Wednesday, October 3, 2018

പ്രാർത്ഥന അടിസ്ഥാനപരമായി ദൈവത്തിലുള്ള അവിശ്വാസം

പള്ളി ക്ഷേത്രം പോലെയല്ല. 
നിശ്ചിത സ്ഥലത്തു വേണമെന്നില്ല. 
എവിടയും പ്രാർത്ഥിക്കാം, പള്ളിയെടുക്കാം. 
"ഭൂമി മുഴുവൻ പള്ളിയാണ്".


Question: അതുകൊണ്ടാവണം യാത്രക്കാരൻ ആയാലും വീട്ടമ്മയായാലും പള്ളിയിൽ വരേണ്ടതില്ല എന്ന നിർദ്ദേശം ഒരു വിവേചനം ആയിട്ടല്ലാതെ ഒരു ആനുകൂല്യം ആയിട്ട് മുസ്ലിംകൾ കാണുന്നത്....

Answer:
ദൈവം പ്രാർത്ഥന ആവശ്യപ്പെടാതിരിക്കുക എന്ന ആനുകൂല്യം ചെയ്‌താൽ പോരെ. അതല്ലേ ദൈവികതക്ക് ചേർന്നത്. ആവശ്യപ്പെട്ടു പരാജയപ്പെടുന്ന ദൈവം ആകുന്നതിലും നല്ലത്? ആവശ്യപ്പെട്ടു, ശേഷം ആനുകൂല്യം നൽകേണ്ടതുണ്ടോ? അതും ദൈവം തന്നോട് പ്രാർത്ഥിക്കാൻ ആവശ്യയപ്പെടുക!!?? അതിൽ അതിൽ ഒരന്തക്കേടില്ലേ? ഒരു തരം നിരാശ. പ്രാർത്ഥിക്കാൻ വരെ, സ്കീമുകൾ ഇട്ട്,, വാഗ്‌ദാനങ്ങൾ നൽകി, പോരാത്തതിന് ഭീഷണിപ്പെടുത്തുകയും ചെയ്ത്, മാർക്കറ്റിംഗ് ആവശ്യപ്പെടുന്ന ദൈവം നിരാശനായി തന്നെ അല്ലെ കാണപ്പെടുന്നത്? പരാജയപ്പെടുന്നതായും? ഭൂരിപക്ഷത്തേയും ഇത്രയെല്ലാം മെനക്കെട്ടിട്ടും വരുതിയിൽ കിട്ടാതെ.

മനുഷ്യൻ സ്വമേധയാ അങ്ങിനെ പ്രാർത്ഥന ചെയ്‌താൽ തെറ്റില്ല. അത് മനുഷ്യന്റെ അന്തസ്സാര ശൂന്യതയിൽ നിന്നും നിസ്സഹായതയിൽ നിന്നും അജ്ഞതയിൽ നിന്നും ആണെന്ന് മനസിലാക്കാം. പക്ഷെ, ദൈവം ആവശ്യപ്പെടുമ്പോഴും നിര്ബന്ധിക്കുമ്പോഴും ഭീഷണിപ്പെടുത്തുമ്പോഴും ആണ് പ്രശ്നം. എന്നിട്ടു ഡിസ്‌കൗണ്ട് എന്ന ആനുകൂല്യം എന്ന ഉമ്മാക്കി വിവേചനത്തിനെതിരെ പ്രയോഗിക്കുമ്പോഴും. അതെല്ലാം ചെയ്തിട്ടും പരാജയപ്പെടുമ്പോഴും. മതങ്ങൾ പരാജയപ്പെടുന്ന ദൈവത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്, അവതരിപ്പിക്കുന്നത്.

"അരുത്" എന്ന് പറയുന്നതും "വേണ്ടതില്ല" എന്ന് പറയുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്. തടയുന്നതും ഇളവ് കൊടുക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്.

Question: പ്രപഞ്ചത്തിന്റെ അപാരതയോ , അല്ലെങ്കിൽ സൂക്ഷ്മ പ്രപപഞ്ചത്തിന്റെ യുക്തിരാഹിത്യമോ പോലും ഉൾകൊള്ളാൻ നമ്മുടെ ബുദ്ധിശക്തിക്കു കഴിവില്ലെന്നിരിക്കെ ദൈവത്തിന്റെ ഉദ്ദേശ ശുദ്ധിയെ അതിന്റെ പാട്ടിനു വിടുന്നതല്ലേ ഭംഗി എന്നും ചിന്തിക്കാവുന്നതാണ്.... 

Answer: നമുക്ക് മനസിലാവുന്നില്ലെങ്കിൽ അതും ദൈവത്തിന് മനസിലാവും, മനസിലാവണം.

*********

സുഹൃത്തേ പ്രാർത്ഥിച്ചോളൂ. ആർക്കു നഷ്ടം? പ്രാർഥിനിക്കുന്നവന്  നഷ്ടം. പ്രാർത്ഥനകൊണ്ട് ദൈവത്തിന് നേട്ടം എന്ന് മാത്രം വരുത്തരുത്. ദൈവത്തിന്റെ ആവശ്യം അതെന്നും.

ദൈവത്തിന്റെ ആവശ്യം ദൈവം നിർവഹിച്ചിരിക്കും. തടസ്സം നിൽക്കാൻ ആർക്കും സാധ്യമല്ല. തന്നത് തടയാനും, തടഞ്ഞത് തരാനും.

പ്രാർത്ഥന അടിസ്ഥാനപരമായി ദൈവത്തിലുള്ള, ദൈവത്തിന്റെ പരമജ്ഞാനത്തിലും നിയത്രണാധികാരത്തിലുമുള്ള അവിശ്വാസം. പ്രാർത്ഥനയിൽ അവിശ്വാസമേ ഉള്ളൂ.

ദൈവത്തിന്റെ പൂർണാധികാരത്തിലും സമഗ്രമായ പ്ലാനിലും പദ്ധതിയിലും വിശ്വസിക്കുന്നവൻ തന്റെ കാര്യത്തിൽ എന്തോ തെറ്റ് ചെയ്തു, അതല്ലേൽ വേണ്ടത് ചെയ്തില്ല, എന്ന് കരുതുന്നേടത്ത്  പ്രാർത്ഥന കടന്നു വരുന്നു.

തെറ്റാത്ത, മറക്കാത്ത, ഉറക്കം വരാത്ത ദൈവത്തിൽ അവൻ വിശ്വസിക്കുന്നില്ലെന്നും സാരം. ഒരുപക്ഷെ ഒരാൾ എല്ലാം കണ്ട് അന്താളിച്ചു അത്ഭുത പരവശാനയി ദൈവത്തെ മഹത്വപ്പെടുത്തിയും വാഴ്ത്തിയും പ്രകീർത്തിച്ചും പോകാം. സൂക്ഷ്മത്തിലെ സ്ഥൂലത്തെയും സ്ഥൂലത്തിലെ സൂക്ഷ്മവും കണ്ട്. പക്ഷെ, അത് ദൈവം ആവശ്യപ്പെടുന്നത് കൊണ്ടല്ല. അങ്ങനെ ദൈവമായാലും മനുഷ്യനായാലും ആവശ്യപ്പെടുകയെന്നാൽ കോച്ചാവുക തന്നെ.

പ്രാർത്ഥന ദൈവത്തെ പൂർണമായും വിശ്വസിക്കാതിരിക്കുക എന്നത് തന്നെ.  ദൈവം നൽകിയതിലും സംവിധാനിച്ചതിലും തകരാറും ന്യൂനതയും ഉണ്ടെന്നു കരുതുന്ന അവിശ്വാസം പ്രാർത്ഥനയുടെ അന്തസ്സത്ത. ഒരു തിരുത്ത് ദൈവത്തിന് വേണ്ടതുണ്ടെന്ന ഒരു അല്പത്തം നിറഞ്ഞ അവിശ്വാസം.

എല്ലാം നൽകിയില്ലെന്ന് വിശ്വസിക്കൽ പ്രാർത്ഥനയുടെ അടിസ്ഥാനം. എല്ലാം നൽകിയെന്ന്  പറയുന്നതിനെ അവിശ്വസിക്കുക പ്രാർത്ഥനയിൽ അന്തലീനമായ വികാരം. നൽകിയതിലും സംവിധാനിച്ചതിലും തകരാറുണ്ടെന്നു വിശ്വസിക്കുക പ്രാർത്ഥനയുടെ മുഖം.

ദൈവത്തിനേക്കാൾ താനറിയുന്നു എന്ന് അല്പത്ത്വത്തോടെ കരുതുകയും,  അത് ദൈവത്തോട് നേരിൽ പറയേണം എന്ന് കരുതിപ്പോവുന്നതും പ്രാർത്ഥനയുടെ സ്വരം. തന്റെ വകയുള്ള ഒരു തിരുത്തും ഓര്മിപ്പിക്കലും ദൈവത്തിന് എന്ന് വെക്കുന്നത് പ്രാർത്ഥന. ദൈവത്തിന്റെ മേലുള്ള മനുഷ്യന്റെ, വിശ്വാസിയുടെ, വലിയ ഒരാരോപണം. കനത്ത അപരാധം. പ്രാർത്ഥന.

പ്രാർത്ഥനയെന്ന പേരിൽ ആരോ പറഞ്ഞ കാര്യം, ആരോ പറഞ്ഞതുപോലെ, ആരോ പറഞ്ഞ ഭാഷയിലും സമയത്തും കോലത്തിലും പറയുകയെന്നാൽ ദൈവത്തിന്റെ മുന്നിൽ കോമാളി വേഷം കേട്ടൽ.  ദൈവത്തെയും തന്നെയും കോമാളിയാക്കൽ.

ദൈവം മറന്നു പോകുന്നു, അതിനാൽ താൻ ഓർമിപ്പിക്കേണമെന്ന അവിശ്വാസത്തിന്റെ കരുതൽ "ദൈവം ഉദ്ദേശിച്ചത് മാത്രം ഉണ്ടായി; ഉദ്ദേശിക്കാത്ത ഒന്നും ഉണ്ടായില്ല" ("മാഷാ അല്ലാഹു കാൻ വാ മാളം യഷ ലാം yakun") എന്നതിന്റെ നേർ വിപരീതം.

യഥാർത്ഥ ആത്മീയൻ ദൈവത്തെ പ്രകീർത്തിക്കും. പരിശുദ്ധപ്പെടുത്തിയും മഹത്വപ്പെടുത്തിയും പോകും.  സ്വയം. ആരും ആവശ്യപ്പെടാതെ. സ്വർഗ്ഗവും നരകവും പ്രശ്നമാവാതെ. അത്ഭുത പരതന്ത്രനായിക്കൊണ്ട്. അതിശയം പൂണ്ടുകൊണ്ട്. നിസ്സഹായത തൊട്ടറിഞ്ഞു കൊണ്ട്.  തന്റെ അറിവുകേടാണ് അറിവെന്നും, കഴിവുകേടാണ് കഴിവെന്നും തൊട്ടറിഞ്ഞു കൊണ്ട്.

അവനു പ്രാര്ഥിക്കേണ്ടി വരില്ല. കാരണം അവൻ ദൈവത്തിന് വഴങ്ങിയിരിക്കുന്നവനാണ്. ദൈവത്തിൽ ആണ്. ദൈവം വിചാരിച്ചത് പോലെയാണ്. പൂർണമായും എല്ലാം ദൈവികം എന്ന് കരുതുന്നവൻ. ദൈവം ഉദ്ദേശിക്കാത്തതൊന്നും നടക്കുന്നില്ലെന്ന വ്യക്തതയോടെ. ദൈവത്തെ താൻ അറിയുന്നില്ല, പകരം ദൈവം തന്നെ അറിയുന്നു എന്ന തെളിച്ചത്തോടെ.

അവിടെ പ്രാർത്ഥന വേണ്ട. വർത്തമാനം മാത്രം. പ്രയത്നം മാത്രം. പ്രവർത്തനം തന്നെ പ്രാർത്ഥന. ചെയ്യന്നതെന്തും ആ നിലക്ക് ദൈവം ചെയ്യിപ്പിക്കുന്നത്. പറയുന്നതെന്തും ദൈവം പറയിപ്പിക്കുന്നത്. പ്രാപഞ്ചികതക്ക് മുഴുവനുമായി. പ്രാപഞ്ചികതയുടെ മുഴുവൻ പശ്ചാത്തലത്തിലേക്കായ്. പ്രാപഞ്ചികത മുഴുവൻ പശ്ചാത്തലമായി.


********

4 comments:

Anonymous said...

അയഥാർത്ഥമായ ഒരു ദൈവത്തെ സ്വയം നിർവചിച്ചു, അതിനെ ഘോരഘോരം വിമർശിക്കുക എന്ന യുക്തിവാദികളുടെ രീതി ഇവിടെ കാണുന്നു. പ്രാർത്ഥനകൊണ്ട് ദൈവത്തിനു നേട്ടമുണ്ടെന്നു ഇസ്‌ലാമിന്റെ അടിസ്ഥാനം അറിയുന്ന വല്ലവരും പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. പിന്നെ പ്രാർത്ഥിക്കുന്നത് കൊണ്ട് പ്രാര്ഥിച്ചവന് നഷ്ട്ടം എന്ന ലേഖകന്റെ പ്രസ്താവനയോട് വിയോജിക്കുന്നു എന്നുമാത്രം അറിയിക്കുന്നു.

Anonymous said...

"ദൈവമായാലും മനുഷ്യനായാലും (പ്രാർത്ഥിക്കാൻ ) ആവശ്യപ്പെടുകയെന്നാൽ കോച്ചാവുക തന്നെ."
ദൈവത്തെ തന്നെ അനുസരിക്കാനും ധിക്കരിക്കാനും സ്വാതന്ത്ര്യം തന്നുകൊണ്ടാണ് ഇസ്‌ലാമിൽ ദൈവം മനുഷ്യനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നത്.
അത് ദൈവം കോച്ചാവുന്നതുകൊണ്ടാണോ, ക്രൂരനായത് കൊണ്ടാണോ, കാരുണ്യവാനായത് കൊണ്ടാണോ എന്നത് വിശ്വാസവുമായി ബന്ധപ്പെട്ട നിലപാടുകൾ ആണ്. താങ്കളുടെ തിരഞ്ഞെടുപ്പിനെ ആദരിക്കുന്നു.
saleem

Anonymous said...

"പ്രാർത്ഥനയെന്ന പേരിൽ ആരോ പറഞ്ഞ കാര്യം, ആരോ പറഞ്ഞതുപോലെ, ആരോ പറഞ്ഞ....."
അനുഷ്ട്ടാനപരമായ പ്രാര്ഥനകളെ കുറിച്ചാവണം താങ്കൾ ഇങ്ങനെ എഴുതിയത്. ശുദ്ധമായ അനുഷ്ട്ടാനം എന്നത് ഭൗതിക തലത്തിൽ ഒരു അർത്ഥവും ഇല്ലാത്ത പ്രവർത്തികളാണ്. ഇത്തരം അനുഷ്ട്ടാന പ്രാർത്ഥനകൾ അതുകൊണ്ടു തന്നെ അനുസരണത്തിന്റെ ആഘോഷങ്ങൾ മാത്രമാണ്. അതുകൊണ്ടാണ് അനുഷ്ട്ടാന്തങ്ങൾക്കു ഇളവുകൾ ലഭിക്കുന്പോൾ അതിനെ ആനുകൂല്യം ആയി കരുതപ്പെടുന്നത്.
saleem

Anonymous said...

"യഥാർത്ഥ ആത്മീയൻ ദൈവത്തെ പ്രകീർത്തിക്കും." എന്നും (ആവശ്യങ്ങൾ)പ്രാര്ഥിക്കുന്നവനെ "ദൈവത്തിന്റെ മുന്നിൽ കോമാളി വേഷം കെട്ടൽ." എന്നും പറഞ്ഞു വിമർശിക്കുന്ന ലേഖകൻ, "നാം ചെയ്യന്നതെന്തും ആ നിലക്ക് ദൈവം ചെയ്യിപ്പിക്കുന്നത്. പറയുന്നതെന്തും ദൈവം പറയിപ്പിക്കുന്നത്." എന്ന് പറഞ്ഞുകൊണ്ട് ഈ ഉപദേശ ബ്ലോഗിനെ സ്വയം നിഷേധിക്കുന്ന വൈരുധ്യവും തമാശ ഉണ്ടാക്കുന്നു.
saleem