ഒരു സുഹൃത്തിനുള്ള മറുപടി:
അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് കരുതുന്ന മട്ടിൽ, അങ്ങനെ പറഞ്ഞുപ്രചരിപ്പിക്കുന്ന മട്ടിൽ, നാം ഇസ്ലാമിനെയും മുസ്‌ലിംകളെയും കുറിച്ചും പറഞ്ഞുനടക്കുന്നു.
******
ഒരു നല്ല സുഹൃത്ത് ഇങ്ങനെ പറഞ്ഞു
"സൗഹൃദം എന്ന വാക്ക് നിലനിർത്തിത്തന്നെ പറയട്ടെ താങ്കളുടെയും മതവികാരം ഒന്നുമാത്രമാണ് ഈ പോസ്റ്റിൽ പോലും പ്രകടമാവുന്നത്."
മറുപടി:
താങ്കളെ മാനിക്കുന്നു.
ഒന്നാമതായി ചോദിക്കട്ടെ...
സൗഹൃദം എന്നത് വാക്കാണോ പ്രവൃത്തിയിൽ വരുന്ന സംഗതിയാണോ? താങ്കൾ പറഞ്ഞത് സൗഹൃദം എന്ന വാക്ക് സൂക്ഷിച്ചു കൊണ്ട് എന്നാണ്. സാരമില്ല, ഒരു വാക്കുപിഴ മാത്രം.
രണ്ടാമതായി ചോദിക്കട്ടെ..
വർത്തമാനകാല ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയം മുസ്‌ലിം വിരോധത്തിൽ മാത്രമധിഷ്ടിതമാണെന്ന് മനസ്സിലാക്കാൻ ഒരു പ്രത്യേക ഇസ്‌ലാം മതചായ്‌വ് വേണം എന്നാണോ താങ്കൾ കരുതുന്നത്? ഏത് സാമാന്യയുക്തിയും വിവരവും ഉള്ള നിഷ്പക്ഷമതികൾക്ക് വേണ്ടത്രയും അതിലധികവും എളുപ്പം മനസ്സിലാക്കാവുന്നതല്ലേ അതുള്ളൂ?
എങ്കിൽ അങ്ങനെയൊരു ഭരണനേതൃത്വം എടുക്കുന്ന ഫലസ്തീൻ വിരുദ്ധ നിലപാട് പിന്നെങ്ങിനെ കാണണം?
മൂന്നാമതായി മേൽപോസ്റ്റ് മതപരമായ ചായ്‌വ് കാണിക്കുന്നതായിരുന്നില്ല. പക്ഷെ എന്തുകൊണ്ടോ താങ്കൾ കണ്ടത് അത് മാത്രവും. അപ്പോൾ ആരിലാണ് മതവും ഒരു പ്രത്യേക മതവിരോധവും ഒളിഞ്ഞു നിൽക്കുന്നത്?
ഇന്ത്യൻ നിലപാടിൻ്റെ പിന്നിലെ ചേതോവികാരം ചോദ്യം ചെയ്യുന്നതായിരുന്നു താങ്കൾ പറഞ്ഞ ഈയുള്ളവൻ്റെ മേൽപോസ്റ്റ്.
ഹമാസ് ശരിയായാലും തെറ്റായാലും നിലപാട് എടുക്കുന്നതിന് പിന്നിലെ ചേതോവികാരം വേറെ തന്നെ ഒരു സംഗതിയാണ്.
സമീപകാല ഇന്ത്യൻ രാഷ്ട്രീയവും സംഭവവികാസങ്ങളും ഒരാൾക്ക് അതെന്താണെന്ന് പറഞ്ഞുതരുന്നില്ലെങ്കിൽ ആർക്കും അയാളെ സഹായിക്കാൻ സാധിക്കില്ല.
നമ്മളിൽ ഓരോരുവനും വല്ലാത്ത തെറ്റിദ്ധാരണ നിറഞ്ഞ വെറുപ്പ് ഇസ്ലാമിനോട് സൂക്ഷിക്കുന്നുവോ എന്നൊരു സംശയം നാം ആത്മപരിശോധനക്ക് വേണ്ടിയെങ്കിലും ഉയർത്തുന്നത് നല്ലതാണ്.
ഭരണകൂടം സ്പോൺസർ ചെയ്യുന്ന വാർത്താമാധ്യമങ്ങൾ നമ്മെ നയിക്കുന്നതും അതേ ദിശയിലേക്ക് തന്നെ. അപ്പുറത്തുള്ള നിങൾ വെറുക്കുന്നവരുടെ കാര്യം കേൾക്കാൻ സാധ്യത ഇല്ലാത്ത പ്രത്യേകമായ സാഹചര്യവും.
ഇസ്ലാമിനോട് നമുക്കുണ്ടാവുന്ന ആശയപരമായ എതിർപ്പ് ശരിയാണ്.
പക്ഷേ ആ എതിർപ്പ് എന്തും ഏതും ഇസ്ലാമിനും മുസ്ലിംകൾക്കും എതിരേ ആരോപിക്കുന്ന വിധത്തിലേക്ക് നീങ്ങരുത്.
ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും തന്നെ വിശ്വാസത്തിനും വിശ്വാസം നിശ്ചയിക്കുന്ന പ്രവൃത്തികൾക്കും എതിരായത് നാം അവരെക്കുറിച്ച് പറഞ്ഞുപരത്തരുത്.
പ്രത്യേകിച്ചും അവർ പരലോകമോക്ഷം ലക്ഷ്യം വെച്ച് ചില അളവുകോലുകൾ ഉള്ളവരാണ്. എന്നതിനാൽ എല്ലാവരെയും പോലെ അവർക്കങ്ങനെ ആവുക എളുപ്പമല്ല. അവർ ഇന്ത്യയിൽ ഇപ്പോൾ നമ്മൾ കാണുന്ന വെറും വർഗീയ ഭീകര സംഘങ്ങളെ പോലെയല്ല. ഒരു പ്രത്യേക ആശയവും വിശ്വാസവും കൊണ്ടു നടക്കുന്നവരാണ് ഇസ്‌ലാം മത വിശ്വാസികളായ മുസ്‌ലിം സംഘടനകൾ. അതിൽ കണിശത പുലർത്തുന്നവരും കണിശത പുലർത്താൻ പരസ്പരം പോലും തർക്കിച്ച് ഭിന്നിക്കുന്നവരും. മുസ്ലിംകളിൽ അവാന്തര വിഭാഗങ്ങൾ ഉണ്ടായത് അങ്ങനെ മാത്രമാണ്. കർമശാസ്ത്ര കാര്യങ്ങളിലെ നിസ്സാര കാര്യങ്ങളിൽ വരെ കണിശത പുലർത്തുന്ന വഴിയിൽ ഉണ്ടായ തർക്കം കാരണം മാത്രം.
ഇസ്ലാമിൻ്റെ ശത്രുക്കൾക്ക് ഇത്തരം വിശ്വാസങ്ങൾ ഇല്ല. അവർക്കെന്തും ചെയ്യാം. ഒരു കുറ്റബോധവും തോന്നാതെ അവർ ചെയ്യുന്നതും അവർക്ക് ചെയ്യാൻ സാധിക്കുന്നതും അങ്ങനെയൊന്നും ഒരുനിലക്കും ചെയ്യാൻ സാധ്യതയില്ലാത്ത വിശ്വാസികളായ മുസ്ലിംകളുടെ പേരിലും ഇസ്ലാമിൻ്റെ പേരിലും അവർ ആരോപിക്കുന്നു. അതും അവർക്ക് വളരേ എളുപ്പം ചെയ്യാവുന്നത്.
നമുക്ക് കിട്ടുന്ന വാർത്തകൾ മുഴുവൻ ഇസ്‌ലാംവിരുദ്ധ ശക്തികളിൽ നിന്നാണെന്ന് നാം ഓർക്കണം.
നെല്ലും പതിരും വേർതരിക്കാൻ നാം അപ്രാപ്തരുമാണ്. നമ്മുടെ കയ്യിൽ നെല്ലും പതിരും വേർതിരിക്കാൻ വേണ്ട ഉപകരണങ്ങൾ ഇല്ല.
ചുരുങ്ങിയത് ഒരു മതമെന്ന നിലക്ക് കുറേ അരുതുകൾ ഉള്ള മതമാണ് ഇസ്‌ലാം. അതിന് കടകവിരുദ്ധമായത് വരെ അവരുടെ പേരിൽ അതേ ഇസ്‌ലാം വിരോധത്തിൻ്റെ പേരിൽ നാം ആരോപിക്കുന്നു. ബലാൽസംഗം പോളുള്ളത്. ശവം വലിച്ചുനടന്നുകൊണ്ടുള്ള നൃത്തം വരെ. വെറും കളവുകൾ.
അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്നത് നാം കരുതുന്ന മട്ടിൽ, അങ്ങനെ പറഞ്ഞുപ്രചരിപ്പിക്കുന്ന മട്ടിൽ, നാം ഇസ്ലാമിനെയും മുസ്‌ലിംകളെയും കുറിച്ചും പറഞ്ഞുനടക്കുന്നു.
നമ്മൾ കേൾക്കുന്നത് മിക്കവാറും ഇല്ലാക്കഥകൾ. പക്ഷേ, അവ ഇല്ലാക്കഥകൾ ആണെന്ന് നമുക്ക് മനസ്സിലാവുന്നില്ല.
പണ്ട് ഇറാഖിനെതിരെ എന്തൊക്കെ നമ്മൾ ഇതേ സാമ്രാജ്യത്വ ശക്തികളുടെ വായിൽ നിന്ന് വാർത്തകളായി കേട്ടു?
അവയൊക്കെയും വിശ്വസിച്ചുകൊണ്ട് നമ്മളും ആവേശപൂർവ്വം ഇതുപോലൊക്കെ തന്നെ ആക്രോശിച്ചു.
ഇറാഖിൻ്റെ കയ്യിൽ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞായിരുന്നു യുദ്ധം നടത്തിയത്, ഒരു രാജ്യത്തെ നശിപ്പിച്ചത്, അവിടത്തെ ഭരണാധികാരിയെ തൂക്കിലേറ്റിയത്?
ആണവായുധം ഉണ്ടെന്ന് വരെ പറഞ്ഞു.
കോളിൻ പാവലും ജോർജ് ബുഷും ടോണി ബ്ലെയറും നമുക്കന്ന് സത്യം മാത്രം പറയുന്ന പ്രവാചകൻമാരായി.
എന്നിട്ടോ?
അവസാനം വട്ടപ്പൂജ്യം. എല്ലാം പെരുംകളവ്.
കളവ് പറഞ്ഞവർ ശിക്ഷിക്കപ്പെട്ടില്ല.
പകരം ശിക്ഷിക്കപ്പെട്ടതും നഷ്ടപ്പെട്ടതും ഇറാഖിനും അവിടത്തെ ജനങ്ങൾക്കും. മുസ്‌ലിംകൾക്ക്.
ലിബിയയുടെയും ഖദ്ദാഫിയുടെയും കാര്യവും മറിച്ചല്ല.
ആ വഴിയിൽ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടതും രാജ്യങ്ങൾ നശിപ്പിക്കപ്പെട്ടതും ഇതേ ശക്തികൾ കാരണം തന്നെയായിരുന്നു. ഇതുപോലുള്ള വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിച്ചു തന്നെയായിരുന്നു.
പക്ഷേ നമുക്കത് വിഷയമായില്ല. ഇപ്പോഴും വിഷയമല്ല. അങ്ങനെ കൊല്ലപ്പെട്ട ലക്ഷങ്ങൾ നമ്മെ വേദനിപ്പിക്കുന്നില്ല.
ഈ ശക്തികൾക്കെതിരെ നമുക്ക് ഇപ്പോഴും ഒന്നും വിഷയമല്ല.
അധികാരവും വിജയവും ഉള്ളിടത്ത് നാം ഓരം ചേർന്നു നിൽക്കുന്നു. അധികാരത്തെയും വിജയത്തെയും വിശ്വസിച്ചുകൊണ്ട്.
നാം അതേ ശക്തികളെ പിന്നെയും പിന്നെയും വിശ്വസിക്കുന്നു.
അത്രയ്ക്കുണ്ട് ആ അധികാരശക്തികളുടെയും അവരുടെ കയ്യിലുള്ള വാർത്താമാധ്യമങ്ങളുടെയും അധികാരത്തിൻ്റെയും ശക്തി.
റിപബ്ലിക് TVയും ടൈംസ് നൗവും പോലുളള ഒരുകുറേ ചാനലുകൾ ഇവിടെയുമുണ്ട്.
അവയൊക്കെ എന്ത് ചെയ്യുന്നുവെന്ന് നമുക്കും അറിയാം.
അവരുണ്ടാക്കിയ, ഉണ്ടാക്കുന്ന നുണകളുടെ പിൻബലത്തിൽ മാത്രം ചിലർ അധികാരം നേടുന്നു, നേടിയ അധികാരം വെച്ച് കളിക്കാവുന്ന എല്ലാ കളികളും കളിക്കുകയും ചെയ്യുന്നു.
ഇപ്പോൾ കേൾക്കുന്നത് പോലുള്ള കള്ളവാർത്തകൾ വിശ്വസിപ്പിക്കും വിധം പറഞ്ഞുപരത്തിയവരവർ അവരെന്നത് നാം ഓർക്കണം. നാം അക്കാലത്ത് അവരെ എത്ര കണ്ട് വിശ്വസിച്ചു എന്നതും.
ഈയുള്ളവൻ്റെ മേൽ കുറിപ്പിൽ താങ്കളെങ്ങിനെ മതപരമായ ചായ്‌വ് കണ്ടു ?
മതപരമായ ചായ്‌വ് കാണുന്നതിനപ്പുറം നമ്മൾ എത്രമാത്രം സാമ്രാജ്യത്വ അജണ്ടകൾക്ക് വഴിപ്പെട്ടു എന്നതായിരുന്നു താങ്കൾ കാണേണ്ടിയിരുന്നത്.
നമ്മുടെ മേലുണ്ടായ സ്വാധീനവും നമുക്കുണ്ടായ അന്ധതയും നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്തത്ര സാമ്രാജ്യത്വ ശക്തികൾ വാരിവിതറിയ ഇല്ലാക്കഥകൾ നമ്മളും കൊണ്ടുനടക്കുന്നു. കഥയറിയാതെ.
പ്രത്യേകിച്ചും മേൽപോസ്റ്റ് ഇന്ത്യൻ നിലപാടിൽ ഒളിച്ചുനിൽക്കുന്ന വളരേ പേടിക്കേണ്ട നിറവ്യത്യാസമാണ് പറഞ്ഞവതരിപ്പിക്കാൻ ശ്രമിച്ചത്.
മേൽപോസ്റ്റ് നിലവിലെ ഇന്ത്യൻ ഭരണകൂട നേതൃത്വത്തിൻെറ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് മാത്രമായിരുന്നു.
എന്ത് കൊണ്ട്?
വെറുപ്പും കളവും കൊണ്ട് മാത്രം പടുത്തുയർത്തിയ ഒരു വലിയ ചീട്ടുകൊട്ടാരമാണ് നിലവിലെ ഇവിടുത്തെ ഭരണക്രമം. അവരത് തുടർത്താൻ ശ്രമിക്കുന്നതും അങ്ങനെ തന്നെ.
അങ്ങനെ നമ്മുടെ നാട് വളരേ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു.
അതൊന്നും താങ്കളെ തെല്ലും അലട്ടുന്നില്ല.
No comments:
Post a Comment