Thursday, November 23, 2023

ഈയുള്ളവൻ്റെ മാതാവും പിതാവും...

താഴെയുള്ള ചിത്രം.

മാതാവിൻ്റെയും പിതാവിൻ്റെയും... 

ഉമ്മയുടെയും ഉപ്പയുടെയും...


മാതാവെന്നും പിതാവെന്നും

ഉപ്പയെന്നും ഉമ്മയെന്നും 

രണ്ട് പേരിൽ ഒതുങ്ങാത്ത 

രണ്ട് പേരുടെത്.


ജീവിതം ജീവിതമാവാൻ 

വഴിയായി സ്വീകരിച്ച 

അങ്ങനെ ജീവിതം വഴിപോയി

എന്നിലെത്താൻ, ഞാനാവാൻ

വഴിയായി സ്വീകരിച്ച 

രണ്ട് പേരുടേത്.


പിന്നത്തെ ചിത്രം,

പിതാവിനോളം പിതാവായി നിന്ന 

ഏറ്റവും മുതിർന്ന ജ്യേഷ്ഠൻ്റെയും.


(ജ്യേഷ്ഠൻ സജീവമായി കൂടെയുണ്ട്.

മറ്റ് വിശേഷണങ്ങൾ പറയുന്നില്ല).


ചുരുങ്ങിയത് 

ഒരു മുപ്പത്തിയഞ്ച് കൊല്ലം

പഴക്കമുള്ള ചിത്രം.

ഉപ്പ മരിച്ചത് 1991 ഡിസംബറിൽ

ഉമ്മ മരിച്ചത് 1999 ഫെബ്രുവരിയിൽ 


*****


എന്ത് പറയണം?

എങ്ങിനെ പറയണം?


വികാര വിചാരങ്ങളെ

കോർത്തുചേർത്തു പറയുന്ന 

ഭാഷയില്ല.


ഭാഷ തന്നെ കൃത്രിമം.


വികാരം വിചാരങ്ങൾ 

വെട്ടേറ്റ് വീഴുന്ന യുദ്ധഭൂമി ഭാഷ.


വികാരം വിചാരങ്ങൾ പാക്കറ്റിൽ ഒതുങ്ങി

പിന്നെ, പാക്കറ്റ് മാത്രം 

വിചാരവും വികാരവും ആയിത്തീരുന്ന 

മാന്ത്രികത ഭാഷ. 


ഭാഷ കൊണ്ട് പറയുന്നത് 

മുഴുവൻ കൃത്രിമം.


ആവരണം മാത്രം

പുറത്ത് കാണിക്കുന്നത് ഭാഷ.


ഭാഷ ഒരു വാഹനം.


ഭാരംപേറി 

ദൂരെ കൊണ്ടുവരാനും 

ഭാരംപേറി 

ദൂരെനിന്നും കൊണ്ടുകൊടുക്കാനും

ഒരു വാഹനം.


പേറി വരുന്ന, പേറിപ്പോകുന്ന ഭാരം 

നിങൾ തേടുന്ന, നേടുന്ന അറിവ്, 

നിങൾ നൽകുന്ന അറിവ്.


വിനിമയത്തിൻെറ ശ്വാസോച്ഛ്വാസം 

നടത്തുന്ന വാഹനം ഭാഷ.


ഈ വാഹനം കൂടാതെ

ഒന്നും വരുന്നില്ല, ഒന്നും അറിയുന്നില്ല,

ഒന്നും പോകുന്നില്ല, അറിയിക്കപ്പെടുന്നില്ല.


വികാര വിചാരങ്ങൾ 

ഭാഷയിൽ അനാഥമായിത്തന്നെ. 


പറയാനും കേൾക്കാനും മാത്രം 

ഒരു വാഹനം, ഈ ഭാഷ.


*******


മാതാപിതാക്കളാണ്.

എല്ലാം പറയണം, 

എല്ലാം പറയാനുണ്ട്

എന്നാകയാൽ

ഒന്നും പറയാനില്ലാത്തത് പോലെ,

ഒന്നും പറയാനാവാത്തത് പോലെ.


എല്ലാ നിറവും കൂടിയാൽ

ഒരു നിറവും ആവാത്തത് പോലെ.


അത്രയേറെ പറഞ്ഞുപോകും

ഒന്നും പറയാതെയുമിരുന്നുപോകും.


വാഹനം വേണം, 

വാഹനം വേണ്ട.


അതിനാൽ 

ഈ കുറിക്കുന്നതിനോടൊപ്പം

സഹിച്ച്, ക്ഷമിച്ച് കൂടെ നിൽക്കുക.

ഈ വാഹനവും അതിൻറെ ബഹളങ്ങളും 

നിങൾ സഹിക്കുക.


മാതാപിതാക്കളുടെ കാര്യമാണ്.

തെരഞ്ഞെടുപ്പില്ലാത്ത കാര്യമാണ്.


കുഞ്ഞായി ജനിക്കുന്നതും

ആരുടെയെന്നില്ലാതെ

മാതാപിതാക്കളായി മാറുന്നതും

ആരുടെയും തെരഞ്ഞെടുപ്പല്ല.


എല്ലാവർക്കും അവരറിയാതെയും

ഒരുപോലെ സാധിക്കുന്നത്

മാതാപിതാക്കളാവുക, കുഞ്ഞാവുക.


പക്ഷേ യാദൃഷ്ചയാ 

മാതാപിതാക്കളായത്തിനു ശേഷം യഥാർഥത്തിൽ മാതാപിതാക്കളാവുക

മാതാപിതാക്കളായി ജീവിക്കുക.


അതൊരു തെരഞ്ഞെടുപ്പ് തന്നെയാണ്.

എല്ലാവർക്കും ഒരുപോലെ സാധിക്കാത്തത്.


ഉമ്മയും ഉപ്പയുമാണ് കൂടെ.

ഗൗരവംപൂണ്ട്, മൗനംനേടി നിൽക്കുക.


******


സൂക്ഷിച്ചുവെച്ച ചിത്രമല്ല

മേലെയുള്ളത്.

ഇപ്പോഴെങ്ങിനെയോ വീണുകിട്ടിയത്.


സൂക്ഷിച്ചുവെച്ച ഒരു ചിത്രവുമില്ല.

ഏറെ തിളക്കവും നിറങ്ങളുമുള്ള  

ഓർമ്മകളല്ലാതെ.


വിത്തുകൾ ഒന്നും അപ്പടി

സൂക്ഷിച്ചു വെക്കാനുള്ളതല്ല.


വിത്തുകൾ മുളപൊട്ടി ഇല്ലാതാവാനുള്ളതാണ്.


വിത്തുകൾ സ്വയമില്ലാതായി

മറ്റുപലതും ആവാനുള്ളതാണ്. 


ഓർമ്മകളും അപ്പടി.


പ്രപഞ്ചസൃഷ്ടിയുടെ തുടക്കത്തിൽ,

ഒരേയൊരു ബിന്ദുവിൽ 

ഏതോ ഒരൂട് വഴിയിൽ 

ഞാനും മാതാവും മാത്രം കൈപിടിച്ച് 

ഒരുമിച്ചുണ്ടായിരുന്നത് പോലെ തോന്നുന്ന  

ഓർമ്മകളുടെ ചിത്രം. 


പിന്നെയത് 

പ്രപഞ്ചങ്ങളായി വികസിച്ച 

വഴിയിലെവിടെയും അങ്ങനെത്തന്നെ.


ചിതറിക്കിടക്കുന്ന ജീവിതത്തിൻ്റെ 

ചിതറിനിൽക്കുന്ന വിത്തും വേരും 

ഓർമ്മകൾ.


വീണു കിടക്കുന്ന വിത്തും

വിത്തുകൾ വീണുകിടക്കുന്ന മണ്ണും

മണ്ണ് പൊതിഞ്ഞു നിൽക്കുന്ന

വെളിച്ചവും ആകാശവും

ഓർമ്മകൾ.


എടുത്തുകാട്ടുന്ന

ഒരു ചിത്രത്തിലും വരാത്തത്,

പങ്കുവെക്കാനാവാത്തത്,

ഏത് ചിത്രത്തേക്കാളും 

തിളക്കവും നിറങ്ങളുമുള്ളത്,

ചിത്രശലഭങ്ങളായ് പാറിനടക്കുന്നത്,

ഓർമ്മകൾ.


