Thursday, November 23, 2023

എല്ലാം ഒരുപോലെ അക്രമം എല്ലാം ഒരുപോലെ ക്രമം.

ഒന്നുകിൽ എല്ലാറ്റിനെയും, എല്ലാ വികാരവിചാരങ്ങളെയും സ്നേഹമെന്ന് വിളിക്കാം. 

അക്രമത്തെയും അനീതിയേയും വരെ, വെറുപ്പിനെയും വിദ്വേഷത്തെയും വരെ സ്നേഹമെന്ന് വിളിക്കാം. 

അല്ലെങ്കിൽ ഒന്നിനെയും, ഒരു വിചാരവികാരത്തേയും സ്നേഹമെന്ന് വിളിക്കാതിരിക്കാം. 

ഇഷ്ടത്തെയും അടുപ്പത്തെയും വരെ, നീതിയേയും ക്രമത്തെയും വരെ സ്നേഹമെന്ന് വിളിക്കാതിരിക്കാം. 

കാരണം, സ്നേഹമെന്നത് കാരണങ്ങൾ ഇല്ലാത്തത്. അളവുകോലുകളും മാനദണ്ഡങ്ങളും ഇല്ലാത്തത്.

എന്നാലോ, എല്ലാ വികാരവിചാരങ്ങളും കാരണങ്ങൾ ഉള്ളത്. അളവുകോലുകളും മാനദണ്ഡങ്ങളും ഉള്ളത്

എല്ലാ നീതിയും അനീതിയും ഇഷ്ടവും വെറുപ്പും കാരണങ്ങൾ ഉള്ളത്, അളവുകോലുകളും മാനദണ്ഡങ്ങളും ഉള്ളത് 

കാരണമില്ലാത്ത, അളവുകോലുകളും മാനദണ്ഡങ്ങളും ഇല്ലാത്ത സ്നേഹം കൊണ്ട് കാരണങ്ങൾ ഉള്ള, അളവുകോലുകളും മാനദണ്ഡങ്ങളും ഉള്ള വികാരവിചാരങ്ങൾ ഉണ്ടാവുന്നു. ഇഷ്ടവും വെറുപ്പും ഉണ്ടാവുന്നു. നീതിയും അനീതിയും ഉണ്ടാവുന്നു. ക്രമവും അക്രമവും ഉണ്ടാവുന്നു.

ഓരോന്നിൻ്റെയും ഒരോരുവൻ്റെയും അപ്പപ്പോഴുള്ള ആവശ്യം പോലെ. സന്ദർഭത്തിൻ്റെ തേട്ടം പോലെ.

കാരണം, സ്നേഹമെന്നത് ജീവിതം ജീവിതത്തോട് കാണിക്കുന്നത്. 

സ്നേഹമെന്നത് ജീവിക്കാൻ വേണ്ടി ജീവിതം കാണിക്കുന്നത്.

സ്നേഹമെന്നത് ജീവിപ്പിക്കാൻ വേണ്ടി ജീവിതം കാണിക്കുന്നത്.

ആ നിലക്ക് ജീവിതം ജീവിതത്തോട് കാണിക്കുന്ന എല്ലാം തന്നെ സ്നേഹം. 

ഒഴിച്ചുകൂടാനാവാതെ സംഭവിക്കുന്നത് സ്നേഹം, ജീവിതം.

ജീവിതം ജീവിതത്തോട് കാണിക്കുന്നത് തന്നെയാണ് എല്ലാം. വെറുപ്പും ഇഷ്ടവും നീതിയും അനീതിയും ഒക്കെ. സന്ദർഭത്തിൻ്റെ തേട്ടം പോലെ. ആവശ്യം പോലെ.

ഒന്നും ജീവിതം ജീവിതത്തോട് കാണിക്കുന്നതായല്ലാതെ സംഭവിക്കുന്നില്ല.

നല്ലതെന്നും മോശമെന്നും നിങൾ കരുതുന്നു. പലപ്പോഴും പുറത്ത് നിന്ന് നോക്കിക്കൊണ്ട്. 

പക്ഷെ അത്തരം നല്ലതും മോശവും എന്ന് നിങ്ങൾ കരുതുന്നത് സംഭവിക്കുന്നത് അപ്പോളത് സംഭവിക്കുക ആവശ്യമാകയാൽ. 

ആവശ്യമാണ് നന്മ നന്മയാകാനുള്ള ഏക മാനദണ്ഡം. 

അനാവശ്യമാണ് തിന്മ തിന്മയാകാനുള്ള ഏക ന്യായം. 

ജീവിതത്തിൻ്റെ ആവശ്യം നന്മ. 

ജീവിതത്തിൻ്റെ അനാവശ്യം തിന്മ. 

സ്ഥാനത്ത് സമയത്ത് ആവശ്യമായി സംഭവിക്കുന്ന എല്ലാം നന്മ. 

അസ്ഥാനത്ത് അസമയത്ത് അനാവശ്യമായി സംഭവിക്കുന്നത് മുഴുവൻ തിന്മ.

പക്ഷേ, അവയെല്ലാം ജീവിതം ജീവിതത്തോട് കാണിക്കുന്നത്. 

ജീവിതം ജീവിതത്തോട് കാണിക്കുന്ന നിരുപാധിക സ്നേഹം കൊണ്ട് കാണിക്കുന്നത് എല്ലാം.

അതുകൊണ്ട് തന്നെ നിങ്ങൾക്ക് നന്മ മറ്റൊരാൾക്ക്, മറ്റൊന്നിന് തിന്മ. 

അതുകൊണ്ട് തന്നെ നിങ്ങൾക്ക് തിന്മ മറ്റൊരാൾക്ക്, മറ്റൊന്നിന് നന്മ. 

കാരണം, സ്നേഹമെന്നത് ജീവിതത്തെ സംരക്ഷിക്കാൻ വേണ്ടി ജീവിതം തന്നെ എടുക്കുന്ന എല്ലാമെല്ലാമായ വികാരവിചാരങ്ങൾ, കർമ്മപരിപാടികൾ.

സ്നേഹമെന്നത് കാരണങ്ങൾ ഇല്ലാതെ സഭവിക്കുന്നത്. 

ജീവിതം ജീവിതത്തെ കൊതിക്കാൻ കാരണങ്ങൾ ഇല്ല.

ജീവിതം തന്നെ ജീവിതത്തിന് കാരണം. 

ജീവിതം തന്നെ സ്നേഹത്തിന് കാരണം.

ഉണ്ടെങ്കിൽ ഉള്ള ദൈവത്തിന് ദൈവം മാത്രം കാരണമാകുന്നത് പോലെ. 

സ്നേഹമെന്നത് എന്തായാലും സംഭവിക്കുന്നത്.

വെറുപ്പും വിദ്വേഷവും ഇഷ്ടവും അനിഷ്ടവും ക്രമവും അക്രമവും എല്ലാം സ്നേഹം തന്നെ. 

വെറുപ്പും വിദ്വേഷവും ഇഷ്ടവും അനിഷ്ടവും ക്രമവും അക്രമവും എല്ലാം സ്നേഹത്തിനുള്ളിൽ സ്നേഹം കൊണ്ട് സംഭവിക്കുന്നത്.

വെറുപ്പും വിദ്വേഷവും ഇഷ്ടവും ജീവിതം ജീവിതത്തോട് കാണിക്കുന്ന സ്നേഹത്തിൻ്റെ പശ്ചാത്തലത്തിൽ നിന്ന് തന്നെ ഉണ്ടാവുന്നത്.

ജീവിതം തന്നെ ജീവിതത്തോട് കാണിക്കുന്ന സ്നേഹത്തിൻ്റെ ഭാഗമായി ഉണ്ടാവുന്ന വികാരവിചാരങ്ങൾ. വെറുപ്പും ഇഷ്ടവും. 

അതിനാൽ വെറുപ്പും ഇഷ്ടവും ഒരുപോലെ സ്നേഹം.

വേണ്ടാത്തത് വേണ്ടെന്ന് വെക്കുന്നതും വേണ്ടത് വേണമെന്ന് വെക്കുന്നതും ഒരുപോലെ സ്നേഹം തന്നെ.

വേണ്ടാത്തത് വേണ്ടെന്ന് വെക്കുമ്പോൾ അത് വെറുപ്പാകും വിദ്വേഷമാകും. 

വേണ്ടത് വേണമെന്ന് വെക്കുമ്പോൾ അത് ഇഷ്ടമാകും അടുപ്പമാകും.

ഇഷ്ടം പോലെ തന്നെ വെറുപ്പും സ്നേഹം.

എല്ലാ സ്നേഹവും ഒരുപോലെ സ്നേഹം. 

*******

അറിവില്ലാത്തവൻെറ സ്നേഹം അപകടമുണ്ടാക്കുന്നു. 

അറിവില്ലാത്തവൻ സ്നേഹിച്ചു കൊണ്ടു തന്നെ കൊല്ലുന്നു. 

എന്നാലും സ്നേഹം തന്നെ. 

ജീവിതം ജീവിതത്തോട് കാണിക്കുന്ന, കളിക്കുന്ന കാര്യം തന്നെ അത്.

അറിവില്ലാത്തവൻ സ്നേഹിച്ചു കൊണ്ടു തന്നെ കപ്പലിന് ഓട്ട വെക്കുന്നു. 

സ്നേഹിച്ചു കൊണ്ട് തന്നെ, പുണ്യം ചെയ്യുന്നത് പോലെ തന്നെ അവൻ അക്രമം ചെയ്യുന്നു. 

അവൻ ചെയ്യുന്നത് നിങ്ങൾക്ക് അക്രമമായി തോന്നും. 

പക്ഷേ അവനത് സ്നേഹിച്ചു കൊണ്ട് തന്നെ ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി തന്നെ ചെയ്യുന്നത്. 

അവരെക്കൊണ്ടത് ജീവിതം ചെയ്യിപ്പിക്കുന്നത്.

ജീവിതം ജീവിതത്തിന് വേണ്ടി സംഭവിപ്പിക്കാതെ ഒന്നും സംഭവിക്കുന്നില്ല. 

ദൈവം ദൈവത്തിന് വേണ്ടി സംഭവിപ്പിക്കാതെ ഒന്നും സംഭവിക്കുന്നില്ല.

അതിൽ അക്രമം ക്രമം എന്നതില്ല. 

എല്ലാം ഒരുപോലെ അക്രമം, എല്ലാം ഒരുപോലെ ക്രമം.

എല്ലാം ഒരുപോലെ നന്മ, എല്ലാം ഒരുപോലെ തിന്മ

എല്ലാം ഒരുപോലെ നീതി, എല്ലാം ഒരുപോലെ അനീതി.

******

അറിവില്ലാത്തവൻ്റെ ശ്രമവും ശ്രമം തന്നെ. അവൻ്റെ ആത്മാർഥതയും ആത്മാർഥത തന്നെ.

അറിവില്ലാത്തത് കൊണ്ട് അവൻ ഏറെ ശ്രമിക്കുന്നു, സമയമെടുക്കുന്നു. 

അവൻ ഒരു ചാക്ക് മണലിന് രണ്ട് ദിവസം അധ്വാനിക്കുന്നു. 

അടുത്തുള്ള കണ്ണട അടുത്തുണ്ടെന്ന് അറിയായ്കയാൽ അവൻ ദിവസം മുഴുവൻ അന്വേഷിച്ച് ശ്രമിക്കുന്നു. 

ഏറെ ശ്രമിച്ചു, പണിയെടുത്തു എന്നത് അവന് ന്വായം. 

പക്ഷേ, ഫലം കുറവെന്നത് നിങ്ങളുടെ കാഴ്ച. 

അതുകൊണ്ട് തന്നെ അറിവില്ലാത്തവൻ്റെ കൂടുതൽ ആത്മാർഥതക്കും ശ്രമത്തിനും കൂടുതൽ പ്രതിഫലം നിങൾ നൽകില്ല. 

കാരണം അറിവില്ലാത്തവൻ്റെ ശ്രമത്തിന് ഫലമില്ല. അത് ക്രമത്തിന് പകരം അക്രമം ഉണ്ടാക്കുന്നു.

No comments: