വാർദ്ധക്യം പേടി കൂട്ടുമായിരിക്കും.
പേടിയെ തിരിച്ചറിവായി തെറ്റിദ്ധരിക്കുന്നില്ലെങ്കിൽ വാർദ്ധക്യം പ്രത്യേകിച്ച് ഒരു വിവരവും തിരിച്ചറിവും ആർക്കും നൽകുന്നില്ല.
വാർദ്ധക്യത്തിൽ കൂടുന്ന ഭയം ദൈവഭയമായും മാറാം.
സ്വാഭാവികം.
പക്ഷെ അതും വാർദ്ധക്യം നൽകുന്ന തിരിച്ചറിവും പക്വതയും അല്ല.
*******
ഈ ശരീരം പിടിച്ചുനിർത്താനുള്ള ശ്രമം തന്നെ ഓരോരുത്തൻ്റെയും ജീവിതം.
ഭക്ഷണം തേടിയും നേടിയും വീടുവെച്ചും ചികിത്സിച്ചും വ്യായാമം ചെയ്തും ഇവയൊക്കെ ചെയ്യാൻ വേണ്ടതൊക്കെ പഠിച്ചും ജോലിയായി ചെയ്തും അവൻ ആ ശ്രമത്തെ ജീവിതമാക്കുന്നു.
*******
ജീവിതവും അതിജീവനവും ഉറപ്പാക്കുന്നു ലൈംഗികതയും ഭക്ഷണവും.
ശരി.
ജീവിതം വലിയ ബാധ്യതയും ഭാരവുമായി തോന്നുമ്പോൾ സേവിക്കുന്ന ലഹരി ഒരു മറ, മുക്തി, ഒളിച്ചോട്ടം.
ശരി.
പക്ഷേ, ജീവിതവും അതിജീവനവും ഉറപ്പാക്കുന്ന ലൈംഗികതയും ഭക്ഷണവും തന്നെ,
പിന്നെ ഒളിച്ചോട്ടത്തിൻ്റെ ലഹരിയും തന്നെ,
എങ്ങിനെ അതേ അതിജീവനത്തിൻ്റെയും ജീവിതത്തിൻ്റെയും ലക്ഷ്യവും അർത്ഥവുമാകും?
No comments:
Post a Comment