സുഹൃത്തേ, ദൈവ വിശ്വാസികളെ അവരുടെ പ്രതലത്തിലും കളിത്തട്ടിലും നേരിടുന്നു. അവരുടെ കളിസ്ഥലത്തും അവരുടെ നില ശരിയല്ലെന്നറിയിക്കുന്നു. അവരുടെ തുണിയും അളവും അളവുകോലും ശരിയല്ലെന്ന് കാണിക്കുന്നു. അവ വെച്ച് തന്നെ (ശരിയായത് കൊണ്ടല്ല) അവരെ അങ്ങനെ കൈകാര്യം ചെയ്തു പരാജയപ്പെടുത്തുന്നതല്ലേ എളുപ്പം? ദൈവം ഉണ്ടെന്നായാൽ പോലും, അവർ പറയും പോലെ ആവില്ലല്ലോ ആ ദൈവം എന്നവർക്ക് വരച്ചു കാണിച്ചു കൊടുക്കുന്നു. അവരുടെ തുണിയും അളവും അളവുകോലും അവർക്കു പാകമാകുന്നില്ലെന്നു ബോധ്യപ്പെടുത്തിക്കൊടുക്കുന്നു.
സുഹൃത്തേ, ദൈവം ഉണ്ടാവുന്നത് ഇല്ലെന്നാവുന്നതിനു തുല്യം. വിശ്വാസസവും നിഷേധവും തുല്യം. വിശ്വാസവും നിഷേധവും വിശ്വാസം തന്നെ. വിശ്വാസവും നിഷേധവും നിഷേധം തന്നെ. വിശ്വാസി വിശ്വസിച്ചു ബാക്കിയുള്ളതെല്ലാം നിഷേധിക്കുന്നു. നിഷേധി നിഷേധിച്ചു ബാക്കിയുള്ളതെല്ലാം വിശ്വസിക്കുന്നു. വിശ്വാസിക്ക് വിശ്വാസം നിഷേധം. നിഷേധിക്കു നിഷേധം വിശ്വാസം.
സുഹൃത്തേ പദാർത്ഥമാകിലും ആത്മാവാകിലും ബോധമാകിലും ഊർജ്ജമാകിലും ഒരേ ഏകം തന്നെ എന്ന് ബോധ്യപ്പെടുത്തുന്നു. അത്ര മാത്രം. സങ്കല്പത്തിലെയും പേരിലെയും വ്യത്യാസം മാത്രം. ഒന്നും പ്രത്യേകിച്ച് ആവശ്യപ്പെടാനില്ലാത്ത സങ്കല്പവും പേരും. മതത്തെ മാറ്റി നിർത്തിയാൽ എല്ലാം ഒന്ന്. ഒന്നുമില്ലായ്മക്കു ദൈവം എന്ന് പേര് വന്നാലെന്തു. ദൈവത്തിന് പദാർത്ഥമെന്നും ഒന്നുമില്ലായ്മയെന്നും അർഥം നൽകിയാലെന്ത്?
എന്നിട്ടു പോലും മൂടുറച്ചു നില്കുന്നവരെ താങ്കൾ കാണുന്നുണ്ടാവുമല്ലോ? എപ്പോഴും ഉപബോധമനസിലേക്കു മാത്രം മടങ്ങുന്നവരാണവർ. അതിനാൽ ആണ് മതവും മതവിശ്വാസികളും എല്ലാകാലത്തും ഉപബോധ മനസിനെ സ്വാധിനിക്കാനും ഉറപ്പിക്കാനും ശ്രമിക്കുന്നത്. അതിനുള്ള എളുപ്പ വഴിയും ആദ്യത്തെ വഴിയുമാണ് കുട്ടികളിൽ വിശ്വാസം ശീലിപ്പിക്കുന്നതും അടിച്ചേല്പിക്കുന്നതും നിർബന്ധമാക്കുന്നത്.
കുട്ടികളിലാവുമ്പോൾ, ഉപബോധ മനസിലേക്കാവുമ്പോൾ, ന്യായങ്ങളും തെളിവുകളും വേണ്ട. വിശ്വാസങ്ങളെ എങ്ങിനെ വേണമെങ്കിലും നിറച്ചോഴുക്കാം. പിന്നീട് എന്തെല്ലാം തെളിവുകളും ന്യായങ്ങളും ബോധമനസിലേക്ക് കൊടുത്താലും ഒരു കാര്യവും ഉണ്ടാവില്ലെന്ന് മതവും മതവിശ്വാസികളും പരീക്ഷിച്ചു മനസിലാക്കി നടപ്പിലാക്കിക്കൊട്ടിരിക്കുന്നു.
ഭയവും വാർദ്ധക്യവും മരണഭയവും അരക്ഷിതത്വവും വരുമ്പോൾ, മുൻപേ സെറ്റ് ചെയ്ത ഉപബോധ മനസിന്റെ വഴിയിലേക്ക്, മതവഴിയിലേക്കു, മഹാഭൂരിപക്ഷവും മടങ്ങുന്നതും അതിനാലാണ്. ചോരത്തിളപ്പിന്റെ അബദ്ധധാരണകളും കുറ്റബോധം നിറഞ്ഞ എടുത്തുചാട്ടവും മാത്രമായി ബാക്കിയെല്ലാം അവസാനിക്കുന്നത് അതിനാലാണ്.
Saturday, September 22, 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment