Friday, July 18, 2025

എല്ലാവരും അവരവർ സമ്മതിച്ചാലും ഇല്ലെങ്കിലും വെറും ഉപകരണങ്ങൾ മാത്രം.

ഓരോരുത്തനിലും അവനവന് വേണ്ടി എന്ന തോന്നലുണ്ടാക്കി എല്ലാവരെക്കൊണ്ടും ഓരോന്ന് ചെയ്യിപ്പിച്ച്, ഫലത്തിൽ ആ ചെയ്യുന്നത് എല്ലാവർക്കും വേണ്ടിയാക്കുന്ന രീതിയാണ് ദൈവികമായ ഹയർ മാനേജ്മെന്റ്. 

തേനീച്ച തേൻ ശേഖരിക്കുമ്പോൾ അതിന് വേണ്ടി മാത്രമെന്ന് കരുതും. 

മാവ് മാങ്ങയുണ്ടാക്കുന്നത് തുടർച്ചക്ക് വേണ്ട സ്വന്തം വിത്തിന്റെ വികാസത്തിനും സംരക്ഷണത്തിനും വേണ്ടി മാത്രം. 

ഫലത്തിൽ തേനും മാങ്ങയും എല്ലാവർക്കും. 

ഓരോ കർഷകനും കച്ചവടക്കാരനും ആശാരിയും മൂശാരിയും ഒക്കെ ഇങ്ങനെ തന്നെ. 

സ്വന്തം കാര്യം നടന്നുകിട്ടാൻ. ഫലത്തിൽ മറ്റുള്ളവർക്ക് വേണ്ടത്. 

സമർപ്പിത വഴി. 

സമർപ്പണത്തിന്റെ വഴി.

*******

നമ്മൾ നടത്തുന്ന ഓരോ പരിപാടിയും പ്രസ്ഥാനവും കമ്പനിയും പോലും ഇങ്ങനെയാണ് നടക്കുന്നത്. 

ഓരോ തസ്തികയിലുള്ളവനും തനിക്ക് വേണ്ടത് നടന്നുകിട്ടാൻ എന്തൊക്കെയോ ചെയ്യുന്നതും ഇങ്ങനെ തന്നെ. 

ആർക്കൊക്കെയോ വേണ്ടി. 

അതുകൊണ്ട് ഭക്ഷണവും വസ്ത്രവും വീടും കാറും വിമാനവും റോഡും കമ്പ്യൂട്ടറും ഇന്റർനെറ്റും മരുന്നും ആശുപത്രിയും ഒക്കെ ഉണ്ടാവുന്നു. 

ഇങ്ങനെ നാം പുരോഗതി കണ്ടെത്തുന്നു. 

ഇതിനെയൊക്കെ പുരോഗതി എന്ന് വിളിക്കുന്നു. 

എല്ലാവരും അവരവർ സമ്മതിച്ചാലും ഇല്ലെങ്കിലും വെറും ഉപകരണങ്ങൾ മാത്രം. 

കഥയറിയാതെ ഞാനാണ് ഞാനാണ്, എന്നെക്കൊണ്ടാണ് എന്നെക്കൊണ്ടാണ് എന്ന് അഹങ്കരിക്കുന്ന ഉപകരണങ്ങൾ.

പൂർണമായും സമർപ്പിച്ചുകൊണ്ട്. 

വിധേയപ്പെട്ടുകൊണ്ട്. 

നിർവാഹമില്ലാതെ. 

എന്നാൽ തെരഞ്ഞെടുപ്പ് ഉണ്ടെന്ന മരീചിക ബോധം വെച്ചുകൊണ്ട്.

No comments: