Saturday, September 29, 2018

പ്രിയ ജസീല, സഹോദരീ. വിമർശനങ്ങളിൽ പലതും രണ്ടിലച്ചെടി വൻവൃക്ഷത്തെ കുറിച്ച് പറയുംപോലെ ആണ്,

വൃഥാവ്യയം, ആഡംബരം. നിവചനം തെറ്റും.
രണ്ടിലച്ചെടിക്ക് ഒരിലയും പ്രധാനം.
നൂറായിരം ഇലകൾ ഒരുമിച്ച് പൊഴിക്കുക 

വൻവൃക്ഷത്തിനു നിർബന്ധം.

********

Question: അറിവില്ലാത്തവർക്കു അറിവുള്ളവരിൽനിന്നും വല്ലതും അറിയണമെങ്കിൽ അറിയുന്ന ഭാഷയിൽ പറയണ്ടേ?

***********


പ്രിയ ജസീല, സഹോദരീ. അറിവില്ലായ്‍മയുടെ പ്രശ്നമൊന്നും എനിക്കറിയുന്ന സത്കാരപ്രിയയായ ജസീലയ്ക്കില്ല. 

മറ്റൊരാൾ പറയുന്നത് മനസിലാവാത്തത് ആരുടേയും അറിവില്ലായ്മ അല്ല. തകരാരുമല്ല. അയാൾ തന്റേതല്ലാത്ത പശ്ചാത്തലത്തിൽ നിന്നും അവസ്ഥയിൽ നിന്നും വിതാനത്തിൽ നിന്നും പറയുന്നത് കൊണ്ടും ആവാമല്ലോ? അത് തിരിച്ചും മറിച്ചും ആവാമല്ലോ? 

പറയുന്നവൻ വലിയ അറിവുള്ളവനാണെന്നു അതിനാൽ തന്നെ ധരിക്കേണ്ടതും ഇല്ല. നമ്മളാരും ആ നില്ക്കു ആരുടേയും കീഴെയുമല്ല. എല്ലാവരും അവരുടെ ധർമം നിർവഹിക്കുന്നതിന് വേണ്ട അറിവ് ഉള്ളവർ തന്നെയാണ്. അത് ജസീല ആയാലും തേനീച്ചയായാലും ഉറുമ്പായാലും. 

യേശു ക്രിസ്തു അയാളുടെ നിലക്ക് വലുതായിരിക്കാം. കർഷകനും കച്ചവടക്കാരനും ബിൽഗേറ്സും ഐൻസ്റ്റെയ്‌നും അത് പോലെ തന്നെ അവരുടെ ധർമം നിർവഹിക്കുന്നതിൽ വലുതാണ്. ആരും ചെറുതല്ല. ജീവിതത്തിൽ എല്ലാവരും തുല്യം. എല്ലാവരും ജീവിതം മാത്രം. ജീവിതത്തിന്റെ വ്യത്യസ്തമായ വിതാനം, പ്രതലം, അവസ്ഥ. അതിൽ സ്വധർമമാണ് ഓരോരുത്തന്റെയും മഹത്വം. അതറിയുന്നതും.  

ഇനി മേല്പറഞ്ഞ വിഷയം. അത് വളരെ ചെറുതാണ്; പക്ഷെ വലുതുമാണ്. എല്ലാ ചെറുതും അത്  പോലെ തന്നെ വലുതുമാണ് എന്നതിനാൽ. യഥാർത്ഥത്തിൽ ചെറുതാണ് ജീവിതത്തിൽ വലുത്. വലിയ എല്ലാ കാര്യങ്ങളും ചെയ്യന്നതും ചെറിയ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ നിറവേറ്റിക്കിട്ടാൻ തന്നെ. 

ജസീല, ലാളിത്യവും ധാരാളിത്വവുമൊക്കെ  സാഹചര്യവും സന്ദർഭവും വിതാനവും അനുസരിച്ചാണ്. നന്മയും തിന്മയും പോലെ തന്നെ. അത് പലർക്കും പല കോലത്തിലാണ്. 

നമ്മുടെ വിമർശനങ്ങളിൽ പലതും രണ്ടിലച്ചെടി വൻവൃക്ഷത്തെ കുറിച്ച് പറയുംപോലെ ആണ്, ആവും. വിതാനവും അവസ്ഥയും പശ്ചാത്തലവും മനസിലാക്കാതെ. 

രണ്ടിലച്ചെടിക്ക് അതിനു ആകയാലുള്ള രണ്ടിലകളും അതിന്റെ സ്വന്തം നിലനിൽപ്പിനാധാരം, അനിവാര്യം. രണ്ടിലകളിൽ ഒന്ന് പോയാൽ പോലും രണ്ടിലച്ചെടിക്ക് സ്വന്തം നിലനിൽപ് പ്രശ്നമാവും. അതിൽ ഒന്ന് ചെലവഴിക്കുന്നതും പൊഴിക്കുന്നതും പോലും ധാരാളിത്തവും അനാവശ്യവും ആത്മനാശം വരുത്തുന്നതുമാവും. 

രണ്ടിലച്ചെടിയുടെ അവസ്ഥയും മാനവുമായി ബന്ധപ്പെട്ട പരിമിതിയാണത്. ആ പരിമിതിയെ അങ്ങിനെത്തന്നെയായി മനസിലാക്കാതെ, ആ രണ്ടിലച്ചെടി വൻവൃക്ഷം കുറെ ഇലകൾ ഒരുമിച്ചു പൊഴിക്കുന്നതിനെ ആർഭാടമായും അനാവശ്യമായും വൃഥാവ്യായാമായും കണ്ട്, ആരോപിച്ചു പറയരുത്. അത്പോലെ തന്നെ വൻവൃക്ഷം ചെയ്യുന്നത് പോലെ രണ്ടിലച്ചെടി അനുകരിച്ചു, സംഗതി അറിയാതെ, ഉള്ള രണ്ടിലയെ പൊഴിക്കാൻ ശ്രമിക്കാനും പാടില്ല. 

വൻവൃക്ഷത്തിനു ബാധകമായതും സാധിക്കുന്നതും രണ്ടിലച്ചെടിക്ക് ബാധകമല്ല, സാധ്യമല്ല. രണ്ടിലച്ചെടി വൻവൃക്ഷമാവും വരെ (അതിന്റെ സാധ്യതയിൽ അതുണ്ട്) കാത്തിരിക്കുകയെ നിർവാഹമുള്ളൂ. രണ്ടിലച്ചെടിക്ക്  ബാധകമായത് വൻവൃക്ഷത്തിനും അവസ്ഥാന്തരം വെച്ച് ബാധകമല്ല. 

ജസീല ഇത് നമ്മുടെ നിത്യജീവിതത്തിലും നേർക്കുനേർ ബാധകം. മുൻഗണനാക്രമം നഷ്ടപ്പെടുത്തിയാൽ, അങ്ങിനെ ഉള്ള രണ്ടിലയെ ആദ്യമേ പൊഴിച്ചാൽ, ജീവിതം തന്നെ തുലയും. അവസാനം ചെയ്യേണ്ടതാണ് വൻവൃക്ഷം ചെയ്യുന്നത്. അത് ആദ്യമേ രണ്ടിലച്ചെടി ചെയ്യരുത്. അതേക്കുറിച്ചു ആദ്യമേ, കുറ്റവും തെറ്റുമാണെന്ന, മുൻധാരണ വെച്ച് നീങ്ങുകയും അരുത്. 

മുൻഗണനാ  ക്രമം ഉണ്ടാക്കുന്നതിൽ ശ്രദ്ധ വേണം. ജീവിതത്തിൽ മുൻഗണനാ ക്രമം ഉണ്ട്. ശ്വസിക്കുമ്പോൾ കുടിക്കാനും തിന്നാനും പറ്റില്ല. അതിനാലാണത്. ശ്വസിക്കലാണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ചും ശ്വസിച്ചു കൊണ്ടിരിക്കുമ്പോൾ. ജീവിതത്തിലും. പിന്നീടോരോന്നും അങ്ങിനെ മുൻഗണനാക്രമം പോലെ. അവസാനത്തേത് ആദ്യം എന്ന് വരരുത്. ശ്വസിച്ച ഉച്വസിക്കണം.

അതിജീവനം ആണ് മുഖ്യം. അതിജീവനം തന്നെ പ്രശ്നമായിരിക്കുന്നവൻ, അതിജീവിച്ചു വളർന്നവർ ചെയ്യുന്ന നൂറായിരം ഇലകൊഴിക്കുന്നതായ (ആർഭാടം എന്ന് തോന്നുന്ന) കാര്യത്തിന്  മുതിരരുത്, മുൻഗണന കൊടുക്കരുത്. ആത്മനാശം വരുത്തും. ആദ്യം എടുക്കേണ്ടത് കാറല്ല. അന്നം വസ്ത്രം പാർപ്പിടം, ഇവ കഴിഞ്ഞു വരുന്നത്, അപ്പോലെ ക്രമത്തിൽ ചെയ്യണം.

വളർന്നു കഴിഞ്ഞവർ ചെയ്യുന്നത് വളരുന്നവന് ബാധകമല്ല. വളരുന്നതിന് മുൻപ് പൂക്കാനും കായ്ക്കാനും ആഗ്രഹിക്കരുത്, ശ്രമിക്കരുത്. മീശ വളരേണ്ട സമയത്തെ അത് വളരേണ്ടു, വളരേണ്ടതുള്ളൂ. അത് ആദ്യമേ വരുത്താൻ ശ്രമിക്കരുത്. വൻവൃക്ഷത്തിനു നൂറായിരം ഇലകളെ ഒരുമിച്ചു തളിർപ്പിക്കാൻ മാത്രമുള്ള ആഴത്തിലിറങ്ങിയ വേരുകൾ ഉണ്ട്. അത് രണ്ടിലച്ചെടിക്കില്ല. രണ്ടിലച്ചെടി അങ്ങിനെയല്ല. ഉപരിതലത്തിൽ മാത്രമായി നിലകൊള്ളുന്നവൻ ആണ് രണ്ടിലച്ചെടി. ആനയെ പോലെ അണ്ണാൻ പെരുമാററാരുത്. കൊക്കിന്റെ വലുപ്പത്തിനനുസരിച്ചു കൊത്തണം. കാലാകാലത്തേക്കു വേണ്ട കോക്ക് തന്നെയും പൊട്ടിപ്പോകും. ഊക്കറിയാതെ അനുകരിച്ചറിഞ്ഞാൽ ഉളുക്കിപ്പോവും. 

തറയുണ്ടാവുന്നതിനും തറയെ ശക്തിപ്പെടുത്തുന്നതിനും മുൻപ് രണ്ടിലച്ചെടികളായ നമ്മളിൽ പലരും മേൽക്കൂര പണിയാൻ ശ്രമിച്ചാൽ മേൽക്കൂര വീഴും. എന്ന് മാത്രമല്ല അതിനെ ആശ്രയിച്ചു കഴിയാൻ ശ്രമിക്കുന്ന ജീവിതവും പൊലിയും. ഇത് ജീവിതത്തിന്റെ ലളിത പാഠം. ഇത് ഓരോ രണ്ടിലച്ചെടിയും മനസിലാക്കേണ്ട ലളിത പാഠം. അതിനാൽ തന്നെ ആർഭാടം എന്നതും വൃഥാവ്യായാമെന്നതും തനിക്കു ബാധകമായത് മറ്റുള്ള പലർക്കും ബാധകമല്ലാത്തതെന്നു കരുതി അന്താളിക്കേണ്ടതില്ല. മറ്റുള്ളവർ ബാധകമാക്കി ചെയ്യുന്ന പല ആർഭാടങ്ങളും നമുക്ക് വൃഥാവ്യായാമവും, ആര്ഭാടമാവും. അവർ ചെയ്യുന്നുണ്ടല്ലോ എന്നത് ന്യായമാക്കി നമ്മളിലേക്ക്, നാം അതിനു വേണ്ടി മാത്രം വളർന്നില്ലേൽ, ബാധകമാക്കേണ്ടതും ഇല്ല. അമ്മക്ക് ബാധകായതെല്ലാം കുഞ്ഞിന് ബാധകമാകാത്ത അതിനാൽ ആണ്.

ജസീല, ചിന്തയും അറിവും വിശ്വാസവും പ്രയോഗവും എല്ലാം തന്നെ ഇത് പോലെ. ഒരാൾക്ക് ബാധകമായത് അക്കോലത്തിൽ തന്നെ മറ്റൊരാൾക്കു ബാധകമായിക്കൊള്ളണം എന്നില്ല. അനുകരിച്ചുകൊണ്ട് ആക്കാനും പാടില്ല. ബുദ്ധനും കൃഷ്ണനും മുഹമ്മദിനും അവരുടെ വിതാനത്തിലും കാലത്തിലും പശ്ചാത്തലത്തിലും ബാധകമായത് അപ്പോലെ തന്നെ നമ്മൾക്ക് ഓരോരുത്തർക്കും നമ്മുടെ വിധാനത്തിലും കാലത്തിലും പശ്ചാത്തലത്തിലും  ബാധകമാണെന്നും ഇക്കാലത്തെ, നാം രണ്ടിലച്ചെടികൾ ആണെങ്കിൽ, നാം കരുതേണ്ടതില്ല. 

No comments: