ജീവിതം,
അതാരുടെതായാലും
ശൂന്യതയുടെമേലുള്ള
അടയിരിപ്പാണ്.
ഒന്നുമില്ലെന്നറിഞ്ഞുകൊണ്ട്,
എന്തെങ്കിലും അർത്ഥം
കൃത്രിമമായുണ്ടാക്കാനുള്ള
അടയിരിപ്പ്.
ജോലിയും അധികാരവും
സാഹിത്യവും ചിന്തയും
പ്രശസ്തിയും ഒക്കെയായി.
******
അങ്ങനെ, പ്രത്യേകിച്ചും
ഓരോ പുരുഷനും
ഗൗരവം നടിച്ച്
അടയിരിക്കുന്നത്
താനനുഭവിക്കുന്ന
ശൂന്യതയുടെ പുറത്താണ്.
കവിതയും അധികാരവും
ചിന്തയും ജോലിയും ഒക്കെയായ്.
*****
പൂക്കുന്നു, കായ്ക്കുന്നു,
മൂക്കുന്നു, പഴുക്കുന്നു,
ചീയുന്നു, ഇല്ലാതാവുന്നു.
ഇത്ര തന്നെ,
ഇത് പോലെതന്നെ
മനുഷ്യജീവിതവും.
ഒരു സ്ഥിരതയുമില്ല,
ഒന്നും സ്ഥിരമായില്ല.
ഈ ഞാൻ നീ ബോധവും
സ്ഥിരമല്ല,
സ്ഥിരമായുള്ളതല്ല.
No comments:
Post a Comment