Sunday, June 11, 2023

കടം: മലം കഴുകിയാൽ എന്താണ് സംഭവിക്കുക?

കടം വാങ്ങി സൗജന്യം പോലെ തിന്നുപോയ പൈസ തിരിച്ചുകൊടുക്കാൻ ആർക്കെങ്കിലും തോന്നുമോ?

തോന്നില്ല. 

കാരണം, തിരിച്ചുകൊടുക്കുമ്പോൾ അത് ചോരനീരാക്കി സ്വയം അധ്വാനിച്ചുണ്ടാക്കിയ അവനവൻ്റെ പൈസായാവും.

*****

വാങ്ങിത്തിന്നു കഴിഞ്ഞത് ശവം. 

ശവം ആരും സ്വന്തമാക്കാൻ ആഗ്രഹിക്കില്ല. ഒഴിവാക്കാനും മറക്കാനും മാത്രം ശ്രമിക്കും.

പിന്നീട് ശവം ജീർണിക്കുക മാത്രം ചെയ്യും.  ദുർഗന്ധം വമിപ്പിക്കുകയും.

ശവത്തിൻ്റെ ആ ജീർണ്ണതയും ദുർഗന്ധവും കടം കൊടുത്തവനും വാങ്ങിയവനും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടാവും, നിഴലിക്കും. 

*******

കടം ശ്വാസോച്ഛാസം പോലെ നടക്കണം.

എടുത്ത ശ്വാസം കൃത്യസമയത്ത് തിരിച്ചുകൊടുക്കണം.  

കൃത്യസമയത്ത് ശ്വാസം തിരിച്ചുകൊടുത്തിട്ടില്ലെങ്കിൽ, ഇടപാട് നടത്തിയവർക്കിടയിലെ, ബന്ധമെന്ന ശരീരത്തിൻ്റെ മരണം ഉറപ്പ്.

*****

മലം കഴുകിയാൽ എന്താണ് സംഭവിക്കുക?

മലം വൃത്തിയായി മറ്റെന്തെങ്കിലും ആവുമോ?

ഇല്ല. മലം എപ്പോഴും മലം തന്നെ.

പിന്നെന്താണ് സംഭവിക്കുക?

കഴുകുന്ന കൈകൾ വൃത്തികേടാവും...

******

ആരാൻ്റെ പണം കണ്ണുമടച്ച് തിന്നാൻ എളുപ്പമാണ്...

അത് തിരിച്ചു കൊടുക്കാനാണ് പ്രയാസം.

അപ്പോൾ നൂറ് ന്യായങ്ങളും കാരണങ്ങളും ഒഴികഴിവുകളും ഉണ്ടാവും.

കളവുകളുടെയും ഒഴികഴിവുകളുടെയും കൊട്ടാരം തന്നെ പണിയും.

*******

വാക്കുകൾക്ക് പഴയ ചാക്കിൻ്റെ വില പോലും കൽപിക്കാത്തവരോട് എന്ത് പറയാൻ.....?

അവർ കണ്ട് പഠിക്കില്ല.

വാക്കുകൾ നാണിച്ചുപോകും....

******

കളവും ദാരിദ്ര്യവും തന്നെ പറയുന്നവർക്ക് കളവും ദാരിദ്ര്യവും മാത്രമാവും ജീവിതം. 

"നുവല്ലിഹി മാ തവല്ലാ". 

"അവൻ തിരിഞ്ഞ ദിശയിലേക്ക് നാം അവനെ തിരിക്കും" (ഖുർആൻ). 

വിധി ചോദിച്ചുവാങ്ങുന്നത് പോലെ അക്രമവും കളവും കാട്ടി മാത്രം ജീവിക്കുന്നവരുടെ കാരൃം.

******

വെറും വാക്കുകൾ വെറും വെറുതെ.

ഉള്ളുപൊള്ളയായ വെറും വാക്കുകൾ വെറുതെ മുകളിൽ പൊങ്ങിക്കിടക്കും. 

ഉള്ളുപൊള്ളയായ വെറും വാക്കുകൾ

ഏറിയാൽ ഏറെ ശബ്ദവും ഉണ്ടാക്കും...

ഉള്ളുപൊള്ളയായ വാക്കുകളും കളവുകളും വല്ലാതെ അലോസരപ്പെടുത്തും...

തീരേ ശീലമില്ലാത്തത് കൊണ്ട് മാത്രം.

*******

കള്ള് കുടിച്ചും തിന്നും തീർത്ത ആരാൻ്റെ പണം എങ്ങിനെയാണ് ആരെങ്കിലും അധ്വാനിച്ചും അല്ലാതെയും തിരിച്ചുകൊടുക്കുക !!!!

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ്...

വെറും വെറുതെ പറയാനുള്ളതല്ല...

*******

നാളെ...

നാളെ എപ്പോഴും ബാക്കി...

എപ്പോഴെങ്കിലും നാളെയിലേക്ക് നേരം വെളുക്കുമോ?

കളവ് മാത്രം പറയുന്ന ആളെ കുറിച്ച് എന്ത് പറയാൻ?

അവർക്ക് ഒരിക്കലും നാളെയിലേക്ക് നേരം വെളുക്കില്ല.

******

മലം കഴുകിയാലും മലം തന്നെ...

കഴുകുന്ന കൈകൾ വൃത്തികേടാവും എന്നത് മാത്രം മിച്ചം.

ഉളുപ്പ് നഷ്ടപ്പെട്ടാൽ, ഉളുപ്പില്ലേൽ പിന്നെ എന്തുമാവാം...

കുറ്റബോധം നഷ്ടപ്പെട്ട മനസ്സ് സ്വന്തമായവന് എന്ത് വാക്ക്, എന്ത് നോക്ക്???

അവന് ആയിക്കൂടാത്തതായി ഒന്നുമില്ല.

******

കണ്ടും കേട്ടും പഠിക്കാത്തവൻ കൊണ്ട് മാത്രം പഠിക്കും...

അവൻ ഓരോരോ കാരണങ്ങൾ, ഒന്നല്ലെങ്കിൽ മറ്റൊന്നായി എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും.

നമുക്ക് ബാധകമാല്ലാത്ത ഓരോരോ കാരണങ്ങൾ.

മാറ്റിമാറ്റിപ്പറയുന്ന വാക്കുകൾ എത്ര വേണമെങ്കിലും പറയാമല്ലോ ?

ഒരു നൂറ് കളവുകൾ കൊണ്ട് കൊട്ടാരം കെട്ടി, കുറ്റബോധം കൊണ്ട് ലഹരിക്കടിപ്പെട്ട് കിടന്നുരുളുകയല്ലാതെ അവനെന്ത് വഴി?

*****

നേരം വെളുക്കുമോ എന്തോ?

കളവ് മാത്രം പറയുന്ന ആളെ കുറിച്ച് എന്ത് പറയാൻ?

അവന് നേരം വെളുക്കുമെന്ന് പറയാനോ? 

*******

അത്തരക്കാരെ കുറിച്ച് ഇനി എന്തെങ്കിലും പറയാനുണ്ടോ?

ഇല്ല.

അതല്ലേൽ ഇനിയും വേറെ കുറേ പേരെ എങ്ങിനെ വഞ്ചിക്കും എന്നതിൻ്റെ ഗവേഷണത്തിലാവും നമ്മുടെ അവർ. നമ്മുടെ  രാഷ്ട്രീയ നേതൃത്വം പോലെ.

******

അൽഭുതം തോന്നുന്നത് ഇതുകൊണ്ടൊന്നും അവർക്ക് രക്ഷപ്പെടുക സാധ്യമാകുന്നില്ല എന്നോർക്കുമ്പോഴാണ്.

കുറ്റബോധവും പേടിയും പേറി നടക്കുക തന്നെ അവരുടെ യോഗം...

പിന്നെന്തിനവർ പുതിയ പുതിയ വാക്കുകൾ തരുന്നു...? 

എന്ത് കണ്ടിട്ട് വാക്കുകൾ തരുന്നു... ?

പുതിയ ഇരകൾ അവർക്കായി കാത്തിരിക്കും എന്ന ഉറപ്പിൽ.

****** 

കുറ്റബോധപ്പെടുന്ന മനസ്സ് നഷ്ടപ്പെട്ടവരോട്, മനസ്സാക്ഷി നഷ്ടപ്പെട്ടവരോട്, മനസ്സാക്ഷിയെ താൽകാലിക ലാഭത്തിന് വിറ്റവരോട് വേദമോതുന്നത് വിഡ്ഢിത്തമാണ്.

എന്നറിയാം.

എന്നാലും, ചിലത് പറയാതിരിക്കാൻ സാധിക്കുന്നില്ല.

അങ്ങനെയൊന്നും പറഞ്ഞില്ലെന്ന് പിന്നീട് പറയരുതല്ലോ?

******

എത്രയായി ഇതൊക്കെ നീണ്ടും നീട്ടിയും പോകുന്നു...

ഒരിക്കലും തരില്ല എന്ന് ഇവർ പറയില്ല.

എപ്പോഴും ' ഇപ്പോൽൾ ' ഒന്ന് മാറട്ടെ,  'ഇപ്പോഴത്തെ അവസ്ഥ' ഒന്ന് മാറട്ടെ എന്ന വർത്തമാനം.

മാറേണ്ട 'ഇപ്പോൾ ' എന്നതിന് വല്ല കാലഗണനയും ഉണ്ടോ?

എപ്പോഴും ഇപ്പോൾ എന്ന് പറഞ്ഞുകൊണ്ടിരിക്കും...

******

ഇവരൊക്കെ എപ്പോൾ എങ്ങിനെ നന്നായി വരാൻ...??

ഇത്രയും ജനങ്ങളുടെ ശാപവും പേറി നടന്നുകൊണ്ട്...

ഇവരെയൊക്കെ കാലവും ലോകവും വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ?

******

ഇവരുടെയൊക്കെ നില മാറുന്നതും മാറാത്തത്തും ഒന്നും മറ്റുള്ളവർ അറിയേണ്ട വിഷയമല്ല.

അതിന് മാത്രം വലിയ നല്ല ആളുകളായി ഇവർ എവിടെയും വന്നിട്ടില്ല.

കളവ് മാത്രം പറയുന്നവനോട് എന്ത് പറയാൻ..

ആര് ക്ഷമിക്കുക...

എന്തിന് ക്ഷമിക്കുക...

No comments: