അതേ അങ്ങനെയാണ് എല്ലാവർക്കും അവരവർ ചെയ്യുന്നത് ധർമ്മം എന്ന വ്യാഖ്യാനവും വിശദീകരണവും വരുന്നത്.
നാം കൊടും കുറ്റവാളിയെന്നും കള്ളനെന്നും ഭീകരവാദികളെന്നും തീവ്രവാദികളെന്നും നമ്മുടെ അളവുകോൽ വെച്ച് വിളിക്കുന്നവർക്ക് വരെ അവരുടെ പക്ഷത്ത് നിന്ന് ഇങ്ങനെയൊരു ധർമ്മവിചാരവും വ്യാഖ്യാനവും വിശദീകരണവും ഉണ്ട്, ഉണ്ടാവും.
അവരവരുടെ ആവശ്യവും ലക്ഷ്യവും നിശ്ചയിക്കുന്ന ധർമ്മവും ധർമ്മയുദ്ധവും എല്ലാവർക്കും.
വിദേശി ഭരിക്കുമ്പോൾ ഭരിക്കുന്ന വിദേശി യുടെ ധർമ്മവ്യാഖ്യാനവും രാജ്യസ്നേഹവും അവൻ്റെ ആവശ്യമനുസരിച്ച്.
അങ്ങനെ വരുമ്പോൾ സ്വദേശ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്ന സ്വദേശികൾ അത്തരം ഭരണാധികാരികൾക്ക് രാജ്യദ്രോഹികൾ, ഭീകരവാദികൾ.
ഇന്നും അത് തന്നെ, അങ്ങനെ തന്നെ പല കോലത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു, നടപ്പാക്കപ്പെടുന്നു ധർമ്മവും രാജ്യസ്നേഹവും.
ഭരണകൂടത്തിൻ്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്യുന്നവർ എല്ലാ കാലത്തും രാജ്യദ്രോഹികൾ എന്ന് മാത്രം തന്നെ വിലയിരുത്തപ്പെട്ടു.
സോക്രട്ടീസ് വരെ ആ ഗണത്തിൽ രാജ്യദ്രോഹിയായി കൊല്ലപ്പെട്ടു.
സദ്ദാം ഹുസൈനും സ്റ്റാലിനും ഹിറ്റ്ലറും മുസോളിനിയും അതുപോലുള്ള സ്വേഛാധിപതികളും ധർമ്മത്തെയം രാജ്യസ്നേഹത്തേയും വ്യാഖ്യാനിച്ചത് അവർക്കനുകൂലമായി മാത്രം. അവരുടെ കുടില തന്ത്രവും ഭരണവും നിലനിർത്താൻ മാത്രം. അവയൊക്കെയും പുണ്യവും ധർമ്മവുമായി അവതരിപ്പിച്ചു കൊണ്ട്
കാരണം ഏല്ലാ കാലത്തും ഭരണകൂടത്തിൻ്റെ ധർമ്മവിചാരവും വ്യാഖ്യാനവും തങ്ങളുടെ ഭരണത്തെ സംരക്ഷിക്കാനും വളർത്താനും മാത്രം. ആരും തങ്ങളെ ചോദ്യം ചെയ്യാതിരിക്കാതിരിക്കാൻ വേണ്ടി മാത്രം.
തങ്ങളെ ചോദ്യം ചെയ്യുന്നവരെ മോശക്കാരാക്കി ചിത്രീകരിച്ചു കൊണ്ട് മാത്രം, അവഗണിച്ചുകൊണ്ട് മാത്രം ഭരണകൂടം എക്കാലവും ഇക്കാലവും നിലകൊള്ളുന്നു.
No comments:
Post a Comment