ഇസ്ലാം ചൂഷണത്തിന്റെ മതമാണോ?
ആണെന്ന് പറയുന്നവർ എന്തുകൊണ്ട്, എങ്ങിനെ ഇസ്ലാം ചൂഷണത്തിന്റെ മതമാകുന്നു എന്നത് വ്യക്തമാക്കണം.
വിശ്വാസത്തെ വെച്ച്, അവ്യക്തതകളെ മുതലെടുത്ത് വിശ്വാസികളെ വല്ലവിധേനയും ഇസ്ലാം ചൂഷണംചെയ്യുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
അങ്ങനെ ചൂഷണം ചെയ്യേണ്ട, അങ്ങനെ ചൂഷണം ചെയ്ത് ജീവിക്കേണ്ട മേലധികാരിവിഭാഗം പുരോഹിതന്മാരായും തന്ത്രിമാരായും കർമിമാരായും സഭയായും ഇസ്ലാമിൽ ഉണ്ടോ എന്ന് വ്യക്തമാക്കണം.
അതല്ലെങ്കിൽ, ഇസ്ലാം നിശ്ചയിച്ച വിശ്വാസവും ആരാധനാ-അനുഷ്ഠാന-കർമ്മപരിപാടികളും വെച്ച് മുകളിലുള്ള ആർക്കെങ്കിലും എങ്ങനെയെങ്കിലും വിശ്വാസികളെ ചൂഷണം ചെയ്യാൻ സാധിക്കുമോ എന്ന് വ്യക്തമാക്കണം.
ഇയ്യുള്ളവൻ പറയാൻ ശ്രമിക്കുന്നത് മറിച്ചാണ്.
ഇസ്ലാം വ്യക്തതയുടെയും കൃത്യതയുടെയും മതം ആയത് കൊണ്ട് തന്നെ ചൂഷണസാധ്യത അല്പവും ഇല്ലാത്ത മതമാണ് എന്നതാണ്.
എല്ലാതരം ചൂഷണങ്ങളിൽ നിന്നും മനുഷ്യനെയും അവന്റെ വിശ്വാസത്തെയും ആരാധനാ-അനുഷ്ഠാനങ്ങളെയും മോചിപ്പിച്ച മതമാണ് ഇസ്ലാം എന്നതാണത്.
ഇസ്ലാം ഒരു നിലക്കും ചൂഷണം ചെയ്യുന്ന മതം അല്ലെന്നതാണത്.
എന്തുകൊണ്ടെന്നാൽ, ചൂഷണം ചെയ്യേണ്ട, അങ്ങനെ ചൂഷണം ചെയ്ത് ജീവിക്കേണ്ട മേലധികാരിവിഭാഗം പുരോഹിതന്മാരായും തന്ത്രിയായും കർമിയായും സഭയായും ഇസ്ലാമിൽ ഇല്ല എന്നതിനാൽ.
ശരിയാണ്, മറ്റ് സർവ്വമതങ്ങളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും വ്യത്യാസ്തമായി, ജീവിതത്തിലെ എല്ലാ മേഖലകളിലും വല്ലാതെ അരുതുകളും കല്പനകളും നൽകി വഴിനടത്തുന്ന ഒന്നാണ് ഇസ്ലാം. പക്ഷേ, അതിനെ ഇസ്ലാം നടത്തുന്ന ഒരു ചൂഷണമായി കണക്കാക്കുന്നവരുണ്ടാവും.
ഒരു സംഗതി അഥവാ ചൂഷണം ചൂഷണമാകുന്നത് ചൂഷണം ചെയ്യുന്ന വിഭാഗവും ചൂഷണം ചെയ്യപ്പെടുന്ന വിഭാഗവും ഉണ്ടാകുമ്പോഴാണ്, ചൂഷണം ചെയ്യുന്ന വിഭാഗത്തിന് ആ ചൂഷണം വെച്ച് നേട്ടമുണ്ടാകുമ്പോഴുമാണ്.
രാഷ്ട്രവും രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥപ്രഭുക്കളും മത പൗരോഹിത്യവും ആ നിലക്ക് ചൂഷണം ചെയ്യുന്നുണ്ട്, ആ നിലക്ക് ജനങ്ങൾ അവരാൽ ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്.
ജനങ്ങളെ ജീവിതത്തിന്റെ സകലമേഖലകളിലും വഴിനടത്താനുപയോഗിക്കുന്ന ഇസ്ലാമിലെ അരുതുകളും കല്പനകളും എവിടെയെങ്കിലും എപ്പോഴെങ്കിലും ജനങ്ങളെ ഏതെങ്കിലും നിലക്ക് ചൂഷണം നടത്താൻ ആർക്കെങ്കിലും വല്ലവിധേനയും ന്യായവും കാരണവും ആകുന്നുണ്ടോ എന്ന് നമ്മൾ സവിസ്തരം തന്നെ പരിശോധിക്കണം.
നമുക്ക് ഒന്നൊന്നായി എണ്ണിച്ചികഞ്ഞ് നോക്കാം.
യഥാർത്ഥത്തിൽ ചൂഷണം ചെയ്യുന്നതിനെയാണല്ലോ കാര്യമായും നാം സംശയിക്കേണ്ടതുംഎതിർക്കേണ്ടതും വിമർശിക്കേണ്ടതും കുറ്റംപറയേണ്ടതും നിഷേധിക്കേണ്ടതും?
അങ്ങനെ ചൂഷണം ചെയ്യുന്നവിധം എന്തെങ്കിലും കാര്യം ഇസ്ലാം നിശ്ചയിച്ചതിൽ എവിടെയെങ്കിലുംഉണ്ടെങ്കിൽ നമുക്ക് ചോദ്യംചെയ്യാം, വിമർശിക്കാം, നിഷേധിക്കാം, കുറ്റം പറയാം.
ഇസ്ലാം നിശ്ചയിച്ച ഏതെങ്കിലും കർമ്മങ്ങളോ അനുഷ്ഠാനങ്ങളോ ആരാധനാരീതികളോഅനുശാസനകളോ വല്ലവിധേനയും, മറ്റാർക്കെങ്കിലും മെച്ചമുണ്ടാകുംവിധം സാമ്പത്തികമായുംഅല്ലാതെയും ചൂഷണം ചെയ്യുന്നതാണോ എന്നറിയാം.
കാണിക്കയും ദക്ഷിണയും അഞ്ജലിയും അർച്ചനയും എന്നൊക്കെയുള്ള പേരുകളിൽവിശ്വാസികളിൽ നിന്നും പൈസപിരിച്ച് പുരോഹിതന്മാർക്കോ മതമേലധ്യക്ഷൻമാർക്കോജീവിതമാർഗ്ഗവും ആഡംബരംവും സാധിച്ചുകൊടുക്കുന്നതാണോ ഇസ്ലാം നിശ്ചയിച്ച ഏതെങ്കിലുംകർമ്മങ്ങളും അനുഷ്ഠാനങ്ങളും അരുതുകളും കല്പനകളും ആരാധനാരീതികളും എന്ന് നമുക്ക് ഒന്നൊന്നായി ചികഞ്ഞുനോക്കാം.
നമുക്ക് നോക്കാം.
- ഇസ്ലാമിന്റെ പള്ളികൾ : അത് വെറും തുറന്ന ഒരു ഹാൾ മാത്രം. ഒത്തുകൂടാനുള്ള ഹാൾ മാത്രം. ഉള്ളിൽ ഒരുതരം ചിത്രങ്ങളും ബിംബങ്ങളും ഇല്ലാതെ. ഭണ്ഡാരപ്പെട്ടി ഇല്ലാതെ. തന്ത്രിയുംപുരോഹിതനും ഇല്ലാതെ. പള്ളിയിൽ ചെന്ന് പൈസ ചിലവഴിച്ച് ചെയ്യേണ്ട, പ്രീതിപ്പെടുത്തേണ്ടഒരുതരം അർച്ചനകളും അഞ്ജലികളും ആരാധനാ-അനുഷ്ഠാന രീതികളും ഇല്ലാതെ. മതനേതാവായ പുരോഹിതനോ തന്ത്രിയോ കർമ്മിയോ ഇല്ലാതെ. ചെയ്യുന്നതൊക്കെയും ഓരോരുത്തരും കാണാത്ത ദൈവവുമായി നേരിട്ട് അവനവന് സാധിക്കും പോലെ മാത്രം നടത്തുന്നത്.
- മക്കയും മദീനയും : മേല്പറഞ്ഞ ഇതേ സംഗതി തന്നെ അവിടെയും. ഒത്തുകൂടാനുള്ള ഒഴിഞ്ഞഇടങ്ങൾ. ഒരുതരം ചിത്രങ്ങളും ബിംബങ്ങളും ഭണ്ഡാരപ്പെട്ടികളും ഇല്ലാതെ. തന്ത്രിമാരുംപുരോഹിതന്മാരും കർമ്മിമാരും ഇല്ലാതെ. പൈസ ചിലവഴിച്ച് ചെയ്യേണ്ട, പ്രീതിപ്പെടുത്തേണ്ടഒരുതരം അർച്ചനകളും അഞ്ജലികളും ആരാധനാ-അനുഷ്ഠാന രീതികളും ഇല്ലാതെ. ചെയ്യുന്നതൊക്കെയും ഓരോരുത്തരും കാണാത്ത ദൈവവുമായി നേരിട്ട് നടത്തുന്നത്. സാമ്പത്തിക ഇടപാടുകൾ ഇല്ലാത്തത്.
- ഏകദൈവ വിശ്വാസം : ഈ വിശ്വാസത്തിൽ എവിടെയാണ് ചൂഷണത്തിന് സാധ്യത? മനുഷ്യനെ പലവഴികളിൽ പല പ്രതീക്ഷകളുമായി പോയി ചൂഷണം ചെയ്യപ്പെടുന്നതിൽ നിന്ന് തടയുക മാത്രമല്ലേ ഏകദൈവവിശ്വാസം ചെയ്യുന്നത്? ഈ ഏകദൈവ വിശ്വാസത്തിൽ എവിടെയാണ്ചൂഷണം ചെയ്യുന്ന മതമേലധ്യക്ഷന്മാരും പുരോഹിതന്മാരും വരുന്നത്? എവിടെയുമില്ല. ഈ ഏകദൈവ വിശ്വാസം മറ്റെല്ലാം നിഷേധിച്ച് നിരീശ്വരവിശ്വാസത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നു. അവ്യക്തതകളിൽ കുടുങ്ങി അവിടെയും ഇവിടെയും ഉണ്ടെന്ന് കരുതി പലയിടങ്ങളിൽ പലരുടെ അടുക്കലും കുടുങ്ങി ചൂഷണം ചെയ്യപ്പെപെടുന്നത് ഒഴിവാക്കുന്നു ഏകദൈവ വിശ്വാസം. പ്രത്യേകിച്ചും ബിംബങ്ങളും ചിത്രങ്ങളും അർച്ചനകളും അഞ്ജലികളും പൂജകളും ഇല്ലാത്ത ഏകദൈവവിശ്വാസം. നിരീശ്വരവാദിയും യുക്തിവാദിയും ആവുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ കൂടുതൽ മനസ്സമാധാനത്തോടെ ഇസ്ലാമിലെ ഏകവിശ്വാസി നേടുന്നു എന്ന് മാത്രം.
- ബിംബാരാധ നിരോധം : ബിംബാരാധനകൾ നിരോധിക്കുന്നതിൽ എവിടെയാണ് ചൂഷണസാധ്യത? വിശ്വാസങ്ങൾ ചൂഷണോപാധിയാവുന്നത് ബിംബാരാധന നടക്കുമ്പോഴാണ്, ബിംബാരാധനക്ക് സാധ്യത കല്പിച്ചുകൊടുക്കുമ്പോഴാണ്. ആൾ ദൈവങ്ങൾക്ക് അരങ്ങ് വാഴാൻ സാധ്യത നൽകുമ്പോഴാണ്. ഇസ്ലാം അത് പൂർണമായും നിരോധിച്ചു.
- പൗരോഹിത്യ നിരോധം. പൗരോഹിത്യത്തെ നിരോധിക്കുന്നത് കൊണ്ട് എങ്ങനെയാണ് എവിടെയാണ് ചൂഷണസാധ്യത? വിശ്വാസികളെ ചൂഷണം ചെയ്ത് മാത്രം ജീക്കുന്നവരുംതടിച്ചുകൊഴുക്കുന്നവരുമാണ് പുരോഹിതന്മാരും തന്ത്രിമാരും. ഇസ്ലാം ഇത് പൂർണമായുംനിരോധിച്ചു. ഇസ്ലാമിൽ മനുഷ്യരിൽ ആരും ആരുടെയും മേലെയല്ല. മനുഷ്യനും പ്രാപഞ്ചികതതന്നെയായ ദൈവത്തിനുമിടയിൽ ഒന്നും ആരും ഇല്ല, ഒന്നും ആരും പാടില്ല.
- മദ്യനിരോധം: മദ്യം നിരോധിച്ചത് കൊണ്ട് എന്ത് ചൂഷണമാണ് നടക്കുക? ആർക്കും നഷ്ടമുണ്ടാക്കാതെ, വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയും ക്ഷേമവും അല്ലാതെ മദ്യത്തെ നിരോധിച്ചത് കൊണ്ട് ഇസ്ലാമിന് വേറെന്താണ് നേട്ടമാക്കാൻ സാധിക്കുക? ഒരു സമൂഹത്തെഅച്ചടക്കത്തോടെ, ദുർവ്യയമില്ലാതെ, കലഹങ്ങൾ ഇല്ലാതെ ആരോഗ്യപരമായി ആവത് മുന്നോട്ട്കൊണ്ടുപോകാനാകും എന്നതല്ലാതെ.
- ചൂതുകളി നിരോധം: ചൂതുകളി നിരോധിക്കുന്നത് കൊണ്ടും ഏതൊരു സമൂഹത്തെയും കൂടുതൽ കർമ്മോത്സുകാരാക്കാം എന്നതല്ലാതെ ഇസ്ലാമിന് ചൂഷണം ചെയ്യാൻ സാധിക്കില്ല. അധ്വാനിച്ചും ഉത്പാദിപ്പിച്ചും നേട്ടമുണ്ടാക്കേണ്ടവർ അങ്ങനെയല്ലാതെ ഊടുവഴികൾ തേടുന്നത് തടയുക എന്നാൽ ഏതൊരു സമൂഹത്തെയും കൂടുതൽ കൂടുതൽ അഭിവൃദ്ധിപ്പെടുത്തുക മാത്രം ചെയ്യും.
- പലിശ നിരോധം : (രാജ്യം നിശ്ചയിച്ച ബാങ്ക് ഇതിൽ വരില്ലെന്ന ഉത്തമബോധ്യത്തോടെ ) പലിശനിരോധം ഒരുനിലക്കും ചൂഷണം ചെയ്യാൻ ഉദ്ദേശിച്ചുള്ളത് എന്ന് ആർക്കും പറയാൻസാധിക്കില്ല. ഒരു സമ്പന്നനും തന്റെ സമ്പത്ത് വെച്ച് പാവപ്പെട്ടവനെ അവന്റെ ദാരിദ്ര്യം മുതലെടുത്ത് ചൂഷണം ചെയ്യാതിരിക്കാനുള്ള നിരോധം മാത്രം പലിശനിരോധം. പലിശനിരോധിച്ച ഇസ്ലാം അതേ സമയം പാവങ്ങളെ സഹായിക്കാനുള്ള സക്കാത്ത്നിർബന്ധമാക്കുകയും ചെയ്തു. സമ്പന്നന്റെ സമ്പത്തിൽ ചോദിച്ചുവരുന്നവനും അവസരം നിഷേധിക്കപ്പെട്ടവനും അവകാശമുണ്ടെന്ന് ഖുർആൻ വ്യക്തമാക്കി.
- സക്കാത്ത് നിർബന്ധം : പാവങ്ങളെ സഹായിക്കാനുള്ള സക്കാത്ത് നിർബന്ധമാക്കിയത് കൊണ്ട്എന്ത് ചൂഷണമാണ് ഇസ്ലാം നടത്തുന്നത്? സക്കാത്ത് കൊടുക്കുന്നത് മതമേലധ്യക്ഷൻമാർക്കുംതന്ത്രിമാർക്കും പുരോഹിതന്മാർക്കും അല്ല. ഇസ്ലാമിൽ അങ്ങനെയുള്ള മതമേലധ്യക്ഷൻമാരുംതന്ത്രിമാരും കർമ്മിമാരും പുരോഹിതന്മാരും ഇല്ല. സക്കാത്ത് കൊടുക്കുന്നത് കൃത്യമായുംഎണ്ണപ്പെട്ട എട്ട് വിഭാഗങ്ങൾക്കാണ്. പോരാത്തതിന് ഖുർആൻ വളരെ വ്യക്തമാക്കിപ്പറഞ്ഞു: “അവരുടെ സമ്പത്തിൽ ചോദിച്ചുവരുന്നവർക്കും അവസരം നിഷേധിക്കപ്പെട്ടവർക്കും (ഔദാര്യമല്ല) അവകാശമുണ്ട്.” (ഖുർആൻ)
- പന്നി ഇറച്ചി നിരോധിച്ചത്: പന്നി ഇറച്ചി നിരോധിച്ചത് വിശ്വാസികളെ ചൂഷണം ചെയ്യാനാണ് എന്ന്ആർക്കെങ്കിലും കരുതാനാവുമോ ? ആരോഗ്യവും വൃത്തിയും ഉദ്ദേശിച്ചുള്ള ഒരു നിരോധം. അത്രമാത്രം. പന്നി ഇറച്ചി നിരോധിച്ചത് കൊണ്ട് ഇസ്ലാംമതത്തിനും ഇസ്ലാമിൽ ഒരുനിലക്കും ഇല്ലാത്ത പുരോഹിതന്മാർക്കും മതമേലധ്യക്ഷൻമാർക്കും എന്ത് നേട്ടം?
- അറവ് നിർബന്ധമാക്കിയത്: അറുക്കാതെ കിട്ടുന്ന ഇറച്ചി, ചത്ത ശവവും രക്തവും നിരോധിച്ചു. അതും അറുക്കേണ്ടത് കൃത്യമായും എങ്ങനെയെന്ന നിർദ്ദേശത്തോടെ. ഇതും ചൂഷണംചെയ്യാനാണെന്ന് എങ്ങനെ വരും? മനുഷ്യനെ എല്ലാ മേഖലയിലും കൈപിടിച്ച് വഴിനടത്തുന്നത്മാത്രമല്ലേ ഇതും? എന്തെങ്കിലും മാത്രം പറഞ്ഞ് വിശ്വസിപ്പിച്ചും ചെയ്യിപ്പിച്ചും മനുഷ്യനെപെരുവഴിയിൽ അവ്യക്തതയിൽ അലയാൻ വിടുന്നില്ല ഇസ്ലാം എന്നുമാത്രമല്ലെ ഇതിന്റെയൊക്കെ അർത്ഥം?
- മഹർ നിർബന്ധമാക്കൽ: വിവാഹം ഒരു കരാർ ആണെന്നും വിവാഹം ചെയ്യുമ്പോൾ സ്ത്രീക്ക് അങ്ങോട്ട് പൈസ/സമ്പത്ത് കൊടുക്കണമെന്നും നിർബന്ധമാക്കിയതിൽ മതപരമായ ചൂഷണം എന്താണ് ഉള്ളത്? സ്ത്രീയെ ശക്തിപ്പെടുത്തുന്നു എന്നത് മാത്രമല്ലേ അത്? കാലാകാലമായി സ്ത്രീയിൽ നിന്നും ഇങ്ങോട്ട് പുരുഷന്മാർ വാങ്ങുന്ന സ്ത്രീധനം ആയിരുന്നു ഉണ്ടായിരുന്നത്. ഇസ്ലാം അതിനെ തലകീഴ്മറിച്ചു. സ്ത്രീ ആവശ്യപ്പെടുന്ന എന്ത് വലിയ തുകയും പുരുഷൻ മഹാറായി (സ്ത്രീധനമായി) അങ്ങോട്ട് നൽകണം എന്ന് വെച്ചു. തീർത്തും വിപ്ലവകരമായ മാറ്റം.
- വിവാഹ/വിവാഹമോചന നിയമങ്ങൾ: ആദ്യമായി വിവാഹ/വിവാഹ മോചന നിയമങ്ങൾ കൃത്യമായും വ്യക്തമായും ഉണ്ടാക്കിക്കൊടുത്തതിൽ മതചൂഷണത്തിനുള്ള സാധ്യത എവിടെ? ഇസ്ലാമിൽ വിവാഹത്തിന് പോലും നാല് സാക്ഷി മാത്രം മതി. മതമേലധ്യക്ഷൻമാരും തന്ത്രിമാരും പുരോഹിതന്മാരും കർമ്മിമാരും ഇല്ലാത്ത ഇസ്ലാം വിവാഹം നടാത്താൻ ഒരു മതമേലധ്യക്ഷനും തന്ത്രിയും പുരോഹിതനും കർമ്മിയും വേണ്ടെന്നും വെച്ചു. വിവാഹമോചനം നടത്താനുള്ള അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ നൽകി. ഏത് കാലം മുതൽ? അങ്ങ് ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ് മുതൽ.
- സ്വത്തവകാശം/ അനന്തരാവകാശം : സ്ത്രീക്കും പുരുഷനും സ്വത്തവകാശവും അനന്തരാവകാശവും നൽകി. ഏത് കാലം മുതൽ? അങ്ങ് ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ് മുതൽ. ലോകമാസകലം പുരുഷന് മാത്രം സ്വത്തവകാശം ഉണ്ടായിരുന്ന കാലം മുതൽ. ഇങ്ങ് യൂറോപ്പിലടക്കം ഈയടുത്ത കാലം വരെ പുരുഷന് മാത്രമായിരുന്നു സ്വത്തവകാശവും അനന്തരാവകാശവും ഉണ്ടായിരുന്നത് എന്നത് ഇതോടൊപ്പം കൂട്ടിവായിക്കണം. സ്വത്തവകാശവും അനന്തരാവകാശവും സ്ത്രീക്കും കൂടി നൽകിയതിൽ മതം നടത്തുന്ന എന്ത് ചൂഷണമാണ് ഉള്ളത്? ഏത് മതമേലധ്യക്ഷനും പുരോഹിതനും തന്ത്രിയും കർമ്മിയും ആണ് ഈയൊരു നിയമം കൊണ്ട് നേട്ടമുണ്ടാക്കുന്നത്, തടിച്ചുകൊഴുക്കുന്നത്?
- സ്ത്രീക്ക് പുരുഷന്റെ പകുതി അനന്തിരാവകാശം എന്നത് : ഇതിലും എവിടെയാണ് മതചൂഷണം? മതത്തിന് ഇതിലെവിടെയാണ് നേട്ടം? എന്തുകൊണ്ട് സ്ത്രീക്ക് പുരുഷന്റെ പകുതിയെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പോകും. സ്ത്രീയെ അവൾ മാത്രമായി ഒറ്റപ്പെട്ട് മാത്രം കാണുന്നവർക്ക് തീർച്ചയായും അത് തോന്നും. അപ്പുറത്ത് അവളുടെ ഭർത്താവിന് ഇരട്ടി കിട്ടുന്നുണ്ടെന്നത് അവർ ഓർക്കില്ല. അപ്പോൾ സംഗതി തുല്യമാവുമല്ലോ എന്നതും അവർ ഓർക്കില്ല. ഇസ്ലാം സ്ത്രീയെയും പുരുഷനെയും വേറെവേറെയായല്ല കാണുന്നത്? ഇണകളായാണ്, ജോഡിയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ രണ്ടാളും ഒരുമിച്ച് ഒരു കുടുംബമാവുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് നോക്കേണ്ടത്. അവിടെ ഇരട്ടി കിട്ടി വന്ന ആണായ ഭർത്താവും പകുതി കിട്ടി വന്ന സ്ത്രീയായ ഭാര്യയും ഉണ്ട്. സംഗതി തുല്യമാവും. എന്നിട്ടും ചോദ്യമുയരാം. എന്നാലും എന്തുകൊണ്ട് പുരുഷന് കൂടുതൽ എന്ന ചോദ്യം. സ്ത്രീയായ ഭാര്യക്കും കുടുംബത്തിനും വേണ്ടി ചിലഴിക്കേണ്ട ബാദ്ധ്യതയും ഉത്തരവാദിത്തവും മുഴുവൻ പുരുഷനാണ് ഇസ്ലാം ഏല്പിച്ചുകൊടുത്തത് എന്നത് അതോടൊപ്പം കൂട്ടിച്ചായിക്കണം. ഒരു ഘട്ടത്തിലും സ്ത്രീയുടെ സമ്പത്ത് തൊടാൻ പോലും പുരുഷന് അനുവാദമില്ലാതെ.
- ബഹുഭാര്യത്വം: ഇക്കാര്യത്തിൽ സംശയമുണ്ടാവാം. നീതി നടപ്പാക്കാൻ എന്ന നിബന്ധന വെച്ച് നൽകിയ അനുവാദമാണ് ബഹുഭാര്യത്വം. നീതിയാണ്, നീതിയായിരിക്കണം ബഹുഭാര്യത്വത്തിന് കാരണമെന്ന് ഖുർആൻ കൃത്യമായും അനുശ്വാസിക്കുന്നു. “നീതി ചെയ്യാൻ പറ്റില്ലെന്ന് നിങ്ങൾ ഭയക്കുന്നുവെങ്കിൽ….. (ഖുർആൻ) എന്ന് നിബന്ധന വെച്ചുകൊണ്ടാണ് ഖുർആൻ ബഹുഭാര്യത്വം അനുവദിക്കുന്നത്. ബഹുഭാര്യത്വം നിർബന്ധമാക്കിയതല്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ നീതിയും സംരക്ഷണവും ഉറപ്പാക്കാൻ അനുവദിച്ചത് മാത്രമാണ്. അതും സ്ത്രീയുടെയും മക്കളുടെയും മുഴുവൻ സംരക്ഷണ/സാമ്പത്തിക ചുമതലയും പുരുഷനെ ഏല്പിച്ചുകൊണ്ടാണ് ഈ സോപാധിക അനുവാദം. എങ്കിൽ സംശയം വരും: എന്തുകൊണ്ട് ബഹുഭർതൃത്വമനുവദിച്ചില്ല എന്ന്. ഒരു സമൂഹത്തിലും സ്ത്രീക്ക് സംരക്ഷണ സാമ്പത്തിക ചുമതല ഇല്ല. സംരക്ഷണ സാമ്പത്തിക ചുമതല ഇല്ലാത്ത സ്തീക്ക് ബഹുഭർതൃത്വം അനുചാദിച്ചുകൊടുക്കുന്നത് എങ്ങനെ? പോരാത്തതിന് പിതൃത്വം സംശയത്തിന്റെ നിഴലിൽ വരും. ഒന്ന് ഗർഭിണിയായാൽ ഒന്നോ രണ്ടോ വർഷത്തിലേക്ക് കുടുങ്ങിപ്പോകുന്ന സ്ത്രീക്ക് എങ്ങനെ ഒന്നിലധികം പുരുഷന്മാരെ ആ സമയങ്ങളിൽ ലൈംഗികമായും അല്ലാതെയും കണ്ടുനടക്കാനും സംതൃപ്തിപ്പെടുത്താനും സാധിക്കും?
- ബലി അറുക്കുന്നത്: ജനങ്ങൾക്ക് ഭക്ഷിക്കാൻ വേണ്ടി വിതരണം ചെയ്യുന്ന കോലത്തിൽ മാത്രമാണ് ഇസ്ലാം ബലിയറുക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. (അവയിലെ ഇറച്ചിയോ രക്തമോ അല്ലാഹുവിന് കിട്ടില്ല (വേണ്ടതില്ല). അല്ലാഹുവിന് കിട്ടുന്നത് (വേണ്ടത്) നിങ്ങളിൽ നിന്നുള്ള സൂക്ഷ്മതാബോധം മാത്രം (ഖുർആൻ). ഇസ്ലാമിന് സാമ്പത്തികമോ അല്ലാത്തതോ ആയ ഒരു നേട്ടവും ബലി അറുക്കുന്നത് കൊണ്ട് ഇല്ല. ആ നിലക്ക് ബലിമൃഗം വാങ്ങേണ്ട, അതിന് വേണ്ടി പൈസ അടക്കേണ്ട ഒരു കൗണ്ടർ ഇസ്ലാം എവിടെയും സ്ഥാപിച്ചിട്ടില്ല, സ്ഥാപിക്കാൻ നിർദേശിച്ചിട്ടില്ല. ബലിഅറുക്കുന്നത് കൊണ്ട് നേട്ടമുണ്ടാക്കുന്ന ഒരുതരം പുരോഹിതനും മത മേലധ്യക്ഷനും ഇസ്ലാമിൽ ഇല്ല.
- ഫിത്വർ സക്കാത്ത്: നോമ്പ് കഴിഞ്ഞ് വരുന്ന പെരുന്നാളിന് വേണ്ടി ശവ്വാൽ മാസപ്പിറവി കാണുന്നതോടെ, രാവിലെ പെരുന്നാൾ നിസ്കാരം നടത്തുന്നതിന് മുൻപ് സാമ്പത്തികമായി ശേഷിയുള്ള ഓരോ വിശ്വാസിയും പാവങ്ങൾക്കായി രണ്ടര കിലോ ധാന്യം വിതരണം ചെയ്യുന്ന കർമ്മമാണ്/ ധർമ്മമാണ് ഫിത്വർ സക്കാത്ത്. അന്നത്തെ ചിലവും കഴിച്ച് സാമ്പത്തികമായി ബാക്കിയുള്ള ഓരോരുത്തരും നൽകണം. ഓരോരൊരുത്തരുടെയും തലയെണ്ണി ഒരാളുടെ മേൽ രണ്ടരകിലോ ധാന്യം പാവങ്ങൾക്കായി നൽകണം. ഇതാണ് ഫിത്വർ സക്കാത്ത്. ഇതിൽ എവിടെയാണ് ചൂഷണം? ഇതുകൊണ്ട് ആര് ആരെയാണ് ചൂഷണം ചെയ്യുന്നത്? സാമൂഹ്യനീതിയും സംരക്ഷണവും ഉറപ്പ് വരുത്തുന്ന മറ്റൊരു ഏർപ്പാട് എന്നതിനപ്പുറം ഇതിലൊന്നും ഇസ്ലാം ചൂഷണം നടത്തുന്നില്ല, ഉദ്ദേശിക്കുന്നില്ല.
- ഹജ്ജ്, നോമ്പ്, നിസ്കാരം: ഇതൊക്കെയും ഇസ്ലാം നിശ്ചയിച്ച നിർബന്ധ കർമ്മങ്ങളാണ്, അനുഷ്ഠാനങ്ങളാണ്. മുസ്ലീമാവാൻ ഇവയൊക്കെയും ചെയ്യുക നിർബന്ധവുമാണ്. പക്ഷേ ഇതിലൊന്നും എവിടെയും ചൂഷണമില്ല, സാമ്പത്തികമായി ചൂഷണം ചെയ്യാൻ വേണ്ട സാമ്പത്തിക ഇടപാടുകളില്ല. കാണിക്കയും ദക്ഷിണയും വെക്കുന്ന പരിപാടികളില്ല. പൈസ വാങ്ങുന്ന തന്ത്രിയും പൂജാരിയും പുരോഹിതനും കർമ്മിയും ഭണ്ഡാരപ്പെട്ടിയും ഇല്ല. അഞ്ജലികളും അർച്ചനകളുമായി നടത്തുന്ന ഒന്നുമില്ല. ചൂഷണം ചെയ്യുന്ന മേലധികാരികളും മേലധ്യക്ഷന്മാരും ഇല്ല. ഇവയൊക്കെയും വിശ്വാസിയുടെ സർവ്വാത്മനായുള്ള അനുസരണവും സമർപ്പണവും ഉറപ്പുവരുത്തുന്ന വെറും കർമ്മങ്ങൾ, ഒറ്റക്കൊറ്റയ്ക്കും കൂട്ടമായും നടത്തുന്ന അനുഷ്ഠാനങ്ങൾ.

.jpg)
No comments:
Post a Comment