Friday, September 21, 2018

ഒരു പ്രളയകാലത്തെ ഇബ്രാഹിം, ഹജ്ജ് ചർച്ച.

ജസോഹ ജാഫർ. കൊച്ചുന്നാളിലെ അയൽവാസി കൂടിയായിരുന്ന നല്ലവനാ സുഹൃത്തേ, ജസോഹ ജാഫർ

സന്തോഷം, ഇബ്രാഹിമിനെക്കുറിച്ച പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്നതിനിടയിൽ താങ്കൾ അങ്ങനെ സൂചിപ്പിച്ചത്. ഒപ്പം നന്ദിയും വളരെയധികം. സൂചിപ്പിച്ചത് താങ്കളായപ്പോൾ അതിന് മട്ടും മധുരവും കൂടി. അതിലൊരു മര്യാദയുടെയും മാന്യതയുടെയും തലവും ഉണ്ടായിരുന്നു

സൂചിപ്പിക്കേണ്ടത് തന്നെയായിരുന്നു അത്. കേരളം അത്രക്ക് വലിയ കെടുതിയിലും വറുതിയിലും ആയിരുന്നു അപ്പോൾ. ഇപ്പോഴും അങ്ങിനെത്തന്നെ. പറഞ്ഞ് അറിയിക്കാനാവുന്നതിന്റെയും എത്രയോ മടങ്ങ്.

അനവസരത്തിൽ പറഞ്ഞാലും ചെയ്താലും എത്ര വലിയ ശരിയും തെറ്റ് തന്നെ. അങ്ങിനെയായാൽ മരുന്നും വിഷം. അത് പറയാൻ തന്നെയായിരുന്നു ഈയുള്ളവൻ ശ്രമിച്ചുകൊണ്ടിരുന്നത്. ശരിതെറ്റുകൾ ആപേക്ഷികമെന്ന്

എന്നന്നേക്കുമായി എക്കാലത്തേക്കുമായി ഒരുപോലെ പറയേണ്ട, നടപ്പാക്കേണ്ട ശരിയില്ലെന്ന്. മനുഷ്യരിലൂടെയും സകലതിലൂടെയും അതാത് കാലത്തേക്കും സ്ഥലത്തേക്കും വേണ്ട ശരികൾ (ശരിതെറ്റുകൾ) ദൈവം തന്നെ (അഥവാ ജീവിതം തന്നെ) ജീവിതത്തിലൂടെ ജീവിതമായി ഉരുത്തിരിച്ചുകൊണ്ടിരിക്കുമെന്ന്. അതിന് ജീവിതം എന്നും വളർച്ചയെന്നും പേര്

താങ്കൾ സൂചിപ്പിച്ചത് തന്നെയാണ്, താങ്കളും എല്ലാവരും മനസ്സിലാക്കേണ്ടത്. അസ്ഥാനത്തും അസമയത്തും പറയരുതെന്ന്. എപ്പോഴെങ്കിലും വന്നതും പറഞ്ഞതും എന്നേക്കുമായി ബാധകമായിക്കൊള്ളണമെന്നില്ലെന്ന്. ശരിതെറ്റുകൾ ആരിലൂടെയും എപ്പോഴും ആവാമെന്ന്. അതാത് സമയത്ത് അപ്പപ്പോൾ വേണ്ടത് പോലെ സംഭവിക്കുമെന്ന്. ആവശ്യമായും അനാവശ്യമായും. ആയിരത്തിനാനൂറും നാലായിരവും വർഷങ്ങൾക്ക് മുമ്പ്, ആരും ഒന്നും അറിയാത്ത കാലത്ത്, എന്തോ ആരോ പറഞ്ഞെന്ന് പറഞ്ഞ്, അത് എന്തോ ആണെന്ന് ധരിച്ച് ഇന്നും (സ്ഥലവും കാലവും സന്ദർഭവും മാറിയതറിയാതെ ) അത് തന്നെ നടപ്പാണം എന്ന് പറയുന്നതിലെ അയുക്തിയും അതുണ്ടാക്കുന്ന അസഹിഷ്ണുതയും തീവ്രതയും അത് തന്നെ

അത് വ്യക്തമാക്കാൻ തന്നെയായിരുന്നു ഈയുള്ളവന്റെ പോസ്റ്റും, ഇടക്ക് പ്രളയം വന്നത് അതിൽ ഒരലോസരമുണ്ടാക്കിയെങ്കിലും. ഈയുള്ളവൻ അത് മനസ്സിലാക്കുകയും വിവേകം കാണിച്ച് മൗനം സൂക്ഷിക്കുകയും. ചിലരുടെ മറ പിടിച്ച വിശ്വാസ സംരക്ഷണത്തിന്റെ നിക്ഷിപ്ത താത്പര്യം അതുകൊണ്ട് പൂവണിഞ്ഞാലും സാരമില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ

ഃഃഃഃഃഃഃഃഃ

ജസോഹ, നിങ്ങളുടെ ഇടപെടലും അത് മനസ്സിലാക്കിയുള്ള എന്റെ അനുസരണം എന്ന് തോന്നിപ്പിക്കുന്ന വിഷയത്തിലെ മൗനവും അതിനെ ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു

യഥാർത്ഥത്തിൽ ഇട്ടുകൊണ്ടിരുന്ന പോസ്റ്റുകളും അത് മാത്രം മനസ്സിലാക്കിത്തരാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഏതോ കാലത്തെ കഥയേയും ശരിയേയും അടിസ്ഥാനമാക്കി, അത് മാത്രമെന്ന് പറഞ്ഞ്, മറ്റുള്ളതെല്ലാം തെറ്റെന്ന് പറയുന്ന സമ്പ്റദായത്തെ. അങ്ങിനെയൊരവസരം തന്നതിന് താങ്കൾക്ക് നന്ദി
എന്നാലും, അങ്ങനെയൊക്കെയെങ്കിലും താങ്കൾ സൂചിപ്പിച്ചതിനെക്കുറിച്ച് ചിലത് പറയുകയും ചെയ്യുകയും തന്നെ ചെയ്യണമല്ലോ. അങ്ങനെ ചിലത് വിശദീകരണമായി പറയണമെന്ന് ന്യായമായും ഇപ്പോൾ തോന്നുകയും ചെയ്യുന്നു. മറ്റ് ചിലത് ഒളിപ്പിച്ച് വച്ച മറ്റ് ചിലർക്ക് പാഠമാകാനും തിരുത്താകാനും വേണ്ടിയെങ്കിലും

അതിനാൽ ഇങ്ങിനെ ഇപ്പോൾ എല്ലാമൊന്ന് കെട്ടടങ്ങിയപ്പോൾ. താങ്കൾ പറഞ്ഞത് പോലെ സംയമനം പാലിച്ച് നിന്നതിന് ശേഷം. കോളടങ്ങി കപ്പലോട്ടാൻ തന്നെ.  

***********

പ്രിയ നല്ലവനായ ജസോഹാ 
പ്രകൃതിയെ നാം ഒരു പ്ലാനും പദ്ധതിയും ദീര്ഘവീക്ഷണവും വിവേകവും ഇല്ലാതെ കട്ടു മുടിച്ചതിന്റേയും ക്രൂരമായി വ്യഭിചരിച്ചതിന്റേയും പ്രതിക്രിയ പ്രകൃതി നടത്തിത്തുടങ്ങിയതു പോലെയായിരുന്നു സംഭവിച്ചതെല്ലാം. അതായിരുന്നു കേരളത്തിലെ പ്രളയം. മനുഷ്യന് മാത്രമായി ഉണ്ടാക്കിയ പ്രളയം. പ്രകൃതി ഒന്നും ചെയ്യാതുണ്ടായ പ്രളയം. ഒന്നും നമ്മുടേതായ ഭാഷയിൽ പ്രകൃതി മിണ്ടില്ലെന്നതിനാല് നമുക്ക് പ്രകൃതിയുടെ മേൽ അന്ധമായി ആരോപിച്ച് രക്ഷപ്പെടാന് കഴിഞ്ഞ ദുരന്തം

അറിയാമല്ലോ? മഴയായിരുന്നില്ല ദുരന്തം വിതച്ചത്. അഥവാ മഴ മാത്രമായിരുന്നില്ല. പേമാരി വർഷിച്ചതോ കൊടുങ്കാറ്റടിച്ചതോ ആയിരുന്നില്ല പ്രശ്നത്തിന് കാരണം. എന്നിട്ടും നമ്മൾ ദുരിതം പേറി. ജീവനും മനുഷ്യത്വവുമാണ് അതിജീവിക്കുവാൻ ശ്രമിക്കുന്നത് എന്ന് അരക്കിട്ടുറപ്പിച്ച് പറഞ്ഞ് തരുന്നതുപോലെ. പ്രകതൃതിയുടെ സംതുലനം ജീവന്റേയും ജീവിതത്തിന്റേയും ഭാഗമാകണമെന്ന ഉണർത്തലോടെ

പ്രകൃതി ഒരു തെറ്റും ചെയ്യാതെ തന്നെ നമ്മൾ ശിക്ഷ നേടി. നമ്മൾ ചെയ്ത തെറ്റിന്റെ ശിക്ഷ. നാം വ്യഭിചരിച്ച് നഷ്ടപ്പെടുത്തിയതൊന്നും തിരിച്ച് ചോദിച്ചില്ല, എടുത്തില്ല പ്രകൃതി.

പിന്നെങ്ങിനെ എന്തുകൊണ്ട് ഇങ്ങനെ ഒരു ദുരന്തം എന്ന് ചോദ്യം വരും? കാലാകാലമായി മുൻപിൽ ചിന്തയില്ലാതെയും ദീർഘവീക്ഷണം കൈവെടിഞ്ഞും ചെയ്ത് കൂട്ടിയതിനുള്ള ചെറിയ മറുപടി കൂട്ടമായി വന്നതു മാത്രമായിരുന്നു. വെള്ളം ശേഖരിക്കുന്നതിന് മാത്രം മുൻഗണന കൊടുത്തതിന്റെ ദുരന്തം. അങ്ങിനെ ശേഖരിച്ച വെള്ളം എങ്ങിനെ തുറന്ന് വിടണമെന്നറിയാത്തതുണ്ടാക്കിയ ദുരന്തം. അങ്ങിനെ തുറന്ന് വിട്ടാൽ എന്തെല്ലാം എവിടെയെല്ലാം ഉണ്ടാവുമെന്ന് ദീർഘവീക്ഷണം ചെയ്ത് മനസ്സിലാക്കാത്തത് കാരണം ഉണ്ടായ, നമ്മൾ ഉണ്ടാക്കിയ ദുരന്തം. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും ഉണ്ടാക്കിയ ദുരന്തം

ഡാമുകളായിരുന്നു ഏറെയും കാരണംപിന്നെ നാം നടത്തിയ അധിനിവേശവും. പുഴകളേറെ ഉണ്ടായിട്ടും ഡാമുകളില്ലാത്ത കാസർകോടും കണ്ണൂരും അതിനാലാണ് ഏറെക്കുറെ രക്ഷപ്പെട്ടതും സുരക്ഷിതമായതും. പുഴയും മലയും കാടും കയ്യേറുമ്പോൾ നാം കാണിച്ച സ്വജനപക്ഷപാതത്തിലൂന്നിയ ഉദാസീനതയും കെടുകാര്യസ്ഥതയും ദുരന്തത്തിന് മാറ്റ് കൂട്ടി.

നാം ഇപ്പോൾ കൈ മെയ് മറന്ന് നടത്തുന്ന പരിഹാരക്രിയകളത്രയും കൊമ്പത്ത് (ശാഖയിൽ) വളമിടുന്നതുപോലെയേ ആവുന്നുള്ളൂ. കള്ളൻ കയറി എല്ലാം മോഷണം പോയതിന് ശേഷം വീടിന്റെ വാതിലടക്കുന്നത് പോലുള്ള പരിഹാരം. പ്രകൃതിക്ക് നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കാനുള്ളതോ കിട്ടാനുള്ളതോ ആയ വിവേകപൂർണ്ണമായ, തിരിഞ്ഞ് നോട്ടമായ, തിരിച്ച് പോക്കായ പരിഹാരങ്ങൾ അല്ലാത്തത്

എന്നിരുന്നാലും കേരളീയന്റെ ആത്മാർപ്പണ ബോധവും ത്യാഗസന്നദ്ധതയും എടുത്ത് പറയേണ്ടത് തന്നെ. ഇങ്ങിനെയുള്ള കേരളീയന് വേണ്ട അർഹിക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വം കാലാകാലങ്ങളായി മലയാളിക്ക് കിട്ടിയില്ലാ എന്നത് ദുരന്തം തന്നെ. അത് നമ്മുടെ ജനാധിപത്യക്രമത്തിൽ നാം നേരിടുന്ന ദുരന്തം. ദുരന്തം തന്നെയാണ് ഒരളവോളം ഇത്തരമൊരു ദുരന്തത്തിന്റേയും നാരായ വേര്

*********

നല്ലവനായ സുഹൃത്തേ, ജസോഹാ. ഞാനും അതാലോചിക്കുമ്പോഴായിരുന്നു താങ്കളിൽ നിന്നും അങ്ങിനെയൊരു ഉണർത്തൽ. വളരെ നന്നായെന്ന് തോന്നിയ താങ്കളുടെ ഒരുണർത്തൽ. ഉറങ്ങിയില്ലായിരുന്നെങ്കിലും താങ്കളുടെ ഉണർത്തൽ ഒരു ഉണർത്തൽ തന്നെ

താങ്കളുടെ ഉണർത്തലിനും രണ്ട് ദിവസം മുമ്പ് തന്നെ അടുത്ത സുഹൃത്തുമായി ഇക്കാര്യം ഞാൻ ചർച്ച ചെയ്ത് കഴിഞ്ഞിരുന്നു. ഇബ്രാഹിമിനെക്കുറിച്ച (ഹജ്ജിനെക്കുറിച്ച) പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്നതിനിടയിൽ കേരളത്തിലുണ്ടായ ദുരന്തം രൂപപ്പെടുത്തിയ അനൗചിത്യത്തക്കുറിച്ച്. പോസ്റ്റിന് പറ്റിയതല്ലാത്ത ഒരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്ന സാഹചര്യത്തെക്കുറിച്ച്. കൊടുത്തുകൊണ്ടിരിക്കുന്ന ഭക്ഷണം അജീർണ്ണം സൃഷ്ടിക്കുന്ന, അനാരോഗ്യം വരുത്തുന്ന വിധിവൈപരീത്യത്തെക്കുറിച്ച്. മരുന്ന് വിഷമാകുന്നതിലെ വിരോധാഭാസത്തെക്കുറിച്ച്. സ്ഥാനവും സമയവും ശരിയെ തെറ്റാക്കുന്ന ദുരന്തത്തെക്കുറിച്ച്. എന്നേക്കുമായി ഒരു ശരി, ഒരു ഗ്രന്ഥം, ഒരു പ്രവാചകൻ എന്ന് പറയുന്ന തീവ്ര മതവിശ്വാസികൾ മനസ്സിലാക്കാത്ത ശരിയെക്കുറിച്ച്. അറിയാതെ, അതൊക്കെ പറഞ്ഞ് കൊണ്ടും ഞാനും അങ്ങിനെത്തന്നെ ആയിപ്പോകുന്നുവോ എന്നതിനെക്കുറിച്ച്

*********

ജസോഹാ, താങ്കളെ ചെറുപ്പത്തിലേ അറിയാം. ഇപ്പോൾ സാമാന്യം വളർന്ന് പക്വതയുള്ളവനായി എന്നുമറിയാം. അതിനാലാണ് അക്കോലത്തിൽ മാന്യമായിത്തന്നെ ഉണർത്താനായത്. എങ്ങിനെ സ്വാധീനിച്ചായാലും മറ്റൊരു നിക്ഷിപ്ത താത്പര്യവും ഞാനറിയുന്ന ജസോഹക്ക് അക്കാര്യത്തിലുണ്ടാകില്ല എന്നും ഞാനറിയുന്നു. ന്യായമായും നല്ലത് വച്ച് ഞാനങ്ങിനെത്തന്നെ ഊഹിക്കുന്നു. അതിനാൽ ഞാനത് ഉൾകൊണ്ടു. സ്വയം ഉണർന്ന് തന്നെ ആയിരുന്നെങ്കിലും, താങ്കളിൽ നിന്നുള്ള ഉണർത്തലിനെ ഗൗരവമായിത്തന്നെ എടുത്ത് ഞാനൊന്നുകൂടി ഉണർന്നു

പ്രിയ ജസോഹാ, പറയുന്നത് ആരെന്നതല്ല; എന്താണെന്നതാണ് ഞാൻ നോക്കിയത്. ശരിയാണെങ്കിൽ ശരി കണ്ടെത്താനും നടപ്പിലാക്കാനുമാണല്ലോ നമ്മൾ ശ്രമിക്കേണ്ടത്. അല്ലാതെ വെറുതെ അന്വേഷകനാകാനും അന്വേഷിക്കുവാനുമല്ലല്ലോ അന്വേഷണം

ജസോഹാ, ഞാനിടുന്ന പോസ്റ്റുകളുടെയും ഞാൻ പറയുന്ന വാക്കുകളുടെയും ആകെത്തുകയും ഉള്ളടക്കവും അത് തന്നെയാവണമെന്നാണ് ഇന്നിതുവരെ ഉദ്ദേശിച്ചതും. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ ഉദ്ദേശം നടപ്പാക്കുന്ന ആദ്യത്തെയാളും ഞാനായിരിക്കും. അങ്ങിനെയായിരുന്നില്ലേൽ ഏതെങ്കിലും കൂട്ടത്തിലും സംഘത്തിലും അതിന്റെ സ്ഥാനമാനങ്ങളിലും എളുപ്പമാകാമായിരുന്നു. ശമ്പളം പറ്റാമായിരുന്നു. അധികാരം നുകരാമായിരുന്നു

പക്ഷേ എന്ത് ചെയ്യാം? സത്യാന്വേഷണവും സത്യം തുറന്ന് പറച്ചിലും അൽപ്പം കടന്ന കയ്യാണ്. എല്ലാം നഷ്ടപ്പെടും. നഷ്ടപ്പെടുത്തേണ്ടി വരും. വ്യക്തിഹത്യ നേരിടേണ്ടിയും വരും. അരി ചോറാവുമ്പോൾ നാം കരുതി വച്ച അരിയും വിറകും വെള്ളവും നഷ്ടപ്പെട്ടിരിക്കും

*********

പ്രിയ സുഹൃത്തേ, ജസോഹാ, പക്ഷെ അങ്ങി്നെ സത്യസന്ധമായി എന്നെ ഉണർത്താൻ ശ്രമിച്ച താങ്കളും ഒരു കാര്യം അറിയുമെന്നും ഓർക്കുമെന്നും വിചാരിക്കുന്നു

എന്റെ പോസ്റ്റുകൾ പ്രളയ സമയം നോക്കി ഇട്ടതല്ല. ഇട്ടുപോയ സമയത്തിന്റെ വിപരീത സ്വഭാവം അറിയാതെ ഇട്ട് പോയതുമല്ല. പകരം അതിന് മുമ്പേ ഇട്ടുകൊണ്ടിരുന്നതിന്റെ തുടർച്ചയായി വന്നതാണ്, ഇട്ടതാണ്. തുടർച്ചയെന്നതിനാൽ ഇട്ടുപോയതാണ്

ചരിത്രത്തിൽ അങ്ങുനിന്നിങ്ങോണം മനുഷ്യനെ സ്വാധീനിച്ച, ഇപ്പോഴും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന പേമാരിയെക്കാൾ മനുഷ്യനെ വിഷം തീറ്റിച്ച് വഞ്ചിച്ച് കൊന്ന, കൊല്ലിച്ച, കുറേ പേരെ പാപികളും നിഷേധികളുമാക്കി മുദ്രകുത്തിയ, ദൈവത്തെ പരാജയപ്പെട്ടവനെന്നും ഒരു പ്രത്യേക പക്ഷക്കാരനെന്നും മുദ്ര കുത്തിയ ഒരു വലിയ വിശ്വാസത്തെ കൈകാര്യം ചെയ്യുക എന്ന നിലക്ക്മറ്റെല്ലാ വിശ്വാസങ്ങളേയും തെറ്റെന്ന് കരുതുന്ന, നിലക്ക് തീവ്രവാദത്തേയും അസഹിഷ്ണുതയേയും വിശ്വാസാധിനിവേശത്തേയും പ്രോത്സാഹിപ്പിച്ച ഒരു വിശ്വാസത്തെ കൈകാര്യം ചെയ്യുക എന്ന നിലക്ക്

**********

ഒപ്പം, ജസോഹാ, അറിയാതെയെങ്കിലും താങ്കൾ ആരുടെയൊപ്പം നിലകൊണ്ടെന്ന് അറിയിക്കുകയും ചെയ്യണമല്ലോ? അങ്ങിനെ ഉണർത്തുമ്പോൾ താങ്കളുടെ തോണിയിലിരുന്ന എല്ലാവരും ഒരേ ദേശക്കാരും ഉദ്ദേശക്കാരുമായിരുന്നില്ല. തോണി ഒരേ ദിശയിലേക്കായിരുന്നെങ്കിലും എല്ലാവരും ഒരേ ലക്ഷ്യത്തിനും ഉദ്ദേശത്തിനും വേണ്ടിയായിരുന്നില്ല

താങ്കളല്ലാത്ത, താങ്കളെപ്പോലെ പോസ്റ്റിടൽ നിർത്താൻ ആവശ്യപ്പെട്ട മറ്റ് പലരും ഒരേ തോണിയിൽ ായിപ്പോയെന്നേ ഉള്ളൂ. ഉദ്ദേശവും ലക്ഷ്യവും വേറെ വേറെ ആയിരുന്നു. ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക എന്ന ലക്ഷ്യത്തിന് വേണ്ടി ഇതിനെ ഒരു മറയാക്കി ഉപയോഗിക്കുക എന്ന നിലക്കുമായിരുന്നു അവരിൽ ചിലർ അങ്ങനെ പ്രതികരിച്ചത്. താങ്കൾ അങ്ങിനെയല്ലെന്ന ഉത്തമബോധ്യം എനിക്കുണ്ടെങ്കിലും. അതിനാൽ തന്നെയാണ് താങ്കളെ അഭിസംബോധന ചെയ്ത് ഇത്തരുണത്തിൽ ഇങ്ങനെയൊരു മറുപടി തരണമെന്ന് കരുതിയതും. മറുപടി തരാതിരിക്കുന്നത് സംഗതികളിലെ നെല്ലും പതിരും വേർ തിരിച്ച് കാണിക്കാതിരിക്കലാകും എന്നതിനാൽ

പോസ്റ്റിടുന്നത് നിർത്താൻ പറഞ്ഞവരിലധികവും അല്ലെങ്കിലും, എന്റെ മറ്റേതൊരു പോസ്റ്റും വായിച്ച് പോകരുതെന്ന് പോലും ശാഠ്യമുള്ളവരും അതിന് വേണ്ടി അധ്വാനിച്ച് കൊണ്ട് തന്നെ വളരെ പാടുപെടുന്നവരും ആണ്. വെറുക്കുക എത്രക്ക് അധ്വാനമുള്ള കാര്യമാണെന്ന് അവരിൽ നിന്നാണ് അറിയാനും പഠിക്കാനും ഞാൻ ശീലിച്ചത്. ഇഷ്ടപ്പെടുകയാണ് എളുപ്പമെന്ന്. വെറുപ്പ് പറയുന്ന, പഠിപ്പിക്കുന്നു എന്ന് പറയുന്ന, ദൈവവും പ്രവാചകനും വരെ പരാജയപ്പെടുന്നത് അതിനാലാണ്. പേരിന് ബില്യൺ വിശ്വാസികൾ ഉണ്ടായതുകൊണ്ട് കാര്യമില്ലല്ലോ? ദൈവവും പ്രവാചകനും നിശ്ചയിച്ച നിർവചന പ്രകാരം മഹാഭൂരിപക്ഷവും പാപികൾ, പരാജയപ്പെട്ടവർ. അതിനാൽ ദൈവവും പ്രവാചകനും സ്വയം പരാജയവും. സ്നേഹിക്കുക വളരെ എളുപ്പമെന്നും

അതേ സമയം വളരെ അധ്വാനിച്ച് തന്നെ അവർ സ്വന്തം വിശ്വാസ സംരക്ഷണത്തിന് വേണ്ടി, മറ്റ് ന്യായങ്ങളും ന്യായീകരണങ്ങളും ഇല്ലാതെ, ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന മട്ടിൽ വ്യക്തിഹത്യ നടത്താൻ പ്രത്യേകമായി മിടുക്കോടെ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. പറയുന്നതാരാണെന്ന് നോക്കിയാണ് അവർ ശരിയും തെറ്റും നിശ്ചയിക്കുക. പറയുന്നതെന്താണെന്നത് അവർക്ക് പ്രശ്നമേ അല്ല. അവർ മനസ്സിലാക്കേണ്ട ശരിതന്നെ പറഞ്ഞുവെന്നാലും, അവർ അന്ധരാവും. മുഹമ്മതിനേയും യേശുവിനേയും ബുദ്ധനേയും അവർ നേരിട്ടത് അങ്ങനെത്തന്നെയാണ്. അവർ മുറുകെ പിടിക്കുന്ന യഥാർത്ഥ വിശ്വാസം തന്നെ എന്തെന്ന് അവർക്കറിയില്ല. അവർ ചെയ്യുന്നതെന്തെന്നും അവർ അറിയുന്നില്ല. അതിനാൽ ശരിയും തെറ്റാണെന്ന ഉറച്ച മുൻവിധിയോടെ അവർ പെരുമാറും. താങ്കൾ അത് മനസ്സിലാക്കിയോ ഇല്ലയോ എന്നറിയില്ല. താങ്കളും അറിയാതെ അവരുടെ വഴിയിൽ അകപ്പെടുകയായിരുന്നോ എന്നും

**********

സംഗതി, ഞാൻ പോസ്റ്റിട്ടതിലെ അസാംഗത്യവും അസമയവും അസ്ഥാനവുമായിരുന്നില്ല മുഖ്യം. പകരം വിശ്വാസത്തിന്റെ ഉള്ള് പൊള്ളയാണെന്ന് വരുമ്പോഴുള്ള പൊള്ളലായിരുന്നു. നഗ്നത വെളിവാകുന്നതിലെ വെപ്രാളം

അല്ലാതെ, പ്രിയ ജസോഹാ, കേരളത്തിൽ പ്രളയമാണെന്നതിനാൽ ഫേസ് ബുക്ക് മുഴുവൻ അത് മാത്രമേ പാടുള്ളൂ എന്നൊന്നും ഇല്ലല്ലോ. അങ്ങനെയല്ലല്ലോ ഫേസ്ബുക്ക് ഉള്ളതും നടക്കുന്നതും

മാത്രമല്ല ഒരാൾ അയാളുടെ വാളിൽ, സ്ഥലത്ത് എന്തിടണമെന്ന് അയാളുടെ വിവേകമോ അവിവേകമോ തന്നെയല്ലേ തീരുമാനിക്കേണ്ടത്? മറ്റുള്ളവരെ ആരെയും വ്യക്തിപരമായി അപമാനിക്കാത്തിടത്തോളം.

എന്നിരിക്കെ വായ് മൂടാനാവശ്യപ്പെടുമാറ് അവരിൽ ചിലർ തുനിഞ്ഞത് കണ്ടില്ലേ? അങ്ങിനെ അവർ അവരുടെ മതത്തിന്റെ സ്വഭാവമായ ഫാസിസ്റ്റ് തീവ്രവാദ മുഖം കാണിക്കുന്നതും താങ്കൾ കണ്ടിരുന്നോ?

ആയിടക്ക് തന്നെയാണ് താങ്കളുടെ മാന്യമായ സ്വരത്തിലുള്ള അപേക്ഷയും എന്റെ ശ്രദ്ധയിൽ പെട്ടത്. അതിലെ മാന്യതയും സദുദ്ദേശവും ഗുണകാംക്ഷയും കണ്ടത്കൊണ്ട് തന്നെയാണ് താങ്കളെ ഇങ്ങനെ അഭിസംബോധന ചെയ്ത് മറുപടി ഏകുന്നതും

അതിനാൽ ചില ചോദ്യങ്ങൾ അങ്ങോട്ടും ഇത്തരുണത്തിൽ ചോദിക്കട്ടെ.

  1. പ്രളയം ഉണ്ടായെങ്കിലും, നടത്തിക്കൊണ്ടിരിക്കുന്ന ദൗത്യത്തിൽ നിന്ന് പിന്തിരിയണമെന്നില്ല. പ്രളയത്തോടും അതിലെ ദുരിതത്തോടും സഹതാപവും അനുതാപവും അനുകമ്പയും സൂക്ഷിച്ച് കൊണ്ടുതന്നെ, ചെയ്യാവുന്നത് ചെയ്തുകൊണ്ട് തന്നെ.

  1. ഏഷ്യൻ ഗെയിംസിലെ കേരളീയ സാനിധ്യം അങ്ങനെ തന്നെ തുടർന്നത് അതുകൊണ്ടാണ്

  1. താങ്കളും താങ്കളുടെ ഗൾഫിലുള്ള ജോലിയും മറ്റുമൊന്നും ഇക്കാരണം കൊണ്ട് വേണ്ടെന്ന് വക്കാതിരുന്നതും തിരിച്ച് വന്ന് ദുരിതത്തിന്റെ കർമ്മ ഭൂമിയിൽ ചേരാതിരുന്നതും അതുകൊണ്ടാണ്.

  1. താങ്കളടക്കമുള്ളവർ, കേരളം പ്രളയ ദുരന്തത്തിനിടയിൽ ഉഴലുമ്പോഴും വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും എല്ലാം ഒരുപോലെ നടത്തിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്

  1. കേരളത്തിലുള്ള എല്ലാവരും അവരവരുടെ മേഖലകളിലുള്ള തൊഴിലുകളൊന്നും നിർത്തിവക്കാതിരുന്നത് അതുകൊണ്ടാണ്

  1. അതുകൊണ്ടാണ് താങ്കളടങ്ങുന്നവരാരും ഗൾഫിലുള്ള ജോലി വേണ്ടെന്ന് വച്ച് നാട്ടിലേക്ക് മടങ്ങാതിരുന്നത്. ഒരുപക്ഷെ താങ്കൾ വന്നെങ്കിൽ, വരാതിരുന്ന താങ്കളെപ്പോലുള്ള നൂറായിരങ്ങൾ

  1. പ്രളയക്കെടുതിക്കിടയിലും ഹജ്ജിന് പോകേണ്ടവരും പോയവരും അത് വേണ്ടെന്ന് വക്കാതിരുന്നതും അതുകൊണ്ടാണ്. അതിലൊന്നും ആർക്കും അസാംഗത്യം തോന്നിയതും ആരും നിർത്താൻ പറഞ്ഞതുമില്ല. അതുകൊണ്ടാണത്

  1. അതുകൊണ്ടാണ് ബലിപെരുന്നാളിന് ബലി അറുക്കുന്നവർ അറുക്കുക തന്നെ ചെയ്തത്
  1. പോരാത്തതിന് പോസറ്റിൽ ചർച്ച ചെയ്തുകൊണ്ടിരുന്ന ഇബ്രാഹിമിനെ അനുകരിച്ച് അടിയമയായ കുഞ്ഞിനെ കൊല്ലാൻ കഴിയാത്തതിന്റെ ദേഷ്യം തീർക്കാനെന്നവണ്ണം ഒരൊറ്റ ദിവസം തന്നെ മക്കയിൽ മാത്രം ചുരുങ്ങിയത് മുപ്പത് ലക്ഷം ആടുമാടുകളെ ഒരുമിച്ചറുത്തതും അതുകൊണ്ടാണ്

  1. അതുകൊണ്ടാണ് ദുരിതബാധിത പ്രദേശം അല്ലാത്തിടത്ത് കല്ല്യാണം നടത്തേണ്ടവർ അതൊഴിവാക്കാതിരുന്നത്

  1. അതുകൊണ്ടാണ് ദുരിതബാധിത പ്രദേശം അല്ലാത്തിടത്ത് വീട് കൂടേണ്ടവൻ വീട് കൂടിയത്

  1. അതുകൊണ്ടാണ് ടിവി ചാനലുകാർ അവരുടെ എല്ലാ പ്രോഗ്രാമുകളും വേണ്ടെന്ന് വക്കാതിരുന്നത്. (മലയാള ന്യൂസ് ചാനലുകൾ ഒഴളികെ).

  1. അതുകൊണ്ടാണ് മതപ്രസംഗങ്ങൾ ഒന്നും നിർത്തിവക്കാതിരുന്നത്, അതിൽ വെള്ളിയാഴ്ച്ച പ്രസംഗങ്ങളും.

  1. അതുകൊണ്ടാണ് അവസരം മുതലെടുത്ത് തന്നെ ദൈവീക പരീക്ഷണമാണെന്ന് മതപ്രസംഗങ്ങൾ വർധിപ്പിച്ച് മത സ്വാധീനത്തെ വളർത്താൻ ശ്രമിക്കുന്നത്

**************

ജസോഹാ, ഇബ്രാഹിം വെറും കഥയും കഥാപാത്രവും ഐതീഹ്യവുമായിരുന്നെങ്കിൽ മിണ്ടാതിരിക്കാമായിരുന്നു. നാലായിരം വർഷങ്ങൾക്ക് മുമ്പിലേക്കു പോയി കാര്യങ്ങൾ ഇങ്ങിനെ കൈകാര്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു

പക്ഷെ ഇബ്രാഹിം ജീവിച്ചിരിക്കുന്ന കാര്യമാണ്. ഇസ്ലാമിന്റേയും ഹജ്ജിന്റേയും അടിസ്ഥാനമാണ്. അതുകൊണ്ടാണല്ലോ ഹജ്ജ് വിധം നടക്കുന്നത്. ഹജ്ജിന്റെ ഒരൊറ്റ ദിവസം മാത്രം അടിമയിലെ കുഞ്ഞായ ഇസ്മായിലിനെ അറുക്കാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കാൻ മുപ്പത് ലക്ഷം ആടുമാടുകളെ മക്കത്ത് മാത്രം അറുക്കുന്നത്. പോരാത്തതിന് ലോകത്ത് എല്ലായിടത്തുമായി അതേ ദിവസം കോടിക്കണക്കിന് മൃഗങ്ങളെ വേറെയും അറുക്കുന്നത്

അറിയുമോ ജസോഹാ, കേരളം പ്രളയക്കെടുതിയിൽ ശ്വാസം മുട്ടുമ്പോഴും എന്റെ വീടിന്റെ മുമ്പിലുള്ള ചെറിയ പള്ളിയിൽ വരെ അറുത്തതിന്റെ എണ്ണം ഏഴാണ്. ഏഴ് പോത്തുകൾ

എന്നിരിക്കെ അതിനെക്കുറിച്ച് ഇതേ സമയത്ത് ചർച്ച ചെയ്യുന്നതിൽ മാത്രം അസംബന്ധവും അസാംഗത്യവും കാണുന്നത് സഹിക്കായ്ക കൊണ്ടും ഉത്തരം ഒന്നും ഇല്ലാത്തത് കൊണ്ടും അതിന്റെ മറ പിടിച്ച് രക്ഷപ്പെടാനും മാത്രമാണ്

അതിൽ താങ്കളും പെട്ടുപോകുന്നതിലേ വിഷമം ഉളളൂ
ചർച്ച വേണ്ടെന്ന് വക്കാം
ഹജ്ജും ഇസ്ലാമും ലക്ഷക്കണക്കിന് പോത്തുകളെ ഇതിന് വേണ്ടി മാത്രം അറുക്കുന്നതും അതുകൊണ്ട് ഇല്ലാതാകുമോ?  


No comments: