കാര്യകാരണങ്ങളുടെ ലോകത്തുനിന്ന്
കാരണമില്ലാത്ത കാര്യത്തെയും ലോകത്തെയും
നിഗമിക്കാനും മനസിലാക്കാനും ആവില്ല.
മാനങ്ങളുടെ തടവറ.
******
സുഹൃത്തേ, അങ്ങയുടെ നിസ്വാർത്ഥമായ സത്യസന്ധമായ പ്രതികരണത്തെയും അതിലെ ചൂടും ഉൾകൊള്ളുന്നു. ഒട്ടും വഞ്ചിക്കപ്പെടരുതെന്നും ചൂഷണം ചെയ്യപ്പെടരുതെന്നും, അതിന്റെ ഓരത്തു പോലും നിന്നുപോകരുതെന്നും ഉള്ള താങ്കളുടെ സത്യസന്ധമായ വാശി മനസിലാവും. സത്യമായും അത് കാണുമ്പോൾ കൈകൂപ്പിപ്പോകുന്നു.
കാര്യകാരണങ്ങളുടെ ലോകത്തെ ചോദ്യം ചെയ്യുകയല്ല. നിഷേധിക്കുകയുമല്ല. അങ്ങനെ നിഷേധിക്കേണ്ടതുമില്ല. അങ്ങനെ ഒന്നിനെ നിഷേധിച്ചും ചെറുതാക്കിയും മറ്റൊന്നിനു വലുതാവേണ്ടതും നിലനില്കേണ്ടതുമില്ല. എല്ലാം സ്വയം തന്നെ നിലകൊള്ളും, നിലകൊള്ളുന്നതാണ്.
കാര്യകാരണങ്ങളുടെ ലോകത്ത് തെളിവും കാഴ്ചയും തന്നെ പ്രധാനം. എല്ലാം സാക്ഷ്യപ്പെടേണം. അതങ്ങനെ തന്നെ തുടരട്ടെ, തുടരണം. കാഴ്ചക്കപ്പുറത്തേതു പറഞ്ഞു അതിനു വിലങ്ങു നിൽക്കേണ്ടതില്ല. കാരണങ്ങളില്ലാത്ത ലോകം ഉണ്ടെന്നു പറഞ്ഞും, അവയെ മാനിക്കണം, അനുസരിക്കേണം എന്ന് പറഞ്ഞും വിലങ്ങു നിൽക്കേണ്ടതില്ല.
കാരണങ്ങളില്ലാത്ത ലോകം, അങ്ങനെയൊന്നു ഉണ്ടാവുമെങ്കിൽ, അതെന്തായാലും കാരണങ്ങളുള്ള ലോകത്തിന്റെ മാനത്തിൽ നിന്നും, അതിലെ മാനദണ്ഡങ്ങൾ ഉപയോഗിച്ചും, മനസില്ലാക്കാവതല്ല. എന്നിരിക്കെ നാം ഉദ്ദേശിച്ചാലും ഇല്ലേലും അതങ്ങനെ തുടരും. സ്വാതന്ത്രമായ്.
കാരണങ്ങളില്ലാത്തതെന്നാൽ ആത്മാവ് തന്നെയാവണമെന്നില്ല. ആത്മാവെന്നു തന്നെ വിളിക്കേണമെന്നുമില്ല. ദൈവം ആവേണമെന്നും ദൈവമെന്നു വിളിക്കപ്പെടേണമെന്നും കരുത്തേണമെന്നുമില്ല. പദാർത്ഥമെന്നും ഊർജമെന്നും കരുതാം, വിളിക്കാം. വിളിപ്പേരിന്റെ വ്യത്യാസമേയുള്ളൂ.
പദാർത്ഥമായാലും ഊർജ്ജമായാലും അതിന്റെ ആദ്യത്തിൽ, നമ്മുടെ ലോകത്തിന്റെ മാനത്തിനും മാനദണ്ഡങ്ങൾക്കുമപ്പുറത്ത്, കാരണങ്ങളില്ലാത്തതായി മാറും. മതവിശ്വാസികൾ ദൈവത്തെയും ആത്മാവിനെയും കണക്കാക്കുന്നത് പോലെ തന്നെ പദാർത്ഥം നിൽക്കും. വിളിപ്പേരിന്റെ വ്യത്യാസം മാത്രം. ദൈവത്തെയും ആത്മാവിനെയും കുറിച്ച് ഭൗതികവാദികളും ദൈവത്തെ കുറിച്ച് ആത്മാവാദികളും മതവാദികളും ഒരു പോലെ തെറ്റാവും എന്ന് മാത്രം. അതിന്റെ പേരിലുള്ള കോലാഹലങ്ങളും. ആത്യന്തികമായി എല്ലാം ജീവിതം മാത്രം. ഉള്ളത് മാത്രം.
കാരണങ്ങളുള്ള ലോകവും കാരങ്ങളില്ലാത്ത ലോകവും ഒരു പക്ഷെ ഒന്ന് മറ്റൊന്നിനു പൂരകം. വേരും കൊമ്പുമായി. കൊമ്പ് വേരിനെ അറിഞ്ഞാലും ഇല്ലേലും. തറയും മേൽക്കൂരയുമായ്. മേൽക്കൂരക്ക് തറയുടെ മാനവും മാനദണ്ഡവും ബാധകമാണേലും അല്ലേലും. പട്ടവും വിരലുമായി. ഒരു പക്ഷെ കീഴെ കിടക്കുന്ന വിരലിനെയും അതിൽ കെട്ടി നിർത്തപ്പെട്ട നൂലിനെയും പട്ടത്തിനു ഊഹിക്കാനും അംഗീകരിക്കാനും സാധ്യമായാലും സാധ്യമല്ലെങ്കിലും അതങ്ങിനെ തന്നെ.
പക്ഷെ എല്ലാം ഒരുപക്ഷെ മാത്രം. ഒന്നും അങ്ങനെയാണ്, അങ്ങനെ മാത്രമാണ് എന്ന് പറഞ്ഞും അസഹിഷ്ണുതയും തീവ്രതയും പുലർത്തേണ്ടതില്ലല്ലോ? തീവ്രതയേയും അസഹിഷ്ണുതയെയും നിഷേധിക്കുന്ന വഴിയിലും നമ്മൾ അസഹിഷ്ണുക്കളും തീവ്രരും ആയിക്കൂടല്ലോ?
താങ്കൾ പറഞ്ഞത് ശരി തന്നെ. നമ്മുടെ ലോകത്ത് നമുക്ക് ബാധകമായതും ബാധകമാവേണ്ടതും ശാസ്ത്രവും അതുണ്ടാക്കുന്ന മാനങ്ങളും മാനദണ്ഡങ്ങളും തന്നെ. ശാസ്ത്രവും അതുണ്ടാക്കുന്ന മാനവും മാനദണ്ഡങ്ങളും നമ്മുടെ മാനവും മാനദണ്ഡങ്ങളും തന്നെ. നമ്മളെ നമ്മളാക്കുന്ന മാനവും മാനദണ്ഡവും തന്നെ. ശാസ്ത്രത്തെ നിരാകരിച്ചാൽ നാം നമ്മെ തന്നെ നിരാകരിക്കുന്നത് പോലെയാണ്. നമ്മുടെ മുന്നോഗമനത്തെ തടയും പോലെ. നമ്മുടെ ചാര്യയെയും നടത്തത്തെയും ഒഴുക്കിനെയും വളർച്ചയെയും തടയും പോലെ.
നമ്മുടെ മാനത്തിനുള്ളിൽ ജീവിക്കുമ്പോൾ നാം അതിൽ തന്നെ ജീവിക്കാൻ നിർബന്ധിതരാണ്. അതിന്റെ മാനങ്ങളും മാനദണ്ഡങ്ങളും തന്നെയാവണം നമ്മുടെ മാനങ്ങളും മാനദണ്ഡങ്ങളും. ഇക്കരെ നിന്ന് അക്കരെ നടക്കുക സാധ്യമല്ല. മൽസ്യമായിക്കൊണ്ട് കരയിൽ ഓടിക്കളിക്കുകയും സാധ്യമല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment