Saturday, November 25, 2023

തിന്മയുടെ മേൽ നന്മയുടെ വിജയമെന്നോ?

തിന്മയുടെ മേൽ നന്മയുടെ വിജയമെന്നോ?

അസത്യത്തിൻ്റെ മേൽ സത്യത്തിൻ്റെ വിജയമെന്നോ?

ഒന്നും മനസ്സിലാവുന്നില്ല.

അതും ദൈവം വന്നിട്ട്, അവതാരമെടുത്തിട്ട്, പ്രവാചകൻമാരെ അയച്ചിട്ട്?

എന്തിന്?

പ്രത്യേകിച്ചും ഉണ്ടെങ്കിൽ ഉള്ള ദൈവത്തിൻ്റെ വേണ്ടുക മാത്രം തന്നെ എല്ലാമാവുന്നിടത്ത്.

എന്തൊക്കെയാണ് ഈ പറയുന്നത്?

തിന്മയെയും അസത്യത്തെയും തോൽപിക്കാൻ ദൈവം വരുന്ന കഥ. ദൈവം അവതാരമെടുക്കുന്ന കഥ, ദൈവം പ്രവാചകൻമാരെ അയക്കുന്ന കഥ?

(ആണെങ്കിൽ, എല്ലാം തന്നെ, നൻമയും തിൻമയും സത്യവും അസത്യവും എല്ലാം തന്നെ, എല്ലാറ്റിൻ്റെയും വാഹകരും തന്നെ ഒരുപോലെ ദൈവം, ദൈവത്തിൻ്റെ തന്നെ അവതാരങ്ങളും പ്രവാചകരും എന്നിരിക്കെ പ്രത്യേകിച്ചും)

ഇങ്ങനെയാണ് മനുഷ്യൻ എക്കാലവും തൻ്റെ വിജയത്തെയും ആഘോഷത്തെയും വിശേഷിപ്പിച്ചത്. 

തോറ്റുപോയവർ എപ്പോഴും തിന്മയുടെയും അസത്യത്തിൻ്റെയും അവതാരങ്ങൾ. 

വിജയിച്ചവർ എപ്പോഴും നന്മയുടെയും സത്യത്തിൻ്റെയും കൊടിവാഹകർ.

ചരിത്രം വിജയിച്ചവർ എഴുതിയത്.

മനസ്സിലാവാത്തത് മറ്റൊന്നാണ്.

എല്ലാമായിരിക്കുന്ന ദൈവത്തിനെന്ത്, എങ്ങിനെ നന്മയും തിന്മയും?

എല്ലാമായിരിക്കുന്ന ദൈവത്തിനെന്ത്, എങ്ങിനെ സത്യവും അസത്യവും? 

എല്ലാമായിരിക്കുന്ന ദൈവത്തിനെന്ത്, എങ്ങിനെ വിജയവും തോൽവിയും?

നന്മയും തിന്മയും കൂടിയതല്ലേ, അഥവാ നന്മയും തിന്മയും ഇല്ലാത്തതല്ലേ ദൈവം?

നന്മയും തിൻമയും ദൈവത്തിൽ നിന്ന് മാത്രം തന്നെയല്ലേ?

നമ്മുടെ ആപേക്ഷികമാനത്തിൽ, നമ്മുടെ തോന്നലിൽ മാത്രമല്ലേ നന്മയും തിന്മയും?

ആപേക്ഷികമാനത്തിൽ മാത്രമുള്ള നന്മ തിന്മ വിഷയത്തിൽ, ആത്യന്തികനായ ദൈവത്തെ സംബന്ധിച്ചേടത്തോളം യഥാർഥത്തിൽ ഇല്ലാത്ത നന്മ തിന്മ വിഷയത്തിൽ, എന്തിന്, എങ്ങിനെ ആ  ആത്യന്തികനായ ദൈവം വരും?

ആപേക്ഷികമാനത്തിൽ മാത്രമുള്ള, നമ്മുടെ തോന്നലിൽ മാത്രമുള്ള നന്മ തിന്മ വിഷയത്തിൽ എന്തിന് എല്ലാ മാണങ്ങൾക്കും തോന്നലുകൾ ക്കും അതീതമായ ആത്യന്തികമാനത്തിലുള്ള, നന്മ തിൻമ ഇല്ലാത്ത ദൈവം വന്ന് ഏതെങ്കിലുമൊരു പക്ഷം പിടിക്കണം?

പ്രത്യേകിച്ചും ആത്യന്തികമാനത്തിലുള്ള ദൈവം തന്നെയാണ് ആപേക്ഷികമാനത്തിൽ മാത്രമുള്ള നന്മയും തിന്മയും സത്യവും അസത്യവും ആയിത്തീരുന്നതെങ്കിൽ, പിന്നെങ്ങിനെ ഇല്ലാത്ത അസത്യത്തിൻ്റെ മേൽ വിജയിക്കാനും ഇല്ലാത്ത തിന്മയെ തോൽപിക്കാനും ദൈവം അവതരിക്കും, പ്രവാചകൻമാർ വരും? 

നമ്മൾ നമ്മുടെ ആവശ്യങ്ങളെയും തോന്നലുകളെയും, നമ്മുടെ മാത്രം മാനത്തിനുള്ളിലെ മാനദണ്ഡങ്ങൾ വെച്ചുള്ള നന്മ തിന്മകളെയും ദൈവത്തിൻ്റെ പേരിൽ ചേർത്തുപറയുകയും ആരോപിക്കുകയുമാണ്.

ദിശയും സ്ഥാനവും സമയവും മാറിനോക്കിയാൽ മാറിമാറി വരുന്ന നൻമയും തിൻമയും മാത്രമാണ് നാം നന്മയും തിന്മയും എന്ന് വേർതിരിച്ചു പറയുന്നവ.

നമ്മൾ തിന്മയെന്ന് വിശേഷിപ്പിക്കുന്നത് മറ്റ് പലർക്കും പലതിനും നന്മ. നേരെ മറിച്ച് നമ്മൾ നന്മയെന്ന് വിശേഷിപ്പിക്കുന്നത് മറ്റ് പലർക്കും പലതിനും നന്മ. മലം നമുക്ക് മലം. മറ്റ് പലർക്കും പലതിനും അത് ഭക്ഷണവും വളവും.

അതുകൊണ്ട് തന്നെ ദൈവം നാം നന്മയെന്ന് കണക്കാക്കുന്നതിനെയും തിന്മയെന്ന് കണക്കാക്കുന്നതിനെയും ഒരുപൊലെ ഒന്നായിക്കണ്ട് നന്മയെന്നും തിൻമയെന്നും ഇല്ലാതെ ഒരുപോലെ സംരക്ഷിക്കും. 

ദൈവത്തിന് വിപരീതമില്ല. 

ദൈവത്തിൻ്റെ കാഴ്ചയിലും വിപരീതങ്ങളില്ല. 

എല്ലാം ജീവിതം.

എല്ലാം ജീവിതത്തിന് വേണ്ടത്. 

അവിടെ മനുഷ്യൻ മാത്രമില്ല 

അവിടെ മനുഷ്യൻ നിശ്ചയിക്കുന്ന നന്മ തിന്മ ഇല്ല.

അതുകൊണ്ട് തന്നെ നാം നന്മയെന്നും തിന്മയെന്നും വേർതിരിച്ചു കണക്കാക്കുന്നതിനെ സംരക്ഷിക്കാനും നശിപ്പിക്കാനും ഉള്ള ബാധ്യത നമുക്ക് മാത്രം. ദൈവത്തിനില്ല. 

അവിടെ, നന്മയെന്ന് നാം വിചാരിക്കുന്നതിനെ വിജയിപ്പിക്കാനും തിന്മയെന്ന് നാം വിചാരിക്കുന്നതിനെ തൊല്പിപ്പിക്കാനും ദൈവത്തെ കൊണ്ടു വരേണ്ടതില്ല.

ഉണ്ടെങ്കിൽ ഉള്ള ദൈവം നന്മയിലും തിന്മയിലും ഒരുപോലെയുണ്ട്. 

ഉണ്ടെങ്കിൽ ഉള്ള ദൈവം  ഒരുപോലെ നന്മയും തിന്മയും ആണ്.

ഉണ്ടെങ്കിൽ ഉള്ള ദൈവം നന്മയിലും തിന്മയിലും ഓരുപോലെ ഉണ്ട്.

ഉണ്ടെങ്കിൽ ഉള്ള ദൈവം നന്മയിലും തിന്മയിലും ഓരുപോലെ ഇല്ല 


No comments: