Wednesday, June 7, 2023

മക്കൾ നേരിടുന്ന പ്രശ്നം: ഭാഗം 2. വെറുതെ വാക്കുകൾ കൊടുക്കരുത്.

വാക്കുകളെ ഉരുവിട്ട്, പക്ഷേ ഉരുവിട്ട വാക്കുകളുടെ പിതൃത്വമേറ്റെടുക്കാതെ അനാഥപ്രേതങ്ങളാക്കുക നിങ്ങൾക്കൊരു ശീലമായിരിക്കാം.

പക്ഷേ, ആ അനാഥപ്രേതങ്ങളെ കണ്ട് പേടിച്ച് ഞെട്ടിത്തരിക്കുക മാത്രമാണ് നിങൾ വെറും വെറുതെ വാക്ക് കൊടുത്ത കുട്ടികൾ

*******

ദയവുചെയ്ത് നിങൾ കുട്ടികൾക്ക് വെറും വെറുതെ വാക്കുകൾ കൊടുക്കരുത്. ഒരു വാക്കും. 

വെളുവെളുത്ത കടലാസ്സിൽ എന്തോ കുത്തിക്കീറും പോലെയാണത്. 

നിങൾ മയ്ച്ചാലും അതവിടെ നിന്നും മായില്ല. കടലാസ് വൃത്തികെടും. പലപ്പോഴും നേർത്ത് നേർത്ത് കീറിപ്പോകും 

വെളുവെളുത്ത ആ കടലാസ്സ് പിന്നെ ഒരിക്കലും പഴയത് പോലെയാവില്ല. 

വെളുവെളുത്തതായിരിക്കില്ല. 

കടലാസ് തന്നെയുമായിരിക്കില്ല.

*****

അറിയണം: 

നിങ്ങളിൽ നിന്ന് ഒന്നും അവർ ആഗ്രഹിക്കുന്നില്ല. 

നിങ്ങളോടവർ ഒന്നിനും ഒരിക്കലും ചോദിച്ചിട്ടില്ല.

പിന്നെന്തിന് നിങ്ങളിൽ നിന്ന് ഒന്നും അവർ ആഗ്രഹിക്കാതിരിക്കെയും, ഒന്നിനും നിങ്ങളോടവർ ചോദിക്കാതിരിക്കെയും വെറും വാക്കുകൾ കൊടുത്ത് നിങ്ങളവരിൽ മുറിവും വേദനയും ഉണ്ടാക്കണം?

നിങ്ങളിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ലെന്നവർ പലവട്ടം കരഞ്ഞു പറയുന്നതല്ലേ? 

എത്ര വ്യക്തമാക്കി സൂചിപ്പച്ചിട്ടും എന്തിന് പിന്നെ നിങൾ അവരുടെ മനസ്സിനെ ക്രൂരമായി വ്യഭിചരിക്കണം?

എന്തിന് വെറും ബലൂണുകൾ പോലുള്ള, വേഗം പോട്ടിപ്പോകുന്ന വാക്കുകൾ കൊണ്ട് നിങ്ങളവരിൽ പേടിയും അവിശ്വാസവും ഉണ്ടാക്കണം?

*******

നിങ്ങളെ പോലുള്ള ചിലരങ്ങനെയാണ്.  

വളരേ എളുപ്പം സുന്ദരമായ വാക്കുകളും വാഗ്ദാനങ്ങളും കൊടുക്കും. 

അതും ഒന്നുമറിയാത്ത കുട്ടികൾക്ക്.

വെറും വെറുതെ. 

തീർത്തും കൃത്രിമമായി. 

പ്രാസംഗികൻ്റെ ശീലം പോലെ. 

പുറംപൂച്ച് മാത്രമായി.

കുറച്ച് കൂടി കടുപ്പിച്ച് പറഞാൽ നിങ്ങളുടെ വാക്കുകൾ തെരുവ് വേശ്യയുടെ ഇടപാട് പോലെ മാത്രം. 

മനസ്സ് പോട്ടെ, നാക്ക് പോലും അറിയാതെ പറയുക. 

പറയുന്നതോടെ മറക്കുക. 

പറയുന്നന്നതിനോട് ഒരു കൂറുമില്ലാതെ പറഞ്ഞുപോകുക. 

******

നിഷ്കളങ്കരായ കുട്ടികൾ എല്ലാ പ്രതലവും ഒരുപോലെ ബലിഷ്ഠമായ പ്രതലം എന്ന് കരുതും. 

നിങൾ നിങ്ങളെ അറിയുന്നത് പോലെ അവർക്ക് നിങ്ങളെ അറിയില്ല, അറിയാൻ സാധിക്കില്ല എന്ന ഒരൊറ്റക്കാരണത്താൽ. 

അതുവരെയും സ്വപ്നത്തിൽ പോലും ഒരുനിലക്കും ആഗ്രഹിക്കാത്തത് അതോടെ ഒരുപക്ഷേ അവരിൽ ചിലർ ആഗ്രഹിക്കും.

ഒരുപക്ഷേ, അങ്ങനെ ആഗ്രഹിപ്പിക്കും വിധമാണ് ഇങ്ങനെ വെറും വെറുതെ നിങൾ നൽകുന്ന തീർത്തും കൃത്രിമമായ,  പ്രാസംഗികൻ്റെ ശീലം പോലെ  സുന്ദരമെന്ന് പുറമെയുള്ളവർക്ക് തോന്നുന്ന വാക്കുകളും വാഗ്ദാനങ്ങളും.

*****

അത്തരം വാക്കുകൾ കൊണ്ട് അവരുടെ നിഷ്കളങ്കമായ ഉറക്കിൽ നിന്നും നിങ്ങളവരെ ഉണർത്തും.

എന്തിന്? 

കളങ്കപ്പെടുത്താൻ.

സദ്യക്ക് വേണ്ടിയെന്ന പോലെ നിങ്ങളവരെ ഉണർത്തും.

നടപ്പാവാത്ത സുന്ദരമായ വാക്കുകളും വാഗ്ദാനങ്ങളും കൊടുത്തുകൊണ്ട്. 

ആർക്കും ഒരു ചിലവുമില്ലാത്ത അവരുടെ നിഷ്കളങ്കമായ ഉറക്കിനെ വരെ നിങ്ങളവർക്ക് നഷ്ടപ്പെടുത്തും.

എന്തിന് വേണ്ടി?

വെറും വെറുതെ സദ്യയില്ല എന്ന് പറയാൻ. 

വെറും വയറ്റിൽ തന്നെ വീണ്ടും കിടന്നുറങ്ങിക്കൊള്ളൂ എന്ന് മാത്രം വ്യംഗ്യമായി വഞ്ചിച്ചു പറയാൻ.

******

വാക്കും വാഗ്ദാനവും കൊടുത്ത നിങൾ സുന്ദരമായി അതങ്ങ് മറക്കും, അവഗണിക്കും. 

എപ്പോഴും പുറംപൂച്ച് വർത്തമാനം പറയുന്ന നിങൾ വെറും അറവുകാരനെ പോലെ മാത്രം. 

അറവുമാടിൻ്റെ വേദനയും മുറിവും മരണവും നിങ്ങർക്ക് വിഷയമല്ല, നിങ്ങളെയത് വേദനിപ്പിക്കില്ല. 

ഇത്രക്കേ ഉള്ളൂ, ആദരിച്ചും ബഹുമാനിച്ചും പോന്നിരുന്ന നിങൾ മുതിർന്നവരെന്ന് കുട്ടികൾ വേദന കൊണ്ട് പുളഞ്ഞറിഞ്ഞു തുടങ്ങും. 

പ്രവർത്തിയിൽ വരാത്ത വാക്കുകളുണ്ടെന്ന വലിയ വഞ്ചന തന്നെയായ അറിവ് അവിടുന്നങ്ങോട്ടുള്ള അവരുടെ ഉറക്ക് കെടുത്തും. 

വിശപ്പടക്കാത്ത ഭക്ഷണം പോലെ മാത്രമാണ് നിങ്ങളുടെ വാക്കുകളെന്ന് അവർ ഭീതിയോടെ അറിഞ്ഞ് തുടങ്ങും. 

വെറും മരീചിക പോലെ മാത്രമായ നിങ്ങളുടെ വാക്കുകൾ അവരെ വലിയ അവിശ്വാസികളാക്കിത്തുടങ്ങും.

ദുർഗന്ധം മാത്രം വമിപ്പിക്കുന്ന ജീർണിക്കുന്ന ശവങ്ങൾ മാത്രമാണ് പൂവുകളെന്ന് തോന്നിപ്പിക്കുന്ന നിങ്ങളുടെ വാക്കുകളെന്ന ദുരന്തം അവരെ വെപ്രാളപ്പെടുത്തും.

നിങ്ങളെ അവർ അറപ്പോടെ, വമനേച്ചയോടെ നോക്കിത്തുടങ്ങും.

അതോടെ കുട്ടികൾ ബന്ധങ്ങളിൽ നിന്ന് ഏൽക്കുന്ന മുറിവുകൾ കൊണ്ട് മാത്രം ജീവിതത്തിൻ്റെ പൂമാല തീർക്കും. 

വെറുപ്പിൻ്റെ, മടുപ്പിൻ്റെ, വേദനയുടെ പൂമാല 

അവരുടെ മനസ്സിൽ അവരത് ആരുമറിയാതെ അണിയിച്ചുതുടങ്ങും. 

എവിടെയും ആരെയും ചാരരുത് എന്ന തിരിച്ചറിവോടെ.

ആരും ഒന്നിനും കൊള്ളില്ല എന്ന തീക്കൊള്ളി തൊട്ട പൊള്ളലോടെ. 

******

നിങൾ ചെയ്യാത്തത്, ചെയ്യാൻ പോകാത്തത്, പറയുക എന്നതാണ് ദൈവത്തിങ്കൽ (അല്ലാഹുവിങ്കൽ) ഏറ്റവും വലിയ പാപം (ഖുർആൻ)?


No comments: