എല്ലാവരും അറിയണമല്ലോ.
ശരിയായ ഉള്ളിലിരിപ്പ്.
യഥാർത്ഥ തീവ്രവാദവും അസഹിഷ്ണുതയും എന്തെന്ന്, എങ്ങിനെയെന്ന്.
ഓരോ വിശ്വാസിയിലും അതെങ്ങനെ ഒളിഞ്ഞുനിൽക്കുന്നുവെന്ന്.
പുറത്ത് മതേതരത്വം മാത്രം പറയുന്ന ഒരു സുഹൃത്ത് ഈയുള്ളവൻ്റെ ഭാര്യയെ എഫ്ബിയിൽ വന്ന് ഉപദേശിച്ച കാര്യങ്ങൾ നോക്കൂ:
"നിങ്ങളുടെ ഭർത്താവ് ശഹാദത്ത് കലിമ ചൊല്ലി മുസ്ലിമായി മരിക്കണമെന്ന് നിങൾ ആഗ്രഹിക്കുന്നില്ലേ?
"അതോ, അയാൾ കാഫിറായി മരിക്കണം എന്നാണോ നിങൾ ഉദ്ദേശിക്കുന്നത്?
"ഇസ്‌ലാം അല്ലാത്ത അദ്ദേഹത്തിൻ്റെ കൂടെ നിങൾ ജീവിക്കുന്നത് തന്നെ, കൂടെ ഭക്ഷണം കഴിക്കുന്നത് പോലും തെറ്റാണ്."
എങ്ങിനെയുണ്ട് ഉള്ളിലിരിപ്പ്. സാമാന്യം നല്ല വിദ്യാഭ്യാസം നേടിയ ഒരാളിൽ നിന്നാണിത്.
മതേതരത്വവും ജനാധിപത്യവും (ഇന്ത്യയിൽ മാത്രം) വേണമെന്ന് പുറത്ത് പുറമ്പൂചായി പറയുന്ന ഒരാളിൽ നിന്ന്.
പലർക്കും ഇങ്ങനെയൊരു വർത്തമാനം ഇങ്ങനെയൊരാൾ പറയുമ്പോൾ ഒരു പ്രശ്നവും തോന്നുന്നില്ല.
കുവൈറ്റിൽ നിന്നുള്ള ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ സുഹൃത്ത് ഇയാളുടെ ഈ ഉപദേശം സൂക്ഷിച്ച് വായിച്ച് നോക്കി അതിൽ like ഇട്ടതും "കറക്ട്" എന്ന് കമെൻ്റ് നൽകിയതും വല്ലാത്തൊരു സൂചനയും നൽകുന്നു. ഇങ്ങനെ പലപ്പോഴും ഇത്തരക്കാരിൽ നിന്ന് ആവർത്തിച്ച് കണ്ടതിനാൽ കൂടി.
എല്ലാ ഓരോ ഇസ്ലാമിസ്റ്റിൻ്റെ ഉള്ളിലും യഥാർഥത്തിൽ ഇങ്ങനെയൊരു തീവ്രവാദിയും അസഹിഷ്ണുവും ഒളിഞ്ഞുനിൽക്കുന്നുണ്ട് എന്നതിനാലാണോ ആവോ.
മേൽപറഞ്ഞ അദ്ദേഹം മാധ്യമം പത്രത്തിൻ്റെ കുവൈറ്റിലെ പ്രധാനപ്പെട്ട ആളും കൂടിയാണെന്ന് പ്രത്യേകം ഓർക്കണം.
മതേതര ഇന്ത്യയിൽ മതേതരത്വം തന്നെ നിലനിൽക്കണം, എല്ലാ വ്യത്യസ്ത വിശ്വാസികളും ഒരുമിച്ചു തന്നെ ജീവിക്കണം എന്ന് പേർത്തും പേർത്തും മനുഷ്യാവകാശ ജനാധിപത്യ മതേതരത്വ പ്ര ശ്നമായി പറയുന്നവരാണിവർ എന്നോർക്കണം.
ജനാധിപത്യ മതേതര മതസഹിഷ്ണുത പ്രശ്നങ്ങൾ ഉയത്തിക്കാട്ടുന്ന ഇവർ തന്നെയാണ് പറയുന്നത് വ്യത്യസ്ത മതവിശ്വാസികൾ ഒരുമിച്ച് ഒരേ വീട്ടിൽ താമസിക്കരുത് എന്ന്.
ഒരു യഥാർത്ഥ മുസ്ലിമിന് അവിശ്വാസി യുമായി ഒരുമിച്ച് ജീവിക്കാൻ പറ്റില്ല, പാടില്ല എന്ന്.
അയാൾ അങ്ങനെ പറഞ്ഞുനിർത്തുന്നുമില്ല.
പകരം അയാൾ വീണ്ടും തുടരുന്നു.
ഒരു മടിയും വളച്ചുകെട്ടുമില്ലാതെ ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട്.
"ഞാൻ തോറ്റു ഇത്ത. നിങൾ ഒരു മുസ്ലിം ആയിരിക്കും എന്ന എൻ്റെ തെറ്റിദ്ധാരണയിലാണ് ഞാൻ ഇത് പറഞ്ഞത്. ഇപ്പോൾ മനസ്സിലായി നിങൾ ചക്കിക്കൊത്ത ചങ്കരനാണെന്ന്.
"വിശ്വാസിയും അവിശ്വാസിയും ഒരു വീട്ടിൽ ഒരിമിച്ച് കഴിയുക പ്രയാസമാണ്. പ്രത്യേകിച്ചും ഇസ്ലാമിൽ."
".... ഇത്ത എൻ്റെ ചോദ്യത്തിന് ഉത്തരം തന്നില്ല. എന്നിട്ട് വളഞ്ഞ വഴിയിൽ മൂക്ക് പിടിക്കുകയാണ്."
ഇയാൾക്ക് ഈയുള്ളവൻ്റെ ഭാര്യ കൊടുത്ത മറുപടി ചുവടെ വെക്കുന്നു.
"ഞാൻ അയാളുടെ ഭാര്യ.
അഭിമാനപൂർവ്വം പറയാവുന്ന അയാളുടെ ഭാര്യ.
നിങൾ പറഞ്ഞത് പോലെ പ്രത്യേകിച്ച് മാറാനും മാറ്റാനും ഇല്ലാതെ അയാളുമായി എല്ലാ നിലക്കും എല്ലാ കാര്യങ്ങളിലും ഒത്തൊരുമിച്ച് ഭംഗിയായി ഇതുവരെ ജീവിച്ച ഇപ്പോഴും ജീവിക്കുന്ന ഭാര്യ. ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് മനസ്സിലാക്കാൻ പോലും കഴിയില്ല, അതിനാൽ അതന്വേഷിക്കേണ്ട കാര്യമില്ല എന്ന് കൃത്യമായും കരുതുന്ന ഭാര്യ.
താങ്കൾക്ക് മനസ്സിലാക്കാൻ സാധിക്കാത്തത്ര സ്വാതന്ത്ര്യം അനുഭവിച്ച് ജീവിതം ഇക്കാലമത്രയും ഭാര്യയെന്ന നിലക്ക് തന്നെ ആഘോഷമാക്കിയ ഭാര്യ.
ഈ കഴിഞ്ഞ 24 വർഷവും ഒരുതരം സംഘർഷവും ഇല്ലാതെ കവിത പോലെ ജീവിച്ച ഭാര്യ. നിങൾ വലിയ കുറ്റം പോലെ പറഞ്ഞ ഈ ആളുടെ കൂടെ തന്നെ. വലിയൊരു ഭാഗ്യം പോലെ.
അദ്ദേഹം തന്നെ മേൽപറഞ്ഞത് പോലെ എന്തും ധരിക്കാനും ധരിക്കാതിരിക്കാനും, എന്തും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള എൻ്റെ സ്വാതന്ത്ര്യം എൻ്റെ സ്വാതന്ത്ര്യം മാത്രം തന്നെയായി സൂക്ഷിച്ച് കൊണ്ട് ജീവിക്കാൻ കഴിഞ്ഞ ഭാര്യ.
സ്വന്തം ബോധ്യത പോലെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ജീവിക്കാനും സാധിച്ചു കൊണ്ട്.
ഈ കാര്യം നിങൾ നമ്മുടെ മക്കളോട് പോലും ചോദിച്ചു നോക്കൂ. കാഴ്ചക്കാരായി നിൽക്കുന്ന ആരോട് വേണമെങ്കിലും ചോദിച്ചുനോക്കൂ
അവർക്കും മറിച്ചൊന്നും പറയാനുണ്ടാവില്ല.
അത്രക്ക് ഭംഗിയായാണ് ഇതുവരെയും ജീവിച്ചത്.
ഇന്നിതുവരെ."
വീണ്ടും ഈയുള്ളവൻ്റെ ഭാര്യ അയാൾക്ക് മറുപടി നൽകി:
" എന്ത് വലിയ അല്പത്വവും സങ്കുചിതത്വവും പിന്തിരിപ്പൻ അന്ധവിശ്വാസവും മതതീവ്രതയുമാണ് താങ്കൾ മറ്റൊരാളെ ഉപദേശിക്കുന്നത്?
അതും എല്ലാ പാമര മതക്കാരെയും പോലെ മരണമെന്ന അതേ ന്യായം ആയുധമാക്കിക്കൊണ്ട്.
താങ്കൾക്കുണ്ടെന്ന് പറഞ്ഞ് കേൾക്കുന്ന വിദ്യാഭ്യാസം പോലും താങ്കളിൽ കാതലായ ഒരു മാറ്റവും പുരോഗതിയും ഉണ്ടാക്കിയില്ലല്ലോ എന്നതിൽ ദുഃഖം തോന്നുന്നു?"
"താങ്കൾക്ക് തോന്നുന്നുണ്ടോ താങ്കളുടെ ചോദ്യം യഥാർഥത്തിൽ ഒരു മറുപടി അർഹിക്കുന്നുണ്ടെന്ന്. ഒരു വിവേകി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കൊള്ളൂമെന്നും ഇല്ല.
അല്ലെങ്കിലും ഞാൻ ധരിച്ച വസ്ത്രം, എൻ്റെ ഭർത്താവിനെ താങ്കൾ വിമർശിക്കാൻ ന്യായമാക്കിയ അതേ എൻ്റെ വസ്ത്രധാരണം, ഞാൻ ഏതോ ഒരു വിശ്വാസം മുറുകിപ്പിടിച്ചത് കൊണ്ടാണെന്ന് താങ്കൾ ധരിച്ചുവോ?
ആ വസ്ത്രധാരണമൊന്നും ഒരു വിശ്വാസവും മുറുകിപ്പിടിക്കുന്നതിൻ്റെ ഭാഗമല്ല.
ശീലിച്ച ചില സൗകര്യങ്ങൾ.
ചുറ്റുപാട് ആവശ്യപ്പെടുന്ന സൗകര്യങ്ങൾ.
അത്ര മാത്രം.
പിന്നെ എന്താണ് താങ്കൾ "വിശ്വാസി " "അവിശ്വാസി (കാഫിർ)" എന്നതൊക്കെ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും മനസ്സിലാവുന്നില്ല.
ആരുണ്ട് ഇവിടെ അറിഞ്ഞ് വിശ്വസിക്കുന്നത്?
ആരുണ്ട് ഇവിടെ അറിഞ്ഞ് നിഷേധിക്കുന്നത്?
എന്ത് കാഫിറായി മരിക്കൽ, എന്ത് ശഹാദത്ത് കലിമ ചൊല്ലി മരിക്കൽ?
താങ്കൾ വല്ലതും ബോധ്യപ്പെട്ടു തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്?
അല്ലെങ്കിൽ എല്ലാവരും പറയുംപോലെ താങ്കളും ഉപബോധമനസ്സിന് അടിപ്പെട്ട് അന്ധമായി യാഥാസ്ഥിതികമായി പറയുന്നതോ?"
*******
ഇനി ഈയുള്ളവനോട് ഇതേ മാന്യദേഹം വേറെ തന്നെ പറഞ്ഞതും, അവക്കുള്ള മറുപടികളും ചുവടെ വെക്കാം:
അദ്ദേഹം പറഞ്ഞത് (ചുരുക്കത്തിൽ):
"സ്വന്തം ഭാര്യയെ പറഞ്ഞു മനസ്സിലാക്കി ഇസ്‌ലാമിൽ നിന്നു പുറത്തുകൊണ്ടുവരാൻ കഴിയാത്ത നിങൾ...,
ഭാര്യയുടെ തലയിൽ നിന്ന് തട്ടം ഉപേക്ഷിക്കാൻ പോലും പറയാൻ കഴിവില്ലാത്ത നിങ്ങൾ...
ഇന്ന് പെരുന്നാൾ പ്രമാണിച്ച് വീട്ടിൽ വെക്കുന്ന മട്ടൻബിരിയാണി കഴിക്കില്ല എന്നെങ്കിലും തീരുമാനിക്കൂ."
മറുപടി :
ഇവിടെ നമുക്കിടയിൽ വിശ്വാസപരമായ സംഘർഷം ഇല്ല.
താങ്കൾക്കതുണ്ടോ താങ്കളത് കാണുന്നുണ്ടോ എന്നറിയില്ല.
ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് താങ്കളുടെ വിശ്വാസവും മനസ്സാക്ഷിയുമായി ബന്ധപ്പെട്ട വിഷയമാണ്.
അതുകൊണ്ടുതന്നെ അതുള്ളവർ അത് തന്നെ എല്ലായിടത്തും നിഴലിട്ട് കാണും.
എല്ലാ ഒരോരുവനും അവൻ മനസിലാക്കുന്നത് പോലെ വിശ്വാസവും വസ്ത്രധാരണവും ആവാം, ആവാൻ സാധിക്കണം എന്നത് മാത്രമാണ് എപ്പോഴും ഈയുള്ളവൻ പറയുന്ന വിഷയം.
സത്യവും ദൈവവും വരെ.
ഏതോ കാലത്ത് ആരോ പറഞ്ഞത് പോലെ തന്നെ എപ്പോഴും എല്ലാവരും ഒരുപോലെ വേണമെന്നില്ലാതെ.
അത് താങ്കൾക്ക് ഇതുവരെ മനസ്സിലാവാത്തത് കൊണ്ടാണ് ഇങ്ങനെയൊരു കമെൻ്റ് വന്നത്.
മറിച്ച് ഈയുള്ളവൻ പറയുന്നത് താങ്കൾ മനസ്സിലാക്കി അംഗീകരിച്ച് നടക്കുന്നത് കൊണ്ട് വന്ന സംഘർഷമല്ല താങ്കൾക്കിത്. ഏറെക്കുറെ ഏതോ നിലക്കുള്ള അസഹിഷ്ണുത നിറഞ്ഞത് മാത്രം ഇത്.
ഇരുപത്തിനാല് കൊല്ലമായി കവിത പോലെ ഇതേ ഭാര്യയുമായി ജീവിക്കുന്നു ഇവിടെ.
അവൾക്ക് അവൾ എങ്ങിനെ ഉദ്ദേശിക്കുന്നുവോ അങ്ങനെയെല്ലാം വസ്ത്രം ധരിക്കാം, ജീവിക്കാം.
ഭാര്യയെന്നാൽ ആരുടെയും അടിമയല്ല, സ്വത്തല്ല.
അവൾക്ക് സ്വാതന്ത്ര്യം ഈയുള്ളവനോ മറ്റാരോ നൽകുന്നതല്ല.
അവളുടെ സ്വാതന്ത്ര്യം അവളുടെ മാത്രം സ്വാതന്ത്ര്യമാണ്.
അവളും മറ്റാരും വസ്ത്രം ഏത് എപ്പോൾ ധരിക്കുന്നു എന്നതല്ല വിഷയം.
എപ്പോഴും ആർക്കും എന്തും ധരിക്കാം എന്നതാണ് വിഷയം.
അതാണ് സ്വാതന്ത്ര്യം.
അവളുടെയും ആരുടെയും ചുറ്റുപാട് ആവശ്യപ്പെടുന്ന വസ്ത്രം അവൾക്കും ആർക്കും എപ്പോഴും ധരിക്കാം.
ആരും ഇത് മാത്രം ശരി, ഇങ്ങനെ തന്നെ ധരിക്കണം, വിശ്വസിക്കണം എന്ന് പറയരുത് എന്നതാണ് വിഷയം.
അതിനാൽ തന്നെ അവൾ ചിലപ്പോൾ ഇങ്ങനെ ധരിക്കും മറ്റ് ചിലപ്പോൾ മറ്റ് പല രീതിയിലും ധരിക്കും.
ആർക്കും അവൾ ആ കാര്യത്തിൽ വാക്ക് കൊടുത്തിട്ടില്ല.
ആർക്ക് കൊടുത്ത വാക്കും അത് കൊണ്ട് തന്നെ അക്കാര്യത്തിൽ അവൾ തെറ്റിക്കുന്നുമില്ല.
കവിത എങ്ങനെയാണോ അതിനേക്കാൾ ഭംഗിയായി ജീവിക്കുന്നു.
ഒന്നുകൂടി ഉണർത്താട്ടെ.
ഭാര്യയെ വിശ്വാസത്തിൽ കൊണ്ടുനടന്ന് ചിന്താപരമായി അടിമയാക്കാനല്ല ജീവിക്കുന്നതും വിവാഹം ചെയ്യുന്നതും കുടുംബജീവിതം നയിക്കുന്നതും.
ഒരുപക്ഷേ നിങ്ങളെ പോലുള്ള തീവ്രമതവിശ്വാസിയുടെ കാര്യവും വലിയ ചിന്താവിഷയവും അതായിരിക്കാം.
അപ്പോഴും താങ്കൾ, താങ്കൾ തന്നെ വിശ്വസിക്കുന്ന, പഠിച്ച ഇസ്ലാമിക കഥകളും ചരിത്രവും ഓർത്താൽ നന്ന് .
ലൂത്ത് നബിക്ക് സ്വന്തം ഭാര്യയെ പറഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിൻ്റ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് അയാൾ അദ്ദേഹം മനസ്സിലാക്കിയ സത്യം വിളിച്ചുപറയാതിരുന്നുവോ?
നൂഹ് നബിക്ക് സ്വന്തം ഭാര്യയെയും മകനെയും പറഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിൻ്റ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് അയാൾ അദ്ദേഹം മനസ്സിലാക്കിയ സത്യം വിളിച്ചുപറയാതിരുന്നുവോ?
അനാഥനായി വളർന്ന മുഹമ്മദ് നബിക്ക്, തന്നെ സംരക്ഷിച്ച് വളർത്തിയ എളാപ്പയേയും മൂത്താപ്പയെയും പറഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിൻ്റ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് അയാൾ അദ്ദേഹം മനസ്സിലാക്കിയ സത്യം വിളിച്ചുപറയാതിരുന്നുവോ?
ഈയടുത്ത് മഹാത്മാ ഗാന്ധിക്ക് പോലും സ്വന്തം മക്കളെ മുഴുവൻ പറഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിൻ്റ പാതയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് അയാൾ അദ്ദേഹം മനസ്സിലാക്കിയ സത്യം വിളിച്ചുപറയാതിരുന്നുവോ?
******
വീണ്ടും അദ്ദേഹത്തിൻ്റെ ചോദ്യം:
"താങ്കളുടെ നിലപാട് എന്തുകൊണ്ട് സ്വന്തം കുടുംബത്തു കാണിക്കുന്നില്ല...അത് ഇരട്ടത്താപ്പല്ലേ...? താങ്കളുടെ പരാജയമല്ലേ? താങ്കളുടെ നിലപാട് കാരണം
ഇസ്ലാമികമായി ജീവിക്കുന്ന താങ്കളുടെ ഭാര്യക്കും മക്കൾക്കും പോലും എത്ര വേദന ഉണ്ടാകും എന്ന് താങ്കൾ ചിന്തിക്കുന്നില്ല... താങ്ങളെ ഭയന്നിട്ടോ അല്ലെങ്കിൽ നിങ്ങളെ പിണക്കണ്ട എന്ന് വിചാരിച്ചോ അവർ മിണ്ടാതെ ഇരുന്നേക്കാം."
മറുപടി:
പ്രവർത്തിക്കുന്നതിന് ഭിന്നമായ ഒരു കാഴ്ചപ്പാടും പറയാറില്ല. പറയുന്നതിന് ഭിന്നമായി പ്രവർത്തിക്കാറുമില്ല.
കുടുംബജീവിതത്തിൽ വരെ പറയുന്നത് തന്നെ പ്രവർത്തിക്കുന്നു, പ്രവർത്തിന്നക്കുന്നത് തന്നെ പറയുന്നു എന്നതാണ് ഈ പോസ്റ്റും ഫോട്ടോയും പോലും തെളിയിക്കുന്നത്.
പക്ഷേ മനസ്സിലാക്കേണ്ടത് മനസ്സിലാക്കാതെ കൊതുകിന് എവിടെയും ചോര മാത്രം, അഴുക്ക് മാത്രം പ്രധാനം എന്നതാണ് മേൽകമൻ്റിൻ്റെ പ്രത്യേകത.
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കയ്യിടണമെന്ന നിലപാട് എവിടെയും ഈയുള്ളവൻ പറയാറില്ല.
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കയ്യിടുന്ന വിശ്വാസ രീതിക്കേതിരെ പറയുകയും ചെയ്യും.
വിശ്വാസിക്ക് അവിശ്വാസി കൊടുക്കുന്ന സ്വാതന്ത്ര്യം വിശ്വാസി അവിശ്വാസിക്ക് കൊടുക്കില്ല അവസരം ഒത്തുവന്നാൽ എന്നതാണ് എവിടെയും പ്രശ്നം. താങ്കൾ സൂചിപ്പിക്കുന്നതും അത് തന്നെ
ഈയുള്ളവൻ പറയുന്നതൊന്നും താങ്കൾക്ക് മനസ്സിലായിട്ടില്ല, മനസ്സിലാവുന്നില്ല എന്നതാണ് പ്രശ്നം.
മനസ്സിലാവാത്ത ദഹനക്കേടിൻ്റെ പ്രശ്നം മാത്രമാണിത്.
ദഹനക്കേട് തന്നെയാണ് എല്ലാ അസഹിഷ്ണുതയുടെയും തീവ്രതയുടേയും കാരണം. താൻ വിശ്വസിക്കുന്നത് പോലും ദഹിക്കാത്ത ദഹനക്കേട് ഉണ്ടാക്കുന്ന വയറ്റ്പോക്കും ഛർദിയും
അല്ലാതെ ഈയുള്ളവൻ പറഞ്ഞതിന് വിപരീതമായി ഈയുള്ളവൻ നിലകൊള്ളുന്നതിൻ്റെ പ്രശ്നമല്ല താങ്കളെ അലട്ടുന്നത്.
അതിന് മാത്രം ഇതുവരെ ആത്മാർത്ഥമായി ഈയുള്ളവൻ്റെ പിന്തുടരുന്നവനും പിന്തുടർന്നവനുമല്ല താങ്കൾ.
ഈയുള്ളവൻ്റെ നിലപാട് തന്നെ പ്രവർത്തിക്കുന്നതിൽ താങ്കൾക്കുള്ള അസ്വസ്ഥത താങ്കൾ എപ്പോഴും എന്നത് പോലെ ഇവിടെയും പ്രകടമാക്കി എന്ന് മാത്രം.
എന്നാലോ ഒരു വിഷയത്തിലും താങ്കൾക്ക് കൃത്യമായ, ന്യായമുള്ള നിലപാട് ഇല്ല താനും.
കുറേ ഒളിഞ്ഞുനിൽക്കുന്ന സ്വന്തം നിരാശകളെ അസഹിഷ്ണുതയും ശത്രുതയും അസ്വസ്ഥതയുമാക്കി മാറ്റുക മാത്രമല്ലാതെ.