Sunday, September 23, 2018

വിവാഹം പെണ്ണ് കെട്ടലല്ല, പെണ്ണ് പുരുഷനെ കെട്ടിയിടലാണ്.

വിവാഹം പെണ്ണ് കെട്ടലല്ല
പെണ്ണ് പുരുഷനെ കെട്ടിയിടലാണ്
രണ്ട് പേർ എന്നും ഒരുമിച്ചവാൻ മാത്രം
എന്തെങ്കിലുമുണ്ടോ ലൈംഗികതയിൽ?

*********

വിവാഹം. ആകാശമായ്, സ്വപ്നമായ് 
വിപ്ലവം പറഞ്ഞു പറക്കുന്ന പുരുഷന്
ഭൂമി ഇടുന്ന കെട്ട്. ബാധ്യതകളുടെ ഭാരമേറ്റി 
താഴേക്കിറക്കുന്ന കെട്ട്

*********

വിവാഹം. പുരുഷന്റെ വിപ്ലവവും സ്വപ്നവും 
ചോർത്തിക്കളയുന്ന മാളം.
പുരുഷന്റെ ആക്രോശം മേധാവിത്വമല്ല.
പരാജയം. നിരാശ. അശക്തി.

*******

വിവാഹം. സാമൂഹികം; പ്രകൃതിപരമല്ല.
സ്ത്രീപുരുഷവും സ്വവർഗവും പ്രകൃതിപരം.
ഒന്നും തീരുമാനമല്ല; ഹോർമോണൽ 
നിസ്സഹായത, പ്രകൃതി, പ്രകൃതം.

******

വിവാഹം. സങ്കല്പത്തിൽ കിരീടം
അനുഭവത്തിൽ കുരിശ്.
സ്ത്രീ അഗ്നി. വന്നലക്കുന്ന 
മഴപ്പാറ്റയുടെ വിധി മാത്രം പുരുഷന്റേത്

********

വിവാഹം
സ്ത്രീ ഭൂമി. യാഥാർത്ഥം. പിടിച്ചു നിൽക്കും.
പുരുഷൻ ആകാശം. സങ്കൽപം. പിടിച്ചു നിർത്തണം.
സങ്കല്പത്തിന് ശക്തി വേണം. അല്ലേലത് അപ്രസക്തം   

********

വിവാഹം. പുരുഷൻ ശക്തി തോന്നിപ്പിക്കും
അശക്തനും അമൂർത്തനുമാകയാൽ
സ്ത്രീക്ക് ശക്തി തോന്നിപ്പിക്കാനില്ല.
യാഥാർത്ഥവും ഉള്ളതുമാകയാൽ.    

********

വിവാഹംപുരുഷൻ കല്ല് പോലെയെന്നത് ശക്തിയല്ല.
വെള്ളമായ സ്ത്രീയിൽ ലയിച്ചില്ലാതാവുന്നത്.
സ്ത്രീയുടെ ഉപകാരണമാവുന്നതിന്റെ 
നിരാശ അവന്റ ആക്രോശം.


********

വിവാഹം. ഭാര്യ ഉണ്ടേലും വാസ്തവം പറയാം.
സ്ത്രീ ചാലക ശക്തി
എത്രയെല്ലാം മസിൽ  പിടിച്ചാലും 
പുരുഷൻ ഉപകരണം.

*********

വിവാഹംസ്ത്രീ ശ്രമിക്കാതെ നേടും
പുരുഷൻ ശ്രമിച്ചു നഷ്ടപ്പെടും.
അതിനാൽ പുരുഷനു കവിയും ചിന്തകനും 
അധികാരിയും പ്രവാചകനും ആവേണ്ടിവരും.


********

വിവാഹംസ്ത്രീ സ്വയം തെളിഞ്ഞിരിക്കുന്നവൾ.
ബോറടി അവൾക്കില്ല.
സ്വയം തെളിയാത്ത പുരുഷന് അസ്വസ്ഥത
അവനു തെളിയിക്കേണ്ടി വരുന്നു.

******

സ്ത്രീയെയും സ്ത്രീയുടെ ലോകത്തെയും 
സൂക്ഷിക്കുക എന്നതല്ലാത്ത ഒന്നും 
പുരുഷന് എന്തെല്ലാം 
നാട്യങ്ങളുണ്ടാക്കിയാലും ചെയ്യാനില്ല.

******* 

വിവാഹം. പെങ്കോന്തന്മാർ എന്നതില്ല.
കംഫർട് സോണിൽ ആനന്ദിക്കുന്നവർ മാത്രം.
മസിൽ പിടിച്ചു നേടാനൊന്നുമില്ല;
നഷ്ടപ്പെടാനേരെയുണ്ട് എന്നറിയുന്നവർ.

*******

ദാമ്പത്യം. തോറ്റുകൊടുക്കുന്നതിൽ വിജയം.
ജയിച്ചേ തീരൂ എന്നാൽ, കുട്ടനും മുട്ടനും ചാവും
ഒരാൾ തോറ്റുകൊടുത്താൽ രണ്ടാളും വിജയിക്കും.

*********** 

വീട്ടിൽ കൗമാരക്കാരൻ
ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന
ബോംബ് കൈകാര്യം ചെയ്യുക 
അതിലും എളുപ്പം

*********


ദാമ്പത്യം. തട്ടാന്റെ ഉലയിലെ തീ പോലെ നന്മ.
തുടക്കത്തിൽ വളരെ കുറച്ച്
അംഗീകരിച്ചും അഭിന്ദിച്ചും
ഊതിക്കാച്ചിയാൽ ഉല മുഴുവൻ തീ

********

വിവാഹം. പ്രകൃതിപരമല്ലെങ്കിൽ പിന്നെങ്ങിനെ ദൈവികം
ഒന്ന് മാത്രം ഇഷ്ടപ്പെട്ടു അന്ധരാവുക ആർക്കു സാധ്യം
പേടിച്ചു വേണ്ടെന്നു വെച്ചാലും, നടിച്ചാലും.

*********

പ്രേമം ലൈംഗികം. വെറും ഹോർമോണൽ.
നിരുപാധികവും അഭൗതികവും അല്ല.
ജീവിതം തുടർച്ചക്കു വേണ്ടി ഉണ്ടാക്കുന്ന കെണി.
എല്ലാവരും വീണു പോകുന്ന കെണി

********

വിവാഹം. വെറും അഡ്ജസ്റ്മെന്റ്
ലൈംഗികത മാനങ്ങളിലെ തടവറയിൽ.
വെറും ഹോർമോണൽ.
ഇതര ജീവികളോട് തോന്നാത്തത് അതിനാൽ.

********

വിവാഹം. സ്ത്രീ സുരക്ഷ മാത്രം ലക്ഷ്യം.
പുരുഷ ലൈംഗികത വെറും പൊള്ള
സമൂഹം നിന്ന് ബാദ്ധ്യതയാക്കുന്നില്ലേൽ,
അവൻ ഒളിച്ചോടിപ്പോകും.

********

മുഖത്തെ സൗന്ദര്യം ഇല്ല.
സങ്കല്പത്തിലേത് ദാമ്പത്യത്തിലുമില്ല.
പേടിച്ചും അഭിമാനം സൂക്ഷിച്ചും
പിന്നെല്ലാം ഒരൊത്തുപോക്ക്, അഭിനയം

*********


പുരുഷൻ. ആകാശം. ശൂന്യം.
സ്ത്രീ. ഭൂമി. നിറഞ്ഞത്. അതിനാൽ പുരുഷന് 
കവിയും ചിന്തകനും പ്രവാചകനും 
അധികാരിയുമാകേണ്ടി വരുന്നു.

********

വിവാഹം. അധികാരിയും കവിയും പ്രവാചകനും
ഒക്കെയായ പുരുഷൻ ഒന്നുമല്ലാതാവും.
ജീവിതമെന്ന പ്രതലത്തിൽ തട്ടിയുടയും.
ഭ്രാന്തന് വിവാഹം ചികിത്സ.

********

വിവാഹം. സൂചി വെക്കാൻ ഇടം
സ്ത്രീ ഒട്ടകം വെക്കും
പുരുഷൻ  മാവേലി ആവും.
സ്ത്രീ വാമനനെയും തോൽപിക്കും.

*******

എന്തെല്ലാം മേൽക്കോയ്മാ നടിച്ചാലും
പുരുഷൻ പാരായജയം തന്നെ.
ഭൂമിയെ ചുറ്റി നിൽക്കാനേ ആകാശത്തിനു പറ്റൂ.
അല്പം മേഘങ്ങളുടെ നിഴലിട്ടാലും.

*********

വിവാഹം. അരിശവും ക്രോധവും
പരുഷന്റെ പരാജയം, നിരാശ, നിസ്സഹായത.
ചാലകശക്തി സ്ത്രീ തന്നെ.ലോകം ആയതും 

സ്ത്രീ പുരുഷനെ ചലിപ്പിച്ചുകൊണ്ട്.

No comments: