Wednesday, October 24, 2018

താങ്കൾ ആദ്യമേ ഇവിടെ ഉണ്ടായിരുന്നു? അഥവാ താങ്കളിലെ "ഞാൻ"? "ഞാൻ" ബോധത്തോടെയുള്ള താങ്കൾ?

നല്ല സുഹൃത്തേ, സലിം കാലടി. താങ്കൾ അങ്ങനെ പറയുമ്പോഴും അത് കേൾക്കുമ്പോഴും ഒരു സുഖമുണ്ട്. സത്യസന്ധമായും  കാപട്യമേതുമില്ലാതെയും ഉറച്ചു വിശ്വസിക്കുന്നു എന്ന് കാണുമ്പോൾ.

ആരെങ്കിലും അങ്ങിനെ വിശ്വസിക്കാനിടയായാൽ അതിൽ കുറ്റം പറയാനില്ല. "ഞാനില്ലെന്നു" കരുതി ജീവിക്കാനാവുന്നവർ വളരെ വിരളം. "ഞാൻ" ഉണ്ടെന്നു മാത്രമല്ല വിശ്വസിച്ചു വശായിരിക്കുന്നത്. ബാഹ്യമായി ചെയ്യുന്നതും സ്വന്തമാക്കുന്നതും സ്വത്തും അധികാരവും ഒക്കെ "ഞാൻ" ആണെന്ന് ധരിച്ചു ലഹരിപിടിച്ചിരിക്കുക കൂടിയാണ്. ബാഹ്യമായതിലല്ലാതെ, ബാഹ്യമായതിൽ പ്രതിബിംബിച്ചു കാണാതെ ജീവിക്കാൻ കഴിയാതിരിക്കുക എന്നിടം വരെ.

അതിനാൽ തന്നെ, പേരിനെങ്കിലും സാമൂഹ്യ സേവനമോ ജോലിയോ ലഹരിയോ ഭക്തിയോ കൂടാതെ പിടിച്ചു നില്കാനാവില്ലെന്നു വരെ. ഒറ്റക്കാകേണ്ടി വന്നാൽ ശൂന്യത തൊട്ടറിഞ്ഞു പേടിക്കുന്നത് വരെയും ആ പേടിയെയും ശൂന്യതാ ബോധത്തെയും ബോറടി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത് വരെയും കാര്യങ്ങൾ എത്തിയിരിക്കുന്നു.

എന്നിട്ടോ മോക്ഷം തേടുന്നു. തന്നിൽ നിന്നുമുള്ള മോക്ഷം. തനിക്കു താൻ പീഡനവും പേടി സ്വപ്നവും ആകുന്ന മോക്ഷം.

താനില്ലെന്നറിയുന്നിടത്താണ് താനില്ലാതാവുന്നിടത്താണ്, അത്രക്കടുത്താണ് മോക്ഷം എന്നറിയാതെ. താൻ തീരുമാനിച്ചാൽ നടക്കുന്നതെ ഉള്ളോ മോക്ഷമെന്നു അറിയാതെ. ഖണ്ഡനാഡിയുടെ അടുത്തുള്ളതും. സ്വന്തം മൂക്കും നെറ്റിയും കാണാതെ, കാണാനാവാതെ.

*********

പ്രിയ സാലിം, കിട്ടിയത് വെച്ച് ന്യായീകരിച്ചു വ്യാഖ്യാനിച്ചു പോകാനല്ലേ ആർക്കും പറ്റൂ? അന്വേഷിച്ചു കണ്ടെത്തുന്ന വിശ്വാസം പൊതുവിൽ ആർക്കും ഇല്ലല്ലോ? മോക്ഷവും ആരോ കൊടുക്കുന്നതായല്ലേ ധാരണ. അവനവൻ അവനവനു കൊടുക്കുന്ന മോചനം നടത്തുന്ന പ്രക്രിയയായി മനസ്സിലാക്കാതെ. പകരം, എവിടെ നിന്നോ കിട്ടിയതിനെ തലയണയാക്കി ആ തലയണക്ക് വേണ്ടി അന്വേഷിക്കുന്ന ചിന്തിക്കുന്ന പരിപാടി മാത്രം. മഹാഭൂരിപക്ഷം വിശ്വാസികൾക്കും അങ്ങനെയുള്ള തലയണകളാണ്, ആകാശങ്ങളാണ് എല്ലാ മതങ്ങളും വിശ്വാസങ്ങളും.

സത്യവും ദൈവവും വ്യക്തിപരമായി മാത്രം കണ്ടെത്തപ്പെടുന്നതാണ്. താനില്ല, ജീവിതമായ ദൈവം മാത്രമേ ഉള്ളൂ എന്ന ആത്മനിഷ്ഠമായ അറിവ്. വളരെ ആത്മനിഷ്ടമായി. ആ അറിവും മോക്ഷവും നൽകുന്നതിൽ മതങ്ങൾക്ക് പങ്കില്ല. തടയിടാനല്ലാതെ. ആകാശം കാഴ്ച മുട്ടിക്കുന്നത് പോലെയും, കാഴ്ച മുട്ടുന്നിടം ആകാശം ആവുന്നത് പോലെയും മതവും മതവിശ്വാസവും. വിശ്വാസിയെന്ന നിലക്ക്, നിലവിലെ സാഹികക്രമത്തിൽ, മതം സാമൂഹ്യ സുരക്ഷിതത്ത്വം നല്കുമെന്നത് വിശ്വാസികളെ അതിൽ പിടിച്ചു നിര്ത്തുന്നു. (വാ റായ്‌ത അന്നാസ് യദ്ധഖുലൂണ ......)

**********

ആകാശം പോലെ കാഴ്ച മുട്ടിക്കുന്ന വിശ്വാസമേ നമുക്കുള്ളു. അഥവാ കാഴ്ച മുട്ടിച്ചുണ്ടായ മായയെ, മേൽക്കൂരയെ, ആകാശമെന്നും വിശ്വാസമെന്നും മതമെന്നും വിളിക്കുക.

മതവും വിശ്വാസവും മേൽക്കൂര എന്ന് തെറ്റായി കരുതുന്ന ആകാശം. ആ ആകാശം ഉണ്ടെന്നു തോന്നിയാലും ഇല്ല. ഇല്ലെന്നു തോന്നിയാലും ഉണ്ട്. സുരക്ഷിത ബോധം ഉണ്ടാവാനും ഏറെ ചിന്തിച്ചു അസ്വസ്ഥപ്പെടാതിരിക്കാനും നല്ലത്. അതിനു വേണ്ട നൂറു ന്യായവാദങ്ങളോടെ. തെറ്റില്ല. ആരെയും തെറ്റ് പറയാനില്ല. പകരം, എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണെന്ന് മനസ്സിലാക്കി മറ്റുള്ളവരെയും അവരുടെ വിശ്വാസത്തിനും പാട്ടിനും വിടുക, അനുവദിക്കുക എന്ന സഹിഷ്ണുതയുടെ തലം സൂക്ഷിക്കുകയല്ലാതെ. എല്ലാം ഇത് പോലെ ശരിയെന്നു പറയുന്ന സഹിഷ്ണുതയുടെ ലോകം പുലരാൻ. എല്ലാം ദൈവത്തിന് വേണ്ടി, ജീവിതത്തിനു വേണ്ടി ഉപയോഗപ്പെടുന്നു. ദൈവം ദൈവത്തിന് വേണ്ടി.വി ജീവിതം ജീവിതത്തിനു വേണ്ടി.

വിശ്വാസങ്ങളെല്ലാം ഒരു പോലെ തെറ്റ്. അപൂര്ണമായതെല്ലാം തെറ്റ്. എന്നാൽ ആപേക്ഷികർത്ഥത്തിൽ ശരിയും. അതിനാൽ പോസിറ്റീവ് ആയി എല്ലാം ശരി എന്ന് പറയുക യുക്തം. എല്ലാം തെറ്റെങ്കിൽ എല്ലാം ഒരു പോലെ. എല്ലാം അല്പമെങ്കിലും , എല്ലാ അല്പവും അപ്പത്തിൽ നിന്നും ശരി.

എല്ലാറ്റിനും തെറ്റാവാനേ താരമുള്ളുവെങ്കിൽ, അങ്ങനെ തെറ്റാവുന്നതാണ് ആപേക്ഷികതയിലെ ശരി. ഏതെങ്കിലും ഒന്ന് മാത്രം തെറ്റല്ലാത്ത സ്ഥിതിക്ക് പ്രത്യേകച്ചും. എല്ലാം ശരിയെന്നു പറഞ്ഞു സമാധാനം കൊടുക്കുക. എല്ലാം അറിഞ്ഞു എല്ലാ തെറ്റെന്നു മനസ്സിലാക്കിയവനും അങ്ങനെ തന്നെ പൊതുജനത്തോടു പറയുന്നതാണ് യുക്തി. തെറ്റെന്നു പറഞ്ഞത് കൊണ്ട്  പ്രത്യേകിച്ച് നേട്ടവും മേല്കോയ്മയും ആരും ആരുടെ മേലും ഉണ്ടാക്കാതിരിക്കാൻ. അങ്ങിനെ ആർക്കും പ്രത്യേകിച്ച് ഉണ്ടാക്കാനാവില്ല എന്നതിനാലും.

********

സുഹൃത്തേ, സലിം കാലടി. താങ്കൾ പറഞ്ഞത് ശരിയാണെന്നു തന്നെ വെക്കാം. താങ്കൾ ആദ്യമേ ഇവിടെ ഉണ്ടായിരുന്നു. അഥവാ താങ്കളിലെ "ഞാൻ". "ഞാൻ" ബോധത്തോടെയുള്ള താങ്കൾ.

അങ്ങനെ ആദ്യമേ ഉണ്ടായിരുന്നതായി താങ്കൾ കൃത്യമായി ഓർക്കുന്നുമുണ്ടാവും. ഓർക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും ആ "ഞാൻ വിചാര"മുള്ള താങ്കൾ ആ "ഞാൻ" ബോധത്തോടെ ഇവിടെ ഉണ്ടായിരുന്നുവെന്നു തന്നെ ഉറപ്പിക്കാം.

പോരാത്തതിന്,  ആ വ്യക്തമായ "ഞാൻ" ബോധത്തോടെ തന്നെ താങ്കൾ ഇവിടെ ജനിച്ചെന്നും സാരം. ജനിച്ചപ്പോൾ താങ്കൾ "ഞാൻ" ജനിച്ചുവെന്നു ഉൾകൊണ്ട്, മനസ്സിലാക്കി എന്ന് ഉറപ്പ്. ജനിച്ചത് ഇന്നത്തെ അതേ "ഞാൻ", അതേ "ഞാൻ ബോധം" വെച്ച് തന്നെയായിരുന്നു. ജനിക്കുന്നതിനു മുൻപേ നിലകൊണ്ട അതേ "ഞാൻ", “ഞാൻ ബോധം” വെച്ച്.  അതേ സ്ഥായിയായ മാറ്റത്തിന് വിധേയമല്ലാത്ത "ഞാൻ" വെച്ച് തന്നെ ജീവിച്ചു കൊണ്ടിരിക്കുന്നു.

നിഷേധിക്കാനാവില്ല താങ്കൾ അങ്ങനെ ഉറപ്പു പറഞ്ഞാൽ. അങ്ങനെ ഓരോരുവനും ഉറപ്പു പറയാനാവട്ടെ. പിന്നെ സംശയിക്കാൻ തരമില്ലല്ലോ? ദൈവം എല്ലാവർക്കും അങ്ങനെ ഒരു ഉറപ്പു ഉണ്ടാക്കിക്കൊടുത്താൽ ദൈവത്തിനും പണി എളുപ്പം. ബോധ്യപ്പെടുത്തേണ്ടതും അതിനായ് കുറെ പേരെ ഏല്പിക്കേണ്ടതും ഇല്ലല്ലോ? കഥ പറയും പോലെ മാത്രം കാര്യം പറഞ്ഞവസാനിപ്പിക്കേണ്ടതില്ലല്ലോ?

എന്താണ് സലിം കാലടി, ശരിയല്ലേ?

*********

സലിം കാലടി... താങ്കളിലെ ആ "ഞാൻ" ബോധം ജനിക്കുന്നതിനു മുൻപും, ജനിക്കുമ്പോഴും പിന്നെ അവിടുന്നിങ്ങോളവും ഒരു പോലെ തന്നെ നിലകൊണ്ടു, നിലകൊള്ളുന്നു എന്നർത്ഥം. അങ്ങനെ ഒരു സ്ഥായിയായ ഒരു ബോധം ആണ്, ആയിരിക്കും, ആയിരിക്കേണം "ഞാൻ ബോധം". അഥവാ "ഞാൻ". പ്രത്യേകിച്ചും പുനർജനി തേടേണമെങ്കിൽ, നേടേണമെങ്കിൽ.

അല്ലെങ്കിൽ ഏതു “ഞാൻ", എപ്പോഴത്തെ “ഞാൻ", എങ്ങനെയുള്ള "ഞാൻ" പുനർജനി തേടും, നേടും എന്നത് ചോദ്യമാവും.

കുട്ടിയായ ഞാൻ?
യുവാവായ ഞാൻ?
വൃദ്ധനായ ഞാൻ?
രോഗിയായ "ഞാൻ"?
അൽഷിമേഴ്‌സ് ബാധിച്ച “ഞാൻ" എന്ന തോന്നലേ ഇല്ലാത്ത "ഞാൻ"?
ഓട്ടിസം ബാധിച്ച "ഞാൻ"?
ഇതൊന്നുമല്ല, ജനത്തിന് മുൻപേ ഞാൻ അറിയാതെ പോയ “ഞാൻ"?

ഏതു "ഞാൻ" ആണ് യഥാർത്ഥത്തിൽ ഉത്തരവാദിയായ ഞാൻ? പുനർജനിക്കേണ്ട ഞാൻ? ശിക്ഷയും രക്ഷയും തേടേണ്ട, നേടേണ്ട ഞാൻ?

***********

സലിം, ഞാൻ ആത്മാവാണോ? ആവണം. മതപരമായി പറഞ്ഞാൽ ആത്മാവ് തന്നെ ആവണം “ഞാൻ".

ഞാൻ ആത്മാണെങ്കിൽ, "ഞാൻ" ബോധം ആത്മാവുമായി ബന്ധപ്പെട്ടു നില്കുന്നതാണെങ്കിൽ, സ്ഥായി ആവും, ആവണം, ആയിരിക്കും. വളർച്ചാ-ശോഷണങ്ങൾക്കു വിധേയവും ആവില്ല. ഈ "ഞാൻ" തന്നെ പുനർജനി തേടും. ഈ "ഞാൻ" ജനിക്കുമ്പോഴേ ബോധപൂർവം ഉണ്ടായി, തുടരുന്ന "ഞാൻ" എന്നാവും.

**********

ആത്മാവ് ദൈവത്തിൽ നിന്നുള്ളത്. ദൈവം തന്നെ ആയത്. സ്ഥിരമായത്. (നഫാഖ്‌നാ ഫീഹി മിൻ റൂഹിൻ മിന്നാ).

ദൈവമോ ദൈവത്തിൽ നിന്നുള്ളതോ വളർച്ചാ ശോഷണങ്ങൾക്കു വിധേയമല്ല. ആത്മാവു വളർച്ചാ ശോഷണങ്ങൾക്കു വിധേയമല്ല. വളർച്ചാ-ശോഷണങ്ങൾക്കു വിധേയമല്ലാത്ത ആ "ഞാൻ" സ്ഥായീഭാവത്തോടെ ഉണ്ടാവും, ഉണ്ടാവണം. പുനർജനിയും തേടും, നേടും. തേടണം, നേടണം.

ജനിച്ച ഉടനെയുള്ള അതെ "ഞാൻ" തന്നെയോ പിന്നീട് പലതായി മാറുന്ന "ഞാൻ"? ആവണം , ആയിരിക്കണം

പക്ഷെ ഈ "ഞാൻ" മാറ്റങ്ങൾക്കും വളർച്ചക്കും ശോഷണത്തിനും വിധേയനാവുന്നതായും, വിധേയമായതായും കാണുന്നുവല്ലോ സലിം? എന്ത് ചെയ്യും? ഞാൻ ആത്മാവല്ലെന്നുണ്ടോ?

********

ഇനി അഥവാ, “ഞാനും" "ഞാൻ ബോധവും" ആത്മാവല്ല, ആതമാവുമായി ബന്ധമുള്ളതല്ല എന്നാണെങ്കിൽ, പുനർജനിക്കുന്നത് "ഞാൻ" ആവില്ല.

"ഞാൻ" എന്ന സ്ഥിരമായ ഒന്നില്ല. സ്ഥായീഭാവം ഉള്ള "ഞാൻ" ഇല്ല. സ്ഥിരമായത് ആത്മാവ് ആയിരിക്കും. അളവിലും തൂക്കത്തിലും വളർച്ചയിലും ശോഷണത്തിലും മാറ്റം വരാത്ത ആത്മാവ്. ജീവിതമെന്നും ദൈവമെന്നും വിളിക്കാവുന്ന "ഞാൻ" ഇല്ലാത്ത ആത്മാവ്. അങ്ങനെയാണെങ്കിൽ ആത്മാവ് എന്നാൽ ജീവിതം. "ഞാൻ" അല്ല.

********

സാലിം. ഇത് ഏറെക്കുറെ ശരിയെന്നു വരുന്നു. ഞാൻ സ്ഥിരമല്ല, സ്ഥായീഭാവമുള്ള ഞാൻ ഇല്ല എന്നത്. തുടരുന്ന ജീവിതത്തിന്റെ പേര് ആണ് ആത്മാവ് എന്നത്.

ജീവിതത്തിനു ഇഹലോകവും പരലോകവും ഉണ്ട്. ഓരോ അവസ്ഥയും ഇഹവും പരവുമായി മാറുന്ന ഇഹലോകവും പരലോകവും.  പക്ഷെ ആ ഇഹത്തിലും പരത്തിലും ഈ “ഞാൻ” ഈ “ഞാൻ” തന്നെയായ്  തുടരുന്നില്ല.

ജീവിതം തുടരുന്നു. ആത്മാവ് തുടരുന്നു. ജീവിതം ആത്മാവ്. ആത്മാവ് ജീവിതം. ജീവിതം പലതായ് തുടരുന്നു. അഥവാ ആത്മാവ്. ഞാനും എന്റേതും തുടരാത്ത ജീവിതം, ആത്മാവ്. അതാത് ഘട്ടത്തിലും അവസ്ഥയിലും വേണ്ട വേറെ വേറെ ഞാനുകളുടെ ആത്മാവും ജീവിതവും.

അറിയുക. ജീവിതത്തിൽ എപ്പോഴും ഒരു "ഞാനുണ്ട്". ജീവിതത്തിന്റെ ഏതവസ്ഥയിലും രൂപത്തിലും. അത് ഉറുമ്പിലായാലും ആനയിലായാലും ഉണ്ട്. ജീവിതത്തിന്റെ "ഞാൻ". ദൈവത്തിന്റെ "ഞാൻ". പക്ഷെ അത് എന്റെ "ഞാൻ" എപ്പോഴും നിലനിൽക്കുന്ന "ഞാൻ" ആയി ഉണ്ടെന്ന അർത്ഥത്തിൽ അല്ല.

*******

സ്ഥായീഭാവമുള്ളതിന്റെ തുടർച്ചയായ പോക്കിന് നാം കൊടുക്കുന്ന പേര് മാത്രമാണ് പുനർജനി. കാരണം, താങ്കൾ പറയുന്ന രീതിയിൽ പറഞ്ഞാൽ, "ഞാൻ" എന്നത് ജനിച്ചപ്പോഴുണ്ടായതല്ല. എന്നല്ല, തലച്ചോറിന്റെ വളർച്ചക്കനുസരിച് ഉണ്ടായതല്ല, വളർന്നതല്ല. തലച്ചോറ് ഇല്ലെങ്കിൽ ഇല്ലാതാവുന്നതല്ല. മരിച്ചാൽ ശരീരം ഇല്ലാവുന്നതോടെ ഇല്ലാതാവുന്നതുമല്ല. ഞാൻ ഉണ്ടായിരുന്നു, ഉണ്ട്, എപ്പോഴും ഉണ്ടായിരിക്കും. എല്ലാ "ഞാനുകളും" വേറെ വേറെ തന്നെയായ്. എന്താണ് സലിം കാലടി, ശരിയല്ലേ?

*********

താങ്കൾ പറഞ്ഞത് പോലെയാണെങ്കിൽ, ഈ "ഞാൻ" ഉത്തരവാദിത്വ ബോധമുള്ള, സ്ഥായിയായ "ഞാൻ". കുട്ടിയായിരുന്നപ്പോഴും ബാലനായിരുന്നപ്പോഴും യുവാവായിരുന്നപ്പോഴും വൃദ്ധനാവുമ്പോഴും ഒക്കെ ഒരേ നിലവാരത്തിൽ, വിതാനത്തിൽ. കുട്ടിത്തത്തിന്റെ ബാലാരിഷ്ടതകളൊന്നും ഈ "ഞാൻ ബോധത്തെ" ബാധിച്ചിട്ടില്ല, ബാധിക്കാനിടയില്ല എന്നായിരിക്കേണം. എന്താണ് സലിം അങ്ങനെ തന്നെ അല്ലെ? അങ്ങനെ തന്നെ  ആയിരിക്കേണ്ടേ?

********

സുഹൃത്തേ, സലിം, ഇങ്ങനെയൊക്കെയാണോ യഥാർത്ഥത്തിൽ "ഞാൻ ബോധവും" "ഞാനും"? യഥാർത്ഥത്തിൽ "ഞാൻ" ബോധത്തോടെ ആരെങ്കിലും ജനിച്ചിട്ടുണ്ടോ?

ശരിക്കു പറഞ്ഞാൽ ഓര്മ വരുന്ന കോലത്തിൽ  "ഞാനെന്ന" ബോധത്തോടെ ആരും ജനിച്ചിട്ടില്ല. ഞാൻ ജനിക്കുന്നു എന്ന ബോധത്തോടെ ആരും ജനിച്ചിട്ടില്ല. പിന്നെ ജനിച്ചതിനു ശേഷം തലച്ചോറിന്റെ വളർച്ചക്കനുസരിച്ച്, ശരീര വളർച്ചക്കനുസരിച്ച് വളർന്നുവന്ന "ഞാൻ ബോധവും" "ഞാനുമല്ലേ" ഉള്ളൂ, ഉണ്ടായിട്ടുള്ളൂ? ശരീരം നശിക്കുന്നതിനും രോഗിയാവുന്നതിനും അനുസരിച്ചു രോഗിയാവുന്ന നശിക്കുന്ന “ഞാൻ”. കുഞ്ഞു കുട്ടിയായിരുന്ന “ഞാനും” വൃഥാനായ “ഞാനും” ഒരേ “ഞാൻ “ആണോ? ആ “ഞാൻ” ജനിക്കുന്നതിനു മുൻപേ ഉണ്ടായിരുന്ന മരിച്ചതിനു ശേഷവും തുടരുന്ന അതേ “ഞാൻ" ആണോ?

സലിം, "ഞാൻ ബോധവും" ഈ "ഞാനും" ജനിക്കുന്നതിനു മുന്പുണ്ടായിരുന്നോ? ഇല്ല. അഥവാ ഉണ്ടെന്നു പറഞ്ഞാൽ തന്നെ നാം അറിയുന്ന, ഓർക്കുന്ന കോലത്തിലും രൂപത്തിലും ഉണ്ടായിരുന്നോ? ഇല്ല. അറിയാത്ത ഓർമയില്ലാത്ത എന്റെ "ഞാൻ" അവസ്ഥക്ക് ഞാൻ ഉത്തരവാദിയാകുമോ? ഇല്ല. അറിയാത്ത ഓർമയില്ലാത്ത ഒരു ഞാൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞു ഉത്തരവാദിയാക്കി ശിക്ഷിക്കുക എന്നതോ ദൈവത്തിന്റെ മഹത്തായ വിവേകപൂര്ണമായ പണി.? അല്ല. (ഇന്നാ വദ'അന അൽ അമാനത്ത അല്ല അൽജിബാലി വൽ അര്ധ, ഫ അബൈന ആൻ  യാമിന്ഹ ............ വഹമലാഹാ അൽ ഇൻസാൻ, ഇന്നഹൂ കാന dalooman ജാഹുലാ ).

അറിയുക. ജീവിതത്തിൽ എപ്പോഴും ഒരു "ഞാനുണ്ട്". ജീവിതത്തിന്റെ ഏതവസ്ഥയിലും രൂപത്തിലും. അത് ഉറുമ്പിലായാലും ആനയിലായാലും ഉണ്ട്. ജീവിതത്തിന്റെ "ഞാൻ". ദൈവത്തിന്റെ "ഞാൻ". പക്ഷെ അത് എന്റെ "ഞാൻ" എപ്പോഴും നിലനിൽക്കുന്ന "ഞാൻ" ആയി ഉണ്ടെന്ന അർത്ഥത്തിൽ അല്ല.

**********

സുഹൃത്തേ ഇതൊന്നു ദൈവത്തെയും ദൈവികതയെയും നിഷേധിക്കാനല്ല. നിഷേധിച്ചാൽ ഇല്ലാതാവുന്നതോ വിശ്വസിച്ചത് കൊണ്ട് ഏറെ ഉണ്ടാവുന്നതു അല്ല അത്. ഉണ്ടെങ്കിൽ നടക്കുന്നു, നടക്കും എന്നുറപ്പുള്ളതാണ് ദൈവവും ദൈവികതയും.  ജീവിതം മൊത്തം ദൈവികമാണ്. അതിൽ ചെയ്യപ്പെടുന്നതും പറയപ്പെടുന്നതും എല്ലാം. ഒന്നൊഴിയാതെ. ദൈവികമാവാൻ മതങ്ങൾ പറയുംപോലെ തന്നെ ആവണം എന്നില്ല. ദൈവം അങ്ങനെ ഒരു കൊച്ചാവണം എന്നുമില്ല. അഥവാ കൊച്ചാണ് ദൈവം എങ്കിൽ അത് ഏതെങ്കിലും ഒരു കൊച്ചല്ല. എല്ലാ കോച്ചുകളും കൊച്ചു കാര്യത്തിലും ദൈവമേ എന്നതാണ് അപ്പൊഹത്തിലെ ശരി. എവിടേയ്‌യും പുറത്താവാത്ത പരാജയപ്പെടാത്ത ദൈവം. ആ ദൈവത്തിന്റെ ഞാൻ മാത്രമായി ജീവിതം തുടരുന്ന , ജീവിതത്തെ തുടർത്തുന്ന ദൈവം. 

1 comment:

Haris EP said...

.....നിഷ് പക്ഷവും നിരാപേ ക്ഷികവും പ്രബുദ്ധവും ആയ ജ്ഞാനമാണ് ദൈവം.... പ്രസ്തുത ജ്ഞാനത്തിന് വളർച്ചയും ശോഷണവും ഇല്ല.... നിത്യ യൗവ്വനം..... നിത്യ ഹരിതം.....