Wednesday, October 3, 2018

ചോദ്യവും സംശയവും ഇല്ലെങ്കിൽ ചലനമില്ല, വളർച്ചയില്ല. ജീവിതത്തിനു തുടർച്ചയില്ല.

സംശയം ഉണ്ടാവണം. മനസിലാകുന്നില്ലേൽ, മനസിലാകും വരെ. അങ്ങനെ സംശയിക്കണം. അങ്ങനെ സംശയിക്കുന്നതാണ് സത്യസന്ധത   കാപട്യമല്ലാത്ത നേട്ടവും സുരക്ഷയും ലക്ഷ്യമാക്കാത്ത നഷ്ടപ്പെടാൻ തയ്യാറാവുന്ന നിസ്സ്വാർത്ഥ സത്യസന്ധത.

സംശയിച്ചവനാണ് ചോദ്യങ്ങളുണ്ടാക്കിയത്. ചോദ്യങ്ങളാണ് ജീവിതത്തിൽ ഉത്തരങ്ങൾ ഉണ്ടാക്കിയതും കണ്ടെത്തിയതും. ആ ഉത്തരങ്ങളാണ് വളർച്ചയും പുരോഗതിയും മുന്നോട്ടുള്ള ഗമനവും സാധിപ്പിച്ചത്. നിന്നേടത്തു നില്കാതെ, നൽപിക്കാതെ. നിന്നേടം വിട്ടു മുന്നോട്ട് പോകേണമെങ്കിൽ നിന്നേടത്തെ ഒഴിവാക്കണം. നിന്നേടം പോരെന്നു തോന്നണം. നിന്നേടത്തെ സംശയിക്കേണം. മുന്നിടത്തെ അന്വേഷിക്കേണം. സംശയമാണ് ചലനം ഉണ്ടാക്കുന്നത്. സംശയിച്ചു സംശയിച്ചു, പഴയതു നഷ്ടപ്പെടുത്തി, പുതിയത് ഉണ്ടാക്കുന്ന പ്രക്രിയ.

നമ്മൾ പറയുന്നതിന് വേര് വേണം. തലയും വേണം. എങ്കിലേ അത് സ്വയം നിൽക്കൂ. വളം നേടി ചില്ലകളുണ്ടാക്കി ആ ചില്ലകളിൽ പൂവും  പഴവും നൽകൂ. തണൽ നൽകൂ. വിറകും കൂടും നൽകൂ. ഓരോ പറച്ചിലിനും അങ്ങനെ ഒരു താളം ഉണ്ട്. അറിഞ്ഞു പറയുന്നവർക്കും അറിഞ്ഞു പറയപ്പെട്ടവക്കും.  പറയാൻ വേണ്ടി പറയുന്നതല്ല എല്ലാ പറച്ചിലും. വ്യക്തതയും തെളിച്ചവും ഉള്ളതിനാൽ അത് പകർന്നു കൊടുക്കാനുള്ള, പാല് ചുരത്തി കുഞ്ഞുങ്ങളെ വളർത്താനുള്ള ശ്രമവും പാലൂട്ടലും ആണ് പറച്ചിൽ. മാറ്റാമെന്ന ഒരിക്കലും മാറാത്ത പ്രക്രിയയിലൂടെ ജീവിതത്തെ വളർത്താൻ, തുടർത്താൻ. ജീവിതം അഥവാ ദൈവം തുടർന്നു വളർന്നു അവശേഷിക്കാൻ.

ചോദിക്കുന്നവൻ ഉത്തരം പറയുന്നവനെ പോലെ തന്നെ തുല്യൻ. ഉത്തരം പറയുന്നവനിൽ ഉത്തരം ഉണ്ടാക്കുന്നതും, ഉണ്ടാകാൻ ഇടവരുത്തുന്നതും അവൻ. അവന്റെ ചോദ്യം. ചുറ്റുപാടുണ്ടാക്കുന്ന ചോദ്യവും സംശയവുമാണ് ബുദ്ധനെയും കൃഷ്ണനെയും മുഹമ്മദിനെയും അവരാക്കിയത്.

ചോദ്യകർത്താവായ സംശയിക്കുന്നവൻ ഇടുന്ന ബീജം വെച്ചാണ് തന്റെ അണ്ഡവും കൂട്ടി ഗർഭപാത്രത്തിൽ, ഗുരു എന്ന് നാം പറയുന്ന, സ്ത്രീ  ഉത്തരം ഉണ്ടാക്കുന്നത്. ജീവനെയും ജീവിതത്തെയും വളർത്തുന്നത്, തുടർത്തുന്നത്. ബുദ്ധനും മുഹമ്മതും കൃഷ്ണനും യേശുവും മാർക്‌സും എല്ലാം അങ്ങിനെ. നമ്മളോരോരുവരും അങ്ങിനെ തന്നെയാവൂ.

ചോദ്യവും സംശയവും ഇല്ലെങ്കിൽ ഉത്തരം ഇല്ല. ചലനമില്ല, വളർച്ചയില്ല. ജീവിതത്തിനു തുടർച്ചയില്ല.

********

കപടൻ സംശയിക്കുന്നവൻ അല്ല.

തന്റെ യഥാർത്ഥ നിലപാട് മറച്ചു വെക്കുന്നവനും, വിശ്വാസത്തെ തന്റെ സ്ഥാനത്തിനും മാനത്തിനും സുരക്ഷക്കും വേണ്ടി മാത്രം അഭിനയിച്ചു കാണിക്കുന്നവനും, അപ്പുറത്തും ഇപ്പുറത്തും നില്കുന്നവനും, അങ്ങിനെ തോന്നിപ്പിച്ചു പറ്റിക്കുന്നവനും ആണ് കപടൻ.

കപടൻ എന്നാൽ മുനാഫിഖിന്റെ മലയാള പദാർത്ഥം. ഇംഗ്ലീഷിൽ ഹിപ്പോക്രൈട്. അവൻ സംശയിക്കുന്നവൻ അല്ല. സംശയം തോന്നിപ്പിക്കാത്ത കോലത്തിൽ സുരക്ഷാ താവളം രണ്ടിടത്തും ഒരുക്കി പറ്റിക്കുന്നവൻ ആണവൻ. കാര്യത്തിൽ, അപകട ഘട്ടത്തിൽ, ഉപകാരത്തിനു കിട്ടില്ല. വിജയിച്ചാൽ കൂടെ നില്കും. പ്രയാസപ്പെടാൻ കൂടെ നിൽക്കില്ല. പ്രയാസത്തിലും യുദ്ധത്തിലും കൂടെ നിൽക്കില്ല.

******

സംശയിക്കുന്നവർ സത്യസന്ധൻ. അവൻ റിസ്ക് എടുക്കുന്നവർ. ത്യജിക്കുന്നവൻ. സുരക്ഷ നോക്കാത്തവൻ.

ഇനി മറ്റൊരർത്ഥത്തിൽ. സംശയിക്കുന്നവർ ആത്മവിശ്വാസമില്ലാത്തവൻ കൂടിയാണെന്നു പറയാം. തീരുമാനങ്ങളുടെ കാര്യത്തിലും മറ്റും ധൈര്യം കാണിക്കാതെ സംശയിച്ചു നില്കുന്നവനാണെങ്കിൽ. അതൊരു മാനസിക പ്രശ്നമാണ്. കപടൻ എന്ന് പറഞ്ഞാൽ അതല്ല.

പിന്നെ വിശ്വാസത്തിന്റെയും അറിവിന്റെയും കാര്യത്തിൽ സംശയിച്ചു ചോദ്യം ചെയ്തു മുന്നോട്ടു പോകുന്നവന്റെ കാര്യമാണ് ആദ്യം സൂചിപ്പിച്ചത്.

സംശയദൃഷ്ടി ശക്ക് ആണ്. മുനാഫഖ്ത്ത് അല്ല. മുനാഫഖ്ത്ത് കാപട്യമാണ്. സംശയദൃഷ്ടി ഏറിയാൽ ഒരു രോഗം മാത്രം. അതയാളുടെ മാത്രം പ്രശ്നവും അധൈര്യവും.

നാം ഉപയോഗിക്കുന്ന വാക്കുകളുടെ അർഥം നാം നന്നായി അറിഞ്ഞു ഉപയോഗിച്ചാൽ നന്നാവും. അതല്ലെങ്കിൽ പായസത്തിൽ മുളകും മീൻ വരട്ടിയതിൽ പഞ്ചസാരയും ഇട്ടു പോകും.

കപടനെ കുറിച്ച പ്രവാചകന്റേതു എന്ന് കരുതപ്പെടുന്ന വചനം താങ്കൾക്കറിയും എന്ന് തോനുന്നു. കപടന്റെ ലക്ഷണം "വായെടുത്താൽ കളവു. തെറ്റിയാൽ ചെറ്റ. വാക്കു പറഞ്ഞാൽ പാലിക്കില്ല". ഇതിലെവിടെയും സംശയിക്കുന്നവർ  ഇല്ല.

ഒരുപക്ഷെ തന്റെ നിലപാട് നടപ്പാക്കിക്കിട്ടാനും, കൂടെയുള്ളവർ പരാജയപ്പെടാനും, തന്നെയും തന്റേതും മാത്രം സംരക്ഷിക്കാനും, മറ്റുള്ളവരെ കുഴിയിൽ വീഴ്ത്താനും, മറ്റുള്ളവരിൽ സംശയം ജനിപ്പിച്ചു അവരെ പരാജയപ്പെടുത്തുന്ന നിലപാട് കപടൻ എടുത്തേക്കും എന്ന് മാത്രം.

No comments: