മെഡിക്കൽ രംഗം എന്തോ വലിയ സംഗതിയാണെന്ന് തെറ്റിദ്ധരിച്ച്, സ്വപ്നം കണ്ട്, നീറ്റ് ലക്ഷ്യമാക്കി ബയോളജി സയൻസ് എടുക്കുന്ന മഹാഭൂരിപക്ഷം കുട്ടികളും ഒന്നുമല്ലാതായി ഒടുങ്ങുന്നത്:
എന്തോ വലിയ സംഗതിയാണെന്ന് തെറ്റിദ്ധരിച്ച് തീയിലേക്ക് ആകൃഷ്ടരായി വളരെ ആവേശപൂർവ്വം വന്നലച്ചുവീണ് സ്വയം കത്തിയെരിഞ്ഞ് നശിക്കുന്ന മഴപ്പാറ്റകളെ പോലെ മാത്രം.
ഏറ്റവും കഴിവുള്ളവരും ഒട്ടും കഴിവില്ലാത്തവരും ഇക്കാര്യത്തിൽ ഒരുപോലെ.
മെഡിക്കൽ വിദ്യാഭ്യാസ രംഗം അതിന് മാത്രമില്ല, അതിന് മാത്രം വലുതല്ല, അതിന് മാത്രം ബുദ്ധിയും സിദ്ധിയും ആവശ്യപ്പെടുന്നില്ല എന്നറിയാത്തത് കൊണ്ട്.
തങ്ങളുടെ കഴിവിനും സിദ്ധിക്കും ബുദ്ധിക്കും അനുസരിച്ച മറ്റ് രംഗങ്ങൾ കണ്ടെത്താത്തതും തെരഞ്ഞെടുക്കാത്തതും കൊണ്ട്.
പത്താം ക്ലാസ്സും പ്ലസ്റ്റുവും കഴിയുമ്പോഴും അതിനിടയിലും കുട്ടികളുടെ ഇഷ്ടവും കഴിവും കണ്ടെത്താനോ മനസ്സിലാക്കാനോ അധ്യാപകർക്കോ മാതാപിതാക്കൾക്കോ കുട്ടികൾക്ക് തന്നെയോ സാധിക്കുന്നില്ല.
ഇഷ്ടമെന്ന് കുട്ടികൾ പറയുന്നത് മുഴുവൻ മിക്കപ്പോഴും അവരുടെ മേലുള്ള വെറും സ്വാധീനങ്ങളും ആരുടെയൊക്കെയോ നിഴലുകളും മാത്രം.
കേരളത്തിൽ പഠിക്കുമ്പോൾ പ്രത്യേകിച്ചും വെറും വെറുതേ കിട്ടുന്ന, വാരിക്കോരി കൊടുക്കുന്ന കുറെ മാർക്കുകളും എപ്ലസുകളും അവരെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചിക്കുന്നതും കൊണ്ടുകൂടി.
കോച്ചിങ് സ്ഥാപനങ്ങൾ ഉണ്ടാക്കിയെടുത്ത ഹൈപ്പും പരസ്യങ്ങളും ഉണ്ടാക്കിയ ഒരേറെ സ്വാധീനങ്ങൾ വേറെ .
ഫുൾ എപ്ലസ് ആണോ പെൺകുട്ടിയാണോ എന്നാൽ ബിയോളജി സയൻസ്, നീറ്റ് എന്ന ഇക്വേഷൻ തന്നെ ഇവിടെയുണ്ട്.
പിന്നേയുള്ളത്, ചെറുപ്പം മുതൽ സമൂഹത്തിൽ നിന്നും ചുറ്റുപാടിലെ നിത്യജീവിത കാഴ്ചകളിൽ നിന്നും കുട്ടികളിൽ അവർ പോലും അറിയാതെ, തിരിച്ചറിയാതെ കയറിവരുന്ന സ്വപ്നങ്ങളാണ്, സ്വാധീനങ്ങളാണ്.
കുട്ടികളിൽ അവ പ്രധാനമായും ആറ് പ്രാഥമിക സ്വപ്നങ്ങളായി തുടങ്ങുന്നു.
എല്ലാ കുട്ടികളും ഏറെക്കുറെ അവരുടെ കുട്ടിക്കളികൾക്കിടയിൽ എപ്പോഴെങ്കിലുമൊക്കെ അനുകരിച്ച് കളിച്ചുകാണിക്കുന്നതുമാണ് ഈ ആറ് പ്രാഥമികസ്വപ്നങ്ങൾ.
വളരെ പ്രാഥമികമായവ.
ഡ്രൈവർ, കച്ചവടക്കാരൻ, ടീച്ചർ, പോലിസ് മാതാപിതാക്കൾ, ഡോക്ടർ.
എല്ലാ കുട്ടികളും അവരുടെ കുട്ടിക്കാലങ്ങളിൽ എപ്പോഴെങ്കിലും ഈ രംഗങ്ങളിൽ ഓരോന്നും പല വേളകളിൽ വേഷംകെട്ടി കളിച്ചുകാണിച്ചിട്ടുണ്ടാവും.
നിത്യജീവിതത്തിൽ അവരുടെ നിത്യകാഴ്ചകളായ ഈ ആറ് കാര്യങ്ങളല്ലാതെ ബാക്കിയൊന്നും കുട്ടികൾ പലപ്പോഴും ആദ്യമാദ്യം കണ്ടിട്ടുമുണ്ടാവില്ല, അവർ ഒരിക്കലും അനുകരിച്ച് കുട്ടിക്കളിയായി കളിച്ചിട്ടുമുണ്ടാവില്ല.
ഈ ആറ് പ്രാഥമിക സ്വപ്നങ്ങളിൽ നിന്നും അരിച്ചരിച്ച് കാര്യമായും മെല്ലെമെല്ലെ ബാക്കിയാവുന്ന ഒരേയൊരു സ്വപ്നമാണ് ഡോക്ടർ.
തൊട്ടുപുറകിൽ ടീച്ചർ, പോലിസ്.
മാതാപിതാക്കളിൽ നിന്നും ചുറ്റുപാടിൽ നിന്നും കിട്ടുന്ന സമ്മർദ്ദവും സ്വപ്നവു കൂടി ചേരുമ്പോൾ ഡോക്ടർ മാത്രം കാര്യമായും ബാക്കിയാവും.
പ്രത്യേകിച്ചും പത്താം ക്ലാസ് കഴിയുന്ന ആദ്യഘട്ടത്തിൽ.
ഡോക്ടർ സ്വപ്നം ഏതൊരു കുട്ടിയിലും ഇത്രക്ക് ബാക്കിയാവുന്നത് അവരുടെ ബുദ്ധിയും കഴിവും സിദ്ധിയും സാമൂഹ്യസേവന മനസ്സും വെച്ചല്ല.
ഡോക്ടർ രംഗം മാത്രം അത്രക്ക് ബുദ്ധിയും കഴിവും സിദ്ധിയും വേണ്ട രംഗം ആയത് കൊണ്ടല്ല. എല്ലാ തരം കഴിവിനും സിദ്ധിക്കും ബുദ്ധിക്കും ഒരുപോലെ ചേരുന്നതാണ് ഡോക്ടർ രംഗം എന്നത് കൊണ്ടുമല്ല.
പകരം ഡോക്ടറായാൽ കിട്ടുമെന്ന് ധരിക്കുന്ന (ഇപ്പോൾ എടുത്തുപറഞ്ഞാൽ: തെറ്റിദ്ധരിക്കുന്ന) പരസ്യമായ പണം, പത്രാസ്.
അതല്ലാതെ പ്രത്യേകിച്ച് കൂടുതൽ ബുദ്ധിയും കഴിവും സിദ്ധിയും വേണ്ട, നമ്മുടെ കുട്ടികൾക്കിടയിലെ ഏറ്റവും കഴിവും ബുദ്ധിയും സിദ്ധിയും ഉള്ളവർ വല്ലാതെ മൽസരിച്ച് പോകേണ്ട മേഖലയും അല്ല ഡോക്ടർ മേഖല.
കൃത്യമായി പറഞ്ഞാൽ വെറും സാമാന്യബുദ്ധി മാത്രം വേണ്ട മേഖല മാത്രം ഡോക്ടർ മേഖല.
പ്രത്യേകിച്ചും ഡോക്ടർ ആയിക്കഴിഞ്ഞാൽ ബുദ്ധി തീരെ പ്രയോഗിക്കേണ്ടതില്ലാത്ത, ചിതലരിച്ച് പൈസ മാത്രം ലക്ഷ്യമാക്കി അലസമായിരിക്കേണ്ട, ഒരു തരം ബുദ്ധിപരതയും പ്രദർശിപ്പിക്കേണ്ടതില്ലാത്ത മേഖല.
മെഡിക്കൽ കമ്പനികൾ ഉണ്ടാക്കുന്ന മരുന്നുകൾ മെഡിക്കൽ പ്രതിനിധികൾ വന്ന് പരിചയപ്പെപ്പെടുത്തുന്നത് പോലെ നൽകേണ്ടുന്ന ലളിതമായ പണി.
ഒരുതരം കണ്ടുപിടിത്തവും പുരോഗതിയും സ്വന്തമായി ഉണ്ടാക്കേണ്ടാത്ത രംഗം.
രോഗിയുടെ വിവരക്കേട് മാത്രം ന്യായമാകുന്ന രംഗം.
ഒരു മൊബൈൽ ഷോപ്പുകാരൻ മൊബൈൽ നിർദേശിക്കുന്നത്ര പോലും പ്രയാസമില്ലാത്തത്.
വെറും വെറുതെ യൂസർ എൻഡിൽ (ഇപഭോക്താവിന്റെ അറ്റത്ത്) നിന്ന് ചെയ്യാവുന്നത്. (സൂപ്പർ സ്പെഷ്യൽസ്റ്റുകളെ വേണമെങ്കിൽ മാറ്റിനിർത്താം).
എഐ കടന്നുവന്നാൽ ഡോക്ടർ ആവശ്യമല്ലാതാവുകയാണ് ഈ കാലത്ത് എന്നത് കൂടി കൂട്ടിവായിക്കണം. എല്ലാവരും ഡോക്ടർമാരാവുന്ന കാലമാണ് ഇനി വരുന്നത്. അല്ലെങ്കിലും രോഗനിർണ്ണയത്തിൽ ഡോക്ടർക്കു പങ്കില്ല. ലാബ് ടെക്നീഷൻ ആണ് രോഗം കണ്ടെത്തുന്നത്. മരുന്ന് തീരുമാനിക്കുന്നത് കമ്പനികൾ.
രോഗിക്കുണ്ടാവുന്ന അപകടങ്ങളും മരണങ്ങളും തിരിച്ചടികളും ഏറെക്കുറെ രോഗിയുടെ രോഗം തന്നെയെന്ന് വിവരംകെട്ട രോഗികൾ തെറ്റിദ്ധരിക്കും എന്നതിനാൽ പ്രത്യേകിച്ചും.
എന്തുകൊണ്ടോ ഈ രംഗത്തേക്ക് ജനങ്ങൾ ഇടിച്ചുതള്ളിവരുന്നത് കൊണ്ട് നീറ്റ് കടന്നുപോകുക പ്രയാസമാകുന്നു എന്നത് ആ രംഗം വല്ലാത്ത ബുദ്ധിയും കഴിവും സിദ്ധിയും ആവശ്യപ്പെടുന്ന രംഗം എന്ന് വരുത്തുന്നു.
മെഡിക്കൽ കോളേജുകളുടെ എണ്ണം കുറവായത് കൊണ്ട് കിട്ടാനുള്ള ആനുപാതികസാധ്യത കുറവായത് കൊണ്ടും മത്സരം കടുക്കുന്നു.
എന്നത് കൊണ്ടും രംഗം വല്ലാത്ത ബുദ്ധിയും കഴിവും സിദ്ധിയും ആവശ്യപ്പെടുന്ന രംഗം എന്ന് വരുത്തുന്നു.
ഈ രംഗം തെരഞ്ഞെടുക്കുമ്പോൾ സാമൂഹ്യസേവനം എന്ന താല്പര്യം യഥാർത്ഥത്തിൽ ഏതെങ്കിലും കുട്ടിയുടെയോ മാതാപിതാക്കളുടെയോ മനസ്സിന്റെ ഏഴയലത്തില്ല
സാമൂഹ്യസേവനം എന്ന താല്പര്യം ഏഴയലത്തുണ്ടാകുമായിരുന്നെങ്കിൽ മദർതരേസമാർ ആവാനുള്ള കോഴ്സുകൾ ഏറെ ഉണ്ടാകുമായിരുന്നു, അത്തരം കോഴ്സുകൾക്കും ഇതേ ഇടിച്ചുതള്ളുണ്ടാകുമായിരുന്നു.
ഡോക്ടർ സ്വപ്നം മാത്രം കുട്ടികളിൽ ബാക്കിയാവാൻ പ്രധാനമായും ചില നേരിട്ടുള്ള കാരണങ്ങൾ പിന്നെയുമുണ്ട്.
1. ശാസ്ത്രജ്ഞരും വക്കീലും ഫിനാൻഷ്യൽ സ്പെഷലിസ്റ്റും ചാർട്ടേർഡ് അക്വൗണ്ടന്റും ഐഎസ്സും ഐപിഎസ്സും ഇക്കണോമിസ്റ്റും എഞ്ചിനിയറും അങ്ങനെയുള്ള നൂറായിരം മേഘകകളും കുട്ടികളുടെ നിത്യജീവിത കാഴ്ചകളല്ല എന്നത് കൊണ്ട്.
2. എല്ലാ കുട്ടികളും പലപ്പോഴും രോഗികളായി തുടങ്ങുന്നു എന്നതിനാൽ കുട്ടിപ്രായത്തിൽ രൂപപ്പെടുന്ന ഉപബോധമനസ്സിൽ ഡോക്ടർ കയറിനിൽക്കുന്നു.
3. എല്ലാ കുട്ടികളും പലപ്പോൾ ഡോക്ടറുടെ അടുക്കൽ പോകാനിടയായിട്ടുണ്ട്.
4. ഡോക്ടറെയാണ് മാതാപിതാക്കൾ കാര്യമായും ബഹുമാനപൂർവ്വം കാത്തുനിൽക്കുന്നത് കുട്ടികൾ കണ്ടത്.
5. മാതാപിതാക്കൾ നേരിട്ട് പൈസ കൊടുക്കുന്നത് കുട്ടികൾ കണ്ടത് ഡോക്ടർക്കാണ്.
ഏറെക്കുറെ പിന്നീട് തിരുത്താൻ സാധിക്കാത്ത വിധം രൂപപ്പെടുന്ന ഉപബോധമനസ്സിനെ സ്വാധീനിക്കാൻ ഇതിനപ്പുറം എന്ത് വേണം.
അല്ലാതെ, മിക്കവാറും കുട്ടികൾ തനിക്ക് ഡോക്ടറാവണം എന്ന് പറയുന്നത് രംഗം മനസ്സിലാക്കിയത് കൊണ്ടോ, ഇഷ്ടപ്പെട്ടത് കൊണ്ടോ, തന്റെ ബുദ്ധിയും സിദ്ധിയും ഡോക്ടറാവാൻ പറ്റിയതാണെന്ന് മനസ്സിലാക്കിയത് കൊണ്ടോ അല്ല.
അതിലേറെ മനസ്സിലാക്കേണ്ടത് ഏറ്റവും ബുദ്ധിയും കഴിവും വേണ്ട മേഘലയല്ല ഡോക്ടർ രംഗം എന്നതാണ്.
ഒരുപക്ഷേ സാമാന്യമായ കഴിവും ബുദ്ധിയും ഒപ്പം നേർവിപരീതമായി തീരെ ഇല്ലാതെപോയ ഏറെ അർപ്പണബോധവും അനുകമ്പയും സഹാനുഭൂതിയും സഹായ സേവന മനസ്സും വേണ്ട മേഖലയാണ് ഡോക്ടർരംഗം.
എത്രയെല്ലാം നല്ല മെഡിക്കൽ കോളജിൽ പഠിച്ചാലും ശിഷ്ടഫലം ഒന്നാണ്.
ഏറെക്കുറെ 30 വയസ്സ് തികയാതെ ഒരു തുടക്കക്കാരായി പോലും ആർക്കും ഡോക്ടറാവാൻ കഴിയില്ല എന്നത് ഈ രംഗത്തിന്റെ വലിയ പരിമിതിയാണ്.
ഈ കാര്യം പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും, അവരുടെ വിവാഹ ജീവിതത്തിന്റെയും തന്നെയായ, അവരാദ്യം തിരിച്ചറിയാത്ത പരിപ്രേക്ഷ്യത്തിൽ നിന്ന് തന്നെ നോക്കിക്കാണണം.
പ്രത്യേകിച്ചും പെൺകുട്ടികൾ “മഴപ്പാറ്റകൾ തീയിലേക്ക്” എന്ന പോലെ അടിച്ചുകയറുന്ന ഈ രംഗത്ത് എന്തെങ്കിലുമായി തുടങ്ങാൻ മുപ്പത് വയസ്സ് കഴിയണം എന്നത് വല്ലാത്ത ദൈർഘ്യമാണ്.
സമർത്ഥമായി പഠിക്കുന്ന ഒരു ബിടെക് വിദ്യാർത്ഥി നല്ല കാമ്പസിൽ പഠിച്ചാൽ വെറും 22 വയസ്സാകുമ്പോഴേക്കും വലുതായി തന്നെ രക്ഷപ്പെട്ടു സെറ്റിൽ ആവും എന്ന യാഥാർത്ഥ്യത്തെ മുഖാമുഖം വെച്ചു കൊണ്ടുവേണം ഈ മെഡിക്കൽ രംഗത്തെ ഈ ദൈർഘ്യത്തിലെ അപകടത്തെ ഒന്നുകൂടി മനസ്സിലാക്കാൻ.
എഞ്ചിനീയറിംഗ് രംഗം ബിരുദം എടുക്കുന്നതിൽ തന്നെ കൂടുതൽ വൈവിധ്യങ്ങളും തെരഞ്ഞെടുപ്പുകളും രംഗങ്ങളും കോളേജ്കളും ഉള്ളത് കൂടിയാണെന്ന് വരുമ്പോഴുള്ള സാധ്യത വേറെയും.
ഇതിനൊക്കെ പുറമെയാണ് മെഡിക്കൽ പഠനകാലത്തെയും ഹൗസ് സർജൻസി ഘട്ടത്തിലെയും 24 ഉം 36 ഉം മണിക്കൂറൊക്കെ നീണ്ടുനിൽക്കുന്ന പട്ടിപ്പണിയും. ഒരു മെച്ചവും ഇല്ലാതെയുള്ള ചൂഷണം.
അതിനുമപ്പുറമാണ് നീറ്റ് കിട്ടാതെ കൊഴിഞ്ഞുപോകുന്നവർ.
എവിടെയും എത്താതെ പോകുന്ന അങ്ങേയറ്റം ദുഃഖമുണർത്തുന്ന പരിതാപകരമായ അവസ്ഥ.
“ഇല്ലത്ത് നിന്ന് വിട്ടു അമ്മാത്ത് എത്തിയില്ല” എന്ന അവസ്ഥ.
ഒന്നും ചെയ്യാൻ സാധിക്കാതെ.
അവസാനം പാരാ മെഡിക്കൽ എന്ന, ഒരിക്കലും തൈ വളർന്നു മരമായി തീരാത്ത , എപ്പോഴും തൈ മാത്രം തന്നെയായി അവശേഷിപ്പിക്കുന്ന, ചെറിയ ഉയരമില്ലാത്ത മേൽക്കൂര ആകാശമായുള്ള രംഗങ്ങൾ.
നീറ്റിലൂടെ മാത്രം എംബിബിഎസും എംഡിയും എടുത്ത, ഇതൊക്കെ നേരിട്ടനുഭവിച്ച് ഡോക്ടറായ ഈയുള്ളവന്റെ അടുത്ത ബന്ധു കൂടിയായ, അങ്ങെയറ്റം കഴിവും സിദ്ധിയും ഉള്ള ഒരു പെൺകുട്ടി (ഒരു പെൺ ഡോക്ടർ) ഈയുള്ളവനോടടക്കം ആശ്ചര്യപ്പെട്ടു ചോദിച്ചിരുന്നു, പറഞ്ഞിരുന്നു:
“ഇതാരാണ് പറഞ്ഞുപരത്തിയത് മെഡിക്കൽ രംഗം പെൺകുട്ടികൾക്ക് പറ്റിയ രംഗമാണെന്ന്???!!!”
No comments:
Post a Comment