*******


ഓർമ്മകൾ

ജീവിതം പോലെ

വീണുകിടക്കുന്ന വിത്തുകൾ.


പാറിനടന്ന്

എവിടെയൊക്കെയോ വീഴും.


പാടത്തും പാറമേലും

കിണറ്റിലും കുളത്തിലും

പുഴയിലും കടലിലും

ചെന്നുവീഴും.


വീണിടത്തൊക്കെയും

മുളച്ചെന്നുവരില്ല.


ഏറിയ പങ്കും മുളക്കാതെ.

ഓർമ്മകളിൽ പോലും നിൽക്കാത്ത

ഓർമ്മകൾ 


അങ്ങനെ ഏതോ വഴിയിൽ 

എങ്ങിനെയോ

വന്നു വീണുകിട്ടിയ ചിത്രം

മേലെ ഇതോടൊപ്പം.


വിത്തും മരവും 

ചില്ലകളും ഇലകളും

വെയിലും തണലും 

പൂവും കായും, എല്ലാം 

ഒരിടത്തൊരുമിച്ചൊന്നായൊരു 

ബിന്ദുവായ മേൽചിത്രം. 


വാക്കുകൾ തോറ്റുപോകുന്നു,

വാക്കുകൾ മതിയാവാതെവരുന്നു,

വാക്കുകൾ നിസ്സഹായത പൂകുന്നു,

വാക്കുകൾ ഒച്ചാനിച്ച് മടങ്ങിപ്പോകുന്നു

ഈ ചിത്രത്തിന് മുന്നിൽ.


മുകളിലുയർന്ന ശാഖകൾക്ക്

വേരിനെ കുറിച്ചെന്ന പോലെ,

മാതാപിതാക്കളെ കുറിച്ച് 

പറയാൻ ഇതൊന്നും പോരാതെ. 


ആർക്കുമൊന്നിനും

സ്വന്തം വേരിനെ

മുകളിലുയർത്തിപ്പിടിക്കാനാവാതെ

പറയാനുള്ളത് തന്നെ

ഇവിടെയും പറയുന്നു.


മുകളിൽ ഉയർത്തിപ്പിടിച്ച വേരാണ്

താനായ, തൻ്റെ തന്നെ 

പൂക്കളും പഴങ്ങളും പേറുന്ന

തൻ്റെ തന്നെ ശാഖകൾ എന്ന് 

മനസ്സിലാക്കാതെ ഒരോരുവനും.


നൂലിനെ മറക്കുന്ന പട്ടം പോലെ.


നൂല് പിടിച്ച വിരളിനെ മറക്കുന്ന

നൂലും പട്ടവും പോലെ. 


ജീവിതത്തിൻ്റെ 

ഭൂതവും വർത്തമാനവും ഭാവിയും

ഏവർക്കും ഒന്നാകയാൽ,

വേര് തന്നെയാകയാൽ.


****** 


അതൊക്കെ

അങ്ങനെ തന്നെയാകിലും 

ചിലത് പറയട്ടെ.


അങ്ങനെയല്ല,

ഇതങ്ങനെ അല്ലേയല്ല,

ഇപ്പറയുന്നതങ്ങനെയല്ല

എന്ന് പറയാൻ മാത്രമെങ്കിലും 

ചിലത് പറയട്ടെ.


പൊതുവേ പറയുന്നതായിരുന്നെങ്കിൽ 

പിതാവ് മരിച്ചിട്ട് മുപ്പത്തിരണ്ട് കൊല്ലവും 

മാതാവ് മരിച്ചിട്ട് ഇരുപത്തിനാല് കൊല്ലവും 

കഴിയേണ്ടി വരില്ലായിരുന്നു,


അങ്ങനെ ഏറെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു

ഇങ്ങനെ ചിലത് പറയാൻ.


എങ്കിൽ, ഇതിനിടെ ഇതുവരെയും 

ഒന്നും  പറയാതെ

വിത്തുകളും പേറിനടന്നതായിരുന്നു,

ഒരായിരം മുളതേടി നടന്നതായിരുന്നു

എന്നും പറയേണ്ടിവരാതെ.


മറ്റൊന്നും കൊണ്ടല്ല.


വിത്ത് മരമായപ്പോൾ

ആ മരത്തിൽ 

അനേകായിരം വിത്തുകൾ

വീണ്ടും പിറന്നു.

മാതാപിതാക്കൾ നാമായി.

നാം മാതാപിതാക്കളുമായി. 


കാലവും കോലവുമങ്ങനെ.


ഒന്ന് തന്നെ എല്ലാമാവുന്നു.

ഭൂതം തന്നെ വർത്തമാനമാവുന്നു,

പിന്നെ ഭൂതവും വർത്തമാനവും

ഭാവിയാവുന്നു. 


ആ ഭാവി പിന്നെയും

വർത്തമാനം തന്നെയായ, 

നടപ്പായ ജീവിതമാവുന്നു.


******


പറച്ചിലിൽ ഒതുങ്ങില്ല 

വിശേഷണങ്ങളും മഹത്വവും.


എന്നത് തന്നെ അവരെക്കുറിച്ചൊന്നും 

ഇക്കാലമത്രയും പറയാതാവാൻ ന്യായം.


അളവുപാത്രങ്ങൾ

മതിയാവാതെ പോകുന്ന ന്യായം.


വിത്ത് മരത്തെ പേറുന്നു, 

ജീവിതം മരണത്തെയും

മരണം ജീവിതത്തെയും.


എങ്കിലും... 

ഒന്നും പേറിനടക്കാനാവാതെ വാക്കുകൾ.


ചെറിയ വാക്കുകൾ

വലിയ അനുഭവസാക്ഷ്യങ്ങൾക്ക് 

പോരാതെ.


*****


എന്നിട്ടുമാദ്യം 

മാതാവിനെ കുറിച്ച് 

ചിലത് പറയട്ടെ.


മാതാവാണ് ആദ്യം ഭൂമിയായത്.

നമ്മെ പേറുന്ന ഭൂമി.


നമ്മെ നാമാക്കി നിർത്തുന്ന

നമ്മെ നാമല്ലാതെയാക്കി മാറ്റുന്ന ഭൂമി.


ഭൂമിയായി മാറത്ത് തൊട്ടറിഞ്ഞത്, 

അമ്മിഞ്ഞയായ് 

രുചിച്ചറിഞ്ഞത്, മണത്തറിഞ്ഞത്

മാതാവിനെ മാത്രം എന്നത് കൊണ്ട് 

മാതാവിനെ കുറിച്ച് തന്നെ 

ആദ്യം പറയട്ടെ.


പിതാവ് ദൂരത്താകാശമായ്,

ചുറ്റിപ്പൊതിയുന്ന സങ്കല്പമായി

ചുട്ടുപഴുക്കുന്ന വെയിലായി, വെളിച്ചമായി 

മുകളിലെപ്പോഴും ഉണ്ടായ്‌കയാൽ.


ജീവിതം മാതാവായി മാതാവിലൂടെ 

രൂപം കൊള്ളുന്നു, ഒരുക്കൂടുന്നു.


ആൾക്കൂട്ടത്തിലും 

ഒറ്റയായി നിന്ന് സംരക്ഷണമാകുന്ന

മാതാവായി.


ഒറ്റയായി നിൽക്കാൻ 

ചങ്കുറപ്പും നിലപാടും 

ഉണ്ടാക്കിയിരിക്കുന്ന 

മാതാവായി.


എല്ലാറ്റിലും കൃത്യമായ 

അഭിപ്രായങ്ങളുണ്ടാക്കിയിരുന്ന

മാതാവായി.


ആ അഭിപ്രായങ്ങൾ 

പറഞ്ഞവതരിപ്പിക്കാൻ

ബുദ്ധിയും യുക്തിയും ന്യായവും 

വേണ്ടത്രയും അതിലധികവും 

സംഭരിച്ചിരുന്ന മാതാവായി.


ഒറ്റയായവൾ, 

ഒറ്റയാകയാൽ 

കുഞ്ഞുനാൾ തൊട്ട്

താനവസാനിക്കും വരെയും 

ഏറെ സഹിച്ച മാതാവായി.


ജീവിതത്തെ പേറാൻ

ജീവിതം പേറി  

ബുദ്ധിയും വിവേകവും പന്തടക്കവും 

ജീവിതത്തിൽ സൂക്ഷിച്ച മാതാവായി.


കൂടൊരുക്കാൻ, 

ജീവിതം സ്വരുക്കൂട്ടാൻ 

അതീവ ജാഗ്രതയോടെ, 

അതിസമർത്ഥമായി 

ഇലയും ചില്ലയും ശേഖരിച്ച്

തകൃതിയായി പണിപ്പെട്ട മാതാവായി.


കുറുക്കൻ്റെ മാളിയായാലും

കുഞ്ഞുങ്ങളെ ഒരുക്കാൻ 

താനിരിക്കുന്നിടം 

സ്വന്തമായിരിക്കണമെന്ന്

ജീവിതം കൊണ്ട് പറഞ്ഞ മാതാവായി.


ധൈര്യത്തിൽ മറ്റാർക്കും 

കവച്ചുവെക്കാൻ കഴിയാത്ത മാതാവായി.


കൂടെയുള്ളവരാരൊഴിഞ്ഞ് പോയാലും 

കൊടുങ്കാറ്റിലും ഒറ്റക്ക് നേരിട്ട് 

പിടിച്ചുനിന്ന മാതാവായി.


ജനിച്ചത്

ഉയർന്ന വലിയ

കുടുംബത്തിലായിട്ടും 

ദാരിദ്ര്യവും പരിവട്ടവും

കൊടികുത്തിയ ജീവിതം 

നയിച്ച മാതാവായി.


താനുണ്ണാതെയും 

താനുടുക്കാതെയും 

മക്കളെ ഊട്ടിയുടുപ്പിച്ച് 

വളർത്തിയ മാതാവായി.


സൗഹൃദത്തിന് 

അതിർവരമ്പുകളില്ലെന്ന്, 

മത ജാതി വ്യത്യാസമില്ലെന്ന്

ദെച്ചൂട്ടിയെയും ആട്ടിക്കിട്ടയെയും

താലയേയും ചിരുതയെയും 

ഉക്കീത്തയെയും 

കരേട്ടി ആയിഷ്ത്തയെയും

ഒന്നായൊരുപോലെ സൗഹൃദത്തിലാക്കി

നിന്ന് പറഞ്ഞ മാതാവായി.


സമ്പന്നരേറെ ചുറ്റുവട്ടത്തുണ്ടായിട്ടും

അവരാരേക്കാളും തൻ്റെ മക്കളെ

ദാരിദ്ര്യം ഊതിക്കാച്ചി പൊന്നാക്കി,

പഠിപ്പിച്ചൊരുക്കി ഏകയായ മാതാവായി.


ആദ്യമായി അക്കാലത്ത്

അങ്ങാടിയിൽ ഒറ്റക്ക് പോയി

തനിക്ക് വേണ്ടത്

താനിച്ചിക്കും പോലെ വാങ്ങിയ 

മാതാവായി.


അക്കാലത്ത് ആദ്യമായി

ചൂരിദാർ ധരിച്ച് 

അങ്ങാടിയിൽ പോയ മാതാവായി


ബുദ്ധിപരതയുടെ

വലുപ്പവും ആഴവും കൊണ്ട്,

കടന്നുപോയ ജീവിതത്തിൻ്റെ

സമ്മർദ്ദവും ഭാരവും കൊണ്ട് 

തൻ്റെ ജീവിതത്തിൽ നേരത്തെയുള്ള

നല്ല പാതിയിൽ തന്നെ 

(അമ്പതുകളിൽ തന്നെ) 

ഓർമ്മകൾ തെറ്റി 

അൽഷിമേഴ്സ് വന്ന മാതാവായി.


ഓർമ്മകൾ തെറ്റി,

ഭാഷ പോയി പറയാൻ ഒന്നുമില്ലാതെ

ജീവിതം തന്നെ ഭാഷയാക്കിയ മാതാവായി.


അങ്ങനെയൊരു മാതാവിനെ കുറിച്ച്

ആർക്കുമൊന്നും പറയാനാവില്ല,

പറയുന്നതൊന്നും മതിയാവില്ല.

ഈയുള്ളവനും 

ആ വഴിയിൽ തോറ്റ് പോകുന്നവൻ. 

No comments: