രമേ ഇവിടെ ഉളളൂ. 

തർക്കിച്ച് പറഞാൽ മനസ്സിലാകാത്ത പലതും ഉണ്ട്. 

അതുകൊണ്ട് തന്നെ സൂചന നൽകാൻ മാത്രമേ സാധിക്കൂ. 

വിവേകികൾക്ക് സൂചന തന്നെ എത്രയോ ധാരാളം. 

വിഡ്ഢികൾ വിവേകിയുടെ മൗനത്തേയും തൻ്റെ വിജയമായും വിവേകിയൂടെ പരാജയമായും ആഘോഷിക്കുന്നു. 

കാരണം വിഡ്ഢികൾക്ക് പ്രധാനം ശരിയും തെറ്റും അല്ല. മനസ്സിലാക്കലും വളരലും അല്ല. അവന് പ്രധാനം ജയിച്ചു എന്ന തോന്നലും തോല്പിച്ചു എന്ന തോന്നലും വിജയിച്ചു എന്ന തോന്നലും മാത്രം. ആ വഴിയിൽ സ്വന്തം നാടും നാട്ടുകാരും നശിക്കുന്നതും കഷ്ടപ്പെടുന്നതും വരെ അവർക്ക് പ്രശ്നമാകില്ല.

No comments: