ശരിക്കും ഇന്ത്യക്ക് ജയിക്കാമായിരുന്ന കളി.
ഇന്ത്യയോളം ഈ ലോകകപ്പ് ജയിക്കാൻ അർഹത യുള്ള ടീമും ഉണ്ടായിരുന്നില്ല.
എന്നിട്ടും അന്തിയോളം വെളളംകൊരി അന്തിക്ക് കലമുടച്ചു.
സെമിഫൈനൽ വരെയുള്ള വഴിയിൽ ഒരു കളിയെങ്കിലും തോൾക്കാതെ വന്നതും വിനയായോ എന്ന് പോലും സംശയിച്ചുപോകും വിധമായിരുന്നു, അങ്ങനെ സംശയിപ്പിക്കും വിധമായിരുന്നു ഇന്നലത്തെ പ്രകടനം. കാരണം അവിടിവിടെയുള്ള ചില്ലറ തോൽവികളാണ് കൂടുതൽ പാഠങ്ങൾ തരിക, തിരുത്തുകൾ കാണിച്ചുതരിക. ഉയരെ സ്വപ്നലോകത്ത് നിന്ന് താഴെ യാഥാർത്ഥ്യ ബോധത്തിലേക്ക് തിരിച്ചുകൊണ്ടുവരിക.
ഇന്നലത്തെ ഫൈനൽ. എന്തുകൊണ്ടും ഇന്ത്യക്ക് 350ന് മുകളിൽ സ്കോർ ഉയർത്താമായിരുന്ന തുടക്കം, പിച്ച്, കളി.
തുടക്കത്തിൽ വിരാടും രോഹിതും കളിച്ച കളിയിലെ ഒഴുക്ക് കണ്ടാൽ തന്നെ പറയാമായിരുന്നു അവർ രണ്ട് പേരും ചുരുങ്ങിയത് സെഞ്ചുറിയെങ്കിലും അർഹിച്ചിരുന്നുവെന്ന്.
രണ്ടാളും പുറത്തായത് ആസ്ട്രേലിയയുടെ ബൗളിംഗ് മികവ് കൊണ്ടുമായിരുന്നില്ല.
ഒരു നിലക്കും സ്റ്റെപ്ഔട്ട് ചെയ്യേണ്ട ഒരാവശ്യവും അത്യാവശ്യവും ഇല്ലാതിരുന്ന ഘട്ടത്തിൽ, അതും ആ ഓവറിൽ തന്നെ അപ്പോഴേക്കും പത്ത് റൺസ് എടുത്തിരിക്കെ രോഹിത് ശർമ്മ നടത്തിയ വെറും വെറുതേയുള്ള സ്റ്റെപ്ഓട്ട് ഷോട്ട് തീർത്തും അനാവശ്യമായിരുന്നു. അതിൽ അയാൾ വീഴുകയും ചെയ്തു.
അതോടെ രോഹിത് പുറത്ത് പോയ ആ വഴിയിൽ ഇന്ത്യൻ റൺ ഒഴുകുന്നത് നിൽക്കുകയും ശ്രേയസ് അയ്യർ വന്നവഴി പോകുകയും വിരാട് കോഹ്‌ലിക്ക് സമ്മർദ്ദം കൂടുകയും ചെയ്തും.
വളരേ എളുപ്പത്തിൽ ലാഘവത്തോടെ കളിച്ച ഒരു ഡിഫൻസിൽ ആയിരുന്നു പിന്നീട് അവിശ്വസനീയമായ രീതിയിൽ വിരാട് കോഹ്‌ലി ഔട്ടായത്.
വിരാടിന് തന്നെ അത് വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു.
വിശ്വസിക്കാൻ സാധിക്കാതെ വിരാട് കോഹ്‌ലി, ഒന്ന് വിശ്വസിക്കാൻ വേണ്ടി പിച്ചിൽ തന്നെ കുറച്ച് നേരം നിൽക്കുന്നതും ഔട്ടായത് വിശ്വസിക്കാൻ സമയമെടുക്കുന്നതും കാണാമായിരുന്നു.
ഈ രണ്ട് തീർത്തും അനാവശ്യമായ പുറത്താകലുകൾ ഇന്ത്യയുടെ വിധിയെഴുതി.
അർഹിച്ച സുന്ദരമായ ബാറ്റിംഗ് താളം തെറ്റിച്ചു.
പിന്നെ കുറച്ച് കെ എൽ രാഹുൽ പൊരുതിയത് മാത്രം മിച്ചം.
അതുവരെ വളരെ കേമം എന്ന് തോന്നിച്ച ഇന്ത്യയുടെ ബൗളിങ് ശക്തി തീരേ തിളങ്ങിയില്ല.
യഥാർഥത്തിൽ ഇന്ത്യ ബാറ്റിങ്ങിൽ കാണിക്കുന്ന ശക്തിയും മികവും ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം എന്ന പോലെ ബൗളിംഗിൽ ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ ഫൈനലിലെ ബൗളിംഗ് പ്രകടനം.
ആസ്ട്രേലിയയും പാക്കിസ്ഥാനും എക്കാലവും ബൗളിംഗിൽ ശക്തരായയിരുന്നത് പോലെ, ലോകോത്തരമായിരുന്നത് പോലെ ഇന്ത്യ ഒരിക്കലും ആയിരുന്നില്ല. ഇന്നലെ അത് ഒരിക്കൽ കൂടി അല്ലെന്ന് തെളിയിച്ചു. ഇന്ത്യയുടെ എന്നത്തേയും കരുത്ത് ബാറ്റിങ് തന്നെ. ഇന്ത്യ ലോകത്തിന് നൽകിയതും ബാറ്റിങ് അവതാരങ്ങളെ. ഒരു ചെറിയ കാലയളവിൽ വ്യത്യസ്തമായ രീതിയിൽ കപിൽ ദേവ് തിളങ്ങിനിന്നത് മാറ്റിനിർത്തിയാൽ. (കപിലിൻ്റെ കാലത്തും ബൗളിംഗിൽ ലോകോത്തരമെന്ന് കണക്കാക്കപ്പെട്ടത് വെസ്റ്റ് ഇൻഡീസ്, ആസ്ട്രേലിയൻ പാക്കിസ്ഥാൻ ബൗളർമാരായിരുന്നു. തുടർച്ചയായി പരിക്കില്ലാതെ ബോൾ എറിയാൻ കഴിഞ്ഞത് അക്കാലത്ത് കപിൽ ദേവിന് കൂടുതൽ വിക്കറ്റുകൾ നേടാൻ കാരണമാക്കി എന്ന് മാത്രം.)
ഫൈനൽ വരേയും ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തുന്ന വലിയ സ്കോറുകൾ ആയിരുന്നു ബൗളിംഗ് മികവായി നമ്മൾ തെറ്റിദ്ധരിച്ചത്.
കൂറ്റൻ സ്കോറുകൾ പിന്തുടരുന്ന വഴിയിൽ സമ്മർദ്ദം കൊണ്ട് എതിർടീമുകൾ തകർന്നടിയുന്നത് കണ്ട് നമ്മൾ ഇന്ത്യയുടെ ബൗളിംഗ് ശക്തി കൂട്ടിഅളക്കുകയായിരുന്നു.
അങ്ങനെ കൂട്ടി അളന്നത് തെറ്റാണെന്ന് ഇന്നലെ, ഇന്ത്യയിൽ ഇന്ത്യൻപിച്ചിൽ ആയിരുന്നിട്ടു പോലും ഇന്ത്യൻ ബൗളിംഗ് നിര തെളിയിച്ചു.
എന്തുകൊണ്ടോ ഇന്ത്യ കാണിക്കേണ്ട ബാറ്റിങ് മികവ് ഇന്ത്യക്ക് നടത്താൻ കഴിഞില്ല.
എന്തുകൊണ്ടും ഇന്ത്യക്ക് ജയിക്കാമായിരുന്ന കളി അതുകൊണ്ട് തന്നെ ഇന്ത്യക്ക് ജയിക്കാൻ സാധിച്ചില്ല.
ആസ്ട്രേലിയൻ ബൗളിംഗ് നിര എന്തുകൊണ്ടും ലോകോത്തരമെന്ന് തെളിയിക്കുന്നതായിരുന്നു സെമിഫൈനലിലും ഫൈനലിലും ഒരുപോലെ അവർക്ക് എതിരാളികളെ ചെറിയ സ്കോറിൽ തുടർച്ചയായി ഒതുക്കാൻ സാധിച്ചത്.
ആസ്ട്രേലിയ അതുകൊണ്ട് തന്നെ ചെറിയ ടോട്ടൽ പിന്തുടരുന്ന വഴിയിൽ കളിച്ചതാകട്ടെ വളരെ എളുപ്പത്തിലും ലാഘവത്തോടെയും.
പ്രത്യേകിച്ചും ട്രവിസ് ഹെഡ്.
No comments:
Post a Comment