Sunday, June 4, 2023

രാജ്യമെന്നന്നാൽ ഭരണകൂടമല്ല; പകരം, ജനങ്ങളും ഭൂപ്രദേശവും മാത്രമാണ്.

എന്നിട്ടും നമുക്ക് ഭരണകൂടത്തെ എപ്പോഴും ന്യായീകരിക്കാൻ മാത്രം തോന്നുന്നു.  

എന്തെല്ലാം തെറ്റുകുറ്റങ്ങൾ ഭരണകൂടം അതിൻ്റെ പിടിപ്പുകേട് കൊണ്ട് ചെയ്താലും, അത് മൂലം ജനങ്ങൾ എത്ര ക്ലേഷിച്ചാലും നമ്മിൽ പലർക്കും ഭരണകൂടത്തെ ന്യായീകരിക്കാൻ മാത്രം തോന്നുന്നു. 

തെറ്റ് കാണുമ്പോൾ, അത് ചെറുതായാലും വലുതായാലും, ഭരണകൂടത്തെ വിമർശിക്കുക എന്നതാണ് യഥാർത്ഥ പൗരധർമ്മവും ജനാധിപത്യ രീതിയും എന്നത് നാം സൗകര്യപൂവ്വം മറക്കുന്നു.

ജനാധിപത്യത്തിൽ ജനങ്ങൾ ഒന്നടങ്കം ഒരു പ്രതിപക്ഷമായി വർത്തിക്കേണ്ടതുണ്ട് എന്നത് നാം ലഹരിക്ക് അടിപ്പെട്ട് പോയത് പോലെ മറക്കുന്നു. 

അതിനെ ഭരണകൂടം എന്തൊക്കെയോ വികാരങ്ങളെയും വെറുപ്പുകളുടെയും ലഹരി തന്ന്, നമ്മുടെ ശ്രദ്ധ തിരിച്ചുവിട്ട് ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ജനാധിപത്യത്തിൽ എപ്പോഴും ഭരണകൂടത്തിൻ്റെ സ്തുതി മാത്രം പാടുക എന്നത് ശുദ്ധ കാപട്യമാണ്, ശുദ്ധ അസംബന്ധമാണ്.

എന്തിനും ഏതിനും ഭരണകൂടത്തിൻ്റെ സ്തുതി പാടുക എന്നത് ഭരണകൂടം പോലും പ്രതീക്ഷിക്കാത്ത ശുദ്ധ അടിമത്തവും അന്ധതയുമാണ്.

അത്തരം അടിമകളായി അന്ധത ബാധിച്ചവർ ഭരണകൂടത്തെ സ്തുതിക്കാൻ പറ്റിയത് മാത്രം കാണുന്നു,  അവർ എവിടെ നിന്നെങ്കിലും അത്തരത്തിലുള്ളത് മാത്രം കണ്ടെത്തുന്നു...

എന്നിട്ടും ഭരണകൂടത്തിൻ്റെ വെറും അടിമകൾ മാത്രമായ അവർ പറയും നമ്മൾ ആരുടെയും അടിമയല്ലെന്ന്. നമ്മൾ ഉപബോധ മനസ്സിൻ്റെ പോലും അടിമയല്ലെന്ന്...

അറിയണം നേരിനും സത്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഭരണകൂടത്തെ വിമർശിക്കുന്നതാണ് യഥാർത്ഥ രാജ്യസ്നേഹം.

അല്ലാതെ, നേരിനും സത്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഭരണകൂടത്തെ വിമർശിക്കുന്നത് ഒരു നിലക്കും രാജ്യദ്രോഹമല്ല.

കാരണം, രാജ്യമെന്നാൽ മാറി മാറി വരുന്ന ഭരണകൂടമല്ല.

രാജ്യമെന്നാൽ അധികാരം മാത്രം ലക്ഷ്യംവെക്കുന്ന ഭരണകൂടമല്ല.

രാജ്യമെന്നാൽ അഴിമതി നടത്തുന്ന, സ്വന്തം നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി എന്ത് കുതന്ത്രങ്ങളും ചെയ്യുന്ന ഭരണകൂടമല്ല. 

രാജ്യമെന്നാൽ ജനങ്ങളുടെ ചിലവിൽ തങ്ങളുടെ ആർഭാടം തുടർത്താനും ഭരണം നിലനിർത്താനും വേണ്ടി മാത്രം എന്ത് നെറികേടും നടത്തുന്ന ഭരണകൂടമല്ല.

രാജ്യമെന്നന്നാൽ ഒരു നാടും നാട്ടിലെ ജനങ്ങളും മാത്രമാണ്. 

രാജ്യമെന്നന്നാൽ ജനങ്ങളും അവർ ജീവിക്കുന്ന ഭൂപ്രദേശവും മാത്രമാണ്.

No comments: