കാന്തപുരവും നിമിഷയുടെ രക്ഷയും.
വിഷയം ഇപ്പോഴും കൃത്യമായി അറിയില്ല.
അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതും ഇല്ല.
നിമിഷ നമ്മുടെ നാട്ടുകാരിയായത് കൊണ്ട് എങ്ങനെ രക്ഷപ്പെട്ടാലും നല്ലത് തന്നെ. മാനുഷികമായും ദേശീയമായും.
പക്ഷേ നിമിഷ യഥാർത്ഥത്തിൽ രക്ഷപെട്ടുവോ, രക്ഷപ്പെടുത്തിയോ, ആര് രക്ഷപ്പെടുത്തി എന്നതൊന്നും ഇപ്പോഴും മനസ്സിലായിട്ടില്ല.
നിമിഷ കുറ്റവാളി തന്നെയാണെങ്കിൽ നാട്ടുകാരും വിദേശികളും തമ്മിൽ ചെയ്ത കുറ്റത്തിന്റെ പേരിലും മാനുഷിക പരിഗണനയുടെ കാര്യത്തിലും വ്യത്യാസം ഇല്ല, പാടില്ല.
വിദേശിയായ ഒരു കുറ്റവാളിയെ (അനേകായിരം സ്വദേശികൾ തന്നെ ചോദ്യവും ഉത്തരവും ഇല്ലാതെ) ഇന്ത്യയിൽ വെച്ച് ശിക്ഷിക്കുന്നതാണെങ്കിലും വധശിക്ഷക്ക് വിധേയമാക്കുന്നതാണെങ്കിലും നിമിഷക്ക് വേണ്ടി ചിലവഴിക്കുന്ന അതേ അകവുകോലുകളും വികാരവും തന്നെയാണ് ചിലവഴിക്കേണ്ടത്.
കാന്തപുരം അക്കാര്യത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തിങ്കിൽ അതംഗീകരിക്കുകയും അക്കാര്യം എടുത്തുപറയുകയും ചെയ്യണം.
പക്ഷേ ഒന്നും കാള പെറ്റു കയറെടുത്തു എന്ന മട്ടിലാവരുത്.
കാള പ്രസവിക്കില്ല അതുകൊണ്ട് മാത്രം കയറെടുക്കേണ്ടതില്ല എന്നതിനാൽ മാത്രം.
അല്ലാതെ കാളയോടോ കയറിനോടോ പ്രത്യേകിച്ച് മമതയോ വെറുപ്പോ ഉള്ളത് കൊണ്ടല്ല.
ഈ വിഷയത്തെ കാണേണ്ടത് നമ്മുടെ നാട്ടിലെ നിയമങ്ങളെയും കോടതിവിധികളെയും കൂടി മുന്നിൽ വെച്ചുകൊണ്ടായിരിക്കണം എന്നത് കൊണ്ടുകൂടി.
ഇവിടെയുള്ള കോടതിവിധികളെ അങ്ങനെ ആരെങ്കിലും പുറമേ നിന്ന് വിചാരിച്ച് ഇടപെട്ടാൽ തിരുത്താൻ കഴിയില്ല, തിരുത്താൻ പാടില്ല.
അങ്ങനെ കോടതിക്ക് പുറമേ നിന്നുള്ള ഒരാൾ വിചാരിച്ചാൽ (രാഷ്ട്രപതിക്ക് മാത്രമല്ലാതെ, അത് തന്നെയും നിയമം അനുശാസിക്കുന്ന രീതിയിൽ മാത്രം) ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ രക്ഷപ്പെടുത്താൻ കഴിയില്ല എന്നത് വെച്ച് കൂടി വേണം ഇത് മനസ്സിലാക്കാനും വിലയിരുത്താനും.
ചെയ്തി മാത്രമേ ഏത് കോടതിയിലും കാര്യമായി തെളിയിക്കാനാവൂ എന്നത് എല്ലാ നാട്ടിലും എല്ലാ കാലത്തും വലിയ കീറാമുട്ടി തന്നെയാണ്.
ചെയ്തിയുടെ പിന്നിലെ ചേതോവികാരവും ഉദ്ദേശവും തെളിയിക്കാനാവുക എന്നത് ഒരിക്കലും സാധിക്കാത്തത് കൊണ്ട് തന്നെ വസ്തുനിഷ്ഠതയുടെ അടിസ്ഥാനത്തിൽ മനസ്സിലാവുന്നത് തന്നെയേ അക്കാര്യത്തിൽനടപ്പാവൂ. ഏത് നാട്ടിലും ഏത് കാലത്തും അങ്ങനെ തന്നെ.
അതുകൊണ്ട് തന്നെ ഒന്നുണ്ട്, ഒന്നറിയണം.
എന്താണ് നിമിഷ ചെയ്ത കുറ്റം/പുണ്യം?
എന്തിനാണ് നിമിഷ വിദേശരാജ്യത്ത് ഇവ്വിധം വധശിക്ഷക്ക് വിധിക്കപ്പെട്ടത്?
നിമിഷയെ രക്ഷപ്പെടുത്തുന്നത് പുണ്യമാകണമെങ്കിൽ ചുരുങ്ങിയത് നിമിഷ ചെയതത് വലിയൊരു തെറ്റെങ്കിലും അല്ലെന്ന് വരേണം.
വധശിക്ഷക്ക് വിധിക്കപ്പെട്ടത് ആ നാട്ടിലെ കോടതി വിധിയിലൂടെയാണല്ലോ?
എങ്കിൽ ആ വിധി എത്ര ശരിയാണെങ്കിലും തെറ്റാണെങ്കിലും ആ വിധിക്ക് പിന്നിൽ ഇന്ത്യയിലൊക്കെ നടക്കുന്ന വിധികളിലും കേസുകളിലും എന്ന പോലെ ഒരു കാര്യമായ കാര്യവും കാരണവും വാദപ്രതിവാദങ്ങളും നടന്നിട്ടുമുണ്ടാകുമല്ലോ?
ഇന്ത്യക്കാരായ ലക്ഷക്കണക്കിനാളുകൾ ജീവിക്കുന്ന അറബ് രാജ്യങ്ങളിൽ ഇങ്ങനെ കുറെ പേർ നിമിഷയേയും റഹീമിനേയും പോലെ ശിക്ഷിക്കപ്പെടുന്നുമില്ലല്ലോ?
നിമിഷയെ രക്ഷിച്ച വകയിൽ കാന്തപുരം ചെയ്തത് അത്രക്ക് വലിയ പുണ്യമാണെങ്കിൽ, അങ്ങനെ ചെയ്തത് കൊണ്ട് മാത്രം കാന്തപുരം പുണ്യാളൻ ആകുന്നുണ്ടെങ്കിൽ, അതുകൊണ്ട് മാത്രം കാന്തപുരം അയാൾ വിശ്വസിക്കുന്ന സ്വർഗ്ഗം കിട്ടേണ്ട ആളാകും എന്നുണ്ടെങ്കിൽ, അദ്ദേഹം ചെയ്തതും അത്രക്ക് വലിയ കാര്യമാകണമല്ലോ?
എങ്കിൽ നിമിഷ ചെയ്തുവെന്ന് പറയപ്പെടുന്ന കുറ്റം ദയ അർഹിക്കും വിധം അത്രക്ക് ചെറുതും ആയിരിക്കണല്ലോ?
അല്ലാതെ, വലിയ കുറ്റം ചെയ്ത ആളെ രക്ഷിക്കുന്നത് ആ കുറ്റത്തിൽ പങ്ക് ചേരുന്നതിന് തുല്യമാവുകയാണല്ലോ സംഭവിപ്പിക്കുക?
പക്ഷേ നിമിഷ ചെയ്തതെന്ന് പറയപ്പെടുന്ന കുറ്റം ചെറുതായിരുന്നുവെങ്കിൽ ആ ചെറിയ കുറ്റത്തിന് ഇത്ര വലിയ വധശിക്ഷ വിധിക്കുമോ?
അങ്ങനെ ആ വിദേശരാജ്യത്തെ കോടതി ഇന്ത്യയിലെ ഏത് കോടതിയും വിധിക്കുന്നത് പോലെ വധശിക്ഷ വിധിച്ചാൽ വേറൊരു രാജ്യത്തെ ഒരു മുസ്ലിയാരോ മനുഷ്യനോ വിചാരിച്ചാൽ ഒഴിവാക്കി വിട്ടുകൊടുക്കുമോ?
അതും ഇന്ത്യൻ ഭരണകൂടവും കേരള ഭരണകൂടവും നയതന്ത്രപരമായി ഏത്ര ശ്രമിച്ചിട്ടും സാധിക്കാത്തത് കാന്തപുരത്തിന് അക്കോലത്തിൽ സാധിച്ചുവെന്നോ?
ഈയുള്ളവന് വിഷയം ഇപ്പോഴും അറിയില്ല, ഇപ്പോഴും സംഗതി മനസ്സിലാവുന്നുമില്ല.
രാജ്യനിയമപ്രകാരം കോടതികളിലൂടെ വധശിക്ഷക്ക് വിധിക്കപ്പെടുന്ന, അങ്ങനെ വധിക്കപ്പെടുന്ന കുറെ പേർ ഇന്ത്യയിലും പല രാജ്യങ്ങളിലും ഉണ്ടല്ലോ?
അങ്ങനെയുള്ളവരെയൊക്കെ ഇനിയങ്ങോട്ട് ഇങ്ങനെ ഇക്കോലത്തിൽ ആർക്കും രക്ഷപ്പെടുത്താമെന്നാണോ?
എങ്കിൽ, രാജ്യനിയമവും കുറ്റവും ശിക്ഷയും എന്താണ് ?
രാജ്യനിയമവും കുറ്റവും ശിക്ഷയും ബാധകമാകാത്തവിധം രക്ഷപ്പെടുത്താൻ ഒരു കാന്തപുരം ഉണ്ടാകുമെന്നോ?
അങ്ങനെയുള്ള കാന്തപുരം ആരെയും ഇങ്ങനെ നിഷ്പ്രയാസം രക്ഷപ്പെടുത്തുമെങ്കിൽ സംഗതി തലകീഴ് മറിയുമല്ലോ?
അങ്ങനെയുള്ള, രാജ്യനിയമങ്ങൾക്കും രാജ്യാന്തര നിയമങ്ങൾക്കും ഇടപെടലുകൾക്കും അപ്പുറം കാന്തപുരം പോലുള്ള ആളുകൾ ആരെയും ഇങ്ങനെ നിഷ്പ്രയാസം രക്ഷപ്പെടുത്തുമെങ്കിൽ കാന്തപുരത്തിനും കൂടുതൽ കൂടുതൽ സ്വർഗ്ഗം കിട്ടുമല്ലോ?
No comments:
Post a Comment