Friday, June 30, 2023

ഏകസിവിൽകോഡ്: ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മനശ്ശാസ്ത്രം വെക്കുന്നത് തെറ്റ്.

ഏകസിവിൽകോഡ്: 

കരട് രൂപം പോലും പുറത്ത് വന്നിട്ടില്ല. 

എന്നിരിക്കെ, 

കാള പെറ്റു കയറെടുത്തു എന്നതാണ് 

ഇവിടെയുള്ള അവസ്ഥ. 


സ്വത്ത് വിഭജനം, വിവാഹം, 

വിവാഹമോചനം, ദത്തെടുക്കൽ 

എന്നീ മൂന്നോ നാലോ കാര്യങ്ങളെ മാത്രം 

ഏകസിവിൽകോഡ് ബാധിക്കുന്നു. 

എന്നത് ആരും അറിയാതെയും 

അറിയിക്കാതെയും പോകുന്നു.

*****

ഏകസിവിൽകോഡ് എന്നാൽ ഇന്ത്യയിലെ  എല്ലാ നിയമങ്ങളും വിശ്വാസങ്ങളും മാറ്റി ഒന്നാക്കുകയാണെന്ന് തെറ്റായി കരുതുന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്, വേണ്ടാതെ തെറ്റിദ്ധാരണ പരത്തുന്നത്, അന്ധമായ എതിർപ്പ് കൂട്ടുന്നത്.

പ്രത്യേകിച്ചും ഏകസിവിൽകോഡ് എന്നത് നമ്മുടെ ഭരണഘടന തന്നെ പണ്ടേ കാലേക്കൂട്ടി ആവശ്യപ്പെട്ട കാര്യമാണ് എന്നത് പോലും ജനങ്ങൾ അറിയാത്തത് കൊണ്ടും ഓർക്കാത്തത്കൊണ്ടും അവരെ അങ്ങനെ ഓർമ്മിപ്പിക്കാത്തത് കൊണ്ടും മാത്രം ഉണ്ടാവുന്ന എതിർപ്പുകൾ.

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മനശ്ശാസ്ത്രം ബിജെപിക്കെതിരെ  വെച്ച്, ചെയ്യുന്നത് ബിജെപിയെങ്കിൽ സംഭവിക്കുന്നത് എന്തോ മോശം തന്നെ എന്ന് കരുതുന്ന, കരുതിപ്പിക്കുന്ന, സംഗതിയെ കൂടുതൽ തെറ്റിദ്ധാരണയിലേക്കും എതിർപ്പിലേക്കും വീണ്ടും കൊണ്ടുപോകുന്ന മനശ്ശാസ്ത്രം.

ഏകസിവിൽകോഡ് എന്നത് എന്തോ ബിജെപി ഇതാദ്യമായി ആലോചിച്ചുണ്ടാക്കി കരുതിക്കൂട്ടി കൊണ്ടുവരുന്ന എന്തോ സംഗതിയാണെന്ന പേടി നിറഞ്ഞ തെറ്റിദ്ധാരണ പരക്കെ പടരുന്നു. 

ഏകസിവിൽകോഡ് എന്നത് ഒരുകാലത്ത് ഇടതുപക്ഷം വരെ ശക്തമായി ആവശ്യപ്പെട്ട കാര്യമായിരുന്നു എന്നത് സൗകര്യപൂർവ്വം മറന്ന് കൊണ്ട്, മറപ്പിച്ച് കൊണ്ട്.

ആകയാൽ വളരേ കുറഞ്ഞ വിഷയങ്ങളിൽ മാത്രമേ ഏകസിവിൽകോഡ് ബാധകമാകുന്നുള്ളൂ: വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം,  ദത്തെടുക്കൽ, രക്ഷാകർതൃത്വസ്ഥാനം ഇക്കാര്യങ്ങളിൽ മാത്രം. 

ഇത് ഇങ്ങനെ തന്നെ എല്ലാവരും അറിയേണ്ടതുണ്ട്, എല്ലാവരെയും അറിയിക്കേണ്ടതുണ്ട്.


No comments: