Sunday, September 30, 2018

ദൈവത്തിന് എന്ത് ബ്രഹ്മചര്യം? എല്ലാ ചര്യയും ബ്രഹ്മ-ദൈവ ചര്യ.

താങ്കൾ പറഞ്ഞത് ശരിയാണ്. തത്വമസിയിൽ  എത്തിയവന് എന്ത് അമ്പലം പള്ളി? എത്താത്തവനല്ലേ അതെല്ലാം? ദൈവത്തിന് എന്ത് ബ്രഹ്മചര്യം? എല്ലാ ചര്യയും ബ്രഹ്മ-ദൈവ ചര്യ.

ശരിയാണ്. ക്ഷേത്രം ആപേക്ഷികലോകത്തെ ആപേക്ഷിക മനുഷ്യന് വേണ്ടി ഉണ്ടായത്. അവിടെ പരബ്രഹ്മമല്ല കാര്യം. പകരം ആപേക്ഷിക ദേവന്മാരും ദേവതകളുമാണ്. അതിനാൽ തന്നെ ചില നിഷ്ഠകളും നിബന്ധനകളും ഉണ്ട്.  അതിന്റെ വിശ്വാസമനുസരിച്ചും ശാസ്ത്രമനുസരിച്ചും മാത്രം.  എല്ലായിടത്തും എങ്ങിനെയും പണിയുന്നതല്ല. ആ വിശ്വാസം ശരിയോ തെറ്റോ എന്നതല്ല വിഷയം. ആപേക്ഷികതയിൽ എല്ലാം തെറ്റും ശരിയുമാണ്. ഒരാൾക്ക് ഒരിടത്തു ശരിയായത് മറ്റൊരാൾക്കു മറ്റൊരിടത്തു ശരിയാവണം എന്നില്ല. സ്ഥാനവും സമയവുമുണ്ടാക്കുന്ന ശരിയാണ് അവിടെ.

വിശ്വാസം സംരക്ഷിക്കുക എന്നതാണ് ഭരണഘടനാപരമായി മൗലികമായ അവകാശമായിട്ടുള്ളത്. അതാണ് കോടതികൾ ചെയ്യണ്ടത്. അല്ലാതെ വിശ്വാസകാര്യങ്ങളിൽ ഇടപെടുകയും വ്യാഖ്യാനിക്കുകയും അല്ല. വിശ്വാസം തീവ്രവാദപരവും അസഹിഷ്ണുത സൃഷ്ടിക്കുന്നതും അല്ലെങ്കിൽ.

ക്ഷേത്രത്തിന്റെ കാര്യവും സ്ഥാനവും മുസ്ലിം പള്ളി പോലെ അല്ല. അത് കൊണ്ട് തന്നെയായിരിക്കേണം സുപ്രീം കോടതി വളരെ ശരിയായി തന്നെ ചോദിച്ചത്, മുസ്ലിംകൾക്കു പള്ളി നിർബന്ധമാണോ? അത് നിശ്ചിത സ്ഥലത്തു തന്നെ വേണമെന്നും നിർബന്ധമാണോ? ഇല്ല. മുസ്ലിംകൾക്കു ഭൂമിയിലെവിടെയും പ്രാർത്ഥിക്കാം, പള്ളിയെടുക്കാം. ഭൂമി മുഴുവൻ പള്ളിയാണ്. അതിനു പ്രത്യേക സ്ഥാനത്തിന്റെ പ്രശനമില്ല. അതിനു പ്രത്യേക താന്ത്രിക ശാസ്ത്ര മാന ദണ്ഡങ്ങളില്ല.

പിന്നെ പെണ്ണുങ്ങളെ അമ്പലത്തിലും ശബരിമലയിലും പള്ളിയിലും കയറ്റിയെ  തീരൂ എന്ന അഭിപ്രായം ഇല്ല. ഒരു പക്ഷെ സ്ത്രീകൾക്കും ഇല്ല. വിശ്വാസം ആണല്ലോ വിശ്വാസിയ്ക്ക്കു പ്രധാനം ആവുക. കോടതി വിധി ആവില്ലല്ലോ? അത് വെറും വിശ്വാസ കാര്യമാണ്. തെറ്റായാലും ശരിയായാലും ആ വിശ്വാസം നിലനിൽക്കുന്നത് വരെ അതങ്ങനെ തന്നെയാണ് ആ വിശ്വാസികൾ കണ്ട് നടക്കുക. നടക്കേണ്ടത്. ആത്യന്തിക സത്യവുമായി അതിനു ഒരു ബന്ധവും ഉണ്ടാവില്ലെങ്കിലും അങ്ങിനെ തന്നെ.

ആത്യന്തികമായി പറഞ്ഞാൽ പുണ്യത്തിനുള്ള അളവുകോൽ ജീവിതം എന്നാണ്. ജീവിതത്തിനു ഓൾ അളവുകോൽ ദൈവം എന്ന് സാരം. ദൈവത്തിനുള്ള അളവുകോൽ ദൈവവും.

എങ്കിൽ പള്ളിയിലും അമ്പലത്തിലും പോകാതെ തന്നെ  പുണ്യവതികളും മറ്റും ആകാം. ജീവിതവും അതിനുള്ള ധർമവും ചെയ്യലാണല്ലോ പുണ്യം. സ്വധർമത്തിൽ മുഴുകുന്ന ഓരോരുവനും പുണ്യവാനാണ്. മാവും തേനീച്ചയും പുണ്യം മാത്രം ചെയ്യുന്നവരാണ്. സ്വധർമ്മം നിർവഹിപ്പിച്ചുകൊണ്ടാണ് ദൈവം ദൈവിക ധർമം ഉറപ്പുവരുത്തുന്നത്.

സ്വധർമത്തിന്റെ കാര്യത്തിൽ  സ്ത്രീയേക്കാൾ മുൻപിൽ നിൽക്കാൻ ആർക്കും പറ്റുകയുമില്ല. ഒരു പക്ഷെ അത് കൊണ്ട് തന്നെയായിരിക്കേണം സ്ത്രീകൾക്ക് ഇതൊന്നും വേണ്ടെന്നു വന്നതും. വ്യാഖ്യാനിച്ചു വന്നാൽ. സ്ത്രീക്ക് സമൂഹവും ദൈവവും അവളിൽ തന്നെ. എവിടെയും പോകാതെ പുണ്യവതിയാവാം. പുരുഷന് സമൂഹവും ദൈവവും പുറത്ത്. നാട് ചുറ്റണം, ചിന്തിക്കണം, അധ്വാനിക്കണം, ഭയക്കണം. എന്നിട്ടു വേണം പുണ്യം കണ്ടെത്താനും ചെയ്തെന്നു വരുത്താനും.

പക്ഷെ നാം നമ്മുടെ സൗകര്യത്തിനു വേണ്ടി ഉണ്ടാക്കുന്ന ഏതെങ്കിലും ചിലതു മാത്രം ദൈവികം എന്ന് വപറയുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. ദൈവത്തെയും ദൈവത്തിനുള്ളത് ചുരുക്കിക്കൊണ്ട്. പകരം എല്ലാം തന്നെ ദൈവികമാണ് എന്ന് പറയാനാവണം. എല്ലാം തന്നെ ദൈവത്തിൽ ചാർത്തിയും ചേർത്തും പറയണം. ദൈവികം അല്ലാത്ത ഒന്നും എവിടെയും ഇല്ല എന്ന്. ദൈവം എല്ലാവർക്കും ഒരു പോലെയാണ് എന്ന്. അങ്ങിനെ ആവണം.

തത്വമസി എന്നത് സ്ത്രീക്ക് വേറെയും പുരുഷന് വേറെയുമല്ല. നമുക്ക് നമ്മുടെ മാനവും മാനദണ്ഡവും വെച്ച് ദ്വന്ദം രൂപപ്പെടാം, രൂപപ്പെടുത്താൻ. ദ്വന്ദത്തിലായി തന്നെ ജീവിക്കുകയും ആവാം. പക്ഷെ, ആ ദ്വന്ദം ദൈവത്തിന് ബാധമല്ല. ബാധകമാണെങ്കിൽ എല്ലാ ദ്വന്ദവും ബാധകമാവണം. എല്ലാം ഒരുപോലെ ഒന്നാണെന്ന് വരേണം.

ദൈവം അടിച്ചേല്പിക്കില്ല. ദൈവത്തിന് ആവശ്യങ്ങളും ആവലാതികളും മനുഷ്യനോട് പറഞ്ഞു നടപ്പാക്കാനില്ല. ദൈവത്തിന് വേണ്ടത് മാത്രമേ മനുഷ്യന്, അവൻ അറിഞ്ഞും അറിയാതെയും, നടപ്പാക്കാൻ പറ്റൂ. ദൈവം ഉദ്ദേശിച്ചതും ഉദ്ദേശിക്കുന്നതും മാത്രം ഉണ്ടാവുന്നു, ഉണ്ടായി. ദൈവം ഉദ്ദേശിച്ചിട്ടില്ലാത്തതും ഉദ്ദേശിക്കാത്തതും ഉണ്ടാവുന്നില്ല, ഉണ്ടായിട്ടില്ല. ദൈവത്തിന് ഉദ്ദേശിക്കുക എന്ന വേറെയായ ഒരു കർമം തന്നെ ഇല്ല. എന്താണോ അത്. സ്വാഭാവികത. ജീവിതം. എല്ലാം അത്. അങ്ങനെയുള്ളൂ.

No comments: